മലയാളികളുടെ അതിരുകടക്കുന്നആഗോള പൗരത്വം ബോധം:|കേരളം ഒരു പരീക്ഷണശാലയോ ?

Share News

കേരളം ഒരു പരീക്ഷണശാലയോ ?

​”റഷ്യയിൽ മഴ പെയ്താൽ കേരളത്തിൽ കുടപിടിക്കുക” എന്നത് പണ്ടു മുതൽ നമ്മൾ മലയാളികളെപ്പറ്റി പറഞ്ഞു കേൾക്കുന്ന ഒരു പരിഹാസമായിരുന്നെങ്കിൽ, ഇന്ന് അതൊരു ദുഷിച്ച സംസ്കാരമായി വളർന്നിരിക്കുന്നു. ലോകത്തിന്റെ ഏതോ കോണിൽ നടക്കുന്ന തർക്കങ്ങളും സംഘർഷങ്ങളും നമ്മുടെ തെരുവുകളിൽ വിദ്വേഷത്തിന്റെ കനലുകൾ കോരിയിടുന്നു. ഇതിനെ നിസ്സാരമായി കാണാനാകില്ല. ചിന്താശീലരായ ഒരു ജനത എന്നതിൽ നിന്ന്, ആഗോള രാഷ്ട്രീയത്തിന്റെ ചരടുവലികൾക്കനുസരിച്ച് തുള്ളുന്ന ഒരു സമൂഹമായി നമ്മൾ മാറുകയാണോ ? ഈ ചോദ്യം ഓരോ മലയാളിയും സ്വയം ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

​ചരിത്രം പരിശോധിച്ചാൽ ഖിലാഫത്ത് സമരം പിന്നീടു മാപ്പിള ലഹളയായതും സദ്ദാം ഹുസൈന്റെ വധം കേരളത്തിൽ വലിയ അലയൊലികൾ സൃഷ്ടിച്ചതും നമ്മൾ കണ്ടു. ലോകത്തുള്ള എല്ലാ പ്രശ്നങ്ങളും മലയാളിയുടെ സ്വന്തം വിഷയമായി കണക്കാക്കുന്ന ഒരു പ്രത്യേക മാനസികാവസ്ഥ ഇവിടെ രൂപപ്പെട്ടിരിക്കുന്നു. നെൽസൺ മണ്ടേലയുടെ വിമോചനത്തിനായി മനുഷ്യത്വപരമായ ഐക്യദാർഢ്യം പോലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ചർച്ചയായില്ലെങ്കിലും കേരളത്തിലെ തെരുവുകളിൽ അത് പ്രകടനങ്ങൾക്കും സായാഹ്ന ധർണ്ണയ്ക്കും കാരണമായത് ഓർക്കുന്നു.

പൗരത്വ നിയമ ഭേദഗതി പോലുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ ഇതര ഭാഗങ്ങൾ ശാന്തമായിരുന്നപ്പോഴും കേരളത്തിലെ ഉൾഗ്രാമങ്ങളിൽ പോലും ജനജീവിതം തടസ്സപ്പെട്ടത് നാം കണ്ടു. അഖിലേന്ത്യാ പണിമുടക്കും ബന്തും കേരളത്തിൽ നൂറു ശതമാനവും വിജയിക്കുമ്പോൾ ഹിന്ദി ബെൽറ്റും മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും ശാന്തമായിരിക്കും.

ഇസ്രായേൽ-പലസ്തീൻ സംഘർഷം ഭൂമിശാസ്ത്രപരമായി ആയിരക്കണക്കിന് മൈലുകൾ അകലെ നടക്കുന്നതാണെങ്കിലും ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത വിധത്തിൽ

കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള അവസരമായി അതിനെ രാഷ്ട്രീയ പാർട്ടികൾ മാറ്റിയത് നമ്മൾ കണ്ടു.

മണിപ്പൂർ കലാപം പോലുള്ള അതീവ സങ്കീർണ്ണമായ വിഷയങ്ങളെ കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ വോട്ടുബാങ്ക് ഭദ്രമാക്കാനുള്ള തന്ത്രമായി ഉപയോഗിക്കുന്നു. മണിപ്പൂരിന്റെ അയൽസംസ്ഥാനങ്ങളായ മിസോറാമിലോ നാഗാലാന്റിലോ (അവിടെയും ഭൂരിഭാഗം ക്രിസ്ത്യൻ ജനസംഖ്യയാണുള്ളത്) ഉണ്ടാകാത്ത തരത്തിലുള്ള വൈകാരിക പ്രകടനങ്ങളും പ്രതിഷേധ പ്രളയവുമാണ് കേരളത്തിൽ കണ്ടത്. ഇതിന് പിന്നിലെ ലക്ഷ്യം മണിപ്പൂരിലെ ജനങ്ങളോടുള്ള സ്നേഹത്തേക്കാൾ ഉപരി, കേരളത്തിലെ ഒരു പ്രത്യേക വിഭാഗം വോട്ടർമാരുടെ ഇടയിൽ ഭീതി വിതയ്ക്കുകയും അവരെ തങ്ങളുടെ പക്ഷത്തേക്ക് അണിനിരത്തുകയും ചെയ്യുക എന്ന രാഷ്ട്രീയ തന്ത്രമായിരുന്നു എന്നതാണ് യഥാർത്ഥ്യം.

നൈജീരിയയിൽ, ചൈനയിൽ, പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നത് ഇവിടെ എന്തുകൊണ്ട് ആരുടെയും കരളലിയിക്കുന്നില്ല? ഇതൊന്നും ആരും അറിയുന്നു പോലുമില്ല. രാഷ്ട്രീയ നേട്ടം ഇല്ലാത്തതിനാൽ ആരും അതു വാർത്തയാക്കുന്നില്ല. വടക്കേ ഇന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളെപ്പറ്റി ഇവിടെ നടത്തുന്ന അമിതമായ പ്രചാരണങ്ങൾ പലപ്പോഴും യാഥാർത്ഥ്യങ്ങളേക്കാൾ കൂടുതൽ രാഷ്ട്രീയ ചേരിതിരിവ് ലക്ഷ്യം വെച്ചുള്ളതാണെന്നു മനസ്സിലാക്കണം.

🔷 ​വികാരങ്ങൾ വിൽക്കുന്ന

മാപ്ര’കളും യൂട്യൂബർമാരും

​എല്ലാ പ്രശ്നങ്ങൾക്കും എരിതീയിൽ എണ്ണയൊഴിക്കാൻ ഇന്ന് പുതിയൊരു വിഭാഗം ഇന്നു സജീവമാണ്. ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവർത്തനവും (മാപ്ര) “വ്യൂസ്” കൂട്ടാൻ എന്തും വിളിച്ചുപറയുന്ന യൂട്യൂബർമാരും സമൂഹത്തിൽ അനാവശ്യ ഭീതിയും വിദ്വേഷവും പടർത്തുന്നു. ആർക്കും വേണ്ടാത്ത വിഷയങ്ങളിൽ തത്സമയ ചർച്ചകൾ നടത്തിയും “തമ്പ് നെയിലു”കളിൽ വർഗീയത കലർത്തിയും ഇവർ നമ്മുടെ സമാധാനം നശിപ്പിക്കുന്നു. നിസാര വാർത്തകൾ പോലും “വിവാദം” എന്ന പേരിൽ വലിയ തലക്കെട്ടുകൾ നൽകി വായനക്കാരെ സൃഷ്ടിക്കുന്നു. സാധാരണക്കാരന്റെ വൈകാരികതയെ പണമാക്കി മാറ്റുന്ന ഒരു വലിയ വിപണിയായി കേരളത്തിലെ ഈ ‘ആഗോള പ്രതികരണം’ മാറിയിട്ടുണ്ട്.

​മത-രാഷ്ട്രീയ തീവ്രവാദികൾക്ക് വളരാൻ പറ്റിയ വളക്കൂറുള്ള മണ്ണായി കേരളം മാറുന്നു എന്നതാണ് ഇതിന്റെ ഏറ്റവും ഭയാനകമായ മറുവശം. പുറംലോകത്തെ തർക്കങ്ങൾ നമ്മുടെ അയൽപക്കത്തെ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നു. വഴിതടയലുകളും ഹർത്താലുകളും മൂലം സാധാരണക്കാരന്റെ ഉപജീവനവും സംസ്ഥാനത്തിന്റെ വികസനവും മുരടിക്കുന്നു. ക്രിയാത്മകമായി ചിന്തിക്കേണ്ട യുവജനത അക്രമാസക്തരാവുകയും നിയമ നടപടികൾ നേരിടുകയും ചെയ്യുന്നു. അനാവശ്യമായ ആശയസംഘട്ടനങ്ങൾ വ്യക്തി ബന്ധങ്ങൾ തകർക്കുന്നു.

​ആഗോള വിഷയങ്ങളിൽ അറിവുണ്ടാകുന്നത് നല്ലതാണ്, എന്നാൽ അറിവ് വിവേകമായി മാറണം. ലോകത്തെവിടെയും നീതികേട് നടക്കുമ്പോൾ മനസ്സ് കൊണ്ട് വേദനിക്കുന്നതിൽ തെറ്റില്ല, പക്ഷേ അതിന്റെ പേരിൽ സ്വന്തം നാടിന്റെ സമാധാനം തകർക്കുന്നത് വിഡ്ഡിത്തമാണ്.

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിലെ കരുക്കളായി മാറി

​നമ്മുടെ സമാധാനം മറ്റാരുടെയോ രാഷ്ട്രീയ നേട്ടത്തിന് പണയപ്പെടുത്തുന്ന അതിരുകടന്ന ആഗോള പൗരത്വബോധത്തിനു തടയിടാൻ വിവേകമുള്ളവരെങ്കിലും ശ്രമിക്കുക. ആഗോളതലത്തിൽ മതപരമായോ രാഷ്ട്രീയമായോ ഉണ്ടാകുന്ന ചേരിതിരിവുകളെ ഇവിടെ ഇന്ധനമാക്കി സ്വൈര്യം കെടുത്തുന്ന ഈ സംസ്കാരത്തെ ഇനിയും വളർത്തേണ്ടതുണ്ടോ ? എല്ലാവരും ചിന്തിക്കുക.

✍🏽 മാത്യൂ ചെമ്പുകണ്ടത്തിൽ

Share News