തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: |പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര|ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് ഉമാ തോമസ്: അട്ടിമറി വിജയം നേടുമെന്ന് ജോ ജോസഫ്
തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ 7 മുതല്‍
കൊച്ചി: തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്. വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങൾ 239 ബൂത്തുകളിലും പൂർത്തിയായി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 196805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതുക.
239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.
പ്രശ്നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മണ്ഡലത്തിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. കൂടുതൽ ബൂത്തുകൾ വരുന്ന ഇടങ്ങളിൽ മൈക്രോ ഒബ്സർവർമാരേയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തേയും നിയോഗിച്ചു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഉണ്ട്.
എൽഡിഎഫിന് 100 സീറ്റെന്ന മുദ്രാവാക്യം ഉയർത്തി മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും മണ്ഡലത്തിൽ സജീവമായതോടെയാണ് തൃക്കാക്കരയിൽ തെരഞ്ഞെടുപ്പാവേശം ചൂട് പിടിക്കുന്നത്. മറുവശത്ത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാനും യുവ നേതാക്കളും എകെ ആന്റണിയും വരെ തൃക്കാക്കരയിലേക്ക് എത്തി. അശ്ലീല വീഡിയോ പ്രചരിപ്പിച്ചതും പിസി ജോർജിന്റെ അറസ്റ്റും നടിയെ ആക്രമിച്ച കേസുമെല്ലാം തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിഷയങ്ങളായി
തൃക്കാക്കര: വോട്ടെടുപ്പ് തുടങ്ങി, പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര
കൊച്ചി: തൃക്കാക്കരയില്‍ വോട്ടെടുപ്പ് തടങ്ങി. കൃത്യം 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടര്‍മാരുടെ നീണ്ട നിരയാണ് വോട്ടെടുപ്പ് ആരംഭിച്ച ആദ്യ സമയങ്ങളില്‍ ബൂത്തുകള്‍ക്ക് മുന്‍പില്‍ കാണുന്നത്.
പോളിങ് സ്‌റ്റേഷനിലെ 94ാം നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാര്‍. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വോട്ട് ചെയ്തു.പൈപ്പ്‌ലൈന്‍ ജങ്ഷനിലെ ബൂത്തിലാണ് ഉമാ വോട്ട് ചെയ്തത്.
രാവിലെ ആറ് മണിക്ക് മോക്ക് പോളിങ് നടത്തി. മോക്ക് പോളിങ്ങിന് ഇടയില്‍ പല ബൂത്തുകളിലും വോട്ടിങ് മെഷീനില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ വിധി നിര്‍ണയിക്കുക.
വോട്ടര്‍മാരില്‍ 95,274 പേര്‍ പുരുഷന്മാരാണ്. വനിതകളുടെ എണ്ണം 1,01,530 ആണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറായി ഒരാളാണുള്ളത്. തൃക്കാക്കരയില്‍ പ്രശ്‌നബാധിത ബൂത്തുകളില്ല. കള്ളവോട്ട് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരെയാണ് നിയോ?ഗിച്ചിരിക്കുന്നത്.
ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് ഉമാ തോമസ്: അട്ടിമറി വിജയം നേടുമെന്ന് ജോ ജോസഫ്
കൊച്ചി: തൃക്കാക്കരയില്‍ ഉറച്ച ആത്മവിശ്വാസത്തോടെ വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും. പാലാരിവട്ടത്ത് സ്‌കില്‍ ടെക്ക് പ്രൈവറ്റ് ഐടിഐയിലെ 58-ാം നമ്പര്‍ ബൂത്തിലാണ് ഉമാ തോമസ് വോട്ട് രേഖപ്പെടുത്തിയത്. പടമുകളിലെ ഗവ. യൂ പി സ്‌കൂളില്‍ എത്തിയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫും ഭാര്യ ലയയും വോട്ട് രേഖപ്പെടുത്തിയത്.
നല്ല ആത്മവിശ്വാസമുണ്ടെന്നാണ് വോട്ട് ചെയ്ത് പുറത്തെത്തിയ ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞത്. “പിടിയുടെ ആത്മാവ് എന്നോടുകൂടെയുണ്ട്. ഈശ്വരാനുഗ്രഹമുണ്ട്. തൃക്കാക്കരയിലെ ജനത എന്നെ മനസ്സില്‍ അംഗീകരിക്കുമെന്ന ഉത്തമ വിശ്വാസത്തിലാണ് പോകുന്നത്. തീര്‍ച്ചയായും നല്ല വിജയം നേടും. പ്രകൃതി പോലും അനുഗ്രഹിച്ചിരിക്കുകയാണ്. രാവിലെ മഴ ഉണ്ടാകുമോയെന്ന് ഒരുപാട് പേര് സംശയിച്ചിരുന്നു. എല്ലാം അനുകൂലമായ ഘടകങ്ങളാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും എനിക്കുണ്ടാകും എന്നുതന്നെ വിശ്വസിക്കുന്നു. പിടിയെ പ്രാര്‍ത്ഥിച്ചുകൊണ്ടുതന്നെയാണ് വോട്ട് ചെയ്തത്. പിടിക്ക് വേണ്ടി പിടിയുടെ പിന്‍ഗാമി ആകാനായിട്ട് ആണല്ലോ ഞാന്‍ നില്‍ക്കുന്നത്. പിടിയുടെ ഒരു പൂര്‍ത്തീകരണം അത് തന്നെയാണ് എന്റെ മനസ്സില്‍ വേറെയൊന്നുമില്ല”, ഉമ പറഞ്ഞു.
അതേസമയം നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും ഇക്കുറി ഇടതുപക്ഷം അട്ടിമറി ജയം നേടുമെന്നുമാണ് ജോ ജോസഫിന്റെ വാക്കുകള്‍. “നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നു. ആ ആത്മവിശ്വാസം ഓരോ ദിവസവും കൂടിവരികയായിരുന്നു. ഇന്ന് പൂര്‍ണ്ണ തൃപ്തിയുണ്ട്. കാരണം ധാരാളം ആളുകള്‍ രാവിലെ തന്നെ പോളിങ്ങിനായി തന്നെയെത്തിരിക്കുന്നു. യാതൊരു സംശയവുമില്ല ഇപ്രാവശ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃക്കാക്കരയില്‍ അട്ടിമറി വിജയം നേടിയിരിക്കും. പോളിംഗ് ശതമാനം ഉയരുന്നത് തീര്‍ച്ചയായും ഇടതുപക്ഷത്തിന് ഗുണം ചെയ്യും. തെളിഞ്ഞ ആകാശം മനസ്സും തെളിഞ്ഞിരിക്കുന്നു യാതൊരു സംശയവുമില്ല ശുഭപ്രതീക്ഷ”, ജോ ജോസഫ് പറഞ്ഞു.