
വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്.
അഭിമാനമാണ് നമ്മുടെ പുതിയ തലമുറയെക്കുറിച്ചോര്‍ക്കുമ്പോള്‍.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയിലൂടെ വളരാന്‍ കഴിഞ്ഞവരാണ് അവര്‍. നമ്മുടെ മൊബൈലോ ഐപാഡോ കേടുവന്നാല്‍ നിമിഷനേരം കൊണ്ട് വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയാണ് നന്നാക്കുന്നത്.
അത്രയേറെ നിരീക്ഷണവും പഠിച്ചെടുക്കാനുള്ള മിടുക്കും അവര്‍ക്കുണ്ട്. വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്.
അതില്‍ ആകൃഷ്ടരായവര്‍ക്ക് ചിന്തിക്കാനും ശരിയായ ദിശ കണ്ടെത്താനും സമയം ഇനിയുമുണ്ട്. തെറ്റും ശരിയും തിരിച്ചറിയാന്‍ ശ്രമിക്കുക. നല്ല കഴിവുകളുള്ള, എത്രയോ ഉയരങ്ങളിലെത്തേണ്ട നമ്മുടെ പ്രിയപ്പെട്ട മക്കളോട് ഒരുവാക്ക്, നിങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷ.
നിങ്ങള്‍ നിങ്ങളിലേക്ക് ഒന്നു നോക്കൂ. എത്ര സമയമാണ് മൊബൈല്‍ സ്ക്രീനില്‍ കളയുന്നത്. ഒരു വീഡിയോക്ക് പിറകെ മറ്റൊന്ന്, ഒരു റീലിന് പിറകെ മറ്റൊന്ന്.. ഓരോ ദിവസവും എത്ര സമയമാണ് നാമിങ്ങനെ കളയുന്നത് എന്ന് ചിന്തിച്ചാല്‍ അത്ഭുതപ്പെട്ടുപോവും.
മനസിനെ മടി പിടിപ്പിക്കുന്ന ദു:ശീലമാണത്. നാമെല്ലാം അറിയാതെ കണ്ടെത്തുന്ന ആനന്ദം.
വീഡിയോ കണ്ട് നേരം കളയുന്നത് ഒരു കംഫര്‍ട്ടായ ഏര്‍പ്പാടായിട്ടാണ് നാം കാണുന്നത്. എന്നാല്‍ ഓര്‍ത്തോളൂ, ദുരന്തമാണത്. സ്വന്തം ചിന്തകളില്‍ ഒതുങ്ങിനിന്ന് സ്വയം മടിയന്മാരായി മാറുകയാണ് നമ്മള്. വീഡിയോകള്‍ നല്കുന്ന ചിന്തകളുടെ അടിമകള്‍.
നിങ്ങളെയും കാത്ത് വലിയ ലോകമുണ്ട് പുറത്ത്. ഈ പ്രായത്തില്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട അനേകം സാമൂഹ്യമായ അറിവും അനുഭവങ്ങളുമുണ്ട്.
അത് മൊബൈലിനകത്തല്ല, വീടിന് പുറത്താണ്. മൊബൈലില്‍നിന്ന് കിട്ടുന്ന ചിന്തകളില്‍നിന്നല്ല, സമൂഹത്തില്‍നിന്ന് കിട്ടുന്നത്.
ആരും പഠിപ്പിച്ചില്ലെങ്കിലും പഠിക്കാന്‍ ഏറെയുണ്ട് പുറത്ത്. നിങ്ങളുടെ നിരീക്ഷണങ്ങള്‍, അന്വേഷണാത്മകത, സാമൂഹ്യമായ പെരുമാറ്റ രീതികള്‍, ഉത്തരവാദിത്തങ്ങള്‍, സേവനങ്ങള്‍, പ്രകൃതിയും മനുഷ്യനും തമ്മില്‍ ഇഴചേര്‍ന്ന ജീവിതം, മനുഷ്യന്റെ സങ്കടങ്ങള്‍, സന്തോഷങ്ങള്‍ അങ്ങനെ എത്രയോ എത്രയോ കാര്യങ്ങളുണ്ട്.
ഇതൊന്നും മൊബൈലില്‍ തെളിയുന്നതല്ല. ചുറ്റുപാടുകള്‍ പറയുന്നതാണ്. പഠിപ്പിക്കുന്നതാണ്. അതുകൊണ്ട്,
ദയവുചെയ്ത് ആ മൊബൈലൊന്ന് താഴെവെയ്ക്കൂ. ആളുകളുമായി സംസാരിക്കൂ. ചിന്തകള്‍ വലുതാവട്ടെ, മികവുള്ള ആശയങ്ങളുദിക്കട്ടെ. ‘ഞാന്‍ മൊബൈലിന് അടിമയല്ലെന്ന്’ ഉറക്കെ പറയാന്‍ ഈ നിമിഷംതന്നെ നിങ്ങള്‍ക്ക് കഴിയണം.
നഷ്ടപ്പെടുത്തുന്ന ഈ സമയത്തിന്റെ വില നാളെ മനസ്സിലാക്കി വരുമ്പോഴേക്കും അവസരം നഷ്ടപ്പെട്ടിട്ടുണ്ടാവും. പലതും നഷ്ടമായിട്ടുണ്ടാവും. ഇതുതന്നെയാണ് ഏറ്റവും നല്ല സമയം.
നല്ല തീരുമാനം കൈക്കൊള്ളുക, നല്ലവരാവാന്‍ വാശി കാണിക്കുക. ഒഴിവുസമയങ്ങളുണ്ടാക്കിയും ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയങ്ങള്‍ നീക്കിവെച്ചും മൊബൈലില്‍ നോക്കിയിരിക്കുന്ന എല്ലാവര്ക്കും ഇത് ബാധകമാണ്. –
മഞ്ഞളാംകുഴി അലി MLA