
ഫയൽ നോട്ടത്തെ ഒരു കലയാക്കിയ ഭരണാധികാരി|ഉമ്മൻ ചാണ്ടി സാറിൽ നിന്നും ലഭിക്കുന്നത് പ്രശ്ന പരിഹാരവും സംതൃപ്തിയുമാണ്. |അതെ ഉമ്മൻ ചാണ്ടി എല്ലാവർക്കും കരുതലും കാരുണ്യവും വികസനവുമായിരുന്നു.
ഉമ്മൻ ചാണ്ടി: അടിമുടി നേതാവ് കാരുണ്യം കൊണ്ട് ലോകം കീഴടക്കിയ പാവങ്ങളുടെ പടത്തലവൻ

കെ പി സി സിയിൽ വച്ച് ഉമ്മൻ ചാണ്ടി സാറിന് അന്ത്യോപചാരമർപ്പിച്ചു. ഇന്നലെ രാവിലെ ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ വീണ്ടും എത്തി. വിലാപയാത്രയ്ക്കൊപ്പം കോട്ടയത്തേയ്ക്ക്. ഇടയ്ക്ക് കോട്ടയത്തും പുതുപ്പള്ളിയിലുമെത്തി. വീണ്ടും വിലാപ യാത്രയിൽ ചേർന്നു. ഇപ്പോൾ ഈ പോസ്റ്റിടുമ്പോൾ ഉമ്മൻ ചാണ്ടി സാറിൻ്റെ മൃതദേഹം വഹിക്കുന്ന വിലാപയാത്ര തിരുവല്ല പിന്നിട്ടിട്ടേ ഉള്ളൂ…

ഉമ്മൻ ചാണ്ടി എന്നാൽ മനസ്സിൽ ഓടിയെത്തുക ‘കരിസ്മാറ്റിക് ലീഡർ’ എന്നാണ്. എൻ്റെ സ്കൂൾ കാലഘട്ടങ്ങളിൽ വിവിധ ക്യാമ്പുകളിലൂടെയും നേതൃത്വ പരിശീലന കളരികളിലൂടെയും പഠിച്ച ‘ലീഡർഷിപ്പ്’ തത്വങ്ങൾ ഉമ്മൻ ചാണ്ടി എന്ന നേതാവിൽ എല്ലാത്തരത്തിലും യോജിക്കുന്നു. രൂപത്തിലും ഭാവത്തിലും ഇടപെടലിലും സംസാരത്തിലും അത് ദൃശ്യമാണ്. അദ്ദേഹത്തിൻ്റെ ശരീരഭാഷ തന്നെ നേതൃത്വശേഷി വിളിച്ചോതുന്നതാണ്.

ഉമ്മൻ ചാണ്ടി എന്ന പേര് ആദ്യമായി കേൾക്കുന്നത് സ്കൂൾ കാലഘട്ടത്തിലാണ്. രാഷ്ട്രീയത്തോട് ചെറുപ്പം മുതൽ താല്പര്യമുള്ളതിനാൽ പിന്നീട് കൂടുതൽ അറിഞ്ഞു. കുര്യനാട് സ്കൂളിലെ പoന കാലത്തുണ്ടായിരുന്ന എം എ ജോൺ സാറുമായുണ്ടായിരുന്ന സൗഹൃദം പഴയകാല കോൺഗ്രസ് രാഷ്ട്രീയത്തെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിച്ചു. കോട്ടയത്ത് പ്രസ് ക്ലബിലും എം ജി സർവ്വകലാശാലയിലും നടത്തിയ ജേർണലിസം പഠനകാലത്തും മംഗളത്തിലും ദീപികയിലും പത്രപ്രവർത്തകനായി പ്രവർത്തിച്ചപ്പോഴും ഉമ്മൻ ചാണ്ടിയെന്ന ജനനേതാവിനെ കണ്ടും കേട്ടുമറിഞ്ഞു. ദീപികയിൽ എൻ്റെ ഗുരുനാഥനായിരുന്ന ടി. ദേവപ്രസാദ് സാറാണ് ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയെക്കുറിച്ച് കൂടുതൽ പറഞ്ഞ് തന്നത്. മംഗളത്തിൽ പത്രപ്രവർത്തകനായിരിക്കേ ചീഫ് ന്യൂസ് എഡിറ്റർ ഗോപീകൃഷ്ണൻ സാറാണ് 1998ൽ എന്നെ സാറിനെ പത്രപ്രവർത്തകനെന്ന നിലയിൽ നാട്ടകം ഗസ്റ്റ് ഹൗസിൽ വച്ച് പരിചയപ്പെടുത്തുന്നത്.

2009 ഒക്ടോബറിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പി ആർ ഒ തസ്തികയിൽ നിന്നും സി പി എം പകപോക്കലിൽ ജോലി നഷ്ടപ്പെട്ട നാളുകളിൽ കാലടിയിൽ ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയപ്പോൾ എന്നെ അടുത്ത് വിളിച്ച് കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയതിന് ശേഷം സുപ്രീം കോടതിയിൽ പോകണമെന്ന് നിർബന്ധിച്ച ഉമ്മൻ ചാണ്ടി സാറിൻ്റെ വാക്കുകൾ ഞാൻ നന്ദിയോടെ ഓർക്കുന്നു. സി പി എമ്മിൻ്റെ കള്ളക്കേസുകളിന്മേൽ സുപ്രീം കോടതിയിൽ വിജയിച്ചപ്പോൾ അക്കാര്യം അറിയിക്കുവാൻ ക്ലിഫ് ഹൗസിൽ മന്ത്രി കെ. ബാബു സാറിനൊപ്പം എത്തിയപ്പോൾ സാറിൻ്റെ മുഖത്തെ പുഞ്ചിരി ഇപ്പോഴും ഓർമ്മയിലുണ്ട്.

2011ൽ കേവലം മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് മന്ത്രി കെ. ബാബുവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും പബ്ലിക് റിലേഷൻസ് ഓഫീസറുമായി ഞാൻ നിയമിതനാകുന്നത്. പദവിയനുസരിച്ച് പ്രായത്തേക്കാൾ പക്വത വേണ്ട തസ്തികയാണിത്. ജീവിത പുസ്തകത്തിലെ ഏറ്റവും പ്രധാന അധ്യായമായിരുന്നു ആ കാലഘട്ടം. ഉമ്മൻ ചാണ്ടി സാറിൻ്റെ നേതൃത്വത്തിലുള്ള ടീമിൻ്റെ ഭാഗമാകുക. അപൂർവ്വ ഭാഗ്യമാണത്. ഉമ്മൻ ചാണ്ടി സാറിനെ നേരിട്ട് കണ്ടും കേട്ടും അറിഞ്ഞതും പഠിച്ചതുമായ അഞ്ച് വർഷങ്ങളായിരുന്നു (2011 – 2016) അത്. ചെറിയ പ്രായത്തിലെ രാഷ്ട്രീയ പരിചയവും ഭരണപരവുമായ അനുഭവങ്ങളേക്കാൾ എന്നെ പരുവപ്പെടുത്തിയ കാലഘട്ടമായിരുന്നു അത്. ഉമ്മൻ ചാണ്ടിയെന്ന കർമ്മയോഗിയെ അടുത്തറിഞ്ഞ കാലമായിരുന്നു അത്.
മന്ത്രി ഓഫീസിലെ പണി കഴിഞ്ഞാൽ സെക്രട്ടറിയേറ്റിൻ്റെ തെക്കേയറ്റത്ത് നിന്നും വടക്കേയറ്റത്തുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് അധികാരത്തിൻ്റെ ഇടനാഴിയിലൂടെയുള്ള നടത്തം പതിവായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കിൽ സദാ ജനസാഗരം. പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാർ സർ, രാജേന്ദ്രപ്രസാദ് സർ, ആർ കെ സർ, മാത്യു സർ,… ഇവരുടെയെല്ലാം മുമ്പിൽ പലവിധ ആവശ്യങ്ങൾക്കായി എത്തിയ സാധാരണക്കാരുടെ തിരക്കാണ്. രാത്രി വൈകിയും ഇത് തുടരും. എൻ്റെ താവളം അവിടെ വേറൊരു മുറിയാണ്. അവിടെ പ്രസ് സെക്രട്ടറി പി ടി ചാക്കോ സർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജോജി ജോർജ്ജ് ജേക്കബ്, ഹരി ചേട്ടൻ, സജീവേട്ടൻ, ജയകുമാർ, ശ്യാം എന്നിവരുണ്ടാകും. എല്ലാവരും ഉമ്മൻ ചാണ്ടി സാറിൻ്റെ സ്വഭാവത്തിന് യോജിച്ച ഓഫീസ് ജീവനക്കാർ. സമയത്തിൻ്റെ ചിട്ടവട്ടങ്ങളില്ലാതെ ജോലി ചെയ്യുന്നവർ. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെ ലക്ഷ്യം വച്ചവർ ആദ്യം ഉന്നം വച്ചത് സാറിൻ്റെ ജീവനക്കാരെയായിരുന്നു എന്നതും ഒരു സത്യമാണ്.
ഞാൻ പത്രപ്രവർത്തക ട്രെയിനിയായിരിക്കെ ദീപികയിൽ ഒന്നിച്ച് പ്രവർത്തിച്ച പി ടി ചാക്കോ സാറിൻ്റെ (2003 മുതൽ ഉമ്മൻ ചാണ്ടി സാറിൻ്റെ പ്രസ് സെക്രട്ടറി) പക്കൽ ഉമ്മൻ ചാണ്ടി സാറിൻ്റെ നിരവധി കഥകൾ ഉണ്ടായിരുന്നു. പിന്നീടദ്ദേഹം അവ പുസ്തകമാക്കി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജോജിയായിരുന്നു അന്താരാഷ്ട്ര പ്രശസ്തമായ ജനസമ്പർക്ക പരിപാടിയുടെ നോഡൽ ഓഫീസർ. ജനസമ്പർക്ക പരിപാടിയിലൂടെ ഉമ്മൻ ചാണ്ടി സർ ചരിത്രം കുറിക്കുകയായിരുന്നു.

ജനസമ്പർക്ക പരിപാടിയിലൂടെ ജനങ്ങളുടെ മനസ്സിൽ തൻ്റെ കയ്യൊപ്പ് ചാർത്തി. ഒരു വിഷയത്തെ സെക്കൻഡുകൾക്കുള്ളിൽ കേട്ട്, ഗ്രഹിച്ച്, പഠിച്ച് ജനോപകാരപ്രദമായി അതും ലൈവായി കൈകാര്യം ചെയ്യുന്ന ആ മാസ്മരികവിദ്യ ഞാൻ എത്രയോ തവണ നേരിട്ട് കണ്ടിരുന്നിട്ടുണ്ട്. ഈ ലൈവ് മാസ്മരികത വേറെ ആർക്കും കഴിയില്ല, ഉമ്മൻ ചാണ്ടി സാറിന് മാത്രമേ കഴിയൂ. സർക്കാർ ആശുപത്രികളിലെ ജനകീയരായ ഡോക്ടർമാർ സാധാരണക്കാരായ രോഗികളെ കേട്ട് അവരെ പരിശോധിച്ച് മരുന്ന് കുറിക്കുന്നതു പോലെ. ഇവിടെ ഫലം രോഗശമനമാണെങ്കിൽ ഉമ്മൻ ചാണ്ടി സാറിൽ നിന്നും ലഭിക്കുന്നത് പ്രശ്ന പരിഹാരവും സംതൃപ്തിയുമാണ്.

അതുപോലെയാണ് സാറിൻ്റെ ഫയൽ നോട്ടവും. ഉമ്മൻ ചാണ്ടി സർ ഫയൽ നോക്കുന്നത് ഞാൻ നോക്കിയിരുന്നിട്ടുണ്ട്. ഒരു വലിയ ഫയലാണെങ്കിൽ സർ, അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മൂന്ന്, നാല് തവണ പേജുകൾ മറിച്ച് വായിക്കുന്നത് കാണാം. പീന്നീട് ആ ഫയലിൽ ഉണ്ടാകുന്നത് ജനപ്രിയ ഉത്തരവായിരിക്കും. ഫയൽ നോട്ടത്തെ ഒരു കലയാക്കിയ ഭരണാധികാരിയാണ് ഉമ്മൻ ചാണ്ടി.

ഉമ്മൻ ചാണ്ടി സാറിൻ്റെ കയ്യിലെ മോതിരത്തിന് ഒരു പ്രത്യേകതയുണ്ട്. ആ മോതിരം പ്രത്യേകം പറഞ്ഞുണ്ടാക്കിയതാണ്. ഇതേ പോലെ ഒരു മോതിരം മറ്റൊരാൾക്ക് കൂടിയുണ്ട് – കൂത്താട്ടുകുളംകാരനായ കോൺഗ്രസ് നേതാവ് ജോൺ ചേട്ടനും. കാരണം രണ്ട് പേരും ഒരുമിച്ചാണ് ഈ മോതിരം പണിയിച്ചതെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്.

ഉമ്മൻ ചാണ്ടി സർ പുതിയ ടെക്നോളജിയെ സ്വീകരിച്ച നേതാവായിരുന്നു. കാലത്തിൻ്റെ മാറ്റങ്ങളെ ഉൾക്കൊണ്ട നേതാവ്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2005ൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ 24×7 ലൈവ് ടെലികാസ്റ്റിംഗ് നടത്തുവാൻ തീരുമാനിച്ചത്. പുതിയ ടെക്നോളജികളെയും ആശയങ്ങളെയും സ്വീകരിച്ചിരുന്ന ഉമ്മൻ ചാണ്ടി സാറിൻ്റെ ഓർമ്മശക്തി കമ്പ്യൂട്ടറിനെയും വെല്ലുന്നതായിരുന്നുവെന്നത് മറ്റൊരു സവിശേഷതയായിരുന്നു. പേഴ്സണൽ സ്റ്റാഫിൽ ഒരാൾക്ക് വെബ് ആൻഡ് ന്യൂ മീഡീയയുടെ ചുമതല നൽകി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജോജി ജോർജ്ജ് ജേക്കബായിരുന്നു 2002 മുതൽ 2016 വരെ ഈ ചുമതല നിർവ്വഹിച്ചിരുന്നത്.

ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ഒരേ സമയം നാലും അഞ്ചും മീറ്റിംഗുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടത്തുന്നത് ഞാൻ നോക്കിയിരുന്നിട്ടുണ്ട്, ഇത്തരം ധാരാളം മീറ്റിംഗുകളിൽ പങ്കെടുത്തിട്ടുമുണ്ട്. ഈ അപൂർവ്വ കഴിവ് മറ്റൊരു ജനനേതാവിലും ഞാൻ കണ്ടിട്ടില്ല. കൂടെ ജോലി ചെയ്തവരെ ഇതുപോലെ ചേർത്ത് നിർത്തിയ ഉമ്മൻ ചാണ്ടി സാറിൻ്റെ ഓർമ്മ ശക്തി അപാരമാണ്.

പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യസം, ലഹരി വിരുദ്ധ ബോധവൽക്കരണം, ഭിന്നശേഷി പദ്ധതികൾ, ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിവിധ രാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി അവസരങ്ങളിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിൻ്റെ ‘പ്രോബ്ലം സോൾവിംഗ്’ ചാതുര്യം നേരിട്ട് അനുഭവിക്കുവാൻ സാധിച്ചത് ഓർക്കുന്നു.
ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം സംബന്ധിയായ നിരവധി മന്ത്രിസഭ ഉപസമിതി മീറ്റിംഗുകളിൽ ഉദ്യോഗസ്ഥനായി പങ്കെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പാതിരാത്രിയിൽ തുടങ്ങി പുലർച്ചെ വരെ നീളുന്ന മസ്കറ്റ് ഹോട്ടൽ മീറ്റിംഗുകൾ. മന്ത്രിമാരുടെ വിവിധ ആവശ്യങ്ങളെയും താല്പര്യങ്ങളെയും കേട്ട് എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ തീരുമാനങ്ങളെടുത്തിരുന്ന ഉമ്മൻ ചാണ്ടി സാറിനെ ഓർക്കുന്നു.
കിലയെ കല്പിത സർവ്വകലാശാലയാക്കുന്നതിനുള്ള കമ്മറ്റി, സംസ്ഥാനത്ത് ട്രൈബൽ സർവ്വകലാശാല സ്ഥാപിക്കുന്നതിനായി നിയമിച്ച കമ്മറ്റി എന്നിവയിൽ അംഗമാക്കിയതിൽ ഉമ്മൻ ചാണ്ടി സാറിനോട് കടപ്പെട്ടിരിക്കുന്നു.

ഭിന്നശേഷി കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഉമ്മൻ ചാണ്ടി സാറിനെ ഒരിയ്ക്കലും മറക്കാനാവില്ല. ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് വേണ്ടി നിലകൊണ്ട മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. ഭിന്നശേഷി വിദ്യാർത്ഥികളെ മുഖ്യധാരയിലെത്തിക്കുവാൻ കോക്ലിയർ ഇംപ്ലാൻ്റേഷൻ പോലെ എത്രയോ പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ച് നടപ്പിലാക്കി. ഭിന്നശേഷി വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സി ഐ എം ആറിലെ ഫെലിക്സ് അച്ചനൊപ്പം എത്രയോ തവണ ഉമ്മൻ ചാണ്ടി സാറിനെ കണ്ടിരിക്കുന്നു.
ഒരിയ്ക്കലും ഭിന്നശേഷി കുട്ടികളുടെ വിഷയങ്ങളിൽ അദ്ദേഹം ‘നൊ’ എന്ന വാക്ക് പറഞ്ഞിട്ടില്ല.
മനസ് തെറ്റിയപ്പോൾ മുഖ്യമന്ത്രി കസേരയിൽ കയറിയിരുന്ന ചെല്ലച്ചന്ദ്ര ബോസ് ഓടിയപ്പോൾ അയാളെ പുറകെ പോയി പിടിച്ചത് മന്ത്രി കെ. ബാബു സാറിൻ്റെ ഗൺമാൻ ഷിബുവായിരുന്നു. അപ്പോൾ ജനക്കൂട്ടത്തിനിടയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുമ്പിലെ വരാന്തയിൽ നിന്നുകൊണ്ട് ഉമ്മൻ ചാണ്ടി സർ, അയാളെ ഒന്നും ചെയ്യരുതെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. അതാണ് ഉമ്മൻ ചാണ്ടി…!
– അതെ ഉമ്മൻ ചാണ്ടി എല്ലാവർക്കും കരുതലും കാരുണ്യവും വികസനവുമായിരുന്നു.ഈ കുറിപ്പിലെ അവസാന വരികൾ എഴുതുമ്പോഴും തിരുവല്ലയിലെ ജനങ്ങൾ ഉറക്കെ വിളിക്കുന്നു,

‘ഉമ്മ, ഉമ്മ ആയിരം ഉമ്മ… ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ…’

(ജലീഷ് പീറ്റർ)Jaleesh Peter

