
അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ സ്വയം ചികിത്സ നടത്താതെ എത്രയും വേഗം ആശുപത്രിയിൽ എത്തണം.
വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന മസ്തിഷ്ക്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് കേരളത്തിൽ പലയിടത്തും സ്ഥിരീകരിക്കുകയാണ്.
നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന അസുഖമാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ അമീബകൾ നമ്മുടെ ചുറ്റും ധാരാളമായുണ്ട്. ഇവ വെള്ളത്തിലെ ബാക്ടീരിയകളെയും മറ്റും ആഹാരമാക്കിയാണ് ജീവിക്കുന്നത്. വൈറസുകളെയും ബാക്ടീരിയകളെയും പോലെ ഏകകോശ ജീവികളാണ് ഇവയും. ഇവയ്ക്ക് ജീവിക്കാൻ അനുകൂലമായ സാഹചര്യം കൂടുകയും, വലിയ അളവിൽ നമ്മുടെ തലച്ചോറിലെത്തുകയും ചെയ്യുമ്പോൾ മാത്രമാണ് രോഗം ഉണ്ടാകുക. വേനൽക്കാലത്ത് കൂടിയ ചൂട് കാരണം ജലാശയങ്ങളിൽ അമീബയ്ക്ക് വളരാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാകുന്നു.
ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ സ്വിമ്മിങ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവയുടെ സാന്നിധ്യം ഉണ്ടായേക്കാം. കുളിക്കുമ്പോൾ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ തലച്ചോറിൽ പ്രവേശിക്കണമെന്നില്ല. എന്നാൽ, ഡൈവ് ചെയ്യുമ്പോഴോ നീന്തുമ്പോഴോ വെള്ളം ശക്തിയായി മൂക്കിൽ കടന്നാൽ, മൂക്കിലെ അസ്ഥികൾക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു.
അമീബയുടെ സാന്നിധ്യമുള്ള ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും, തല വെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമാകും. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല ഇത് .
അമീബ തലച്ചോറിലെത്തിക്കഴിഞ്ഞാൽ ഒരാഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. എല്ലാ മസ്‌തിഷ്‌ക ജ്വരങ്ങൾക്കും ലക്ഷണങ്ങൾ ഒന്നുതന്നെയാണെങ്കിലും അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ഇതുവരെ ലഭ്യമല്ല. രോഗം ബാധിച്ചാൽ 90– 100 ശതമാനമാണ് മരണനിരക്ക്.
ലക്ഷണങ്ങൾ : –
ചില പ്രധാന ലക്ഷണങ്ങൾ രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കണ്ടു തുടങ്ങുന്നു. പെട്ടന്ന് ഉണ്ടാകുന്ന കഠിനമായ പനി, സഹിക്കാൻ കഴിയാത്ത തലവേദന എന്നിവയാണ് ഇതിൽ പ്രധാനം. ഇതോടൊപ്പം, ഓക്കാനവും ഇടയ്ക്കിടെയുള്ള ഛർദ്ദിയും ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗം ഗുരുതരമാകുമ്പോൾ സ്വബോധം നഷ്ടപ്പെടുകയും, കഴുത്ത് ചലിപ്പിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും. നടുവേദനയും ഉണ്ടാകും. അപസ്മാരം വരാൻ സാധ്യതയുണ്ട്. ബോധക്ഷയം ഉണ്ടാകുകയും, ചിലപ്പോൾ പരസ്പരബന്ധമില്ലാതെ സംസാരിക്കുകയും ചെയ്യാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണം.
പ്രതിരോധം : –
കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ ജലാശയങ്ങളിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണം. പ്രത്യേകിച്ചും വേനൽക്കാലങ്ങളിൽ. ഇത്തരം വെള്ളത്തിൽ അമീബ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരിയായ രീതിയിൽ ക്ലോറിനേഷൻ നടത്താത്ത നീന്തൽക്കുളങ്ങളിലും അമീബയുടെ സാന്നിധ്യം ഉണ്ടാകാം. അതിനാൽ സുരക്ഷിതമല്ലാത്ത കുളങ്ങൾ ഒഴിവാക്കുക. വെള്ളത്തിൽ കളിക്കുമ്പോഴോ കുളിക്കുമ്പോഴോ മൂക്കിലൂടെ വെള്ളം അകത്തേക്ക് കയറാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. ഒഴുകുന്ന നദികളിലും പുഴകളിലുമെല്ലാം അമീബയുടെ സാന്നിധ്യം കുറവാണെങ്കിലും, പാറയിടുക്കുകളിലോ മറ്റ് സ്ഥലങ്ങളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് അപകടകരമാണ്. വെള്ളത്തിലിറങ്ങുമ്പോൾ, വെള്ളം കലങ്ങിമറിയാതെ ശ്രദ്ധിക്കുക. വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചികിത്സ : –
അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ സ്വയം ചികിത്സ നടത്താതെ എത്രയും വേഗം ആശുപത്രിയിൽ എത്തണം. പിസിആർ പോലുള്ള നൂതന പരിശോധനകളിലൂടെ 24 മണിക്കൂറിനുള്ളിൽ രോഗം കൃത്യമായി കണ്ടെത്താൻ ഇപ്പോൾ സംവിധാനങ്ങളുണ്ട്. നിലവിൽ ഈ രോഗത്തിന് ഫലപ്രദമായ ഒരു മരുന്നോ ചികിത്സയോ ലഭ്യമല്ല. എങ്കിലും, ഫംഗസ് അണുബാധകൾക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ കൂട്ടിച്ചേർത്ത് രോഗികൾക്ക് നൽകിവരുന്നു. രോഗത്തെ പറ്റിയുള്ള അറിവും ജാഗ്രതയുമാണ് പ്രധാനം. പ്രത്യേകിച്ച് ചിലയിടങ്ങളിൽ ഈ രോഗം വീണ്ടും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം നിലവിലുള്ളപ്പോൾ.
The Gazette
