ഏകീകൃത സിവിൽ നിയമം ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകങ്ങൾ സംരക്ഷിക്കുമോ?

Share News

സിവിൽ നിയമങ്ങൾ ഏകീകരിക്കണമോ എന്നതു സംബന്ധിച്ച് പൗര സമൂഹത്തിന്റെ പ്രതികരണങ്ങൾ ഇന്ത്യൻ ലോ ബോർഡ് ആവശ്യപ്പെട്ടപ്രകാരം വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുകയാണല്ലോ.

ഇനിയും കരടുരൂപം തയ്യാറാകാത്ത ഒരു നിയമം പൊതു സമൂഹത്തിന്റെ ചർച്ചയിൽ വരുമ്പോൾ, ഓരോരുത്തരും അവരവരുടെ മനോധർമ്മത്തിനു ചേർന്നവിധമായിരിക്കും വിഷയത്തെ സമീപിക്കുക എന്നു വ്യക്തം.

വ്യക്തി നിയമങ്ങൾ ഏകീകരിക്കപ്പെട്ടാൽ എങ്ങിനെയിരിക്കും എന്ന ചോദ്യം പ്രസക്തമാണ്. ചില പ്രത്യേക രാജ്യങ്ങളിൽ ഏക സിവിൽ കോഡാണ്‌ നിലവിലുള്ളത്. അത്തരം രാജ്യങ്ങളിൽ അവിടങ്ങളിലെ ഭൂരിപക്ഷ മതത്തിന്റെ മതനിയമം തന്നെയാണ് ‘ഏക സിവിൽ കോഡ്!’ അതിനെ മാതൃകയാക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നുണ്ടോ?

കോൺസ്റ്റിട്യൂഷണൽ മതേതരത്വം നിലവിലുള്ള ജനാധിപത്യ രാജ്യങ്ങളിൽ ‘ഏക സിവിൽ കോഡ്’ എന്നൊന്ന് പ്രത്യേകമായുണ്ടോ?

‘പ്ലൂറാലിറ്റി’യെ സ്വാഗതംചെയ്യുകയും എല്ലാ വിഭാഗം ജനങ്ങളുടെയും സാംസ്‌കാരിക പൈതൃകങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളുടെ നിലപാടിനോട് ഇന്ത്യ യോജിക്കുന്നുണ്ടോ?

‘ഇൻക്ലൂസിവിറ്റി’യുടെ ഈ സമീപനം ഇതര രാജ്യങ്ങളെ അപേക്ഷിച്ചു സാമൂഹിക സമാധാനവും പുരോഗതിയും ഉറപ്പാക്കാൻ പര്യാപ്തമാണോ? ഇന്ത്യ യഥാർത്ഥത്തിൽ, ഇപ്പോൾ ഈ മാർഗത്തിലല്ലേ മുന്നേറിക്കൊണ്ടിരിക്കുന്നത്?

ലക്ഷ്യം വയ്ക്കുന്നതെന്ത്?

സിവിൽ നിയമങ്ങൾ ഏകീകരിക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യംവയ്ക്കുന്നതെന്താണ്? ഒരേ സമയം, മത സ്വാതന്ത്ര്യവും വ്യക്തി സമത്വവും യൂണിഫോം സിവിൽ കോഡിൽ പരിരക്ഷിക്കപ്പെടുമോ?ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെയും ഗോത്ര സമൂഹങ്ങളുടെയും പ്രത്യേക ജന സമൂഹങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമോ? ഇത്തരം ചോദ്യങ്ങളും അതിനുള്ള ഉത്തരവുമാണ് നിർണ്ണായകമാവുക.

വഴിയും വഴിയടയാളങ്ങളും

ഇന്ത്യൻ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മാർഗദർശികൾ എന്ന നിലയിലാണല്ലോ ഭരണഘടന നിർദ്ദേശക തത്വങ്ങളെ വിഭാവന ചെയ്തിരിക്കുന്നത്. അവ വഴിയല്ല, വഴിയടയാളങ്ങളാണ്! നിയമങ്ങളും ഭരണഘടനയും ചേർന്നതാണ് വഴി. വഴിയറിയാനും വഴികളെ വ്യാഖ്യനിക്കാനുമുള്ള മാനദണ്ഡങ്ങളാണ് യഥാർത്ഥത്തിൽ നിർദേശക തത്വങ്ങൾ.

നിയമങ്ങളും ഭരണഘടനയും വ്യാഖ്യാനിച്ചു നടപ്പിലാക്കുമ്പോൾ, നിദ്ദേശക തത്വങ്ങൾ വഴിവിളക്കുകൾപോലെ, പ്രകാശം പരത്തി നിൽക്കണം! നിയമ നിർമ്മാണവും നിയമ വ്യാഖ്യാനവും നിർദേശക തത്വങ്ങളുടെ വെളിച്ചത്തിലായിരിക്കണം. വഴി തെറ്റാതെ രാജ്യത്തെ നയിക്കാൻ നീതിപീഠങ്ങളും, ഭരണകൂടവും പുലർത്തേണ്ട ജാഗ്രതയെ ഓർമ്മിപ്പിക്കുന്ന ചൂണ്ടുപലകകളാണ് നിർദ്ദേശക തത്വങ്ങൾ! അവയെ വഴിയായി തെറ്റിധരിക്കരുത്, ലക്ഷ്യമാക്കി മാറ്റുകയുമരുത്. ഓരോ വ്യക്തിയും, പൊതുസമൂഹവും മത സമുദായങ്ങളും കാലാനുസൃതമായി വരുത്തേണ്ട സ്വയം നവീകരണത്തിന്റെയും സാമുദായിക പരിഷ്കരണത്തിന്റെയും ദിശയും വിഷയങ്ങളും സൂചിപ്പിക്കുന്ന ചൂണ്ടുപലക കൂടിയാണ് ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ.

സ്ത്രീക്കും പുരുഷനും നിയമത്തിനു മുൻപിലുള്ള സമത്വവും തുല്യാവകാശവും ഉൾക്കൊണ്ടുകൊണ്ട്, അതിലേക്ക് എത്തിച്ചേരാനുള്ള പരിശ്രമം നടത്താൻ ഇന്ത്യൻ ഭരണഘടനയിലെ നിർദേശക തത്വങ്ങൾ ആഹ്വാനം ചെയ്യുന്നുണ്ട്. നിർദേശക തത്വങ്ങളിലെ 44 ആം അനുഛേദം മുന്നോട്ടു വയ്ക്കുന്ന യൂണിഫോം സിവിൽ കോഡിനായി യത്നിക്കണമെന്ന നിദേശകതത്വവും, പൗരന്മാരുടെ തുല്യതയും സമൂഹത്തിന്റെ ഭദ്രതയും ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശമാണ്. ഇതിലേക്കെത്താൻ എല്ലാ സമുദായങ്ങളെയും പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാകണം ഇന്ത്യയിൽ ഭരണകൂട സ്ഥാപനങ്ങളായ കോടതികളും, നിയമ നിർമ്മാണ സഭകളും, ഒപ്പം രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്ന നിലപാടുകൾ. ഭരിക്കുന്ന സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക ചുമതലയുണ്ട്.

എല്ലാ സിവിൽ നിയമങ്ങളും വ്യക്തിനിയമങ്ങളും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ധാർമികതക്കും യോജിച്ചതാവണം. അതിനുള്ള യത്നം തുടർന്നുകൊണ്ടിരിക്കണം എന്നർത്ഥം. നിയമനിർമ്മാണം നടത്തുന്നവർ നിർദേശക തത്വങ്ങൾ (പടിപടിയായി) പ്രയോഗികമാക്കാനുതകുന്നവിധം നിയമ നിർമ്മാണം നടത്തണം. കോടതികൾ വ്യക്തിനിയമങ്ങൾ മൂലമുള്ള തർക്കങ്ങൾ പരിഗണിക്കുമ്പോൾ, ഭരണഘടനയേയും നിർദേശക തത്വങ്ങളെയും മനസ്സിൽ വച്ചുകൊണ്ട് ഉത്തരവുകൾ പുറപ്പെടുവിക്കണം. സമുദായങ്ങൾ കാലത്തിനനുസൃതമായി ഇതേ ദിശയിൽ മാറ്റങ്ങൾ ഉൾകൊള്ളാൻ സന്നദ്ധമാകുകയും വേണം.

ഭരണഘടനയിലെ നിർദേശക തത്വങ്ങളെ പ്രത്യേക നിയമമാക്കി മാറ്റുന്നതും അതിനെ കണ്ണടച്ച് എതിർക്കുന്നതും ഒരുപോലെ, വിവേകശൂന്യമാകാം.

ഇത്തരം വിഷയങ്ങളെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാനുള്ള എളുപ്പവഴികളാക്കുന്നതും ശരിയല്ല. അത്തരം നീക്കങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണയും വിഭാഗീയതയും വളർത്തും.

അതു രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമവുകയില്ല. രാഷ്ട്രത്തിന്റെ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങൾ സംയമനത്തോടെ സമീപിക്കേണ്ട വിഷയമാണ് ഇത് എന്ന ചിന്തയാണ്, ഈ വിഷയം മനസ്സിലാക്കിയിടത്തോളം മുന്നോട്ടു വയ്ക്കാനുള്ളത്.

ഫാ. വർഗീസ് വള്ളിക്കാട്ട്

Former Deputy Secretary General & Spokesperson at Kerala Catholic Bishops’ Council (KCBC)

Share News