Kerala God’s Own Country എന്ന വിശ്വപ്രസിദ്ധമായ ടാഗ്‌ലൈന്‍ എഴുതിയതാരാണ്?

Share News

സഫാരി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയുടെ കെ. ജയകുമാര്‍ ഐ എ എസ് സീരിസിന്റെ 13 ാം എപ്പിസോഡിന്റെ അവസാന ഭാഗത്ത് കേരള ടൂറിസത്തിന് വേണ്ടി God’s Own Country എന്ന വിശ്വപ്രസിദ്ധമായ ടാഗ്‌ലൈന്‍ പിറന്ന കഥ അദ്ദേഹം വിവരിക്കുന്നുണ്ട്.

ജയകുമാര്‍ കേരള ടൂറിസം ഡയറക്ടറായിരുന്ന കാലത്താണ് കേരള ടൂറിസം അഡ്വര്‍ടൈസ് ചെയ്യാന്‍ ആരംഭിച്ചത്. ലോകത്തിന്റെ മുമ്പില്‍ കേരളത്തിന് ആകര്‍ഷകമായ ഒരു മുഖം നല്‍കുക എന്ന ദൗത്യവുമായി അദ്ദേഹം കൊച്ചിയിലെ പ്രസിദ്ധമായ ഒരു പരസ്യ ഏജന്‍സിയെ സമീപിച്ചു.

അവിടെ വച്ചാണ് ആ ടാഗ്‌ലൈന്‍ പിറന്നത്. കുര്യാക്കോസ് എന്നു പേരുള്ള ഒരു കോപ്പി റൈറ്റര്‍ എഴുതിയ നൂറുകണക്കിന് ലൈനുകളില്‍ നിന്ന് അദ്ദേഹം രണ്ടെണ്ണം തെരഞ്ഞെടുത്തു.

God’s Country, God’s kingdom. രാജവാഴ്ച അവസാനിച്ച സാഹചര്യത്തില്‍ kingdom ഒഴിവാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ God’s country എന്ന് പറയുന്നതില്‍ എന്തോ ഒരു അപൂര്‍ണത. അങ്ങനെ അദ്ദേഹം Own എന്ന വാക്ക് മധ്യത്തില്‍ ചേര്‍ത്തു വയ്ക്കുകയും ചെയ്തു. അങ്ങനെ God’s Own Country എന്ന വിശ്വപ്രസിദ്ധമായ പരസ്യവാചകം പിറന്നു. അത് പിന്നീട് കേരളത്തിന്റെ തന്നെ പര്യായമായി.

എന്നാല്‍, ഗൂഗിളില്‍ തിരയുമ്പോള്‍, വിക്കിപീഡിയയില്‍ ഇതിന്റെ രചയിതാവായി രേഖപ്പെടുത്തിയിരിക്കുന്നത് മുദ്രയുടെ മുന്‍ നാഷണല്‍ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന വാള്‍ട്ടര്‍ മെന്‍ഡസിന്റെ പേരാണ്.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ കുറിപ്പില്‍, തന്റെ മുന്നിലിരുന്നാണ് വാള്‍ട്ടര്‍ ഈ വാചകം എഴുതിയതെന്ന് പ്രതാപ് സുതന്‍ തന്റെ ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തുകയുണ്ടായി. ഇതും ഗൂഗിളില്‍ ലഭ്യമാണ്.

ചന്ദനലേപസുഗന്ധം ചൂടിയതാരോ, സൂര്യാംശുവോരോ വയല്‍പൂവിലും… തുടങ്ങിയ ഒട്ടേറെ പ്രസിദ്ധമായ ഗാനങ്ങള്‍ രചിച്ച, 1998 മുതലുള്ള കാലഘട്ടത്തില്‍ കേരള ടൂറിസം ഡയറക്ടറായിരുന്ന കെ. ജയകുമാര്‍ കള്ളം പറയുമെന്ന് തോന്നുന്നില്ല.

സഫാരി ചാനല്‍ സംപ്രേക്ഷണം ചെയ്ത ചരിത്രം എന്നിലൂടെ എന്ന പരിപാടി കേട്ടിട്ടുള്ളവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ സത്യസന്ധത ബോധ്യപ്പെടും. പിന്നെ ആരാണ് കള്ളം പറഞ്ഞത്. കുര്യാക്കോസ് എന്ന കോപ്പി റൈറ്റര്‍ ആരാണ് എന്നറിയില്ലെങ്കിലും ഒരു കാര്യം പറയാതെ വയ്യ.

പരസ്യരംഗത്ത് മാത്രമല്ല, പല രംഗങ്ങളില്‍ സംഭവിക്കുന്ന ഒരു അനീതിയുണ്ട്. ജൂനിയറോ ദുര്‍ബലരോ ആയവരുടെ ക്രിയാത്മകത മുകളിലിരിക്കുന്നവര്‍ സ്വന്തമാക്കി കളയും. ഒരു പക്ഷേ, ഒരു സാധാരണ കോപ്പിറൈറ്ററായിരുന്ന കുര്യാക്കോസിന്റെ വാചകം ഏജസിയുടെ തലപ്പത്തിരിക്കുന്ന വാള്‍ട്ടറുടെ പേരിൽ ആയതാവാം. എന്തായാലും, വിക്കിപീഡിയയില്‍ വാള്‍ട്ടര്‍ മെന്‍ഡസിന്റെ പേരില്‍ ഈ ഇതിഹാസസമാനമായ പരസ്യവാചകം കിടക്കുമ്പോള്‍ സത്യം തേടാനും വ്യക്തമാക്കാനും തിരുത്താനും കേരളത്തെ സ്‌നേഹിക്കുന്നവര്‍ക്ക് കടമയുണ്ട്.

അഭിലാഷ് ഫ്രേസർ

Share News