ഇത് കേരളത്തിനുള്ള പ്രത്യേക നിയമമല്ല.എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ ബാധകമായ നിയമമാണ്.

Share News

2018-ലെ മഹാപ്രളയം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു.

ലക്ഷക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഒഴുകിയെത്തിയ സമയത്ത് ഏറ്റവും അടിയന്തരമായി വേണ്ടിവന്നത് ആഹാരമായിരുന്നു.

ഈ സാഹചര്യത്തിൽ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) അതിവേഗത്തിൽ 89,540 മെട്രിക് ടൺ അരി കേരളത്തിലേക്കയച്ചു.

ഈ അരി മുഴുവൻ പ്രളയബാധിതർക്കു സൗജന്യമായി വിതരണം ചെയ്തു.

എന്നാൽ പിന്നീട് FCI, കേരള സർക്കാരിന് ₹205.81 കോടി രൂപയുടെ ബിൽ സമർപ്പിച്ചു. ഇത് കേരളത്തിൽ വലിയ വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വിദ്വേഷ പ്രചരണങ്ങൾക്കും തിരികൊളുത്തി.

എന്നാൽ സത്യം എന്താണ് ?

ദുരന്തനിവാരണ നിയമം 2005 ലെ അടിസ്ഥാന കാര്യങ്ങൾ മനസിലാക്കിയാൽ മാത്രമേ സത്യം മനസിലാക്കാൻ കഴിയുകയുള്ളൂ.

ഈ നിയമം വഴി ഇന്ത്യയിൽ രണ്ടുതരം ദുരിതാശ്വാസ ഫണ്ടുകൾ നിലവിൽ വന്നു.

1. NDRF — National Disaster Response Fund

പൂർണ്ണമായും കേന്ദ്രഗവൺമെൻ്റിൽ നിന്നുള്ള പണം.

100% സൗജന്യ സഹായം. തിരിച്ചടവ് ആവശ്യമില്ല.

2. SDRF — State Disaster Response Fund

75% കേന്ദ്ര ഫണ്ടും + 25% സംസ്ഥാന ഫണ്ടുമാണ് ഇതിലുള്ളത്.

NDRF, SDRF എന്നിവ വഴിയുള്ള സഹായം ഒന്നും കടമല്ല. അതുകൊണ്ട് കേന്ദ്രം കേരളത്തിന് ദുരന്ത സമാശ്വാസമായി അനുവദിച്ച 3,800 കോടിയോളം രൂപയിൽ ഒരു പൈസ പോലും തിരിച്ചടയ്ക്കേണ്ടതില്ല.

എന്നാൽ, ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിന്റെയും SDRF/NDRF മാർഗ്ഗനിർദ്ദേശങ്ങളുടെയും പ്രധാന വ്യവസ്ഥ:

““ദുരന്തസമയത്ത് സംസ്ഥാനത്തിന് നൽകിയ സാധനങ്ങൾക്ക് ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം” എന്നതാണ്.

അതായത്, FCI വിതരണം ചെയ്ത അരിയുടെ പണം തിരിച്ചടയ്ക്കേണ്ടതാണ്.

ഇത് കേരളത്തിനുള്ള പ്രത്യേക നിയമമല്ല.

എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ ബാധകമായ നിയമമാണ്.

കേരളത്തിൽ വിതരണം ചെയ്ത അരിയുടെ ബില്ലുമായി FCl, സംസ്ഥാന സർക്കാരിനെ സമീപിച്ചപ്പോൾ, കേരളം ബിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.

നിലവിലെ നിയമമനുസരിച്ച് അതു സാധ്യമല്ലെന്ന് കേന്ദ്രം അറിയിച്ചു.

നിരന്തരമായുള്ള FCl യുടെ അഭ്യർത്ഥനകൾക്കൊടുവിൽ, 2022-ൽ സംസ്ഥാന മന്ത്രിസഭ ബിൽ അടയ്ക്കാൻ സമ്മതിച്ചുവെങ്കിലും, ഇത് അടച്ചതായി ഒരു രേഖകളോ വാർത്തകളോ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.

കേരളത്തിനു ദുരിതകാലത്ത് കേന്ദ്രത്തിൽ നിന്നും ലഭിച്ച ₹600 കോടി അടിയന്തര സഹായം, ₹3,048.39 കോടി NDRF പാക്കേജ്,₹160.50 കോടി SDRF സെൻറർ ഷെയർ, സൈന്യം, കോസ്റ്റ് ഗാർഡ്, NDRF ടീമുകൾ നൽകിയ സേവനം,മെഡിക്കൽ സപ്ലൈ, ലൈഫ്‌ബോട്ട്, ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം, ഇവ ഒന്നും തിരിച്ചടവ് ആവശ്യമില്ലാത്ത സഹായങ്ങളാണ്.

എന്നിട്ടും നിയമാനുസൃതം നൽകേണ്ട ₹205.81 കോടിയുടെ പേരിൽ കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ല എന്നു വ്യാജപ്രചാരണം നടത്തുന്നതും, വിദ്വേഷം പ്രചരിപ്പിക്കുന്നതും, ഏത് രാഷ്ട്രീയ നൈതികതയുടെ പേരിലാണ് എന്നു ആത്മശോധന ചെയ്യുന്നത് നന്നായിരിക്കും.

Bobby Thomas 

Share News