പെണ്മയുടെ അന്തസ്സും ശക്തിയും സർവാത്മനാ അംഗീകരിക്കുന്ന ഒരു സമൂഹം നാം കെട്ടിപ്പെടുക്കണം.

Share News

ചില വനിതാദിനചിന്തകൾ

ഇന്ന് ലോകവനിതാദിനം !

ഒരു പെൺകുട്ടിയുടെ ജനനം സാക്ഷാൽ മഹാലക്ഷ്മിയുടെ പിറവിതന്നെ. മഹാലക്ഷ്മിയെപ്പോലെ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായിട്ടാണ് പെൺകുട്ടി പിറക്കുന്നതെന്നു മതങ്ങൾ പഠിപ്പിക്കുന്നു.

എന്നാൽ യഥാർഥജീവിതത്തിൽ ഈ സമ്പത്തിന്റെ കാര്യം പറഞ്ഞുകൊണ്ടുതന്നെ ശ്വാസം മുട്ടി മരിക്കേണ്ട ഗതികേടാണ് ഭാരത സ്ത്രീകൾക്കുള്ളത്. സ്ത്രീകൾക്ക് സമൂഹത്തിൽ അനർഘമായ സ്ഥാനവും സ്വാതന്ത്ര്യവും വാരിക്കോരിക്കൊടുക്കുന്നുണ്ടെന്നു വീമ്പിളക്കുന്ന നമ്മുടെ നാട്ടിൽ അവർക്കുനേരെയുള്ള ആക്രമണങ്ങൾക്കു യാതൊരു കുറവുമില്ല. ലാൻസെറ്റ്‌ മാസിക വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്നു ദശകങ്ങളിൽ ഇന്ത്യയിൽ 15 ദശലക്ഷം പെൺബ്രൂണഹത്യകളാണ് നടന്നത് . യൂണിസെഫിന്റെ പഠനപ്രകാരം ഇന്ത്യയിൽ പ്രതിവർഷം 50 ലക്ഷത്തോളം പെൺപ്രജകളാണ് ഗർഭവസ്ഥയിലോ ജനിച്ചയുടനെയോ കൊല്ലപ്പെടുന്നത് .

ആർഷഭാരത സംസ്കാരത്തെ വാനോളം പുകഴ്ത്തുന്ന ഇന്ത്യക്കാർ പെണ്മയോടുള്ള ആഭിമുഖ്യത്തിൽ ഇന്നും പ്രാകൃതമനുഷ്യരെക്കാൾ ഹീനരാണെന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. ജനിച്ച കുട്ടി പെണ്ണാണെന്നറിഞ്ഞാൽ ശ്വാസം മുട്ടിച്ചും വെള്ളത്തിൽ മുക്കിപ്പിടിച്ചും ഉമി വായിലിട്ടു നിറച്ചും പാലിൽ വിഷം ചേർത്തും കൊന്നൊടുക്കുന്ന പൈശാചിക പ്രവൃത്തികൾ നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ടെന്നോർക്കണം.

പെൺകുട്ടി വേണ്ട എന്ന കരുതിക്കൂട്ടിയുള്ള ചെയ്തികളാണ് ലിംഗാനുപാതത്തെ ഇന്ത്യയിലുടനീളം പുരുഷവത്ക്കരിക്കുന്നത്. പെണ്കുഞ്ഞു വളർന്നുവരുമ്പോൾ കുടുംബത്തിനൊരു ബാധ്യതയായിത്തീരുമെന്ന വികലചിന്ത ഇന്നും നമ്മുടെ സമൂഹത്തിലുണ്ടെന്നു പറയാൻ ലജ്ജിക്കുന്നു .

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം 45 ശതമാനം ഇന്ത്യൻ പെൺകുട്ടികളും 18 വയസ്സെത്തുന്നതിനു മുൻപേ നിർബന്ധവിവാഹത്തിന് വഴങ്ങുന്നു. അടുത്തകാലത്തു നടന്ന പഠനപ്രകാരം ഇന്ത്യയിൽ സ്ത്രീധന പ്രശ്നത്തിൽ ഓരോ മണിക്കൂറിലും ഒരു വധു എന്ന കണക്കിൽ കൊല്ലപ്പെടുന്നു. ഒരു സർവ്വേ പ്രകാരം 51 ശതമാനം ഭർത്താക്കന്മാർ എന്തെങ്കിലും കാരണത്താൽ തങ്ങളുടെ ഭാര്യമാരെ മർദിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നു അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സമഗ്രമാക്കുന്ന ഒരു പുത്തൻ സംസ്കാരം ഇന്ത്യയിൽ സംജാതമാകണം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു സ്ത്രീസമത്വം പരിപാലിക്കുന്നതിൽ കേരളം മുന്നിട്ടുനിൽക്കുന്നുണ്ടെങ്കിലും ഇവിടെയും ഈ വിഷയത്തിൽ പല പരിഷ്കാരങ്ങളും നടത്തേണ്ടിയിരിക്കുന്നു. കേരളത്തിൽ ഇപ്പോഴും പൂർണമായ സ്ത്രീസുരക്ഷ കൈവന്നിട്ടില്ലെന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട.

പെണ്മയുടെ അന്തസ്സും ശക്തിയും സർവാത്മനാ അംഗീകരിക്കുന്ന ഒരു സമൂഹം നാം കെട്ടിപ്പെടുക്കണം.ഒട്ടേറെ സവിശേഷതകളുണ്ടായിരുന്ന പഴയ ഭാരതീയ കുടുംബസങ്കല്പം സ്വാർത്ഥതയുടെയും അസഹിഷ്ണതയുടെയും പര്യായമായ അണുകുടുംബമാതൃകയിലേക്കു വഴുതിവീണപ്പോൾ സ്ത്രീകേന്ദ്രീകൃതമായ മാതൃദായക്രമത്തിനു ആഴത്തിലുള്ള മുറിവുകളേറ്റു.

ഇന്ന് ഏതു പ്രായത്തിലും സ്ത്രീയെ കാത്തിരിക്കുന്ന അരക്ഷിതാവസ്ഥക്കു അറുതി വരണം. ‘എവിടെയാണോ സ്ത്രീ മഹത്വപ്പെടുന്നത്, അവിടെ ഐശ്വര്യം സമൃദ്ധമാകുന്നു’ എന്ന് നാം മനസ്സിലാക്കണം.

സ്ത്രീയെ അമ്മയായും സഹോദരിയെയും ദേവിയായും ശക്തിസ്വരൂപിണിയായും ആദരിക്കുക.

നിങ്ങൾക്ക് നന്മ വരട്ടെ !

നിങ്ങളുടെ സ്വന്തം

Share News