നവാഗതരായ അഭിഭാഷകർക്ക് നൽകുന്ന സാരോപദേശങ്ങൾ|”വക്കീൽ ആണോ? ഗുമസ്തന് താലി ചാർത്തണം”

Share News

വ്യത്യസ്തമായ ശീർഷകമാണിതെന്നു നിങ്ങൾക്ക് വായിക്കുമ്പോൾ തോന്നാം. ഇതിൽ ചില നല്ല ആശയങ്ങൾ അടങ്ങിയിട്ടുണ്ട്. വക്കീൽ ജീവിതത്തിൽ വക്കീലും ഗുമസ്തനും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം, എങ്ങനെയാണെന്നു ഇവിടെ പ്രതിപാദിക്കുന്നു. വക്കീൽതൊഴിൽ പരിപാവനമായ തൊഴിലാണ്. അതുപോലെതന്നെ ഗുമസ്തന്റെയും. ഗുമസ്തൻ പതിവ്രതയെപ്പോലെ വക്കീലിനോട് പെരുമാറണം.പ്രതീകാത്മകമായി പറഞ്ഞാൽ വക്കീലിന്റെ രണ്ടാം ഭാര്യയാണ് ഗുമസ്തൻ.

സ്വന്തം ഭാര്യയോട്പോലും പറയാത്ത രഹസ്യങ്ങൾ വിശ്വസ്തനായ ഗുമസ്തനോട് വക്കീൽ പറയും. “കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയുകയുള്ളൂ”എന്ന പഴഞ്ചൊല്ല് ഇവിടെ ബാധകമാണ്. എന്തിന് ഇരുവരും ഒരു ശരീരമാണ്.

ഒരു അഭിഭാഷകന്റെ വിജയത്തിൽ പകുതി ഭാഗത്തിന് ഗുമസ്തൻ യോഗ്യനും അർഹതയുള്ളവനുമാണ്. ചെറുപ്പക്കാരായ അഭിഭാഷകരുടെ കൂടെ പ്രായമായ ഗുമസ്തനുണ്ടെങ്കിൽ ഒരു പിതാവിൻ്റ സ്നേഹവും വാൽസല്യവും നൽകി അവരെ കൈപിടിച്ചുയർത്തും. അങ്ങനെയുള്ള ദൃഷ്ടാന്തങ്ങൾ അനേകമുണ്ട്.

വക്കീലന്മാർ കോടതിയിൽ വാദം പറയുമ്പോൾ അവർ പുറകിൽ വന്ന് നിൽക്കും. അവർ അത് ശ്രദ്ധിച്ചു കേൾക്കും. ആ സമയത്ത് ചില പ്രധാനപ്പെട്ട പോയിന്റുകൾ ചെറുതായി കൈപ്പടയിൽ കുറിച്ച്,കോടതിയുടെ ഡെക്കോറത്തിന് കളങ്കം ചാർത്താതെ, സ്വന്തം വക്കീലിനെ ഓർമ്മിപ്പിക്കുന്നത് നിത്യ സംഭവങ്ങൾ ആണ്.താഴത്തെ വിചാരണ കോടതികളിൽ ഈവിധ സംഭവങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. കോടതികളിൽ കേസ് വിളിക്കുന്നതിനുമുമ്പ് ഒരു തോളിൽ കേസ്കെട്ടുകളും മറ്റേതോളിൽ നിയമ പുസ്തകങ്ങളും ചുമന്നുകൊണ്ട്, ശരണം വിളിക്കാതെ കോടതികളിലേക്കുള്ള അവരുടെ കാനനയാത്രകൾ ഓർമ്മയിൽ നിന്നും മാറുന്നില്ല.

കക്ഷികൾ വന്ന് ഒപ്പിടാൻ കാലതാമസം നേരിടുന്ന ഹർജികളിൽ, വക്കീലിന്റെ സാമീപ്യം ഇല്ലാത്തപ്പോഴും, കാലതാമസം ഒഴിവാക്കാൻ, ഗുമസ്തൻ കക്ഷിയുടെയും വക്കീലിന്റെയും ഒപ്പ് സ്വയം ഇട്ട് ,ഹാജരാക്കുന്ന രഹസ്യമായ പരസ്യവും, ഈ തൊഴിലിലെ അനുവദനീയമായ മൗനാനുവാദമാണ്. ഇങ്ങനെ കണക്കുകൂട്ടിയാൽ എല്ലാ കോടതി കോംപ്ലക്സുകളിലും അന്നും ഇന്നും ദിവസേന ആയിരക്കണക്കിന് ഒപ്പുകൾ ഗുമസ്തന്മാർ വരക്കാറുണ്ട്.

അത് മറ്റൊരാർത്ഥത്തിൽ പറഞ്ഞാൽ കള്ള ഒപ്പിടീൽതന്നെ എന്നു പറയാം. സിവിളായും ക്രിമിനലായും തീരുന്ന ഏർപ്പാടുകൾ ആണിത്.അവർ പ്രതിക്കൂട്ടിൽ ആകുന്ന സന്ദർഭങ്ങളാണ് ഇവയെല്ലാം.പക്ഷേ കക്ഷികൾക്ക് വേണ്ടിയും അഭിഭാഷകനുവേണ്ടിയും, സ്വയമേ ആഗ്രഹിക്കുന്നില്ലെങ്കിലും അവർ ഇതൊക്കെ ചെയ്തു പോകുവാൻബാധ്യസ്ഥരാകുന്നു.അല്ലാതെ മറ്റ് നിവർത്തികൾ ഇല്ല.

നീതിന്യായവ്യവസ്ഥിതി സുഗമമായി തീരണമെങ്കിൽ ഗുമസ്തൻ പകരക്കാരനായി ഇടുന്ന ഒപ്പുകൾ ഇല്ലാതെ പറ്റത്തില്ല. വിശ്വസ്തതയുടെ ഭാഗമായതിനാൽ അവയൊന്നും ചോദ്യം ചെയ്യപ്പെടുന്നുമില്ല.ഫോറൻസിക് എക്സ്പേർട്ടിന്റെ പരിശോധനയ്ക്ക് ഒപ്പുകൾ അയച്ചാൽ, എല്ലാവയും സംശയത്തിന്റെ പരിധിയിൽ ആകും.

ഏതെങ്കിലും ഒരു ഹൈക്കോടതി ജഡ്ജി ഭരണഘടനയുടെ 226,227 വകുപ്പുകളിലൂടെ ലഭിച്ച അധികാരം ഉപയോഗിച്ച്,മിക്ക ഒപ്പുകളുടെയും നിജസ്ഥിതിയിൽ സംശയം തോന്നി, ആവേശംകാണിച്ച്, പരിശോധനയ്ക്ക് അയക്കാൻ ഉത്തരവിട്ടാൽ അതിടുന്ന ജഡ്ജി എൻ്റ ഭാഷയിൽ,’ മണ്ടനീയനായി തീരും’. മണ്ടനീയൻ -അർത്ഥം സ്വയം മണ്ടൻ ആകുക അടുത്തതിൽ ഗുമസ്തൻ ഒപ്പു വരച്ചപ്പോൾ ഉണ്ടായ പൊല്ലാപ്പ് അവതരിപ്പിക്കുന്നതാണ്. എല്ലാവർക്കും ആശംസകൾ നേരുന്നു. ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മടിക്കരുത് .

“വരുന്ന കക്ഷികളെ നല്ലവണ്ണം നിരീക്ഷിക്കണം”

—- നവാഗതരായ അഭിഭാഷകർക്ക് പ്രയോജനപ്പെടുന്ന ചില അനുഭവ കഥകൾ.

ചില വിരുതന്മാരായ കക്ഷികൾ കേസ് സംബന്ധമായി തൻ്റ അഭിഭാഷകനുമായി സംസാരിച്ചശേഷം കേസ് ജയിക്കുമോ അതോ തോക്കുമോ എന്നു ചോദിക്കുന്ന സന്ദർഭങ്ങൾ ഉണ്ട്.

എനിക്ക് വളരെ പരിചയമുള്ള ഒരു അഭിഭാഷകന്റെ മുമ്പിൽ ഇതേപോലെ അസ്വസ്ഥമാക്കിയ ഒരു ചോദ്യം വന്നപ്പോൾ അദ്ദേഹത്തിൻ്റ മറുപടി ഇങ്ങനെയായിരുന്നു: ” നിയമത്തിൽ അവിയക്തതകൾ ഇല്ലെങ്കിൽ താങ്കൾ ജയിക്കും” അല്പം ബുദ്ധിമാനായ കക്ഷി തിരികെ ചോദിച്ചു: “എന്താണ് നിയമത്തിലെ അവ്യക്തത?” അഭിഭാഷകന്റെ മറുപടി: “ഞാൻ ഷണ്ണനാണെന്ന് പറഞ്ഞ് എൻ്റ ഭാര്യ എനിക്കെതിരെ വിവാഹമോചനത്തിന് കേസ്സു കൊടുത്തു. എൻ്റ് വീട്ടിലെ വേലക്കാരി അവൾക്ക് ജനിച്ച കുട്ടിയുടെ പിതൃത്വം എനിക്കാണെന്ന് ആരോപിച്ച് കേസ്സു കൊടുത്തു. ഇരുവരും കേസ് ജയിച്ചു. ഇതാണ് നിയമത്തിലെ അവിയക്തതകൾ”.

കേസുമായി എത്തി,കൂർമ്മ ബുദ്ധി ഉപയോഗിച്ച് ആരാഞ്ഞ ചോദ്യത്തിന്, തക്ക മറുപടി കിട്ടിയപ്പോൾ കക്ഷിക്ക് പിന്നെ ഒരു സംശയവും ഉണ്ടായില്ല. സീനിയറായ ഒരു വക്കീലിന് മാത്രമേ ഇപ്രകാരം മറുപടി പറയുവാൻ അനുവാദം ഉള്ളൂ .

ചിലരെ കൈകാര്യം ചെയ്യുവാൻ നവാഗതരായവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. എന്നാൽ നമ്മൾ വരുന്ന കക്ഷികളെ,ശത്രുക്കൾ ആക്കരുത്. ഓരോ കക്ഷികളും വിവിധ സ്വഭാവക്കാരാണ്. ഒരു കക്ഷി നമ്മുടെ അരികിൽ കേസുമായി എത്തുന്നത്, അനേകം ആൾക്കാരോട് ചോദിച്ച ശേഷമായിരിക്കും. വരുന്ന കക്ഷികളിൽ കൂടി വേണം നമ്മുടെ ചെറിയ തുടക്കം വലുതാക്കുവാൻ. ഓരോ സന്ദർഭങ്ങൾക്കനുസരിച്ച് മനോധർമ്മത്തിൽ കൂടി, കക്ഷികളെ കൈകാര്യം ചെയ്യുവാൻ പഠിക്കണം. കക്ഷികളുമായി കൂടിച്ചേരുന്ന ഓരോ സന്ദർശനങ്ങളിലും, അവർക്ക് നമ്മിൽ മതിപ്പുളവാക്കുവാൻ ഇടയാകണം.

കേസിൽ വാദം പറയുമ്പോൾ ജഡ്ജിക്ക് ഒരിക്കലും മുഷിപ്പ് തോന്നാത്ത വിധം പറയണം.

ചില അഭിഭാഷകരുടെ ദീർഘമായ മുഷിപ്പൻ വാദം കേൾക്കുന്ന ന്യായാധിപന്മാരിൽ, ചിലരെങ്കിലും, സർ.സി.പിയുടെ ഒരു കമൻറ് ഓർക്കാതിരിക്കുകയില്ല.ആ കഥ പുറകേ പറയുന്നതാണ്.

മുഷിപ്പൻ വാദം പറയുന്ന അഭിഭാഷകരെ ഒരിക്കലും ജഡ്ജിക്ക് ഉൾക്കൊള്ളാൻ സാധിക്കുകയില്ല.ചില അഭിഭാഷകർ അനാവശ്യമായി അനവസരത്തിൽ, ചെറിയഹർജിയിൽ വാദം പറയുന്നത്, അസ്സൽ അന്യായത്തിലെ സർവ്വ തെളിവുകളും വച്ച് വാദിക്കുന്നതുപോലെ കണ്ടിട്ടുണ്ട്. കേസ് പഠിച്ച് വാദം പറയുന്ന അഭിഭാഷകർ തങ്ങളുടെ വാദത്തിൽ മിതത്വവും വാക്കുകളിൽ കുലീനത്വവും പാലിക്കും.ഉദ്ദേശിക്കുന്നത് ജഡ്ജിയുടെ മുഷിപ്പ്മാത്രംമാറ്റാൻവേണ്ടിയല്ല, ഒന്നടങ്കം കോടതിയിൽ സന്നിഹിതരായിരിക്കുന്നവർക്കും മുഷിപ്പ് തോന്നാതിരിക്കാൻ വേണ്ടിയാണ്. തിരുവിതാംകൂർ ചരിത്രത്തിൽ ഏറ്റവും ഓർമ്മയിൽ നിൽക്കുന്ന ഭരണാധികാരിയായിരുന്നു ദിവാൻ.സർ.

സി.പി.രാമസ്വാമിഅയ്യർ.സമരങ്ങളെ അടിച്ചമർത്തിയ വ്യക്തി, ഉഗ്രപ്രതാപൻ. അദ്ദേഹം ദിവാൻ ആകുന്നതിനുമുമ്പ്, മദ്രാസ് ഹൈക്കോടതിയിലെ പ്രഗൽഭനായ അഭിഭാഷകൻ ആയിരുന്നു. ഒരിക്കൽ അദ്ദേഹത്തിനോട് അന്നത്തെ ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് സമ്മതമാണോ എന്ന് ചോദിച്ചു. അദ്ദേഹത്തിൻറെ മറുപടി ഇങ്ങനെ ആയിരുന്നു: “I can speak nonsense for any number of days,but l cannot hear it for a single second”( എനിക്ക് എത്രദിവസം വേണമെങ്കിലും വിഡ്ഢിത്തം പറയാം. പക്ഷേ ഒരു നിമിഷം പോലും അത് കേൾക്കാൻ പറ്റുകയില്ല )

ഈ സംഭവം നവാഗതരായ അഭിഭാഷകർക്ക് ഒരു പാഠം ആയിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു. എല്ലാവർക്കും എൻ്റ ആശംസകൾ.

നിങ്ങളുടെ

പൊന്നുച്ചൻ വക്കീൽ

Share News