ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് !|ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.

Share News

ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് ! നിങ്ങൾ ഈ സ്ഥലം കണ്ടിട്ടുണ്ടോ🌿ഇവിടെ അനുദിനം അനേകം ആളുകൾ എത്താറുണ്ട്…

മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം…. ഇതുവരെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു അടിപൊളി വെള്ളച്ചാട്ടം – ആനയാടിക്കുത്ത്. ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.

പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്…അപകടം കൂടാതെ നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും ഇവിടെ കുളിക്കുവാൻ സാധിക്കും എന്നുമാത്രമല്ല ഫാമിലിയായി പോകുവാനും പറ്റിയ സ്ഥലമാണിത്.ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് ഈ വെള്ളച്ചാട്ടം.

തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ…ഇവിടെ പ്രവേശന ഫീസ് ഒന്നുമില്ല. ടോയ്‌ലറ്റ് , ഡ്രസിങ് റും പിന്നെ ചെറിയ ഒരു കടയും വെള്ളച്ചാട്ടത്തിന് സമീപം ഇപ്പോൾ ഉണ്ട്. വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഇപ്പോൾ ഉണ്ട്.

തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ,മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് “ആനയാടിക്കുത്ത് ” .

വഴി :തൊടുപുഴ – കരിമണ്ണൂർ – മുളപ്പുറം – തേക്കിൻകൂട്ടം വഴി(വലിയ തേക്കുമരങ്ങൾക്ക് ഇടയിലൂടെയുള്ള മനോഹര യാത്ര ) ചെന്നെത്തുന്നത് തൊമ്മൻകുത്ത് ജംഗ്ഷനിലാണ്. അവിടെ നിന്നും ഇടത്തേയ്ക്ക് പോയി ഒരു വളവിനു ശേഷം വലത്തേയ്ക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പോയാൽ മനോഹരമായ ആനയാടിക്കുത്തിലെത്താം.

A I സങ്കേതിക വിദ്യയിൽ തയ്യാറാക്കിയ ചിത്രമല്ല ഇത് ! ഒറിജിനൽ ഫോട്ടോയാണ് 🌿

മഞ്ഞ് പുതച്ച് സഞ്ചാരികളുടെ തിരക്ക് ഒട്ടുമില്ലാത്ത മനോഹരമായ സ്ഥലമാണ് ഇത്. ഏകദേശം 600 അടി ഉയരത്തിൽ ഉള്ള ഈ പാറയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴക്കു സമീപമുള്ള ഉറവപ്പാറ… അതിരാവിലെ ഇവിടുത്തെ കാഴ്ച ഇങ്ങനെയാണ്…. താഴെ മഞ്ഞ് പുതച്ചു നിൽക്കുന്നത് തൊടുപുഴ നഗരമാണ്….

അതിപുരാതനമായ ഒരു ക്ഷേത്രം ഇവിടെ ഉണ്ട്.ഒളമറ്റം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.മലയാള പഴനി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. തൊടുപുഴ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ഉറവപ്പാറ.തൊടുപുഴ – ഇടുക്കി റൂട്ടില്‍ ഒളമറ്റം എന്ന സ്ഥലത്ത് നിന്നും വലത്തേക്ക് കുറിച്ച് പോയാൽ ഇവിടെ എത്താം . ഉറവപ്പാറയിലേക്ക് പാറയുടെ താഴെ നിന്നു നടന്നും മറ്റൊരു വഴിയിലൂടെ വാഹനത്തിലും ക്ഷേത്രത്തിൽ എത്താൻ കഴിയും. നടന്നു കയറുന്നതാണ് നല്ലത്. കുത്തനെയുള്ള പാറയിൽ കൊത്തി വച്ചിരിക്കുന്ന പടിയിലൂടെ മുകളിലേക്ക് കയറുമ്പോൾ ഒരു പ്രത്യേക ഫീലാണ്…

ഉറവപ്പാറയുടെ മുകളിൽ ഒരു ആമ്പൽകുളമുണ്ട് ( ഭീമ പാദ തീർത്ഥം ) ഒരിക്കലും വറ്റാത്ത ഈ കുളം വനവാസകാലത്ത് ജലക്ഷാമം ഉണ്ടായപ്പോൾ ഭീമന്‍റെ കാല് പതിഞ്ഞിടത്ത് ഉണ്ടായതാണ് എന്നാണ് ഐതിഹ്യം.എപ്പോഴും കാറ്റുള്ള ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ല സമയം വൈകിട്ടാണ്. ധാരാളം മലയാള സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.തൊടുപുഴ നഗരത്തിന്റെ ദൂര കാഴ്ച, മലനിരകൾ അങ്ങനെ ഒത്തിരി മനോഹരമായ കാഴ്ചകൾ ഇവിടെ നിന്നാൽ കാണാനാകും

കണ്ണും കാതും മനസ്സും തുറന്നു യാത്ര ചെയ്യുമ്പോൾ ഏതു ചെറിയ യാത്രയിലും നല്ല നല്ല അനുഭവങ്ങൾ നമുക്കുണ്ടാകും. ഒത്തിരി സ്നേഹത്തോടെ എല്ലാവരേയും തൊടുപുഴയിലേക്ക് സ്വാഗതം ചെയ്യുന്നു

ജൂബിൻ കുറ്റിയാനി

Share News