ദാമ്പത്യജീവിതത്തിൻ്റെ പരാജയത്തോടെ ജീവിതം അർത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.|മുഖ്യമന്ത്രി

Share News

ദാമ്പത്യജീവിതത്തിൻ്റെ പരാജയത്തോടെ ജീവിതം അർത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭർത്താവിൽ നിന്നുമേൽക്കുന്ന പീഡനങ്ങളേയും അടിച്ചമർത്തലുകളേയും അനീതികളേയും പ്രതിരോധിക്കുന്നതിനു പകരം അതിനു കീഴ്പെട്ട് ജീവിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നത് ‘സമൂഹം എന്തു വിചാരിക്കും’ എന്ന ഭയം കാരണമാണ്. സഹനത്തിൻ്റെ പരിധികൾ കടക്കുമ്പോൾ അത്തരം ബന്ധങ്ങളിൽ നിന്നും പുറത്തുവരാനാകാതെ അവർക്ക് ജീവനൊടുക്കേണ്ടി വരുന്നതും മറ്റൊന്നും കൊണ്ടല്ല.-മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതി .

ഭർത്താവും ഭർത്താവിൻ്റെ വീട്ടുകാരും ശക്തരാണെന്നും അവരെ നേരിടാനുള്ള കരുത്ത് തങ്ങൾക്കില്ലെന്നും പീഡനങ്ങൾ നിശബ്ദമായി സഹിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും കരുതി വരുന്നു. അത്തരത്തിൽ ചിന്തിക്കുന്നവർ ഈ വിഷയത്തിൽ പോലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടേയും നിയമവ്യവസ്ഥയുടേയും പിന്തുണ സ്ത്രീകൾക്കുണ്ടെന്ന് മനസ്സിലാക്കണം. അതോടൊപ്പം പൊതുസമൂഹത്തിൻ്റെ പിന്തുണ കൂടി അവർക്ക് ലഭ്യമാകണം.

ഗാർഹിക പീഡനം, പൊതുസ്ഥലങ്ങളിൽ നേരിടുന്ന അപമര്യാദയോടു കൂടിയ പെരുമാറ്റം, സ്ത്രീധനം, ലൈംഗികാതിക്രമങ്ങൾ തുടങ്ങി സ്ത്രീകൾ നേരിടുന്ന അനീതികൾക്കെതിരെ ശക്തമായ നിയമങ്ങൾ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, ആ പോരാട്ടത്തിനായി കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുമ്പോള്‍ മാത്രമേ അതിനെ കുറേക്കൂടി മെച്ചപ്പെടുത്താനും കുറ്റമറ്റതാക്കാനും നമുക്ക് കഴിയുകയുള്ളൂ. ഏതു തരത്തിലുള്ള പീഡനം നേരിട്ടാലും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടക്കത്തില്‍ തന്നെ മുന്‍കൈ എടുക്കണം. അതിന് സഹായകരമായ അന്തരീക്ഷം പോലീസ് – ഔദ്യോഗിക സംവിധാനങ്ങളില്‍ ഉറപ്പുവരുത്താന്‍ വേണ്ട നടപടികൾ സര്‍ക്കാര്‍ കൈക്കൊള്ളും.

ആത്മഹത്യകളല്ല അനീതികൾക്കുള്ള പരിഹാരമെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവയ്ക്കെതിരെ സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കുകയാണ് വേണ്ടത്. അതിനാവശ്യമായ പിന്തുണ സ്ത്രീകൾക്ക് നൽകാൻ സമൂഹം തയ്യാറാകണം. ഇത്തരം പ്രതിസന്ധികളെ മറികടന്നു കൊണ്ട് ജീവിതം തിരിച്ചു പിടിച്ച നിരവധി ആളുകൾ നമുക്കു ചുറ്റുമുണ്ട്. സ്വന്തം അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവച്ച് പ്രചോദനവും കരുത്തും നൽകാൻ അവർക്കും സാധിക്കണം. യുവജന സംഘടനകളും സ്ത്രീ സംഘടനകളും സംഘടിതമായ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യമാറ്റത്തിന് തിരി കൊളുത്തുകയും സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുകയും വേണം. ഒരുമിച്ച് നിന്നുകൊണ്ട് ലിംഗനീതിയിൽ അധിഷ്ഠിതമായ കേരള സമൂഹത്തെ നമുക്ക് വാർത്തെടുക്കാം.

Share News