നാക്ക് അക്രഡിറ്റേഷനിൽ എ ഗ്രേഡെന്ന പുല്ലൂറ്റ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജിന്റെ ചരിത്രനേട്ടം തൃശ്ശൂരിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഒരുപോലെ അഭിമാനവും ആനന്ദവും നൽകുന്നതാണ്.

Share News

നാക്ക് അക്രഡിറ്റേഷനിൽ എ ഗ്രേഡെന്ന പുല്ലൂറ്റ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജിന്റെ ചരിത്രനേട്ടം തൃശ്ശൂരിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഒരുപോലെ അഭിമാനവും ആനന്ദവും നൽകുന്നതാണ്. തൃശ്ശൂർ ജില്ലയിൽ എ ഗ്രേഡ് നേടുന്ന ആദ്യ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജെന്ന സർവ്വകാലപദവിയാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജ് ഇതുവഴി സ്വന്തമാക്കിയിരിക്കുന്നത്.

നാക്കിന്റെ മൂന്നാം സൈക്കിളിൽ 3.10 പോയിന്റ് കോളേജിന്റെ മികവാണ് സ്വർണ്ണതിളക്കമുള്ള ഈ നേട്ടത്തിലേക്ക് കെ. കെ. ടി. എം. കോളേജിനെ എത്തിച്ചത്. 2016ൽ നടന്ന രണ്ടാം സൈക്കിളിലെ 2.74 സ്കോറിൻ്റെ ബി ഗ്രേഡിൽ നിന്നും വലിയ കുതിപ്പോടെയാണീ ഔന്നത്യലബ്ധി.

കഴിഞ്ഞ അഞ്ചുവർഷം പഠനബോധന പ്രവർത്തനങ്ങളിലുണ്ടാക്കിയ മികവും വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പ്രവർത്തനങ്ങളും സർവ്വകലാശാല പരീക്ഷയിലെ റാങ്കുകളും ദേശീയകായിക മത്സരങ്ങളിലെ സ്വർണമെഡലുകളും അതാതു മേഖലകളിൽ ഉയർന്ന സ്കോർ നേടിക്കൊടുത്തു. ഒപ്പം, സ്നേഹസ്പർശം ജീവകാരുണ്യപദ്ധതിയും ശാസ്ത്രവിദ്യാഭ്യാസവും ശാസ്ത്രീയാഭിരുചിയും വളർത്താൻ പൊതുസമൂഹത്തിൽ നടത്തിയ ഇടപെടലുകളും പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടു.

അടിസ്ഥാന സൗകര്യവികസനത്തിൽ സമാനതകളില്ലാത്ത പുരോഗതിയാണ് എൽഡിഎഫ് സർക്കാരിന്റെ മുൻകൈയിൽ കോളേജിൽ ഉണ്ടാക്കിയത്. ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ടെന്നീസ് കോർട്ട്, കോളേജ് മ്യൂസിയം, ചരിത്രവിഭാഗം മ്യൂസിയം, ബട്ടർഫ്ലൈ ഗാർഡൻ, കിഫ്ബി ബിൽഡിംഗ്, ലൈബ്രറി പ്രവർത്തിക്കുന്ന പുതിയ മൂന്നുനില കെട്ടിടം,റൂസ റിസർച്ച് ബ്ലോക്ക്, ലേഡീസ് ഹോസ്റ്റൽ, ഹെർബേറിയം, നവീകരിച്ച കുളം, ഓഫീസ് കെട്ടിടം, ബോട്ടോണിക്കൽ ഗാർഡൻ തുടങ്ങിയവയെല്ലാം തുറന്ന റാങ്കിങ്ങിന് വഴിതെളിച്ചു. ഓഗസ്റ്റിൽ കോളേജ് സന്ദർശിച്ച നാക്ക് ടീമംഗങ്ങൾ ഈ അടിസ്ഥാന സൗകര്യവികസനത്തിൽ സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചിരുന്നു.

കോളേജിൽ അനുവദിച്ച ട്രാവൽ ആൻഡ് ടൂറിസം, മലയാള ഗവേഷണകേന്ദ്രം എന്നീ പുതിയ കോഴ്‌സുകളും റാങ്കിങ് ഉയർത്തി. യു.ജി.സി. കെയർ ലിസ്റ്റിലുള്ള റിസർച്ച് ജേർണലും മറ്റ് ഗവേഷണ പ്രസിദ്ധീകരണങ്ങളും എം.എൻ.വിജയൻ ലൈബ്രറിയും ഇതോടൊപ്പം അവർക്ക് ആകർഷകമായി.

പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാർത്ഥികളുമായും സന്ദർശനവേളയിൽ നാക്ക് ടീം സംവദിച്ചിരുന്നു. വിദ്യാർഥികളുടെ കലാപ്രകടനങ്ങളെ ടീമംഗങ്ങൾ തുറന്നഭിനന്ദിച്ചു. പൂർവ്വവിദ്യാർത്ഥികൾ നൽകുന്ന പിന്തുണയെ മാതൃകാപരമെന്ന് അവർ വിലയിരുത്തി.

നാക്ക് പിയർ ടീം വിസിറ്റിന്റെ സമയത്ത് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ആയിരുന്ന ഡോ. ഷാജി ഇ.എം.ന്റെ യും, അധ്യാപകരായ ഐ.ക്യു.എ.സി കോ -ഓർഡിനേറ്റർ ഡോ. സുജാതൻ പി. കെ., നാക്ക് കോ-ഓർഡിനേറ്റർ ഡോ. രമണി കെ. കെ. എന്നിവരുടെയും നേതൃത്വത്തിൽ ആണ് തയ്യാറെടുപ്പുകൾ നടന്നത്. ചുമതല ഏറ്റെടുത്ത് കുറഞ്ഞസമയത്തിനുള്ളിൽത്തന്നെ മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഇടപെടലുകൾ നടത്തിയ ഡോ. ഷാജിയുടെ നേതൃപാടവം ഏറെ പ്രശംസയർഹിക്കുന്നു.

അത്യുജ്ജ്വലമായ ഈ കുതിപ്പിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളെ, അധ്യാപകരെ, ജീവനക്കാരെ, പൂർവവിദ്യാർത്ഥി കൂട്ടായ്‌മയെ, രക്ഷിതാക്കളെ, ഏവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കട്ടെ.

Dr. R. Bindu

 Minister for Higher Education and Social Justice

Share News