
യുദ്ധം, മാദ്ധ്യമങ്ങൾ, മനുഷ്യർ
1990 കളിലാണ് സെമിനാരികളിൽ പൊതുകാഴ്ചക്കായി ടിവികൾ വാങ്ങിത്തുടങ്ങിയത്. ബ്രദേഴ്‌സിന് കുറെ സമയം ടി വി കാണാൻ സമയം അനുവദിച്ചു കിട്ടി. ദൃശ്യവിരുന്നുകൾ ഇന്ദ്രിയ സുഖം പകരുന്നതാണ് എന്ന ഒരു ആത്മീയ ഭാവം ചിരമായിരുന്നതിനാൽ ‘അറിവ് പകരുന്ന’ () വാർത്തകളായിരുന്നു കാണാനും കേൾക്കാനും അനുവദിക്കപ്പെട്ടിരുന്നത്. (ടി വി വാർത്ത കാണുന്നത് ഇന്ദ്രിയോത്തേജനം നൽകില്ല എന്ന വ്യാജം അങ്ങനെ ചിരപ്രതിഷ്ഠിതമായി.

1990 ലാണ് ഗൾഫ് യുദ്ധം ആരംഭിക്കുന്നത്. ആഗസ്റ്റിൽ ആരംഭിച്ചു 2091 ഫെബ്രുവരിയിൽ അവസാനിച്ചു. ടിവി വാർത്താ സമയം യുദ്ധ ദൃശ്യങ്ങളാൽ മുഖരിതമായി. സി എൻ എൻ എന്നൊരു ചാനലിന്റെ ഫുട്ടേജ് ഇന്ത്യൻ മാധ്യമ ചാനലുകൾ പ്രക്ഷേപണം ചെയ്തു തുടങ്ങി. അതുവരെ കേട്ടിട്ടു മാത്രം ഉണ്ടായിരുന്ന യുദ്ധങ്ങൾ, യുദ്ധ തന്ത്രങ്ങൾ, യുദ്ധോപകരണങ്ങൾ, എന്നിവ ഒരു സിനിമ ആസ്വദിക്കുന്നത് പോലെ ആളുകൾ തങ്ങളുടെ സ്വീകരണ മുറിയിൽ ഇരുന്ന് ലാഘവത്തോടെ ആസ്വദിച്ചു. ചിലരെങ്കിലും അതിന് മുന്നിൽ ഇരുന്ന് ഭക്ഷണം കഴിച്ചു.
24 മണിക്കൂർ വർത്താപ്രക്ഷേപണം ഇല്ലാത്ത സമയമാണ്. സി എൻ എന്നാണ് മാനവരാശിയോടുള്ള ആ വലിയ അപരാധത്തിന് ആരംഭം കുറിച്ചത്. തങ്ങൾ കാലേക്കൂട്ടി സൃഷ്ടിച്ചെടുത്ത നയതന്ത്ര ബന്ധം ഉപയോഗിച്ചു യുദ്ധ മുഖത്തെ ഒരു ഹോട്ടലിൽ ഇരുന്ന് അവർ യുദ്ധദൃശ്യങ്ങൾ ലോകമെമ്പാടും വാരി വിതറി. ഭീകരമായ യുദ്ധത്തെ കുറിച്ചു അമേരിക്ക മുന്നറിയിപ്പ് കൊടുത്തിട്ടും സി എൻ എൻ യുദ്ധമുഖത്ത് നിന്നു. 24 മണിക്കൂർ യുദ്ധവാർത്തകൾ. അതുവരെ മാധ്യമ പ്രവർത്തനത്തിൽ ഉപഹോഗിച്ചിട്ടില്ലാത്ത റേഡിയോ സിഗ്നലുകളും, സാറ്റലൈറ്റ് സാങ്കേതിക വിദ്യയുമുപയോഗിച്ചാണ് അവർ നാടാടെ ഈ ‘നേട്ടം’ കൈവരിച്ചത്. കൂടാതെ യുദ്ധോപകരണങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള മിലിറ്ററി കാമറകളിൽ നിന്നുള്ള ഫുട്ടേജ് അമേരിക്കൻ സൈന്യത്തിൽ നിന്ന് അവർ ലഭ്യമാക്കി. നൈറ്റ് വിഷൻ സംവിധാനങ്ങളും മാദ്ധ്യമ പ്രവർത്തനത്തിൽ ഉപയോഗിക്കപ്പെട്ട കാലമായിരുന്നു. സി എൻ എൻ എന്ന ചാനലിന്റെ സാമ്പത്തിക വിജയത്തിന് കരുത്തു പകർന്ന ഒന്നായിരുന്നു ഗൾഫ് യുദ്ധം.

മൂന്നാം തലമുറ ക്രിട്ടിക്കൽ സിദ്ധാന്ത പണ്ഡിതനായ ഡഗ്ളസ് കെൾനെറെ പോലുള്ളവർ പക്ഷേ, യുദ്ധകാല മാദ്ധ്യമ പ്രവർത്തനത്തെ നിശിതമായി വിമർശിച്ചു. ‘ദി പേർഷ്യൻ ഗൾഫ് ടിവി വാർ’ എന്ന പുസ്തകത്തിൽ, ഗൾഫ് യുദ്ധം മാധ്യമങ്ങളുടെ നാടകീയമായ വിഹ്വല വിവരണം ആയിരുന്നു എന്ന് കുറ്റപ്പെടുത്തി. (the war as an exciting narrative, turning it into a kind of dramatic, patriotic spectacle). അമേരിക്കൻ കണ്ണുകളിലൂടെ ദൃശ്യവത്കരിക്കപ്പെട്ട യുദ്ധക്കാഴ്ച്ചകൾ യുദ്ധത്തിന്റെ സന്തുലിതമായ വിവരണങ്ങൾ നൽകിയില്ല. അത് അമേരിക്കയെ ന്യായീകരിക്കുകയും ശത്രുവിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
ചീറിപ്പായുന്ന സ്‌കഡ് മിസൈലുകളുടെ വർണ്ണ പൊലിമ കാണാൻ സെമിനരിക്കാർ ടിവിക്ക് മുമ്പിൽ നിരന്നു. വാർത്തക്ക് ശേഷം അതിന്റെ നിറം പിടിപിച്ച വിവരണങ്ങളിൽ അഭിരമിച്ചു. ഒരു ദിവസം മാത്രമേ എനിക്ക് യുദ്ധവാർത്തകൾ കേൾക്കാനായുള്ളൂ. ഞങ്ങളിൽ ചിലർ വാർത്തക്ക് പകരമായി ചെയ്യാനാവുന്ന സന്ധ്യാ നടത്തം തിരഞ്ഞെടുത്തു. യുദ്ധത്തിൽ ആരും ജയിക്കുന്നില്ല. ഒരു കീറിയ ഭൂപടവും, അതിലേറെ ചിന്നിയ മനുഷ്യ സമൂഹങ്ങളും, കരിപുരണ്ട പ്രകൃതിയും മാത്രമേ അത് അവശേഷിപ്പിക്കുന്നുള്ളൂ.
രാജാവായിരിക്കുക എന്നത് മോഹിപ്പിക്കുന്നതാണ്. യുദ്ധതിനുള്ള അഭിനിവേശം പേറുന്നവർ ഉണ്ട്. അതിലുപരി യുദ്ധ നൈപുണ്യമാണ് ഒരാളെ -അതേ, ഒരാളെ മാത്രം- രാജാവാക്കുന്നത്. അത് അയാളുടെ അധികാര രസമുകുളങ്ങളെ മാത്രമാണ് ഉത്തേജിപ്പിക്കുന്നതും സതൃപ്തമാക്കുന്നതും.

ഓരോ കലഹത്തിന്റെ സന്ദർഭത്തിലും, യുദ്ധമില്ലാതെ സമാധാനം സൃഷ്ടിക്കാം എന്നു കാട്ടിത്തന്ന ഒരു രാജന്റെ (യേശ 9.6) ധന്യ ധ്യാനത്തിൽ ആയിരിക്കാനാണ് എനിക്കിഷ്ടം. കാരണം അവനാണ് നമ്മുടെ സമാധാനം (മീക്കാ 5.5). അവിടുന്ന് ജനതകളുടെ മധ്യത്തില്‍ വിധികര്‍ത്താവായിരിക്കുമ്പോൾ ജനങ്ങൾ തങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവർ തങ്ങളുടെ വാളുകളെ അടിച്ചുരുക്കി കൊഴുക്കളായും, കുന്തങ്ങളെ അടിച്ചു പരത്തി വാക്കത്തി ആയും രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ക്ക് മേലിൽ യുദ്‌ധപരിശീലനത്തിന്റെ ആവശ്യം വരികയില്ല (ഏശയ്യാ 2.4). നീതിയുടെ പ്രവർത്തനങ്ങൾക്ക് മാത്രമേ സമാധാനം സ്ഥാപിക്കാനാവൂ. അതിന്റെ പരിണതഫലമോ പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും (ഏശയ്യാ 32.17).

Jose Vallikatt