80 ശതമാനം വരെ വിലക്കുറവിൽ കേരളത്തിലുള്ള ആർക്കും വന്നു മരുന്ന് വാങ്ങാവുന്ന കിഴക്കമ്പലത്തെ ട്വന്റി20മെഡിക്കൽ സ്റ്റോർ മാർച്ച്‌ 21ന് ആണ് പ്രവർത്തനം തുടങ്ങിയത്.

Share News

കിഴക്കമ്പലത്തെ ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത് സ്ഥലം എം എൽ എ ക്കും സിപിഎം നേതാക്കൾക്കും കരണത്തേറ്റ അടിയായി. പൂട്ടിയ മെഡിക്കൽ സ്റ്റോർ ഇന്ന് തുറന്നു പ്രവർത്തനമാരംഭിച്ചു.

80 ശതമാനം വരെ വിലക്കുറവിൽ കേരളത്തിലുള്ള ആർക്കും വന്നു മരുന്ന് വാങ്ങാവുന്ന മെഡിക്കൽ സ്റ്റോർ മാർച്ച്‌ 21ന് ആണ് പ്രവർത്തനം തുടങ്ങിയത്. തിരഞ്ഞെടുപ്പ് ചട്ട ലംഘനം എന്ന് പറഞ്ഞു അത് പൂട്ടിക്കാൻ ജനപ്രതിനിധിയും സിപിഎം നേതാക്കളും പിന്നാമ്പുറത്തുകൂടി ചരട് വലിക്കുകയായിരുന്നു എന്ന് ട്വന്റി20 കോഡിനേറ്റർ സാബു എം ജേക്കബ് പരസ്യമായി പറഞ്ഞിരുന്നു. ഇതോടെ ജനപ്രതിധിക്കെതിരെ വലിയ ജനരോഷമാണ് ഉയർന്നത്. അഞ്ചു പഞ്ചായത്തുകളിലും ജനങ്ങൾ രംഗത്തിറങ്ങി സി പി എമ്മിനും എം എൽ എ ക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനം നടത്തി . സ്ത്രീകൾ ഉൾപ്പെടെ പതിനായിരങ്ങൾ പ്രകടനത്തിൽ പങ്കെടുത്തു. ഇത് സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. സിപിഎം അണികൾ പോലും പ്രകടനത്തിൽ പങ്കെടുത്തു എന്നതാണ് നേതാക്കളെ അമ്പരപ്പിച്ചത് . തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമോ എന്നും പാർട്ടി ഭയക്കുന്നു. മറ്റു ജില്ലകളിലും ഇത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ട്വന്റി20 ക്കു സ്ഥാനാർത്ഥികൾ ഇല്ലാത്ത മണ്ഡലങ്ങളിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ ട്വന്റി20 അനുഭാവികളും നിഷ്പക്ഷരായ വോട്ടർമാരും ആഞ്ഞു ശ്രമിക്കുമെന്നും സിപിഎം ഭയക്കുന്നു .

മരുന്നും ഭക്ഷണവും മനുഷ്യജീവന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കളാണ് എന്ന് തിരിച്ചറിയാത്ത ഒരു എം എൽ എ യെ ഇനിയും രണ്ടു വർഷം കൂടി സഹിക്കണമല്ലോ എന്ന വിഷമത്തിലാണ് കുന്നത്തുനാട് മണ്ഡലത്തിലെ ആളുകൾ. മെഡിക്കൽ ഷോപ്പ് പൂട്ടിയതോടെ ട്വന്റി20 പാർട്ടിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. കേരളമെങ്ങും ഈ വാർത്ത പടർന്നതോടെ ട്വന്റി20 ക്കു പിന്തുണയുമായി സോഷ്യൽ മീഡിയയിൽ ആയിരങ്ങൾ അണിനിരന്നു . ജനപ്രതിനിധിക്കെതിരെ അതി രൂക്ഷ വിമർശനം ആണ് ഉയർന്നത് . ട്വന്റി20 കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി ഇന്ന് വീണ്ടും മെഡിക്കൽ ഷോപ്പ് തുറന്നതോടെ നാട്ടുകാർ ഷോപ്പിനു മുൻപിൽ തടിച്ചു കൂടി ആഹ്ലാദ പ്രകടനം നടത്തി.

എം എൽ എ യുടെയും സിപിഎമ്മിന്റെയും ധാർഷ്ട്യത്തിനും നെറികെട്ട പ്രവർത്തനത്തിനുമെതിരെയുള്ള വിധിയാണ് ഇതെന്ന് സാബു എം. ജേക്കബ് പറഞ്ഞു. കോടതി ഉത്തരവിനെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിജയമായി അദ്ദേഹം വിശേഷിപ്പിച്ചു. പാവപ്പെട്ട ജനങ്ങളുടെ അരിയും മരുന്നും കുടിവെള്ളവും തടയുന്ന സിപിഎമ്മിന്റെയും കുന്നത്തുനാട് എംഎൽഎയുടെയും ക്രൂരമായ ജനദ്രോഹനടപടി ഇപ്പോൾ പകൽ പോലെ വ്യക്തമായിരിക്കുന്നുവെന്നും ജനവഞ്ചന തുടരുന്ന സിപിഎമ്മിന് ജനങ്ങൾ മാപ്പ് നൽകില്ലെന്നും സാബു കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് സമയത്ത് പലകാര്യങ്ങളിലും സംയമനം പാലിക്കേണ്ടതിനു പകരം പാർട്ടിയെ മുൾമുനയിലാക്കി കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജൻ ട്വന്റി 20 ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നതിൽ സിപിഎം പ്രാദേശിക നേതൃത്വത്തിനു കടുത്ത അമർഷം ഉണ്ട്. പാർട്ടി മാറി ഒരുപാട് ആളുകൾ ട്വന്റി 20 യിലേക്ക് പോകുന്നത് നേതാക്കളെ അങ്കലാപ്പിലാക്കിയിരിക്കയാണ്. കൊഴിഞ്ഞു പോക്ക് തുടർന്നാൽ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിക്കു ഇവിടെ കെട്ടിവച്ച കാശുപോലും കിട്ടില്ല എന്ന ആശങ്കയും നേതാക്കൾക്ക് ഉണ്ട് . ശ്രീനിജനെതിരെ നടപടി എടുക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിനുമേൽ സമ്മർദ്ദം ഏറുകയാണ് എന്നാണ് കേൾവി .

അടുത്തകാലത്ത് തുടർച്ചയായി ശ്രീനിജൻ സാബു എം ജേക്കബിനെതിരെ നേരിട്ടും അല്ലാതെയും കരുക്കൾ നീക്കുന്നത് കേരളത്തിൽ മൊത്തത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് നേതൃത്വം ഭയക്കുന്നു. ട്വന്റി 20 യുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റും പൂട്ടിക്കാൻ ശ്രീനിജൻ ആവതു ശ്രമിച്ചിരുന്നു എന്ന് ട്വന്റി 20 നേതൃത്വം പറയുന്നു. കക്ഷിരാഷ്ട്രീയം തലയ്ക്കു പിടിക്കാത്ത വോട്ടർമാർ സിപിഎമ്മിനെതിരെ ഈ ഇലക്ഷനിൽ ആഞ്ഞു കുത്തുമോന്നു നേതൃത്വം ഭയക്കുന്നുണ്ട്.

ട്വന്റി20 യുടെ പൂതൃക്ക സമ്മേളനം അലങ്കോലപ്പെടുത്താൻ പാർട്ടിയുമായി ആലോചിക്കാതെ ശ്രീനിജൻ കരുക്കൾ നീക്കിയത് പാർട്ടി നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. തുടർന്ന് ട്വന്റി20ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കരുതെന്നു പാർട്ടി നേതൃത്വം വാക്കാൽ ശ്രീനിജനെ അറിയിച്ചിരുന്നു എന്നാണ് കേട്ടത് . എന്നാൽ ശ്രീനിജൻ അത് വകവയ്ക്കാതെ സാബുവിന് എതിരെ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നു. പ്രസംഗത്തിലെ ഒരു വാക്കിൽ പിടിച്ചു സാബുവിനെതിരെ ശ്രീനിജൻ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തിരുന്നു. ഈ സന്ദർഭത്തിലാണ് മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സാബു കോലഞ്ചേരി സമ്മേളനത്തിൽ ആഞ്ഞടിച്ചത്. തന്നെ അറസ്റ്റ് ചെയ്താൽ താൻ ഒരു ബോംബ് പൊട്ടിക്കുമെന്നും തന്നേക്കാൾ മുൻപേ മുഖ്യന്റെ മകൾ അകത്തു പോകുമെന്നുമായിരുന്നു സാബു മുന്നറിയിപ്പ് നൽകിയത് . അത് ചില്ലറ പരിക്കൊന്നുമല്ല പിണറായിക്കും പാർട്ടിക്കും ഉണ്ടാക്കിയത്. പാർട്ടി നേതൃത്തത്വമോ പിണറായിയോ സാബുവിന്റെ ആ പരാമർശത്തിനെതിരെ കമാണ് ഒരക്ഷരം മിണ്ടിയില്ല എന്നതും ശ്രദ്ധേയമാണ്. ആവനാഴിയിലെ അമ്പുകൾ എടുത്തു സാബു എയ്താൽ പാർട്ടിക്ക് വലിയ പരിക്ക് പറ്റുമെന്നു സിപിഎം നേതൃത്വം ഭയക്കുന്നു . സാബുവിനെ കൂടുതൽ പ്രകോപിക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട് .

കഴിഞ്ഞ ദിവസം കുടുബ പ്രശ്നത്തെ തുടർന്ന് അതിഥി തൊഴിലാളിയായ യുവതി ആത്മഹത്യ ചെയ്ത സംഭവം പോലും സാബുവിനെതിരെ ആയുധമാക്കാൻ ജനപ്രതിനിധിയും കൂട്ടാളികളും ശ്രമിച്ചത് പാർട്ടിയെ വിഷമവൃത്തത്തിലാക്കി. തന്റെ വ്യക്തി താല്പര്യം സംരക്ഷിക്കാൻ ശ്രീനിജൻ നടത്തുന്ന നീക്കങ്ങൾ പാർട്ടിയെ കുരുക്കിലാ ക്കുന്നു എന്ന് ഒരുവിഭാഗം പ്രവർത്തകർ കുറ്റപ്പെടുത്തുന്നുണ്ട്.

കോൺഗ്രസിൽ പ്രവർത്തിച്ചു മാത്രം പരിചയമുള്ള ശ്രീനിജൻ പാർട്ടിയുടെ ചട്ടക്കൂടിലല്ല നിൽക്കുന്നതെന്ന് സിപിഎം ബ്രാഞ്ച് കമ്മിറ്റികൾക്കും പരാതിയുണ്ട് . കോൺഗ്രസുകാർ ഉപേക്ഷിച്ചപ്പോഴാണ് ശ്രീനിജൻ കഴിഞ്ഞ ഇലക്ഷൻ കാലത്തു സി പി എമ്മിലേക്ക് ചാടിയതും അവിടെ സ്ഥനാർത്ഥിയായി നിന്ന് ജയിച്ചതും.

ട്വന്റി 20 യിലേക്ക് പോയവരിൽ ഏറെയും മുൻപ് സിപിഎമ്മിൽ പ്രവർത്തിച്ചവരായിരുന്നു . ട്വന്റി 20 പുതുതായി വേരുറപ്പിച്ച തിരുവാണിയൂർ, പൂത്തൃക്ക , പുത്തൻകുരിശ് പഞ്ചായത്തുകളിൽ ഉള്ള സിപിഎം അണികളിൽ ഏറെപ്പേരും ട്വന്റി 20യിലേക്ക് മാറിക്കഴിഞ്ഞു . ഇപ്പോൾ സിപിഎം ന് ഇവിടങ്ങളിൽ പ്രാഥമിക പ്രവത്തനങ്ങൾക്ക് പോലും ആളില്ലാത്ത സ്ഥിതിയാണ്. ഇതെല്ലാം പാർട്ടിയെ ഭീതിയിലാക്കിയിട്ടുണ്ട്.

Ignatious O M  (Ignatious Kalayanthani)

Share News