ഇന്ന് ലളിതാംബിക അന്തർജ്ജനത്തിന്റെ ഓർമ്മദിനം..

Share News

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര വനിതയും കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ലളിതാംബിക അന്തർജ്ജനത്തിന്റെ ചരമ ദിനമാണിന്ന്‌.

ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിര:പ്രതിഷ്ഠ നേടി. അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ പിൽക്കാലത്ത് അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി.1909 മാർച്ച്‌ 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്തായിരുന്നു ജനനം

മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കഴിവ് തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പണ്ഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയായിരുന്നു ഭർത്താവ്. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ വച്ചുതന്നെയാണ് നടത്തിയത്. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. തുടർന്ന് കഥാരചനയിൽഏർപ്പെട്ട് പേരെടുത്തു.1937ലാണ് ലളിതാഞ്ജലി എന്ന ആദ്യ കവിതാസമാഹാരം കാവ്യലോകത്ത് രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു.1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഇവർ ആയിരുന്നു.

കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.1987 ഫെബ്രുവരി 6 ന് ഈ ലോകത്തോട് വിട പറഞ്ഞു……

സാഹിത്യത്തിലെ സംഭാവനകൾക്കൊപ്പം വലിയ ദേശീയ ബോധവും വീക്ഷണവും കൈമുതലായ ഒരു മഹതി ആയിരുന്നു ലളിതാംബിക അന്തർജനം..

കേരളത്തിന്റെ അഭിമാനമായ ഈ സ്ത്രീ രത്നത്തിന് പ്രണാമം……

മനോജ് എം കണ്ടത്തിൽ

Share News