ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം:|ഇസ്രായേലില്‍ ജോലിചെയ്യുന്ന അനേകായിരങ്ങളുടെ ജീവന് സംരക്ഷണമേകി ആശങ്കകള്‍ മാറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകളും ജനപ്രതിനിധികളും അടിയന്തരമായി നിര്‍വ്വഹിക്കണം.|സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ബോധപൂര്‍വ്വം ക്ഷണിച്ചുവരുത്തുമെന്നും മനുഷ്യരാശിയുടെ നാശത്തിനിടനല്‍കുന്ന ഭീകരവാദവും യുദ്ധവും എതിര്‍ക്കപ്പെടേണ്ടതും സമാധാനം സ്ഥാപിച്ച് അവസാനിപ്പിക്കേണ്ടതുമാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

ആഗോള ആഭ്യന്തര ഭീകരവാദങ്ങള്‍ ശക്തിപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോള്‍ മതങ്ങളെയും വിശ്വാസങ്ങളെയും ആയുധങ്ങളാക്കി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു.

രാജ്യാന്തര ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്നുള്ള യുഎന്‍ റിപ്പോര്‍ട്ടും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരായിരുന്നവരുടെ മുന്‍കാല വെളിപ്പെടുത്തലുകളും കേന്ദ്ര ഏജന്‍സികള്‍ തുടര്‍ച്ചയായി നടത്തുന്ന അന്വേഷണങ്ങളും, കണ്ടെത്തിരിക്കുന്ന തെളിവുകളും നിസാരവല്‍ക്കരിക്കരുത്. രാഷ്ട്രീയ നേട്ടത്തിനായി മതഭീകരതയെ പുകഴ്ത്തി ന്യായീകരിക്കുന്നവര്‍ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ടിരിക്കുന്ന അര്‍മീനിയന്‍ ക്രിസ്ത്യാനികളെയും തുര്‍ക്കിയിലെ ഹാഗിയ സോഫിയയും മണിപ്പൂരിലെ ക്രൈസ്തവ പീഢനവും കാണാതെ പോകരുത്.

മതവികാരങ്ങളുണര്‍ത്തി ഭീകരവാദികള്‍ അഴിഞ്ഞാടി കലാപങ്ങളും അക്രമങ്ങളും അഴിച്ചുവിടുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ലോകജനതയെ ഒന്നാകെയാണ് ബാധിക്കുന്നത്.

ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍

കേരളമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇസ്രായേലില്‍ ജോലിചെയ്യുന്ന അനേകായിരങ്ങളുടെ ജീവന് സംരക്ഷണമേകി ആശങ്കകള്‍ മാറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകളും ജനപ്രതിനിധികളും അടിയന്തരമായി നിര്‍വ്വഹിക്കണം. മനുഷ്യനെ നിഷ്ഠൂരമായി ആക്രമിച്ച് ജീവനെടുക്കുന്ന അതിക്രൂരതയ്ക്കെതിരെ മനുഷ്യമനഃസാക്ഷി ഉണരണമെന്നും, ഭീകര താണ്ഡവങ്ങള്‍ക്ക് അവസാനം കണ്ടെത്തി സമാധാനം അടിയന്തരമായി പുനഃസ്ഥാപിക്കപ്പെടണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Share News