
ബാലഗോപാല്‍, രാജീവ്, റോഷി, ജയരാജ്!| ഇവര്‍ കേരളത്തിനാകെ അഭിമാനമാകുമെന്നതില്‍ സംശയമില്ല.
മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന വളരെ അടുത്ത സുഹൃത്തുക്കളായ റോഷി അഗസ്റ്റിന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ക്കും ഗവണ്‍മെന്റ് ചീഫ് വിപ്പ് പ്രഫ. ഡോ. എന്‍. ജയരാജിനും പ്രത്യേകം അഭിവാദ്യങ്ങള്‍, വിജയാശംസകള്‍. ലാളിത്യവും സത്യസന്ധതയും കഠാനാധ്വാനവുമുള്ള ഇവരെയെല്ലാം ഇന്നു രാവിലെ ടെലിഫോണില്‍ വിളിച്ച് ആശംസകളും നന്മകളും നേര്‍ന്നിരുന്നു. സുഹത്തുക്കളായ മറ്റു മന്ത്രിമാര്‍ക്കും എല്ലാ വിജയാശംസകളും നേരുന്നു.
പിണറായി വിജയന്റെ രണ്ടാം സര്‍ക്കാരില്‍ ബാലഗോപാലും രാജീവും റോഷിയും വീണ ജോര്‍ജും തിളക്കമാര്‍ന്ന മന്ത്രിമാരാകും എന്നതില്‍ സംശയിക്കാനില്ല. വീണയെക്കുറിച്ചു പ്രത്യേകം കുറിപ്പ് നേരത്തെ ഇട്ടിരുന്നത് ഓര്‍ക്കുമല്ലോ. മന്ത്രിമാരില്‍ എല്ലാവരും തന്നെ കേരളീയ പൊതുസമൂഹത്തിന് പ്രതീക്ഷകള്‍ നല്‍കുന്നവരാണ്.

നിയമസഭാ തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പു ദിവസം ഇടുക്കിയിലെത്തി റോഷി അഗസ്റ്റിനെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നു. ഇടുക്കിക്കാരന്‍ അല്ലെങ്കിലും പോളിംഗ് ദിവസം ഞാന്‍ നേരിട്ടു കണ്ട ഏക സ്ഥാനാര്‍ഥിയും പാലാക്കാരനായ സുഹൃത്ത് റോഷിയെയാണ്. ആദ്യം മുരിക്കാശേരിയിലെ ബൂത്തില്‍ വച്ചു കണ്ടയുടന്‍ അടുത്തുള്ള ബേക്കറിയില്‍ കയറി എനിക്കും കൂടെയുണ്ടായിരിന്ന ജോസി ഏലൂരിനും ജിജോ വാലയിലിനും ഓണശേരി അച്ചന്‍കുഞ്ഞിനും ചൂടു കാപ്പിയും ഏത്തയ്ക്കാ ബോളിയും വാങ്ങിത്തന്ന ശേഷമേ റോഷി അടുത്ത ബൂത്തിലേക്കു പോയുള്ളൂ.
ജയിക്കുമെന്നു 100 ശതമാനം ഉറപ്പാണെന്നും പണത്തിന്റെ കുറവു മാത്രമാണു പ്രശ്‌നമെന്നും റോഷി പറഞ്ഞു. പോളിംഗ് ദിവസം ബൂത്തുകളുടെ ചെലവിലേക്കായി നല്‍കുന്നതിനു വലിയൊരു തുക സഹകരണ ബാങ്കില്‍ നിന്നു വായ്പയെടുത്ത കാര്യവും അദ്ദേഹം പങ്കുവച്ചു. ഓരോ തെരഞ്ഞെടുപ്പിലെയും ചെലവിലേക്കായി സ്വന്തം ആസ്തി വിറ്റ അപൂര്‍വം രാഷ്ട്രീയക്കാരനാകും റോഷി അഗസ്റ്റിന്‍. കഴിഞ്ഞ ഡിസംബറില്‍ നാട്ടിലെത്തിയപ്പോഴും റോഷിയുമായി നേരില്‍ കണ്ടിരുന്നു. ഞാന്‍ വിളിച്ചപ്പോള്‍ റോഷി തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു. ജോര്‍ജേട്ടന്‍ എന്നാണ് അദ്ദേഹം എന്നെ വിളിക്കുക. എവിടെയുണ്ടെന്നു ചോദിച്ചു. പാലായിലെ വീട്ടിലാണെന്നു പറഞ്ഞപ്പോള്‍ വൈകുന്നേരം അങ്ങോട്ടു വന്നു കാണാമെന്നായിരുന്നു മറുപടി. തിരുവനന്തപുരത്തു നിന്നു പ്രത്യേകം ഡ്രൈവറില്ലാതെ സ്വയം കാറോടിച്ചു വരികയാണെന്നും പറഞ്ഞു. അതാണു വ്യത്യസ്ഥനായ ജനപ്രതിനിധി റോഷി അഗസ്റ്റിന്‍.
പാലാ ടൗണില്‍ വച്ചു കാണാമെന്നും കോട്ടയം കഴിയുമ്പോള്‍ വിളിച്ചാല്‍ മതിയെന്നും റോഷിയോടു ഞാന്‍ പറഞ്ഞു. തിരുവനന്തപുരത്തു നിന്നു ഏറ്റുമാനൂരിലെത്തിയപ്പോള്‍ റോഷിയുടെ ഫോണ്‍ വന്നു. പാലാ ബിഷപ്‌സ് ഹൗസില്‍ ഞങ്ങളുടെ ബിഷപ് മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട് പിതാവുമായി സംസാരിച്ചിരിക്കുമ്പോഴായിരുന്നു ഈ വിളി. ബിഷപ്‌സ് ഹൗസില്‍ ഇരിക്കുകയാണെന്നു പറഞ്ഞപ്പോള്‍ എങ്കില്‍ അങ്ങോട്ടു നേരിട്ടു വരാമെന്നായി റോഷി. കല്ലറയ്ങ്ങാട്ടു പിതാവിനും അതു കേട്ടു സന്തോഷമായി. ബിഷപ്‌സ് ഹൗസില്‍ റോഷിയും ഞാനും ബിഷപ്പും അര മണിക്കൂറോളം സംസാരിച്ചിരുന്നു. മുമ്പൊരിക്കല്‍ എംഎല്‍എ ആയിരിക്കെ പ്രവാസി കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഡല്‍ഹിയിലെ നേതാവ് ജോമോന്‍ വരമ്പേലുമൊത്ത് ദീപിക ഓഫീസില്‍ വന്നു കണ്ടതും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.
അഞ്ചാം തവണ എംഎല്‍എയായിട്ടും പഴയ ലാളിത്യവും സ്‌നേഹവും സുഹൃത് ബന്ധങ്ങളും അതേ പടി കാത്തുസൂക്ഷിക്കാന്‍ റോഷി അഗസ്റ്റിനു കഴിയുന്നു. റോഷിയെ അടുത്തറിയുന്ന ആരും ഇക്കാര്യം സാക്ഷ്യപ്പെടുത്തും. രാഷ്ട്രീയവും മതവും ജാതിയുമൊന്നും റോഷിക്ക് പ്രശ്‌നമല്ല. എല്ലാവരും അടുത്ത സുഹൃത്തുക്കള്‍.
എന്റെ കൂടി മാതൃവിദ്യാലയമായ പാലാ സെന്തോമസ് കോളജില്‍ നിന്നു സംസ്ഥാന മന്ത്രിയാകുന്ന ആദ്യത്തെ പൂര്‍വ വിദാര്‍ഥി കൂടിയാണ് റോഷി അഗസ്റ്റിന്‍. പാലാ ചക്കാമ്പുഴ സ്വദേശി. കര്‍ഷകനായ ചെറുനിലത്തുചാലില്‍ അഗസ്റ്റിന്റെയും ലീലാമ്മയുടെ മകന് ചെറുപ്പം മുതലേ രാഷ്ട്രീയവും ജനസേവനവും തലയ്ക്കു പിടിച്ചിരുന്നു. സ്‌കൂള്‍, കോളജ് കാലം മുതല്‍ കെ.എസ്.സി നേതാവായിരുന്ന റോഷി പക്ഷേ അക്കാലത്തും രാഷ്ട്രീയ എതിരാളികളായിരുന്ന കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകരുമായും സൗഹൃദം കാത്തു.


കേരള കോണ്‍ഗ്രസില്‍ എന്നും കെ.എം. മാണിയോടും ജോസ് കെ. മാണിയോടും അചഞ്ചലമായ കൂറും ആത്മാര്‍ഥതയും സ്‌നേഹവും പ്രകടമാക്കിയവരില്‍ മുമ്പനാണ് റോഷി അഗസ്റ്റിന്‍. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തോമസ് ചാഴികാടന്‍ എംപിയും എംഎല്‍എമാരായ റോഷിയും ഡോ. ജയരാജും ജോസിനു പൂര്‍ണ പിന്തുണ നല്‍കി. യുഡിഎഫില്‍ നിന്നു പുറത്താക്കപ്പെട്ട് വെറും രണ്ടു എംഎല്‍എമാര്‍ മാത്രം ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ്-എം രണ്ടു കാബിനറ്റ് പദവികള്‍ അടക്കം അഞ്ച് എംഎല്‍എമാരും രണ്ട് എംപിമാരും തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരവും ഉള്ള ഏക കേരള കോണ്‍ഗ്രസ് പാര്‍ട്ടിയായി വളര്‍ന്നതില്‍ ഈ ടീം വര്‍ക്ക് പ്രകടമാണ്. ഊര്‍ജതന്ത്രത്തിലും നിയമത്തിലും ബിരുദധാരിയായ റോഷി സംസ്ഥാനത്തെ ഏറ്റവും ജനകീയ, മികവുറ്റ മന്ത്രിയായിരിക്കും എന്നതില്‍ സംശയിക്കേണ്ട.

രാജ്യസഭാംഗങ്ങള്‍ ആയിരുന്ന കെ.എന്‍. ബാലഗോപാലും പി. രാജീവും തമ്മിലുള്ള ഇഴയടുപ്പമുള്ള സൗഹൃദത്തിന് നീണ്ട വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരിക്കുമ്പോഴും വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരിക്കുമ്പോഴും ഉണ്ടായിരുന്ന അടുപ്പം 2010 ഏപ്രിലില്‍ രാജ്യസഭാംഗമായതോടെയാണു കൂടുതല്‍ ഉഷ്മളമായത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കാലം മുതല്‍ അറിയാമെങ്കിലും 2009 ഏപ്രിലില്‍ രാജ്യസഭാംഗം ആയി ഡല്‍ഹിയില്‍ എത്തിയതു മുതലാണു രാജീവുമായി ഹൃദ്യവും ദൃഢവുമായ സുഹൃത് ബന്ധം തുടങ്ങിയത്. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഞങ്ങള്‍ നടത്തിയ നിരവധിയായ ചര്‍ച്ചകളിലൂടെ ആ ബന്ധം ഹൃദ്യവും ശക്തവുമായി.

രാജീവിന്റെയും ബാലഗോപാലിന്റെയും പാര്‍ലമെന്റിലെ കാര്യങ്ങള്‍ പഠിച്ചുള്ള ഇടപെടലുകളാണ് ഏറെ ആകര്‍ഷിച്ചത്. പാര്‍ലമെന്റിലെ മികവിന് സന്‍സദ് രത്‌ന പുരസ്‌കാരം നേടിയ രാജീവിനെക്കുറിച്ചും ബാലഗോപാലിനെക്കുറിച്ചും രാജ്യസഭയിലെ സഭാ നേതാക്കളായിരുന്ന അന്തരിച്ച അരുണ്‍ ജെയ്റ്റ്്‌ലിയും ഗുലാം നബി ആസാദും രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പ്രഫ. പി.ജെ. കുര്യനും അടക്കം നിരവധി പ്രമുഖര്‍ പലതവണ എന്നോടു നേരിട്ടു പ്രശംസ അറിയിച്ചിട്ടുണ്ട്. രാജ്യത്തെയും കേരളത്തെയും ബാധിക്കുന്ന ജനകീയ പ്രശ്‌നങ്ങളിലും കേരളത്തിന്റെ വികസന കാര്യങ്ങളിലും ഇരുവരും നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. എന്റെ ഭാര്യ സിന്ധുവിന്റെയും മക്കളായ ജേക്കബിന്റെയും ആന്റണിയുടെയും റയാണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെത്തി ആ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ആദരവു നേടാനും ബാലഗോപാലിനു കഴിഞ്ഞു. ടെലിഫോണിലുള്ള എന്റെ ക്ഷണം സ്വീകരിക്കാന്‍ ബാലഗോപാല്‍ മടിച്ചില്ല.
പാര്‍ട്ടി ചട്ടം പാലിച്ചു രാജ്യസഭാംഗത്വം അവസാനിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്നു മടങ്ങിയപ്പോള്‍ ആദ്യം വിഷമമായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ കൊല്ലം, എറണാകുളം ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളുമായ ശേഷവും ബാലഗോപാലും രാജീവുമായുള്ള അടുത്ത ബന്ധം തുടരാനായി. സത്യപ്രതിജ്ഞയ്ക്കു മുമ്പായി ഇന്നു വിളിച്ചപ്പോഴും ഇരുവരും നടത്തിയ സ്‌നേഹാന്വേഷണം ഊഷ്മളമായിരുന്നു.ധനമന്ത്രിയെന്ന നിലയില്‍ ബാലഗോപാലിനും വ്യവസായം, നിയമം വകുപ്പുകളുടെ മന്ത്രിയെന്ന നിലയില്‍ രാജീവിനും ഹൃദയത്തില്‍ നിന്നു വീണ്ടും വിജയാശംസകള്‍ നേരുന്നു. ഇവര്‍ കേരളത്തിനാകെ അഭിമാനമാകുമെന്നതില്‍ സംശയമില്ല.

നാലാം തവണ കാഞ്ഞിരപ്പള്ളിയുടെ എംഎല്‍എ ആയ ഡോ. എന്‍. ജയരാജ് തീര്‍ച്ചയായും മന്ത്രി ആകേണ്ടിയിരുന്ന നല്ലൊരു ജനപ്രതിനിധിയാണ്. മുന്‍മന്ത്രി കെ. നാരായണക്കുറിപ്പിന്റെ മകനെന്നതിലുപരി കഴിവും പക്വതയും പ്രവര്‍ത്തന മികവും ലാളിത്യമുള്ള ജനകീയ നേതാവായി ഡോ. ജയരാജ് എന്നേ വളര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ കോട്ടയത്തു വച്ചാണു അവസാനം നേരിട്ടു കണ്ടതെങ്കിലും വ്യക്തിപരമായ വളരെ അടുപ്പവും ബഹുമാനവും ഉള്ള നേതാവാണ് ഡോ. ജയരാജ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് എന്ന നിലയിലും കേരള കോണ്‍ഗ്രസ്-എമ്മിന്റെ നെടുംതൂണികളില്‍ പ്രധാനി എന്ന നിലയിലും ഡോ. ജയരാജ് കേരള രാഷ്ട്രീയത്തില്‍ ഇനിയും ഉന്നതങ്ങളിലെത്താതിരിക്കില്ല. ഒരിക്കല്‍ കൂടി ആശംസകള്‍.

ജോര്ജ് കള്ളിവയൽ