ഒരു സിനിമാ കഥ ചൂണ്ടി കാട്ടിയും , ഒരു കേസുണ്ടായതിൽ അമർഷം കാട്ടിയും മരണാന്തര അവയവ ദാനത്തെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിലാക്കരുത്.

Share News

മരണാന്തര അവയവ ദാനമെന്ന രീതി വേണമെന്ന കാര്യത്തിൽ വിയോജിപ്പുള്ളവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഈ മേഖലയിൽ തട്ടിപ്പുണ്ടെന്ന് പറയുകയും, അതിനായി കേസ് പറയുകയും ചെയ്യുന്ന ഡോക്ടർ ഗണപതി പോലും മരണാന്തര അവയവ ദാനം ഉണ്ടാകണമെന്നേ പറയൂവെന്നാണ് വിശ്വാസം.

ജീവിതത്തിലേക്ക് തിരിച്ച് വരാൻ പറ്റാത്ത വിധത്തിൽ തലച്ചോർ മരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നത് കുറ്റമറ്റ രീതിയിലാകണമെന്നാണ് ആവശ്യം. അതി വൈകാരിത പ്രകടിപ്പിച്ചു മരണാന്തര ജീവൻ ദാനത്തെ കുറിച്ച് പൊതുവിൽ സംശയം ഉണ്ടാക്കരുത്.

ഏതെങ്കിലും ആശുപത്രി സാഹചര്യത്തിൽ ബ്രെയിൻ ഡെത്ത് സാക്ഷ്യപ്പെടുത്തിയതിൽ സ്ഥാപിത താല്പര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് തീർച്ചയായും കണ്ട് പിടിക്കണം.അത്തരമൊരു സംശയം കോടതിക്കുണ്ടായിട്ടുണ്ടെങ്കിൽ അതില്ലെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഇമ്മാതിരി പഴുതുകൾ ഇല്ലാതാക്കും വിധത്തിൽ സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലര്‍ത്തണം. മരണാനന്തര അവയവ ദാനങ്ങൾ ഇപ്പോൾ ചിട്ടപ്പെടുത്തുന്ന സർക്കാർ സംവിധാനമുണ്ട്. അതേ സംവിധാനം ഇത് വഴി നടന്ന എല്ലാ ശസ്ത്രക്രീയകളെയും മോണിറ്റർ ചെയ്യണം.

ഒരു സിനിമാ കഥ ചൂണ്ടി കാട്ടിയും , ഒരു കേസുണ്ടായതിൽ അമർഷം കാട്ടിയും മരണാന്തര അവയവ ദാനത്തെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിലാക്കരുത്.

അവയവം കാത്ത് കഴിയുന്ന സാധാരണക്കാർക്ക് പോലും അഭയമാകുന്നത് ഈ ജീവൻ ദാനമാണ്. ബന്ധുവായ ഡോണർ ഇല്ലാത്തവർക്കും , മറ്റ് ഡോണറെ കണ്ടെത്താൻ കഴിയാത്തവർക്കും ഇത് വലിയ ആശ്വാസമാകുന്നുണ്ട്. കച്ചവട ലക്ഷ്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സംവിധാനത്തിനായിട്ടാണ് വാദിക്കേണ്ടത്.

പ്രോട്ടോകോൾ പാലിച്ചു ബ്രെയിൻ ഡെത്ത് നിശ്ചയിക്കട്ടെ. മറ്റുള്ളവർക്ക് ജീവൻ നൽകാൻ സമ്മതമുള്ള ബന്ധുക്കൾ സർക്കാർ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവര്‍ക്ക് അത് നൽകട്ടെ.ഒട്ടേറെ അതിശയോക്തി കലരുന്ന വർത്തമാനങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. അത് കൊണ്ട്‌ മാത്രമാണ് വസ്തുതകൾ കുറിക്കുന്നത്.

ദോഷം മാത്രം കാണുവാൻ ശ്രമിക്കുന്നവർക്ക് തള്ളി പറയാം. അവരുടെ പ്രീയപ്പെട്ടവർ അവയവം കാത്ത് കിടക്കുന്ന നാൾ വരെയേ അത് ചെയ്യൂ.

(സി ജെ ജോൺ)

Drcjjohn Chennakkattu

Share News