വിജയം നൽകുന്ന കർത്താവ്
കേരളത്തിനു പുറത്തുള്ള കലാലയത്തിലാണ് ആ യുവാവ് ഉപരിപഠനത്തിന് ചേർന്നത്. ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോഴേ അവന് നാട്ടിലുള്ള ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്നായി.
അവധിക്ക് വീട്ടിൽ വന്ന അവനെ കൗൺസിലിങ്ങിനായ് കൊണ്ടുവന്നത് അവൻ്റെ പിതാവാണ്. അദ്ദേഹം പറഞ്ഞു:”പ്ലസ് ടു വരെ ഇവൻ പഠിച്ചത് മലയാളം മീഡിയത്തിലാണ്. സ്കൂളിൽ സമർത്ഥനായിരുന്നു. ഇംഗ്ലീഷിലും നല്ല മാർക്കുണ്ടായിരുന്നു. ഇല്ലാത്ത പണം ലോണെടുത്താണ് അഡ്മിഷൻ എടുത്തതും ഫീസടച്ചതും. ഇടയ്ക്ക് വച്ച് പഠനം നിർത്തിയാൽ, ഒരു വർഷം പോകുമെന്നുമാത്രല്ല, വലിയ സാമ്പത്തിക ബാധ്യതയും വരും.”
അദ്ദേഹം സംസാരിച്ചു കഴിഞ്ഞപ്പോൾ ആ യുവാവിനോട് വ്യക്തിപരമായി സംസാരിച്ചു:“അച്ചാ, ക്ലാസുകളെല്ലാം ഇംഗ്ലീഷിലായിരുന്നു. സഹപാഠികളെല്ലാം നന്നായ് ഇംഗ്ലീഷ് സംസാരിക്കും. ക്ലാസുകൾ മനസിലാകുന്നുണ്ടെങ്കിലും ചോദ്യങ്ങൾ ചോദിക്കുമ്പോൾ മറ്റുള്ളവരെപ്പോലെ ഉത്തരം നൽകാൻ എനിക്കാകുന്നില്ല. അതുകൊണ്ട് നാട്ടിൽ ഏതെങ്കിലും നല്ല കോളേജിൽ അഡ്മിഷൻ എടുക്കുന്നതാണ് നല്ലതെന്നു തോന്നി.”
ഞാനവനോട് ചോദിച്ചു:”നിനക്ക് ക്ലാസുകളെല്ലാം മനസിലായില്ലെ?””
ഉവ്വ്””
ഇംഗ്ലീഷിൽ നന്നായ് എഴുതാനറിയില്ലെ””
അറിയാമച്ചോ””
പിന്നെയെന്തിനാണ് നീ ഭയപ്പെടുന്നത്?””ശരിയാണ്, മറ്റു വിദ്യാർത്ഥികളെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാൻ നിനക്ക് കഴിവില്ലായിരിക്കാം. എന്നാൽ, അവരേക്കാൾ നന്നായ് നിനക്ക് എഴുതാനറിയാമല്ലോ? ഇംഗ്ലീഷ് സംസാരിക്കാനും അതിൽ പ്രാവീണ്യം നേടാനും ദൈവമായിട്ട് ഒരുക്കിയ അവസരമാണിത്.അത് നശിപ്പിച്ചു കളയരുത്. കുറവുകൾ അംഗീകരിച്ച്, സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സഹായം തേടുക. ദൈവം കൂടെയുണ്ടെന്നും അവിടുത്തേക്ക് നിന്നെ കുറിച്ച് ഒരു പദ്ധതിയുണ്ടെന്നും വിശ്വസിക്കുക. നന്നായ് പ്രാർത്ഥിക്കുക. ഉന്നത വിജയം ലഭിക്കും.”
ഉറച്ച ബോധ്യത്തോടെയാണ് ആ യുവാവ് തിരിച്ചു പോയത്. കോഴ്സ് പൂർത്തിയാക്കിയ ശേഷം വീണ്ടും അവനെന്നെ കാണാൻ വന്നു.
അന്നവൻ പറഞ്ഞതിങ്ങനെയാണ്:”അച്ചൻ്റെ വാക്കുകൾ എനിക്ക് കരുത്ത് നൽകി. പഠിക്കാനിരിക്കുന്നതിനു മുമ്പ് ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി. തെറ്റുകൾ വരുത്തിയെങ്കിലും മടികൂടാതെ ഇംഗ്ലീഷ് സംസാരിക്കാനും തുടങ്ങി.കോളേജിലെ തന്നെ ഒരു അധ്യാപകൻ എനിക്ക് സ്പോക്കൺ ഇംഗ്ലീഷിന് ട്യൂഷൻ നൽകി. അച്ചനറിയുമോ, സെക്കൻഡ് റാങ്കോടുകൂടിയാണ് ഞാൻ പാസായത്!”
അവൻ്റെ വിജയത്തിൽ ഞാനും സന്തോഷിച്ചു.ആ വാക്കുകൾ എൻ്റെ ആത്മവിശ്വാസവും വർദ്ധിപ്പിച്ചു.ക്രിസ്തു പറയുന്നു:”നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍”(യോഹ 14 :1).
നമ്മുടെ ജീവിതത്തിലും പലതരം പ്രതിസന്ധികൾ ഉണ്ടാകും. അപ്പോഴെല്ലാം ദൈവത്തിൽ ആശ്രയിച്ചാൽ നമുക്കും വിജയം നേടാൻ എളുപ്പമാകും.