
കോവിഡ് മരണ കണക്ക് കൃത്യമാക്കണം: അര്‍ഹതയുള്ളവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കൃത്യമായ കണക്കെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആരോഗ്യ വകുപ്പ് അധൃകരും തദ്ദേശ സ്ഥാപനങ്ങളും യോജിച്ച് സുപ്രീം കോടതി പുതുക്കി നിശ്ചയിച്ച കോവിഡ് മാനദണ്ഡ പ്രകാരമുള്ള കണക്കുകളാണ് തയാറാക്കേണ്ടത്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതിയുടെ വിധിയുടെ പരിധിയില്‍ നിന്ന് കേരളത്തില്‍ അര്‍ഹതയുള്ള ഒരാളെയും ഒഴിവാക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കേരളത്തില്‍ രോഗം ബാധിച്ച് മരിച്ച മുഴുവന്‍ ആളുകളുടെയും കണക്കെടുക്കണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി കോവിഡ് മരണങ്ങള്‍ പുനഃപരിശോധിക്കണം. കോവിഡ് കണക്കുകള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രി ഉന്നയിക്കുന്ന വാദങ്ങളില്‍ പിശകുണ്ട്. ഐസിഎംആര്‍ മാനദണ്ഡപ്രകാരമുള്ള കണക്കുകളല്ല മന്ത്രി പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ല. എന്നാല്‍, കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്ക് ധനസഹായം ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.
കോവിഡ് മരണം നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ച പറ്റി. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാസര്‍ഗോഡ് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചാല്‍ അക്കാര്യം ഉറപ്പാക്കുന്നത് തിരുവനന്തപുരത്തെ വിദഗ്ധ സമിതിയാണെന്നതായിരുന്നു അവസ്ഥ. പ്രതിപക്ഷ ആവശ്യത്തെത്തുടര്‍ന്ന് ഇതു ജില്ലാ തലത്തിലുള്ള സമിതികള്‍ക്കു കൈമാറി. ചികിത്സിച്ച ഡോക്ടര്‍മാരുടെ സാക്ഷിപത്രമല്ലാതെ വേറൊന്നും കോവിഡ് മരണത്തിനു മാനദണ്ഡമാക്കരുത്. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ധനസഹായം നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം കുറച്ചു കാണിക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം ചെയ്തത്. പിന്നീടത് മരണ സംഖ്യ കുറച്ചു കാണിക്കുന്നതിലേക്കു മാറി. ലോകം മുഴുവന്‍ വ്യാപിച്ച മഹാമാരിയുടെ കാര്യത്തില്‍ ദുരഭിമാനമല്ല, വസ്തുതാപരമായ വിവരങ്ങളാണ് പുറത്തുവിടേണ്ടത. സംസ്ഥാനത്തിനു കൃത്യമായ ആരോഗ്യ ഡാറ്റ അനിവാര്യമാണ്. ഇക്കാര്യത്തില്‍ ഒരു ഒളിച്ചുകളിയും അനുവദിക്കില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ യുഡിഎഫ് അക്കാര്യം ഏറ്റെടുക്കാന്‍ തയാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.