
മിഴികൾ ഈറനണിയുമ്പോൾ
“മിഴിയിടകളിൽ
തുളുമ്പി വീഴുന്ന
സംഗീതമാണ്
കണ്ണുനീർ..
ആത്മാവിന്റെ
വിങ്ങലായ്…
ആനന്ദത്തിന്റെ
തുള്ളികളായ്…
അടക്കാനാവാതെ
ആർത്തലച്ച് പെയ്യുന്ന
പേമാരിയായ്……
അത്,
പെയ്യുന്നു
മേഘക്കമ്പികളും
മീട്ടിക്കൊണ്ട്.”
മുഖപുസ്തകത്തിൽ ആരോ കോറിയിട്ട വരികൾ, വീണ്ടും മനസ്സിൽ ഒരു പിടി കണ്ണീരോർമ്മകൾക്ക് കൂടൊരുക്കുന്നു .
“ഓര്മ്മകളുള്ത്തട്ടിനെ നനയിക്കുന്നു കണ്ണിലൂറിയെത്തുന്നൂ ബാഷ്പമീ മണ്ണില്ച്ചവിട്ടുമ്പോൾ “എന്ന് പാടിയത് ഇടപ്പള്ളിയാണ്. മനുഷ്യന്റെ സുഖ ദുഖങ്ങളിൽ വ്യത്യസ്ഥ ഭാവങ്ങളിൽ വിരുന്നിനെത്തുന്ന ഒരിക്കലും പിരിയാത്ത കൂട്ടുകാരനെപ്പോലെയാണ് കണ്ണുനീർ തുള്ളികൾ.മനുഷ്യന്റെ ഓർമ്മകളിൽ, സ്വപ്നങ്ങളിൽ, ആശങ്കകളിൽ എല്ലാം കണ്ണീർ നനവ് പടർന്നിട്ടുണ്ട് .
“സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ്” പോകാത്തവർ ചുരുക്കമല്ലേ…. ആനന്ദബാഷ്പം എന്ന പ്രയോഗം തന്നെ സുന്ദരമാണ്.
ഇടപ്പിള്ളി തന്നെ മറ്റൊരിടത്ത് കുറിച്ചിടുന്നു.
“ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ-
തെന്തിനു ജീവിതപലഹാരം!”
അതെ, ജീവിതമാകുന്ന പലഹാരത്തിന് രുചി പൂർണ്ണത ലഭിക്കാൻ അത് കൂടിയേ തീരു.
“എഴുതാൻ ബാക്കി വെച്ച വാക്കുകളാണെന്റെ കണ്ണുനീരെന്ന്” വിഖ്യാത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ പറഞ്ഞു വെക്കുന്നുണ്ട്. പലപ്പോഴും ഒരുവന്റെ ആത്മാവിന്റെ പ്രകാശനമായത് മാറുന്നു. ” തലച്ചോറിൽ നിന്നല്ല ഹൃദയത്തിൽ നിന്നാണ് കണ്ണുനീർ വരുന്നതെന്ന് “ ലിയോനാർഡോ ഡാവിഞ്ചി പറഞ്ഞത് എത്രയോ ശരിയാണ് . ഹൃദയമുള്ളവൻ കരയും കണ്ണിന്റെ ജാലകങ്ങൾക്ക് കൂടുതൽ തെളിമ ലഭിക്കാൻ അത് കൂടിയേ കഴിയൂ. ഉള്ളിലെ നൊമ്പരങ്ങളുടെ അണക്കെട്ടുകളിൽ നിന്നും കണ്ണീരുറവകൾ പുറപ്പെടട്ടെ …
ശുഭദിനം

ഡോ സെമിച്ചൻ ജോസഫ്
(സാമൂഹ്യ പ്രവർത്തകനും സ്മാർട്ട് ഇന്ത്യ ഫൌണ്ടേഷൻ എന്ന സന്നദ്ധ സന്നദ്ധ സംഘടനയുടെ സഹ സഥാപകനുമാണ് ലേഖകൻ )