
“വീട്ടിലിരുന്ന് പാർട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതൽ പതിനായിരം രൂപ വരെ സമ്പാദിക്കാം. “-ഒൺലൈനിലൂടെ ഇങ്ങനെ വരുന്ന പരസ്യത്തെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്.
വീട്ടിലിരുന്ന് പാർട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതൽ പതിനായിരം രൂപ വരെ സമ്പാദിക്കാം. ഒൺലൈനിലൂടെ ഇങ്ങനെ വരുന്ന പരസ്യത്തെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്.
ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഫയൽ അറേഞ്ച് മെന്റും, ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമാണ് ഓൺലൈൻ ജോബ് തട്ടിപ്പിൻ്റെ രണ്ടു പ്രധാന രീതികൾ.
എസ്.എം.എസ് വഴിയോ, സോഷ്യൽ മീഡിയാ പരസ്യം വഴിയോ ആണ് തട്ടിപ്പുസംഘം ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നത്. അതിൽ അവർ ലിങ്ക് കൊടുത്തിട്ടുണ്ടാകും. ലിങ്കിൽ കയറിയാൽ അവരുടെ വാട്സ് ആപ്പ് ലേക്കാണ് സന്ദേശം ചെല്ലുക. കമ്പനി ആധികാരികമാണെന്ന് അറിയാക്കാൻ ചിലരേഖകൾ അയച്ചു തരും. തുടർന്ന് പാൻകാർഡ്, ഫോട്ടോ, ആധാർ കാർഡ് എന്നിവയും ആവശ്യപ്പെടും. അത് കൊടുത്തു കഴിഞ്ഞാൽ രജിസ്ട്രേഷനായി രണ്ടായിരമോ മൂവായിരമോ നൽകണം. തുടർന്ന് സംഘം ഒരു ഫയൽ അയച്ചുതരും. അത് വീട്ടിലിരുന്ന് അവർ പറയുന്നതു പോലെ പ്രത്യേക ഫോണ്ടിൽ, ലേ ഔട്ട് ചെയ്ത് പുനർ കൃമീകരിച്ച് തിരിച്ചയക്കണം. ഇത് തിരിച്ചയച്ചു കഴിയുമ്പോൾ ശരിയായില്ലെന്നും, കമ്പനിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും, കമ്പനിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും, നടപടിയുണ്ടാകുമെന്നും പറഞ്ഞ് ഭീഷണി സ്വരത്തിൽ മെസേജ് വരും. വൈകാതെ വക്കീൽ നോട്ടീസെന്ന രീതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കത്തും വരും. ഇരുപത്തി അയ്യായിരം മുതൽ ഒരു ലക്ഷം വരെയൊക്കെയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. അജ്ഞരായ പലരും ഭയം മൂലം പണം കൊടുത്ത് തടിയൂരുകയാണ് ചെയ്യുന്നത്.
ഉൽപ്പന്നങ്ങൾ വാങ്ങി അത് ഓൺലൈൻ സൈറ്റ് വഴി വിറ്റ് ലാഭമുണ്ടാക്കാം എന്നതാണ് മറ്റൊരു തട്ടിപ്പ്. ആദ്യം ചെറിയൊരു തുക നിഷേപിക്കാൻ സംഘം ആവശ്യപ്പെടും. സംഘം അവരുടെ ആപ്പിക്കേഷനിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന ഉൽപ്പന്നങ്ങളിലൊന്ന് വാങ്ങാൻ ആവശ്യപ്പെടും. എന്നിട്ട് അതെ സൈറ്റിൽത്തന്നെ വിൽപ്പനക്ക് വച്ച് ലാഭം ഉണ്ടാക്കാം എന്നാണ് വാഗ്ദാനം. അതിന് വഴങ്ങിയാൽ നാം വില്പനക്ക് വച്ച ഉല്പന്നം വൻ ലാഭത്തിന് വിറ്റുപോയെന്നു പറഞ്ഞ് സംഘം കമ്മീഷൻ തുക വെബ്സൈറ്റിൽ കാണിക്കും. പിന്നീട് വലിയ വലിയ തുകകൾ നമ്മെകൊണ്ട് മുടക്കിക്കും. ഇവ വിറ്റുപോയതിന്റെ ലാഭവും കമ്മീഷനും അറിയിച്ചു കൊണ്ടേയിരിക്കും. തുടർന്ന് തുക വെബ്സൈറ്റിൽ നിന്നും പിൻവലിക്കാൻ ശ്രമിക്കുമ്പോൾ അതിന് കഴിയാതെ വരും.
കമ്പനിയുമായി ബന്ധപ്പെടുമ്പോൾ കുറച്ചു കൂടി തുകക്കുള്ള ഉൽപ്പന്നങ്ങൾ വാങ്ങിയാലേ പണം പിൻവലിക്കാൻ കഴിയൂ എന്ന് അറിയിക്കും. അതിൽ വീണ് പിന്നെയും പണം നിക്ഷേപിക്കും. വലിയൊരു സംഖ്യ മുടക്കികഴിയുമ്പോഴേക്കും കമ്പനി തന്നെ അപ്രത്യക്ഷമായിട്ടുണ്ടാകും. ഇങ്ങനെ നിരവധിയാളുകൾക്കാണ് പണം നഷ്ടപെട്ടിട്ടുള്ളത്.
ഇത്തരം പരസ്യങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും, ഒൺലൈനിൽ കാണുന്ന പരസ്യങ്ങൾ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങളും , ബാങ്ക് വിവരങ്ങൾ ഉൾപ്പടെയുള്ള രേഖകളും കൈമാറിയാൽ സാമ്പത്തിക നഷ്ട മുൾപ്പെടെയുള്ള ഗുരുതര നഷ്ടം ഉണ്ടാകും എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുക.

Ernakulam Rural Police
