2022 -ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് |ഡോ ജോർജ് തയ്യിൽ രചിച്ച”സ്വർണം അഗ്നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്‌ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ”എന്ന ആത്മകഥക്ക്‌.

Share News

മിനി ഡേവിസ്

കൊച്ചി .

ജർമൻ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷൻ- ഉഗ്മയുടെ സാഹിത്യ അവാർഡ് ഡോ ജോർജ് തയ്യിലിന് ജനുവരി 7 -നു നൽകും. നെടുമ്പാശ്ശേരിയിലെ സാജ് ഏർത് ഹാളിൽ വച്ചുനടക്കുന്ന NRJ കൺവെൻഷനിൽ വൈകിട്ട് 3 നു കേരള സംസ്ഥാനമന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അവാർഡ് നൽകുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോൺ നെടുംതുരുത്തി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഒരു പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്‌ധനായ ഡോ ജോർജ് തയ്യിലിന്റെ ജീവിതസഞ്ചാരക്കുറിപ്പുകളാണ് ഈ ഗ്രന്ഥം. എഴുപതുകളുടെ ആദ്യം കയ്യിൽ ഒരു ഡിഗ്രി സെർട്ടിഫിക്കറ്റുമായി മ്യൂണിക് എന്ന മഹാനഗരത്തിലെത്തിയ ഒരു മൂന്നാംലോകക്കാരനെ സ്വന്തം കുടുംബത്തോട് ചേർത്തുവച്ച ഒരു മഹദ് വ്യക്തിയോടുള്ള ആദരപൂജയാണ് ഈ പുസ്തകം.

നാലു പതിറ്റാണ്ടുകൾ നീണ്ട ഒരു അപൂർവ ആത്മബന്ധത്തിന്റെ കഥയാണിത്. ആ മഹദ് വ്യക്തി പിൽക്കാലത്തു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയായതും വിദ്യാർത്ഥി ഹൃദ്രോഗവിദഗ്‌ധനായതും കാലത്തിന്റെ സവിശേഷ കാരുണ്യം. സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ഇതുവരെ ലോകം കേട്ടിട്ടില്ലാത്ത ഒട്ടുവളരെ സവിശേഷതകൾ ഡോ തയ്യിൽ തന്റെ ആത്മകഥക്കുറിപ്പുകൾക്കൊപ്പം ഗ്രന്ഥത്തിൽ അനാവരണം ചെയ്യുന്നു. ജർമനിയിലും ഓസ്‌ട്രിയയിലുമായി 20 വർഷം പഠനവും ജോലിയും ചെയ്തശേഷം എറണാകുളത്തു ലൂർദ് ആശുപത്രിയിൽ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപകമേധാവിയായി കഴിഞ്ഞ 30 വർഷക്കാലത്തോളം സേവനം അനുഷ്ഠിക്കുന്ന ഡോ തയ്യിലിന്റെ ഏഴാമത്തെ പുസ്തകമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച “സ്വർണം അഗ്നിയിലെന്നപോലെ”.

പഠിക്കുന്ന കാലത്തുതന്നെ എഴുത്തിൽ തിളങ്ങിയിരുന്ന പ്രതിഭ. അങ്ങനെ പത്രപ്രവർത്തകനും കഥാകൃത്തുമായി ജീവിതം ആരംഭിച്ച ഡോ ജോർജ് തയ്യിൽ എന്ന പ്രശസ്തനായ ഹൃദ്രോഗവിദഗ്ദ്ധന്റെ അതിമനോഹരമായ അനുഭവസാക്ഷ്യങ്ങൾ. അതീവചാരുതയാണ് ഡോ തയ്യിൽ ഈ ഗ്രന്ഥരചനക്കു ഉപയോഗിച്ചിരിക്കുന്ന ഭാഷക്ക്. ജീവിതം കെട്ടിപ്പെടുക്കാൻ ഒരു മലയാളി വിദേശത്തു ആദ്യകാലങ്ങളിൽ അനുഭവിക്കുന്ന എല്ലാ കഷ്ടതകളും ഏറെ ഹൃദയസ്‌പൃക്കായി ഡോ തയ്യിൽ തന്റെ പുസ്തകത്താളുകളിൽ കോറിയിടുന്നു.

nammude-naadu-logo

Share News