“നമ്മളൊക്കെ ചെറുതെന്ന് കരുതുന്ന പലതും ഒരുപാട് ആളുകൾക്ക് വലിയ കാര്യമാണ്. ആ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാനായതിൻറെ സന്തോഷം ഈ ഒൻപത് വയസുകാരൻറെ മുഖത്ത് എനിക്ക് കാണാമായിരുന്നു”.|District Collector Alappuzha

Share News

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന സങ്കടവുമായി മൂന്നാം ക്ലാസുകാരനായ ഈ മോൻ എഴുതിയ കത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് എനിക്ക് ലഭിച്ചത്. മാസങ്ങളായി വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ മെഴുക് തിരി വെട്ടത്തിലാണ് ഇവർ കഴിയുന്നതെന്നും വീട്ടിലിരുന്ന് പഠിക്കാൻ പോലും സാധിക്കുന്നിലെന്നും കത്തിൽ എഴുതിയിരുന്നു. സ്കൂളിലിടാൻ ഒരു യൂണിഫോം മാത്രമാണ് ഉള്ളതെന്നും എട്ട് വർഷമായി വീട്ടിൽ ടി.വി. ഇല്ലെന്ന സങ്കടവും കത്തിൽ ഉണ്ടായിരുന്നു.

വളർന്ന് വലുതായി നല്ല ജോലി നേടിയ ശേഷം അമ്മയെ നന്നായി നോക്കണമെന്നാണ് ആഗ്രഹമെന്നും ഈ മോൻ കത്തിലൂടെ അറിയിച്ചിരുന്നു. ഇതെന്നെ ഒരുപാട് ചിന്തിപ്പിച്ചു.

അന്ന് തന്നെ കെ.എസ്.ഇ.ബി.യിലേക്ക് അടയ്ക്കാനുണ്ടായിരുന്നു പണമടച്ച് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച് നൽകിയിട്ടുണ്ട്.

കത്ത് കിട്ടിയതിന്റെ തൊട്ടത്തടുത്ത ദിവസമായ വ്യാഴാഴ്ച മാവേലിക്കരയിലെ മോന്റെ വീട്ടിലെത്തി സ്മാർട്ട് ടി.വി.യും യൂണിഫോമും കൈമാറുകയും ചെയ്തു. നന്നായി പഠിക്കുമെന്ന് ഈ മോൻ എനിക്ക് വാക്ക് നൽകിയിട്ടുണ്ട്.

ഈ മോന് ടി.വി. വാങ്ങി നൽകിയ മാവേലിക്കര ട്രിനിറ്റി അഡ്വെന്റിസ്റ്റ് അക്കാദമി ഭാരവാഹികൾക്കും, വെട്ടിയാർ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ. തുടർന്നും നമ്മുടെയൊക്കെ പിന്തുണ ഈ മോന് വേണം.

District Collector Alappuzha

nammude-naadu-logo
Share News