നിഷിജിത്തിന്റെ സ്വപ്നമഹാനൗക ‘ക്ലാസിക് ഇംപീരിയൽ’ യാത്ര ആരംഭിക്കുന്നു.

Share News

മനസ്സിൽ മൊട്ടിടുന്ന പുതു ആശയങ്ങൾ ആവർത്തിത ചിന്തകളോടെ വളർത്തി, നിരന്തരമായി കാണുന്ന സ്വപ്‌നങ്ങൾ വളമാക്കി, പ്രതികൂല കാലങ്ങളെ തരണം ചെയ്ത് ഫലവത്താക്കുന്നതിൽ നിഷിജിത്ത് വിജയം കൈവരിച്ചിരിക്കുന്നു.

കോവിഡ് ഉൾപ്പടെയുള്ള പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊണ്ട് മൂന്നു വർഷം നീണ്ട കഠിനപ്രയത്ന ഫലമായി ബോൾഗാട്ടി (പോഞ്ഞിക്കര) സ്വദേശിയായ നിഷിജിത്ത് കെ ജോൺ സ്വന്തമായി നിർമ്മിച്ച അദ്ദേഹത്തിന്റെ ആഡംബര വെസ്സൽ ‘ക്ലാസിക് ഇംപീരിയൽ’ യാത്ര തുടങ്ങാൻ പോവുകയാണ്.

ഒരു വെസ്സൽ നിർമ്മിക്കുന്നതിനുള്ള യാർഡ് സംവിധാനം കപ്പൽ നിർമാണസൗകര്യങ്ങളോടെ സ്വന്തമായി സജ്ജീകരിക്കുകയും ശേഷം അത്യാധുനിക സൗകര്യങ്ങളോടെ വെസ്സൽ നിർമാണം പൂർത്തീകരിക്കുകയും വഴി യുവ സംരംഭകനായ നിഷിജിത്ത് മുന്നോട്ടു വെച്ച മാതൃക ഈ ക്ലാസ്സിഫിക്കേഷനിലുള്ള വെസ്സൽ നിർമാണത്തിൽ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വ്യത്യസ്തമായ യാത്രാനുഭവം നൽകുന്നതിനായി നിഷ്ജിത്തിന്റെയും കൊച്ചിയുടെയും സ്വന്തം ക്ലാസിക് ഇംപീരിയൽ ഒരുങ്ങികഴിഞ്ഞു.

നിഷിജിത്തിന്റെ സ്ഥാപനമായ നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് നിഷിജിത്തിന്റെ അനുഭവജ്ഞാനം കൊണ്ട് സ്വന്തമായി നിർമിക്കുന്ന ആറാമത്തെ വെസ്സലായ ക്ലാസിക് ഇംപീരിയലിന്റെ ആകർഷകത്വം പറഞ്ഞുകൊണ്ട് തന്നെ ആരംഭിക്കട്ടെ. ഐആർഎസ് (ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ്) ക്ലാസ്സിഫിക്കേഷനിലുള്ള ഈ ആഡംബരനൗക ഐആർഎസ് പ്രകാരമുള്ള എല്ലാ സുരക്ഷാമാനദണ്ഡങ്ങളും കൃത്യമായി പാലിച്ചു കൊണ്ടാണ് നിർമിച്ചിട്ടുള്ളത്.

നിർമിതിക്കായി ഉപയോഗിച്ചിട്ടുള്ള എല്ലാ സാധന സാമഗ്രികളും വർദ്ധിത ഗുണമേന്മയിലുള്ളതും ഏറെയും സാമഗ്രികൾ പ്രത്യേകമായി ഓർഡർ നൽകി രൂപകല്പന ചെയ്തിട്ടുള്ളതുമാണ്. ഐആർഎസ് അനുമതിയോടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഓരോ സൂക്ഷ്മനിർമാണവും നടത്തിയിട്ടുള്ളത്.

കോൺഫറൻസ് ഹാൾ, പാർട്ടി ഹാൾ എന്നിങ്ങനെ എയർ കണ്ടീഷൻ ചെയ്ത രണ്ടു നിലകളിലുള്ള ഹാളുകളിലും ഒരു പില്ലർ പോലും ഉൾപ്പെടാതെ 50 മീറ്റർ നീളത്തിലായി വിശാലമായ ഹാൾ സൗകര്യമാണ് കോൺഫറൻസ്, മീറ്റിംഗുകൾ, വിവാഹങ്ങൾ, ബർത്ത്ഡേ പ്രോഗ്രാം എന്നിങ്ങനെയുള്ള എല്ലാ ആഘോഷങ്ങൾക്കുമായി നിഷിജിത്ത് ഒരുക്കിയിട്ടുള്ളത്. പില്ലർ ഒരു തടസ്സമായി വരാതെ ചെയ്തിട്ടുള്ള നോൺ എസി ഡൈനിംഗ് ഏരിയയുടെ ഇന്റീരിയർ ചെറു മുളകഷ്ണങ്ങൾ മനോഹരമായി ചേർത്ത് വെച്ച് ആകർഷകമാക്കിയിട്ടുണ്ട്.

150 പേർക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യത്തോടെയാണ് വെസ്സൽ സജ്ജമാക്കിയിട്ടുള്ളത്. 33 എംഎം ഗ്ലാസ്‌ ചുറ്റും നൽകിയിട്ടുള്ളത് വഴി കടൽകായൽ കാഴ്ചകൾ പൂർണ്ണ ഭംഗിയോടെ ആസ്വാദ്യകരമാകും. 325 കുതിരശക്തിയിലുള്ള രണ്ട് എഞ്ചിനുകളാണ് ഈ വിനോദയാത്രാനൗകയിൽ ഘടിപ്പിച്ചിട്ടുള്ളത്. 150 കിലോവാട്ട് പവറുള്ള രണ്ടു ജനറേറ്റർ ഉള്ളതിൽ ഒന്ന് സ്റ്റാൻഡ്ബൈ ആവശ്യത്തിനായി ഉൾപ്പെടുത്തിയിരിക്കുന്നു. 80 ടൺ ശേഷിയുള്ള എയർ കണ്ടീഷനിംഗ് സിസ്റ്റമാണ് യാത്രയിലുടനീളം സഞ്ചാരികളെ കൂൾ ആക്കുന്നതിനായി ഉപയോഗിക്കുന്നത്. അമേരിക്കൻ ബ്രാൻഡഡ് കമ്പിനിയായ മെയറിന്റെ ഹൈ ക്വാളിറ്റി സൗണ്ട് സിസ്റ്റം യാത്രക്കാർക്ക് ആനന്ദകരവും ആസ്വാദനകരവുമായ ശബ്ദപ്രപഞ്ചം തീർക്കും.

കപ്പലിന്റെ ആദ്യനിലയിലെ ഹാളിൽ 12.5 അടി നീളവും 6.5 അടി ഉയരവുമുള്ള എൽഇഡി വാൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പ്രോഗ്രാമുകളുടെ ദൃശ്യാവതരണം കൂടുതൽ ആകർഷകമാകും. മേൽ നിലയിലെ ഹാളിൽ 86 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് പാനലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2000 ലിറ്റർ ആണ് ഇന്ധനടാങ്കിന്റെ ശേഷി. സുഗമവും സുരക്ഷിതവുമായ സഞ്ചാരഗതി ലഭിക്കുന്നതിനായി ജിപിഎസ് ഉൾപ്പെടെയുള്ള നാവിഗേഷൻ സാങ്കേതിക വിദ്യയും വയർലെസ് കമ്മ്യൂണിക്കേഷൻ സൗകര്യവും ഉപയോഗിക്കുന്നു. ഇത്തരത്തിൽ വ്യത്യസ്തവും അത്യാധുനികവുമായ മികച്ച സൗകര്യങ്ങൾ ഈ വെസ്സലിൽ ഉൾപ്പെടുന്നു. മനോഹരമായ ഇന്റീരിയർ, സൗകര്യപ്രദമായ ഫർണീച്ചറുകൾ, 30000 വാട്‌സ് സൗണ്ട് സിസ്റ്റം, വർണലൈറ്റുകൾ, ഡിജെ സിസ്റ്റം, മ്യൂസിക് ബാന്‍ഡ്, സിനിമാറ്റിക് ഡാന്‍സ് ഉള്‍പ്പെടെയുള്ള ഉല്ലാസ പരിപാടികൾ, കേരള തനിമയാർന്ന കലാപരിപാടികൾ, എസി & നോണ്‍ എസി ഭക്ഷണശാല, നാടൻ – വിദേശ വിഭവങ്ങൾ, കിച്ചൺ സൗകര്യം, ഫീഡിങ് റൂം, ഗ്രീൻ റൂം, പുരുഷൻമാർക്കും സ്ത്രീകൾക്കും നൂതന സൗകര്യങ്ങളുള്ള ശുചിമുറികൾ, മാലിന്യനിർമാർജനത്തിനായി ബയോടാങ്ക് ഉൾപ്പടെയുള്ള സൗകര്യം എന്നിങ്ങനെ ഒരു വിനോദസഞ്ചാരിയുടെ ജലയാത്ര അവിസ്മരണീയവും സന്തോഷകരവുമാക്കുന്നതിനുള്ള മികച്ച സൗകര്യങ്ങൾ ഈ വെസ്സലിലുണ്ട്.

മറൈൻഡ്രൈവിൽ നിന്നും കടലിലേക്കുള്ള യാത്രയിലാണ് ഈ സുന്ദരമഹായാനപാത്രം വിനോദസഞ്ചാരികൾക്ക് മുമ്പെങ്ങും ലഭിച്ചിട്ടില്ലാത്ത ആനന്ദകരമായ മികച്ച യാത്രയും അനുഭൂതിയും ഉറപ്പു നൽകുന്നത്.

50 മീറ്റർ നീളവും 11 മീറ്റർ വീതിയും 9 മീറ്റർ ഉയരവും 300 ടൺ ഭാരവുമുള്ള ഈ ആഡംബരനൗകയുടെ നിർമാണം മൂന്ന് വർഷം മുൻപാണ് നിഷിജിത്ത് ആരംഭിക്കുന്നത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് സമീപമുളള രാമന്‍ തുരുത്തില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം 1.2 ലക്ഷം രൂപ മാസവാടകയ്‌ക്കെടുത്താണു നിഷിജിത്ത് നിര്‍മാണകേന്ദ്രം ഒരുക്കിയത്. വൈദ്യുതി, ക്രെയിൻ, ജനറേറ്റർ, ഡ്രെഡ്ജർ, നിർമാണ സാമഗ്രികൾ, മെഷീനുകൾ, സൈറ്റ് ഓഫീസ്, തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ എന്നിങ്ങനെ താൻ നിർമിക്കുന്ന ആഡംബരനൗകയുടെ രൂപകൽപ്പനയിലും നിർമാണഗുണമേന്മയിലും ഒരു വിധേനയുള്ള വിട്ടുവീഴ്ചക്കും ഇടനൽകാതെ കപ്പൽ നിർമിക്കുന്നതിനു വേണ്ട ആധുനിക സൗകര്യങ്ങളോട് കൂടിയ യാർഡ് നിഷിജിത്ത് രാമൻതുരുത്തിൽ സജ്ജമാക്കി.

നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നതിനിടെയാണ് കോവിഡ് ഒരു വില്ലനായി അവതരിച്ചത്. ആ കെട്ടകാലത്ത് പ്രതിസന്ധിയിലകപ്പെട്ട് നിൽക്കുമ്പോഴും നിഷിജിത്തുമായുണ്ടായ കൂടിക്കാഴ്ചകളിലെല്ലാം ‘ഈ സമയവും കടന്നുപോകും’ എന്ന പ്രത്യാശയും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും അദ്ദേഹത്തിന്റെ കണ്ണുകളിൽ കാണാൻ സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും തൊഴിലാളികളും സുഹൃത്തുക്കളും പദ്ധതി പൂർത്തീകരണത്തിനായി ശക്തമായ പിന്തുണ നൽകി. കോവിഡ് ഉൾപ്പെടെയുള്ള നിരവധി പ്രതിബന്ധങ്ങളെ കൃത്യമായ ആസൂത്രണത്തോടെ മറികടന്ന് നിഷിജിത്ത് മുന്നേറി. നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളിലും നിരവധി തവണയുള്ള ഐആർഎസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അംഗീകാരങ്ങളും കേരള മാരിടൈം ബോർഡ്, കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ അനുമതികളും നിഷിജിത്ത് നേടിയിട്ടുണ്ട്. മൂന്നുവർഷങ്ങൾക്കിപ്പുറം വെസ്സൽ നിർമാണം പൂർത്തീകരിക്കുമ്പോൾ അദ്ദേഹം പിന്നിട്ട ദൂരം അത്രമേൽ മഹത്തരമാണ്.

ജീവിതത്തിലെ നിരവധി പ്രതിസന്ധിഘട്ടങ്ങളിൽ നിഷിജിത്തിനുണ്ടായ അനുഭവങ്ങൾ പാഠമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്.

ബോൾഗാട്ടി (പോഞ്ഞിക്കര) സ്വദേശിയായ നിഷിജിത്ത് എച്ച്എംടി കമ്പനിയുടെ വാച്ച് സെയിൽസിലാണ് ജീവിതം ആരംഭിക്കുന്നത്. വാച്ച് വിൽപ്പനയ്ക്കായി കേരളം മുഴുവൻ സഞ്ചരിച്ചത് വഴി ലഭിച്ച അനുഭവങ്ങളും ബിസിനസ് പാഠങ്ങളും അദ്ദേഹത്തിന്റെ ചിന്തകളിൽ നിറഞ്ഞു നിന്നു. പിന്നീടും നിരവധി ജോലികൾ ചെയ്തെങ്കിലും വിദേശത്തു തൊഴിലെടുത്തെങ്കിലും മുന്നോട്ടു പോകാൻ സാധിച്ചില്ല.

അനുഭവത്തിൽ നിന്നും പഠിച്ച ബിസിനസ് ആശയങ്ങളും പഠനകാലത്ത് യാത്രക്കാശ്രയിച്ചിരുന്ന ബോട്ടും ബന്ധിപ്പിക്കുക വഴി സ്വന്തം നാടായ കൊച്ചിയിലെ ബോട്ട് ടൂറിസത്തിന്റെ സാധ്യതകൾ മനസിലാക്കുകയും വാടകക്കെടുത്ത ബോട്ടിൽ നിന്നും ആരംഭിച്ച യാത്രയിലൂടെ കൊച്ചിയിലെ ബോട്ട് വിനോദയാത്ര വ്യവസായത്തിൽ ബിസിനസ് കണ്ടെത്തുകയും വിനോദസഞ്ചാര മേഖലയുടെ ഉന്നമനത്തിനായി 22 വർഷത്തെ പ്രവൃത്തിപരിചയത്തിൽ ശ്രമങ്ങൾ നടത്തിക്കൊണ്ടും ഇന്ന് തന്റെ ആറാമത്തെ വെസ്സലായ ക്ലാസിക് ഇംപീരിയലിന്റെ പദ്ധതി പൂർത്തീകരണത്തിൽ എത്തിനിൽക്കുമ്പോൾ അഭിമാനകരമായ നേട്ടങ്ങൾക്കുടമയാണ് അദ്ദേഹം.

കപ്പൽ നിർമാണത്തിനാവശ്യമായ സർവ്വ സജ്ജീകരണങ്ങളും സംവിധാനങ്ങളും സ്വന്തമായി ഉണ്ടെന്നതിനാൽ ഇനിയും സ്വന്തമായും മറ്റു സ്ഥാപനങ്ങൾക്കായും ആവശ്യാനുസരണം വെസ്സലുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അദ്ദേഹം. നിലവിൽ നിഷിജിത്ത് സ്വന്തമായി നിർമിച്ച 5 ബോട്ടുകൾ മറൈൻ ഡ്രൈവിൽ വിനോദയാത്ര നടത്തുന്നുണ്ട്. ലഞ്ച് ക്രൂയ്‌സ്, സൺസെറ്റ് ക്രൂയ്‌സ്, ഡിന്നർ ക്രൂയ്‌സ് എന്നിങ്ങനെ സഞ്ചാരികൾക്ക് ടിക്കറ്റ് എടുത്തും യാത്രകൾ ആസ്വദിക്കാവുന്നതാണ്.

കൂടാതെ കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഗുണമേന്മയുള്ള രുചികരമായ ഭക്ഷണം നൽകുന്നതിനായി എം ജി റോഡിൽ പോഞ്ഞിക്കര കുസിഞ്ഞോ എന്ന പേരിൽ ഭക്ഷണശാലയും നിഷിജിത്ത് ആരംഭിച്ചിട്ടുണ്ട്. വെസ്സൽ നിർമാണഘട്ടത്തിൽ നിരവധി തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ അദ്ദേഹത്തിന് സാധിച്ചു. 50 തൊഴിലാളികൾ നിലവിൽ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. കൂടാതെ ടൂർ ഏജന്റ്സ്, കാറ്ററിംഗ് എന്നിങ്ങനെ നിരവധി ആളുകൾ നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

മറൈൻഡ്രൈവിൽ സ്വന്തമായി ജെട്ടി നിർമ്മിക്കുന്നതിനായി ടെൻഡർ മുഖേനയാണ് നിഷിജിത്ത് ജിസിഡിഎയിൽ നിന്നും എൻഒസി കരസ്ഥമാക്കിയത്. വ്യത്യസ്തമായ രീതിയിലുള്ള ഫ്ലോട്ടിംഗ് ജെട്ടിയാണ് അദ്ദേഹം നിർമിച്ചുകൊണ്ടിരിക്കുന്നത്. ഫെറോ സിമെന്റ് സ്ലാബുകൾ ത്രിമാനമായി ചേർത്ത് വെച്ച് 9 മീറ്റർ നീളവും 4 മീറ്റർ വീതിയും 1.2 മീറ്റർ ഉയരത്തിലുമായി നിർമിക്കുന്ന ഹോളോ ബ്ലോക്കുകൾ നാലെണ്ണം ചേർത്ത് വെച്ചാണ് ഫ്ലോട്ടിംഗ് ജെട്ടി നിർമ്മിക്കുന്നത്.

ജെട്ടിയുടെ 30 സെന്റിമീറ്റർ ഉയരം വരുന്ന ഭാഗം മാത്രമാണ് വെള്ളത്തിൽ താഴ്ന്നു നിൽക്കുക. യാത്രക്കാർക്ക് വളരെ സുരക്ഷിതമായി വെസ്സലിൽ പ്രവേശിക്കുന്നതിന് ഫ്ലോട്ടിംഗ് ജെട്ടി ഉപകാരപ്രദമാകും.

വിദേശരാജ്യങ്ങളിലെ വിനോദസഞ്ചാരയാത്രാ സൗകര്യങ്ങളും അനുഭവങ്ങളും ആയതിനേക്കാൾ മികച്ചവയും കൊച്ചിയിൽ അവതരിപ്പിക്കാൻ ടൂർ ഓപ്പറേറ്റേഴ്‌സ് നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നാൽ മാത്രമേ വിനോദസഞ്ചാരമേഖലയിൽ മികച്ച വികസനം സാധ്യമാക്കാനാകൂയെന്ന് നിഷിജിത്ത് പറയാറുണ്ട്.

നിഷിജിത്തിനെ പോലെ കൊച്ചിയുടെ ടൂറിസം വികസനത്തിനായി മികച്ച സംഭാവനകൾ നൽകുന്ന സംരംഭകർക്കും ടൂറിസം വ്യവസായത്തിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും ഒരു വികസന അതോറിറ്റി എന്ന നിലയിൽ മികച്ച പിന്തുണ നൽകുന്നതിനായി ജിസിഡിഎ മുന്നിലുണ്ടാകും.

സാധാരണകാർക്കും കുറഞ്ഞ നിരക്കിൽ ആഡംബരവെസ്സലുകളിലെ യാത്രകൾ ആസ്വദിക്കാൻ സാധിക്കുക എന്ന വലിയ നേട്ടം കൂടിയാണ് ഈ പദ്ധതിയിലൂടെ നിഷിജിത്ത് കരസ്ഥമാക്കിയിട്ടുള്ളതാണ്.

വ്യത്യസ്ത ആശയങ്ങൾ നടപ്പിലാക്കുക വഴി വളരെയധികം മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുന്ന വിനോദസഞ്ചാര മേഖലയിൽ നിഷിജിത്ത് സ്വപ്രയത്ന ഫലമായി തയ്യാറാക്കിയ പുതുസംരംഭം ടൂറിസത്തിന്റെ കുതിപ്പിന് സഹായകരമാകുന്നതിനൊപ്പം തന്നെ ടൂറിസം മേഖലയിൽ പുതുആശയങ്ങൾ അവതരിപ്പിക്കുന്നതിനും ടൂറിസം വ്യവസായത്തിലേക്ക് കടന്നുവരുന്നതിനും യുവജനതയെ സജ്ജരാക്കും എന്നതിൽ സംശയമില്ല.

വാടകക്കെടുത്ത ബോട്ടിൽ നിന്നും നിഷിജിത്ത് തുടങ്ങിയ ജൈത്രയാത്ര കേരളത്തിലെ ഏറ്റവും വലിയ വിനോദയാത്രാ ആഡംബരനൗക നിർമാണത്തിലേക്ക് എത്തിനിൽക്കുമ്പോൾ നിശ്ചയദാർഢ്യത്തിന്റെ വിജയം എന്നതോടൊപ്പം ഇനിയുമേറെ ദൂരം താണ്ടുന്നതിനുള്ള ഊർജം കൂടിയാണ് അദ്ദേഹത്തിന്.

നിഷിജിത്തിനും നിഷിജിത്ത് സ്വന്തമായി നിർമിച്ച ആഡംബര വെസ്സലായ ക്ലാസിക് ഇംപീരിയലിനും നിഷിജിത്തിന്റെ സ്ഥാപനമായ നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡിനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നവർക്കും അഭിവാദ്യങ്ങൾ.

K Chandran Pillai

Share News