ബലിയും കരുണയും കരുണാമയനായ ദൈവവും!|മതപരമായ ഇത്തരം അനുഷ്ഠാനങ്ങൾ മറനീക്കി പുറത്തു വരുന്നതിനെ, ലോക രാഷ്ട്രങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഗൗരവപൂർവ്വം കാണണം!

Share News

മനുഷ്യനെ ഏറ്റവും ക്രൂരമാംവിധം കൊല്ലുകയും വധിക്കപ്പെട്ട വ്യക്തിയുടെ മൃതദേഹത്തെപ്പോലും ആചാരപരമായി വികൃതമാക്കി അപമാനിക്കുകയും മനുഷ്യത്വരഹിതമായി അതു പ്രദർശിപ്പിക്കുകയും, ഇക്കാര്യമത്രയും ‘ദൈവനാമം’ വിളിച്ചുകൊണ്ട്‌, ഒരു ബലിയോ മതപരമായ ആചാരമോ ആണെന്നു വരുത്തിത്തീർക്കുകയും ചെയ്യുന്ന ‘ഭീകരത’ ഭീകരതയല്ല എന്നു പറയാനാകുമോ?

അതിനെ ഒരു ജനതയുടെ നിലനിൽപ്പിനുള്ള അവകാശ പ്രഖ്യാപനത്തിന്റെ അടയാളമായി കരുതാൻ ലോകത്തിനാവുമോ? സ്വന്തം മതത്തിനു പുറത്തുള്ളവരോട് ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അനുശാസിക്കുന്ന എന്തെങ്കിലും ‘മതനിയമം’ നിലവിലുണ്ടോ? മതത്തിന്റെ പേരിലല്ല, സംസ്കാരത്തിന്റെ പേരിലായാലും ഇത്തരം ക്രൂരകൃത്യങ്ങളെ ന്യായീകരിക്കാൻ കഴിയുമോ?

മൃഗീയതക്കും താഴേക്കു മനുഷ്യനെ അധഃപതിപ്പിക്കുന്ന ഒരു അനുഷ്ഠാനത്തെ, ‘സംസ്കാരം’ എന്നു വിളിക്കാമോ? ഇത്തരം ഹീനകൃത്യങ്ങളെ അപലപിക്കാനോ തള്ളിപ്പറയാനോ ആ വിശ്വാസി സമൂഹത്തിൽപ്പെട്ട ഒരാൾപോലും തയ്യാറാകാത്തതിന്റെ രഹസ്യമെന്താണ്?

മതത്തിന്റെ ആചാരങ്ങൾ അനുഷ്ഠിക്കാൻ പരാജയപ്പെടുന്നവരെ ഇറാനിലെയും അഫ്‌ഘാനിസ്ഥാനിലെയും മറ്റും മത പോലീസ് വേട്ടയാടുമ്പോഴും ഇതേ മനുഷ്യത്വ രഹിതമായ ക്രൂരത മറനീക്കി പുറത്തു വരുന്നതു കാണാം! മനസ്സാക്ഷിയുള്ള സകല മനുഷ്യരെയും ഞെട്ടിക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങൾ മതവിശ്വാസികൾക്ക് സ്വീകര്യമായി മാറുന്നതിന്റെ കാരണമെന്താണ്?

മനുഷ്യത്വം അപ്പാടെ മരവിപ്പിച്ചു തികച്ചും ‘പൈശാചികമായി’ സഹജീവികളെ കൊന്നുകൊണ്ടു പ്രസാദിപ്പിക്കേണ്ടി വരുന്ന ‘ദൈവ’ സങ്കൽപ്പങ്ങളുണ്ടെങ്കിൽ, അവ കുറേക്കൂടി മാനുഷികമായും ‘ദൈവീകമായും’ വ്യാഖ്യനിക്കാനും, വിശ്വാസി സമൂഹങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കാനും, മത നേതാക്കൾക്കു കഴിയേണ്ടതല്ലേ..?

രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിൽ പോലും മതപരമായ ഇത്തരം അനുഷ്ഠാനങ്ങൾ മറനീക്കി പുറത്തു വരുന്നതിനെ, ലോക രാഷ്ട്രങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഗൗരവപൂർവ്വം കാണണം!

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News