മാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം?|ഗോപീകൃഷ്ണൻ-ആ പ്രിയസുഹൃത്തിനുവേണ്ടി 37 വർഷം മുമ്പ് എഴുതിയ ആ എഡിറ്റോറിയൽ ഒരു പൂച്ചെണ്ട് ആയി ഓർത്ത് കടം വീട്ടുന്നു .
പ്രിയപ്പെട്ട ഗോപീകൃഷ്ണൻ Gopikrishnan Raghavan Nair വിടപറഞ്ഞിട്ട് ഒരു വർഷം.
ജനറൽ റിപ്പോർട്ടിംഗിനു കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഗോപീകൃഷ്ണൻ സ്മാരക അവാർഡിന്റെ ജൂറി അംഗം ആയിരുന്ന് ഞാൻ പ്രിയസുഹൃത്തിനു സ്മരണാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എഴുതിയ പോസ്റ്റ് താഴെ പകർത്തി ഇന്നത്തെ സ്നേഹാഞ്ജലി
മാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം?
ഹിമാലയൻ ക്ളീഷേകൾ ചേർത്ത് വന്ദ്യമോ വന്ധ്യമോ ആയ ഒരു പാപ്പാമംഗളം?
1986 ഫെബ്രുവരി ഒമ്പതിന് കൊച്ചിയിൽനിന്നു വരുന്ന ജോൺ പോൾ രണ്ടാമനെ കാത്ത് തലേരാത്രിതന്നെ നാഗമ്പടത്തു തമ്പടിച്ച ജനങ്ങളുടെ കൈയിലേക്കു വന്ന പത്രത്തിന്റെ ലീഡർ പേജിനു മുകളിൽ ഇങ്ങനെ:
“നിന്ദ്യമായ കൈയേറ്റം”.
എറണാകുളത്തെ പേപ്പൽ സന്ദർശനം റിപ്പോർട്ട് ചെയ്തു ദീപികയുടെ ജീപ്പിൽ മടങ്ങിയ സ്റ്റാർ റിപ്പോർട്ടർ ആർ. ഗോപീകൃഷ്ണനെ അകാരണമായി തടഞ്ഞുനിർത്തി മർദിച്ച ഡിവൈ.എസ്.പി.യുടെമേൽ നടപടിയെടുക്കണമെന്ന്.
തുടുത്ത ചിരിയുള്ള ഒരു ഓമനമുഖം കാണിച്ച് ഇന്നു രാവിലെ ഫേസ്ബുക്ക് ഓർമിപ്പിച്ചു
:Gopikrishnan Raghavan Nair and 4 others have birthdays today. Wish them the best!
ഗോപീകൃഷ്ണൻ നക്ഷത്രശോഭയോടെ പത്രപ്രവർത്തനരംഗത്തു നിൽക്കുമ്പോൾ ഒരു ജന്മദിനാശംസ നേരാൻ എനിക്കു കഴിഞ്ഞില്ല. കഴിഞ്ഞ വർഷം പുതുജന്മത്തിലേക്കു കടന്നുപോയ ആ പ്രിയസുഹൃത്തിനുവേണ്ടി 37 വർഷം മുമ്പ് ഞാൻ എഴുതിയ ആ എഡിറ്റോറിയൽ ഒരു പൂച്ചെണ്ട് ആയി ഓർത്ത് കടം വീട്ടുന്നു .
ഒരുപക്ഷേ, കൃത്യനിർവഹണത്തിനിടയിൽ മർദനമേൽക്കുന്ന സ്വന്തം പത്രപ്രവർത്തകനുവേണ്ടി ഒരു പത്രം മുഖപ്രസംഗം പ്രസിദ്ധീകരിക്കുന്ന സംഭവം അതിനു മുമ്പോ പിമ്പോ ഉണ്ടായിരിക്കില്ല. (അതിന് ആവശ്യപ്പെട്ട അന്തരിച്ച മാനേജിംഗ് എഡിറ്റർ റവ. ഡോ. വിക്ടർ നരിവേലിയുടെ പ്രത്യുല്പന്നമതിത്വത്തെ ആദരവോടെ ഓർക്കുന്നു – രാഷ്ട്രീയമായി ചില അഭിപ്രായവ്യത്യാസങ്ങൾ അദ്ദേഹത്തോടു നേരിട്ടു പ്രകടിപ്പിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും).
പത്രജീവിതത്തിന്റെ ആദ്യകാലത്തെല്ലാം ഏത് അസൈൻമെന്റിനും സദാ സന്നദ്ധനായി ഒരാളേ ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ – അപകടം, അത്യാഹിതം, കോടതി, അഴിമതി, റാങ്ക്, യുവജനോത്സവം, കായികമേള……. ഏറ്റവും റീഡബിളായ റിപ്പോർട്ടുമായി ഡെഡ്ലൈനിനു മുന്നേ ഗോപി ഓടിയെത്തും.
ഏറെ കോളിളക്കം സൃഷ്ടിച്ച ജോളി വധക്കേസിന്റെ വിചാരണക്കോടതിയിൽ നിന്ന് കോളങ്ങൾ നീളുന്ന സമ്പൂർണ ചോ – ഉ റിപ്പോർട്ടുമായി വന്ന ദിവസം ഗോപിയോടു ഞാൻ പറഞ്ഞു:
എന്നെ വിട്ടിരുന്നെങ്കിൽ ഒരു കാൽക്കോളം ഉണക്കസംഗ്രഹവും ആയി വന്നേനെ.കുറഞ്ഞ കാലം കൊണ്ട് മലയാളത്തിൽ ജനറൽ റിപ്പോർട്ടിംഗിന്റെ പര്യായമായീ ആർ. ഗോപീകൃഷ്ണൻ എന്ന ബൈലൈൻ. പത്രത്തിനു സർക്കുലേഷൻ കുറഞ്ഞുനിന്നതിനാൽ മലയാളി വേണ്ടത്ര അറിയാതെപോയ ശ്രദ്ധേയ ബൈലൈനുകളിൽ ഒന്ന്.
അന്നൊക്കെ സംസ്ഥാന പത്രപ്രവർത്തന അവാർഡുകൾ, പൊതുഭരണത്തോടൊപ്പം പബ്ളിക് റിലേഷൻസ് വകുപ്പിന്റെയും ആൾ എന്ന നിലയിൽ മുഖ്യമന്ത്രിയാണു പ്രഖ്യാപിക്കുക. 1988-ലെ പ്രഖ്യാപനത്തിനുള്ള പത്രസമ്മേളനം തുടങ്ങിക്കൊണ്ട് ഇ. കെ. നായനാർ (സഖാവിന്റെ സ്മൃതിവാർഷികം നാളെയാണ്) ഇങ്ങനെ പറഞ്ഞു: ഇത്തവണ മൂന്നും ഒരേ പത്രത്തിന്. (മുമ്പോ പിമ്പോ അങ്ങനെയൊന്ന് സംഭവിച്ചില്ല). വികസനോന്മുഖ റിപ്പോർട്ടിംഗ്: ജോസ് ടി. തോമസ്; ജനറൽ റിപ്പോർട്ടിംഗ്: ആർ. ഗോപീകൃഷ്ണൻ; ന്യൂസ് ഫൊട്ടോഗ്രഫി: എം. എം. തോമസ്.
അവാർഡ് പ്രഖ്യാപനത്തിനുമുമ്പേ, പുതുതായി തുടങ്ങിയ മംഗളം പത്രത്തിൽ ന്യൂസ് എഡിറ്ററായി ഗോപി പോയിരുന്നു. എങ്കിലും പുരസ്കൃതരെ അനുമോദിക്കുവാൻ കോട്ടയം, തൃശൂർ ദീപികകളിൽ നടന്ന ചടങ്ങിൽ വിക്ടറച്ചൻ മംഗളത്തിന്റെ ഗോപിയെയും സ്വാഗതം ചെയ്തു.
അവാർഡ് ദാനം നടന്നപ്പോൾ വീണ്ടും ദീപികക്കാർ മൂന്ന്. ഏതോ കാരണങ്ങളാൽ 1988, 89, 90, 91 വർഷങ്ങളിൽ ദാന ചടങ്ങ് നടക്കാതെ കിടന്നു. നടന്നപ്പോൾ എല്ലാം ഒരുമിച്ച്. അപ്പോൾ കെ.കരുണാകരനായീ മുഖ്യമന്ത്രി. 90-ലെ ജേതാവായി ദീപികയിൽനിന്ന് ജീമോൻ ജേക്കബ് വന്നു.
പബ്ളിക് റിലേഷൻസ് വകുപ്പ് അന്നു റിലീസ് ചെയ്ത ഫോട്ടോയിൽ എനിക്കും ഗോപീകൃഷ്ണനും ഇടയിൽ ജീമോൻ – ഞങ്ങളെക്കാൾ എല്ലുമൂപ്പ് കുറവെങ്കിലും നല്ല മൂപ്പോടെ ഞങ്ങളെക്കാൾ സഞ്ചരിച്ച (ഇപ്പോഴും നന്നായി ഓടുന്ന) ജേണലിസ്റ്റ്.”എന്തുകൊണ്ടു ചെറുപ്പക്കാർക്കു നിങ്ങളുടെ വാർത്ത വേണ്ട” എന്നു ചോദിച്ച എന്റെ പോസ്റ്റിനു ( https://m.facebook.com/story.php?story_fbid=177458214648749&id=100071537134566&sfnsn=wiwspwa&mibextid=RUbZ1f ) താഴെ, വേർപാടിനു നാലാഴ്ച മുമ്പ് ഗോപീകൃഷ്ണൻ തന്ന സ്നേഹോപഹാരത്തിനു മനസ്സിൽ ഞാൻ ചില്ലിടുന്നു. അതിങ്ങനെ:
“ജോസ് ടിയുടെ മാധ്യമ നിരീക്ഷണങ്ങൾക്ക് വാചാടോപത്തിന്റെ കൈത്താങ്ങല്ല, ഗവേഷണത്തിന്റെയും മനനത്തിന്റെയും പിൻബലമാണുള്ളത്. മുൻപൊരിക്കൽ, യൗവനം തീക്ഷ്ണമായിരുന്ന നാളുകളിൽ, ജോസ് ടി തന്റെ ലേഖനത്തിനു നൽകിയ ശീർഷകം ഇന്നും ഓർമയിലുണ്ട്: “മലയപ്പുലയൻ മംഗളം വായിക്കുന്നത് എന്തുകൊണ്ട്?”ഇറക്കുമതി ചെയ്ത ചിന്തകളുടെ റീട്ടെയിൽ കച്ചവടം എക്കാലവും നിലനിൽക്കുകയില്ലെന്നു ജോസ് ടി വീണ്ടും ഓർമിപ്പിക്കുകയാണ്. നന്ദി!”
ഓർമകൊണ്ട് എന്റെ നന്ദി, പ്രിയ ജി.കെ. !
Jose T Thomas