തിരുവനന്തപുരം: 39 വർഷത്തെ വാർത്താ അവതരണത്തിന് വിരാമമിട്ട് ഹേമലത ദൂരദർശന്റെ പടിയിറങ്ങി.

Share News

തിരുവനന്തപുരം: 39 വർഷത്തെ വാർത്താ അവതാരണത്തിന് വിരാമമിട്ട് ഹേമലത ദൂരദർശന്റെ പടിയിറങ്ങി. ഇന്നലെ വൈകിട്ട് ഏഴ് മണിക്കുള്ള ബുള്ളറ്റിൻ അവതരിപ്പിച്ചാണ് അവർ ദൂരദർശനിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. റീഡർ ആയി തുടങ്ങിയതിനാൽ വാർത്ത വായിച്ച് തന്നെ പടിയിറങ്ങാം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു വിടവാങ്ങൽ രീതി തിരഞ്ഞെടുത്തത്. അസി ന്യൂസ് എഡിറ്ററായാണ് ഹേമലത അവസാനം ജോലി ചെയ്തത്.

1985 ജനുവരി രണ്ട് മുതലാണ് തിരുവനന്തപുരം ദൂരദർശനിൽ മലയാളം വാർത്തകൾ ആരംഭിക്കുന്നത്. അതേ വർഷം തന്നെയാണ് ഹേമലത ദൂരദർശനിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മലയാളം ചാനലിലെ രണ്ടാമത് ലൈവ് വാർത്ത അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ഹേമലതയ്‌ക്കാണ്.

ആദ്യമായി മലയാളത്തിൽ വാർത്തകൾ വായിച്ചത് ജി.ആർ കണ്ണൻ എന്ന അവതാരകനായിരുന്നു. ജി.ആർ കണ്ണന്റെ ഭാര്യയാണ് ഹേമലത.

വാർത്ത വായിക്കുവാനായി ഹേമലത എത്തുമ്പോൾ മുൻഅനുഭവങ്ങളോ റോൾ മോഡലുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവരാണ് പിന്നീട് മറ്റുള്ളവർക്ക് റോൾമോഡലുകളായി തീർന്നത്. ഹേമലത- കണ്ണൻ ദമ്പതികൾക്ക് ഒരു മകളാണുള്ളത്. തിരുവനന്തപുരം കുടപ്പനകുന്നിലുള്ള ദൂരദർശൻ കേന്ദ്രത്തിന് അടുത്ത് തന്നെയാണ് കണ്ണനും ഹേമലതയും താമസിക്കുന്നത്.

Share News