പ്രകൃതിക്ഷോഭങ്ങളെ നമ്മളും കരുതിയിരിക്കണം

Share News

_ദുരന്തനിവാരണം സർക്കാരിന്റെമാത്രം ഉത്തരവാദിത്വമല്ല. ഓരോ വ്യക്തിയും ദുരന്തനിവാരണ സൈനികനാവണം. അതിനുള്ള ബോധവത്കരണവും പരിശീലനവും എല്ലാവർക്കും നൽകണം.

അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഘോരരൂപത്തിലാണ് കരയിലേക്ക് കടന്നത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിൽ അത് ഗുജറാത്തുതീരം തൊട്ടു. കേന്ദ്രഭാഗത്തിന് അമ്പതുകിലോമീറ്ററോളം വ്യാസമുള്ള ചുഴലി കടന്നുപോയേടം മുഴുവൻ സർവനാശം വിതച്ചു. രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയുംചെയ്തു.

രാജസ്ഥാനിലേക്കാണ് ഇപ്പോൾ കാറ്റിന്റെ ഗതി. ഗുജറാത്തിൽ കടലിൽ മൂന്നുമീറ്ററോളം ഉയരത്തിൽ തിരകളുണ്ടായി. മരങ്ങളും വൈദ്യുതക്കാലുകളും വീടുകളുടെ മേൽക്കൂരകളുമൊക്കെ കാറ്റിൽ വീണു. പ്രധാന തുറമുഖങ്ങളും വ്യവസായസ്ഥാപനങ്ങളും കമ്പനികളുമെല്ലാം അടച്ചിട്ടിരിക്കയാണ്. കച്ച് ജില്ലയിൽമാത്രം 500 കോടിരൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.

ഇന്ത്യൻ കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുപ്രകാരം എട്ട് തീരദേശങ്ങളിൽനിന്നായി ലക്ഷത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികംപേരെ ഒഴിപ്പിക്കാനായത് ആൾനാശം പരമാവധി കുറച്ചു. ശാസ്ത്രസാങ്കേതികത ഒരിക്കൽക്കൂടി മനുഷ്യന്റെ രക്ഷയ്ക്കെത്തി. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണസേനകൾ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിലാണ്.

ചുഴലി സംസ്ഥാനം കടന്നുപോവുമ്പോഴേക്കും എന്തെല്ലാം ദുരന്തങ്ങളാണ് വിതയ്ക്കുകയെന്ന് പ്രവചിക്കാനാവില്ല. വരുന്ന ആറു മാസത്തിനുള്ളിൽ കൂടുതൽ ചുഴലികൾ വന്നേക്കാമെന്ന മുന്നറിയിപ്പുമുണ്ട്.

7500-ഓളം കിലോമീറ്റർ തീരപ്രദേശമുള്ള ഇന്ത്യയിൽ 5700 കിലോമീറ്ററും കൊടുങ്കാറ്റിനും സുനാമിക്കും സാധ്യതയുള്ള മേഖലയാണ്. മാത്രമല്ല, ലോകത്തിലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ എട്ടുശതമാനവും ഇന്ത്യയിൽത്തന്നെ. തെക്ക്, കിഴക്ക്, പടിഞ്ഞാറൻ മേഖലയിലെ ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലെ 35 കോടിയോളം ജനത്തിന് എല്ലാകാലത്തും ഇത് ഭീഷണിയാണ്. കൂടുതൽ ചുഴലിയും ബംഗാൾ ഉൾക്കടലിലാണ് രൂപം കൊള്ളുന്നത്. എന്നാൽ, അറബിക്കടലിന്റെ സ്ഥിതിയും ഇപ്പോൾ ഭേദമൊന്നുമല്ല.

കഴിഞ്ഞ പതിറ്റാണ്ടിൽ ശക്തമായ ഒട്ടേറെ ചുഴലിക്കാറ്റ് രാജ്യത്ത് നാശംവിതച്ചിട്ടുണ്ട്. 2014-ൽ ഹുദ് ഹുദ് ചുഴലിക്കാറ്റിൽ 124 പേർ മരിച്ചു. 2016-ൽ വർധ ചുഴലി തമിഴ്നാടിനാണ് നാശംവിതച്ചത്. അവിടെ 18 പേർ മരിച്ചു. 2019-ൽ ഫോനി ചുഴലിക്കാറ്റ് ഒഡിഷ, ആന്ധ്ര, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ സംഹാരരൂപിയായി. 64 പേരാണ് മരിച്ചത്. 2020-ലുണ്ടായ അംഫാൻ ചുഴലിക്കാറ്റും വലിയ നാശമുണ്ടാക്കി. 2021-ൽ ടൗക്തേ ചുഴലിയിൽ മരിച്ചത് നൂറിലേറെപ്പേരാണ്.

ഒരു വർഷത്തിനുള്ളിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ഇപ്പോൾ ഗുജറാത്തിലെത്തിയ ‘ബിപോർജോയ്’യാണ്. 2004-ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമിയുണ്ടായതിനുശേഷം 2005-ൽ ഇന്ത്യയിൽ ദേശീയ ദുരന്തനിവാരണനിയമം കൊണ്ടുവന്നു. പ്രധാനമന്ത്രിയാണ് സമിതിയുടെ ചെയർമാൻ. സംസ്ഥാനങ്ങളിലും ജില്ലകളിലും ഇതുപ്രകാരം കമ്മിറ്റികളുണ്ടാവും. ഇതിന്റെ വരവോടെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ രാജ്യത്ത് സുസ്ഥിരമായ സംവിധാനമുണ്ടായി. അതിന്റെ പ്രയോജനം പിന്നീട് കാണുകയുംചെയ്തു. ഐ.എം.ഡി.യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി. പരമാവധി കൃത്യമായ ദുരന്തമുന്നറിയിപ്പുകൾ ലഭ്യമായത് ദുരന്തങ്ങളുടെ ആഘാതം കുറച്ചിട്ടുണ്ട്. ബിപോർജോയ്യിലും ഇത് ഏറെ സഹായകമായി.

പ്രകൃതിദുരന്തങ്ങളുടെ കാര്യത്തിൽ കേരളം ഒട്ടും സുരക്ഷിതമല്ലെന്ന് പോയകാലം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഭൂചലനത്തിന്റെ കാര്യത്തിൽ മൂന്നാം സീസ്മിക് മേഖലയിലാണ് നാമുള്ളത്. അതായത് റിക്ടർ സ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനത്തിന് സാധ്യതയുണ്ടെന്നർഥം. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മിന്നൽ, അഗ്നിബാധ തുടങ്ങിയ ദുരന്തങ്ങൾ ഏതുസമയവും പ്രതീക്ഷിക്കാവുന്ന ജനതയാണ് നാം.

ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ കേരളത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 860 പേർ താമസിക്കുന്നുവെന്നാണ് കണക്ക്. ഇത് ദുരന്തങ്ങളുടെ ആഘാതം കൂട്ടും. 2018-ലെ പ്രളയത്തിലും കോവിഡ് വ്യാപനഘട്ടത്തിലുമെല്ലാം ഇത് നമ്മൾ അനുഭവിച്ചതാണ്. അതുകൊണ്ട് ദുരന്തനിവാരണത്തിന് വ്യക്തമായ കർമപദ്ധതിതന്നെ നമുക്കുവേണം. ദുരന്തങ്ങൾ വരാൻ കാത്തിരിക്കാതെ മുമ്പേ തന്നെ ഒരുങ്ങണം.

ഗൃഹപാഠങ്ങൾ കൃത്യമായി നടക്കണം. ദുരന്തനിവാരണം സർക്കാരിന്റെമാത്രം ഉത്തരവാദിത്വമല്ല. ഓരോ വ്യക്തിയും ദുരന്തനിവാരണ സൈനികനാവണം. അതിനുള്ള ബോധവത്കരണവും പരിശീലനവും എല്ലാവർക്കും നൽകണം.

Kerala disaster management

Share News