ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ജീന പോൾ രചിച്ച നോവൽ വിക്കറ്റ് സ്ത്രീ പക്ഷ നോവലാണ്.

Share News

ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ജീന പോൾ രചിച്ച നോവൽ വിക്കറ്റ് സ്ത്രീ പക്ഷ നോവലാണ്. നാട്ടിൻപുറത്തെ പെൺകുട്ടി ക്രിക്കറ്റിൽ ലോകം കീഴടക്കുന്നത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ലോകത്തിന്റെ വിവിധയിടങ്ങളിൽ മാങ്കുളത്തിന്റെ മാണിക്യം റോസ്്ലിൻ വർക്കി ഇന്ത്യയുടെ യശസ് ഒരു സിക്സർ പോലെ ഉയർത്തുന്നതിന്റെ സൌന്ദര്യമുണ്ട്. കഥ പറയുന്ന ഗ്രാമത്തിന്റെ പശ്ചാത്തലവും കഥാപാത്രങ്ങളും മനസിൽ തങ്ങിനിൽക്കും.

സുഖകരമായ വായനാനുഭവമാണ് വിക്കറ്റിന്റെ പ്രത്യേകത. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവർക്കേ വിക്കറ്റ് ഇഷ്ടപ്പെടൂ. ഓരോ മാച്ച് കഴിയുമ്പോഴും റോസിന്റെ നേട്ടത്തിൽ വായനക്കാരനും ആഹ്ലാദിക്കുമെന്നതാണ് പ്രത്യേകത.

ലോകപ്രശസ്തിയുടെ നെറുകയിൽ എത്തുമ്പോഴും ബാല്യകാല സുഹൃത്തിനെ കൈവിടാതെ മനസിൽ ഒപ്പം ചേർത്തു നിർത്തുന്ന മനസാണ് നായികയുടെ പ്രത്യേകത.

ഒരു പിടി നന്മയുള്ള കഥാപാത്രങ്ങളെ നോവലിന്റെ പിച്ചിൽ വിക്കറ്റ് പോലെ ഉറപ്പിച്ചിട്ടുണ്ട് നോവലിസ്റ്റ്. കപ്യാരുടെ മകൾ ക്രിക്കറ്റിൽ ലോകം കീഴടക്കിയ കഥ സ്ത്രീ പക്ഷ ട്രാക്കിലൂടെയാണ് കടന്നുപോകുന്നത്.

വിവാഹം കഴിഞ്ഞാൽ ക്രിക്കറ്റ് അവസാനിപ്പിച്ച് അടുക്കളയിൽ ഒതുങ്ങണമെന്ന പുരുഷ മേധാവിത്വ ചിന്തകൾ ആറ് ഓവറിൽ ആറ് സ്കിസർ പറത്തുന്നതു പോലെ മൈതാനം കടത്തിയിട്ടുണ്ട് എഴുത്തുകാരി.

സ്ത്രീയുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും വില കൽപ്പിക്കുന്ന കുടുംബാംഗങ്ങളുടെ പിന്തുണയാണ് വിക്കറ്റിന്റെ മറ്റൊരു കരുത്ത്. വനിതാ ക്രിക്കറ്റർ റോസ്്ലിൻ വർക്കിയുടെ കഥ യോർക്കർ പോലെ ഹൃദയത്തിലേക്ക് തുളച്ചുക്കയറും.

കഥാപാത്രം വായിക്കുന്ന നോവലിലെ കഥാപാത്രങ്ങളും വിക്കറ്റിന്റെ പ്രത്യേകതയാണ്.

സൈൻ ബുക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ നോവൽ വിക്കറ്റിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നത് ക്രിക്കറ്റും പ്രണയവുമാണ്.

സ്പോർട്സ് ജേർണലിസ്റ്റ് കൂടിയായ ജീനാ പോൾ ക്രിക്കറ്റിന്റെ പിച്ചിൽ വായനക്കാരെ ക്ലീൻ ബൌൾഡാക്കി.

Nikhil Davis

Principal Correspondent Manorama news

Share News