നികേഷ്കുമാർ മാധ്യമമേഖല ഉപേക്ഷിക്കുമോ?

Share News


റിപ്പോർട്ടർ ചാനലിന്റെ എഡിറ്റോറിയൽ ചുമതലകളിൽ നിന്നും നികേഷ്കുമാർ വിരമിച്ചു. ഈ വിവരം ആ ചാനലിന്റെ എഡിറ്റേഴ്സ് മീറ്റിൽ സംസാരിച്ചുകൊണ്ടാണ് കൗതുകമുള്ള വിവരം അറിയിച്ചത്.

കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എംവി രാഘവന്റെയും സിവി ജാനകിയുടെയും മകനായി 1973 മേയ് 28 നാണ് നികേഷ് കുമാറിന്റെ ജനനം. മാധ്യമപ്രവർത്തന രംഗത്തെ മികവിന് ഇന്ത്യൻ എക്സ്പ്രസ് പത്രം നൽകുന്ന രാംനാഥ് ഗോയങ്ക പുരസ്കാരം ലഭിച്ചിട്ടുണ്ട്. 

പൊതുരംഗത്ത് സജീവമായി നിൽക്കുക എന്നത് തൻ്റെയൊരു ആഗ്രഹമാണ്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവർത്തനത്തിൽ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം. മാധ്യമപ്രവർത്തന കാലത്തിൻ്റെ ഭൂരിഭാഗവും താൻ ന്യൂസ് റൂമുകളിലായിരുന്നു. പുറത്തുപോകാനോ ആളുകളുമായി ഇടപഴകാനോ ഉള്ള അവസരം കുറവായിരുന്നു. അത് ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ പൂർണത ഉണ്ടാകൂ എന്നുള്ളതുകൊണ്ടാണ് റിപ്പോർട്ടർ ടിവിയിൽനിന്ന് സാങ്കേതികമായി പടിയിറങ്ങുന്നത്. പൊതുപ്രവർത്തനത്തിൽ സജീവമാകാൻ കഴിയുമെന്ന വിശ്വാസം മാത്രമാണ് തനിക്ക് മുന്നിലുള്ളതെന്നും നികേഷ് കുമാർ വ്യക്തമാക്കി.

ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ തുടങ്ങിയ വാർത്താ ചാനലുകളിൽ 14 വർഷം മാധ്യമപ്രവർത്തനം നടത്തിയ നികേഷ് കുമാർ 2011 മേയ് 13ന് കൊച്ചി ആസ്ഥാനമാക്കി റിപ്പോർട്ടർ ടിവി എന്ന വാർത്താ ചാനലിന് തുടക്കം കുറിക്കുകയായിരുന്നു. 2023 ജൂലൈ ഒന്നിന് ചാനൽ പുതിയ മാനേജ്മെൻ്റിന് കീഴിൽ പ്രവർത്തനം തുടങ്ങിയെങ്കിലും നികേഷ് കുമാർ സ്ഥാപനത്തിൽ തുടർന്നിരുന്നു. പുതിയ മാനേജ്മെൻ്റിൻ്റെ കീഴിൽ ചാനൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷമാകുന്നതിനിടെയാണ് നികേഷ് കുമാറിൻ്റെ പടിയിറക്കം.

അദ്ദേഹത്തിന്റെ നാൾവഴികൾ പരസ്യമാണ്. ഏഷ്യാനെറ്റിൽ ആരംഭിക്കുകയും പിന്നിട് അദ്ദേഹം നേതൃത്വം നൽകി ആരംഭിച്ച ഇൻഡ്യാവിഷൻ വേറിട്ട മാധ്യമശൈലി കാഴ്ചവെച്ചു.

തകർന്നുപോയ ആ ചാനലിന്റെ നയവും പരിപാടികളും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. അവർ ഉയർത്തിയ പരിപാടികളും പദ്ധതികളും പൂർണമായും എല്ലാവരും അംഗീകരിക്കുന്നതായിരുന്നില്ല.


പരിധിയും പരിമിതികളുമില്ലാതെ വാർത്തകളും വീക്ഷണങ്ങളും അവതരിപ്പിച്ചപ്പോൾ അതെല്ലാം മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടായിരുന്നുവെന്ന് അവരുപോലും പറയുമെന്ന് തോന്നുന്നില്ല.

ഒരോ മിനിറ്റിലും എന്ത്‌ സംഭവിച്ചുവെന്ന് അറിയുവാൻ മലയാളികളെ പ്രേരിപ്പിച്ച ചാനൽ. അതുകൊണ്ട് എന്തെങ്കിലും വാർത്തകൾ കണ്ടെത്തി അവതരിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ വാർത്തയുടെ വ്യക്തത എത്രത്തോളമായിരുന്നു എന്ന് മാധ്യമ ലോകം വിലയിരുത്തട്ടെ. 28 മത്തെ വയസ്സിൽ ഒരു ചാനൽ മേധാവിയായി നിയമിക്കപ്പെട്ടപ്പോൾ അതിൽ പണവും സമയവും മുടക്കിയവരുടെ മാനസിക അവസ്ഥ എന്തായിരുന്നു എന്ന് അറിയേണ്ടതാണ്.മുസ്ലിം ലീഗിൻെറ നേതാവായ ഡോ .എം കെ മുനീറിൻെറ മുഖ്യ ഉടമസ്ഥതയിൽ ആയിരുന്നു ഇൻഡ്യാ വിഷൻെറ ആരംഭിച്ചത് . ആ ചാനൽ പുതുമയുള്ള നിരവധി പരിപാടികൾ പുതിയ പ്രവർത്തകരെകൊണ്ട് അവതരിപ്പിച്ചു. ആ പരിപാടികൾ മറ്റ് പല ചാനലുകളും ഇപ്പോൾ അവതരിപ്പിക്കുന്നു. ഒപ്പം പ്രവർത്തകർ പുതിയ ചാനലുകളിൽ ചേക്കേറി പിടിച്ചുനിൽക്കുവാൻ ശ്രമിക്കുന്നു


അദ്ദേഹം വീണ്ടും റിപ്പോർട്ടർ ചാനൽ ആരംഭിച്ചു.അതും നികേഷിന്റ പതിവ് ശൈലിയിൽ തുടർന്നു. എന്നാൽ സാമ്പത്തികമായി പരാജയപ്പെട്ടു. അദ്ദേഹം ആ സ്ഥാപനം നടത്തിമുങ്ങിത്താഴ്ന്നപ്പോൾ അദ്ദേഹം ഏറെ വിഷമിച്ചു. ഇടയ്ക്ക് അദ്ദേഹം 2016 ൽകണ്ണൂരിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടു. അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും 2,287 വോട്ടിന് മുസ്ലീം ലീഗിൻ്റെ കെഎം ഷാജിയോട് പരാജയപ്പെടുകയായിരുന്നു.

അന്നും അദ്ദേഹം ഇപ്പോൾ പറയുന്നതുപോലെ മാധ്യമപ്രവർത്തനം നിർത്തിയെന്ന് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ നികേഷ്കുമാർ വീണ്ടും മാധ്യമപ്രവർത്തനത്തിൽ സജീവമായി. എന്തുകൊണ്ട് പാർട്ടിയെ ഉപേക്ഷിച്ചു, അദ്ദേഹം ഉപേക്ഷിച്ചുപോയി എന്ന് ചിന്തിക്കുന്നവരുണ്ട്.
ഇപ്പോൾ ചാനലിന്റെ പ്രോഗ്രാമിൽ തന്നെ നികേഷ് മാറുന്ന വിവരം അറിയിച്ചിരിക്കുന്നു.

വളരെ നാടകീയമായി മാറ്റത്തിന്റെ കഥ നന്നായി അവതരിപ്പിച്ചു. പണം മുടക്കി പ്രതിസന്ധിയിൽ അദ്ദേഹത്തെ സഹായിച്ച ആന്റോ സഹോദരങ്ങൾ വേദിയിൽ വന്നു. പിണങ്ങിപിരിഞ്ഞു പോകുകയാണെന്ന് തോന്നാതിരിക്കുവാൻ ബോധപൂർവം നടത്തിയ വിടവാങ്ങൾ ഷോ വളരെ നന്നായി നടത്തി.

പുതിയ മാനേജുമെന്റ് നൽകിയ വ്യവസ്ഥകളിൽ ഈ മാറ്റം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ പാർട്ടിപ്രവേശനത്തെ സ്തുതിക്കുവാൻ സഹപ്രവർത്തകർ മത്സരിക്കുന്നതും മീറ്റ് ദി എഡിറ്റേഴ്സിൽ കണ്ടു.

ഓടിപ്പോയി പാർട്ടി സീറ്റിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച നികേഷ് പരാജയപ്പെട്ടു. സി പി ഐ എം വീട്ട് സി എം പി എന്ന പേരിൽ സ്വന്തം പാർട്ടി ഉണ്ടാക്കി ജീവിതത്തിന്റെ അവസാനം വരെ അദ്ദേഹം പോരാടിയ പാർട്ടിയിൽ എന്തുകൊണ്ട് വീണ്ടും സജീവമാകുന്നുവെന്ന് അദ്ദേഹം ഇപ്പോഴും വെളിപ്പെടുത്തിയില്ല.?!

അദ്ദേഹം ഇടക്കാലത്ത് മുഖ്യമന്ത്രിക്കൊപ്പം അമേരിക്കയിൽ പോയി പ്രോഗ്രാം ഏകോപിപ്പിച്ചപ്പോൾ മാധ്യമപ്രവർത്തകനായിരുന്നുവോ? മാധ്യമ പ്രവർത്തനം നടത്തിയപ്പോൾ രാഷ്ട്രിയ പ്രവർത്തനവും നടത്തിയില്ലേ?

അദ്ദേഹം ഇടക്കാലത്ത് മുഖ്യമന്ത്രിക്കൊപ്പം അമേരിക്കയിൽ പോയി പ്രോഗ്രാം ഏകോപിപ്പിച്ചപ്പോൾ മാധ്യമപ്രവർത്തന മായിരുന്നുവോനടത്തിയത് ? മാധ്യമ പ്രവർത്തനം നടത്തിയപ്പോൾ രാഷ്ട്രിയ പ്രവർത്തനവും നടത്തിയില്ലേ? ഇത്തരം ചോദ്യങ്ങൾ ഉയരുന്നു.

കണ്ണൂർ നടുവിൽ സ്വദേശിയായ ജോൺ ബ്രിട്ടാസ് ദേശാഭിമാനി ലേഖകനായി തുടങ്ങി കൈരളി ടി വി വഴി ഇപ്പോൾ രാജ്യസഭയിൽ എം പിയായി. മത്സരിച്ചപ്പോൾ ജയിച്ചുവെങ്കിൽ നികേഷ് മന്ത്രിയായി മാറുമായിരുന്നു. അതുകൊണ്ടാണോ അദ്ദേഹത്തിന് വിജയിക്കുവാൻ കഴിയാതെപോയത് എന്ന് ചിന്തിക്കുന്നവരും ഉണ്ട്.

നികേഷിന് പാർട്ടിയുടെ സാധാഅംഗമായി മാത്രം തുടരുവാൻ കഴിയുമോ? മാധ്യമപ്രവർത്തനം വഴി അദ്ദേഹം പാർട്ടിയിൽ സ്വാധീനം വർധിപ്പിച്ചോ? അതോ ശത്രുക്കളെ വർധിപ്പിച്ചുവോ? അദ്ദേഹം വീണ്ടും മറ്റൊരു ചാനലുമായി രംഗത്ത് വരുമോ?

ഓഹരി കൈമാറ്റത്തിലെ വ്യവസ്ഥകളിൽ മാറേണ്ട സമയത്ത് മാറിയത് അല്ലേ? പാർലമെന്റിൽ കണ്ണുരോ വടകരയിലോ സീറ്റ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു എന്ന് അടുപ്പമുള്ളവർ പറയുന്നു. മാസങ്ങളായി അദ്ദേഹം റിപ്പോർട്ടർ ചാനലിൽ പാർട്ടിയുടെ വക്താവായി വാദിക്കുകയായിരുന്നില്ലേ? പലപ്പോഴും അവതാരകാനായി നികേഷ് വന്നപ്പോൾ പാർട്ടിക്കാരന്റെ വേഷം വേണ്ടെന്ന് ചർച്ചകളിൽ പങ്കെടുത്തവർ ഓർമിപ്പിച്ചിരുന്നു.

ഒരിക്കൽ അനിൽ ആൻറണി ബി ജെ പി യിൽ പോയതിനെക്കുറിച് നികേഷ് കുമാർ രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോൾ ലഭിച്ച ഉത്തരം നികേഷ് പ്രതിസന്ധിയിലായി .എം വി രാഘവനെ ക്രൂരമായി ആക്രമിച്ചത് അറിയാമായിരുന്നിട്ടും മകൻ നികേഷ് എങ്ങനെ പാർട്ടി സ്ഥാനാര്ഥിയായിയെന്ന് പൊതുസമൂഹം ചിന്തിച്ചുവെന്നും ,തുടർന്ന് വടകരയിൽ യൂ ഡി എഫിന്റ്റെ സ്ഥാനാർഥിയാകുവാൻ ക്ഷണിച്ചതും രമേശ് ചെന്നിത്തല തുറന്നുപറഞ്ഞിരുന്നു .

നികേഷ് മാധ്യമമേഖലയിൽ നിന്നും സ്ഥിരമായി മാറിനിൽക്കുമെന്ന് വിശ്വസിക്കുന്നവർ കുറവാണ് . അദ്ദേഹം പാർട്ടിയിൽ സജീവമായി എം എൽ എ ആയി മന്ത്രിയായി മാറിയാൽ അത്ഭുതപ്പെടേണ്ട .അതിന് തടസ്സം നേരിട്ടാൽ ,വൈകിയാൽ അദ്ദേഹം വീണ്ടും മറ്റൊരു ചാനലുമായി വരാനുള്ള സാധ്യതയും തള്ളിക്കളയേണ്ട .എന്തായാലും 28 വർഷം മലയാള മാധ്യമ മേഖലയിലെ പ്രവർത്തനം ,അതിൽ ഉടമസ്ഥതയും നേടിയ വ്യക്തിയാണ് അദ്ദേഹം .ഇനി ചെറുപ്പത്തിൽ മന്ത്രിമന്ദിരത്തിൽ വളർന്ന അദ്ദേഹത്തിൻെറ മനസ്സിൽ ഒരു മന്ത്രി സ്ഥാനം മായാതെ നിന്നാൽ അതിൽ ആർക്കും കുറ്റപ്പെടുത്തുവാൻ കഴിയുമോ ?

Share News