ക്വിറ്റ് ഇന്ത്യ ദിനം ചില ഓർമ്മപ്പെടുത്തലുകൾ|നൊമ്പര കാഴ്ചകൾ നീണ്ട് പോകുമ്പോൾ ഓരോ ദേശസ്നേഹിയുടെയും ഉള്ളിൽ അലയടിക്കട്ടെ കിറ്റിന്ത്യയുടെ സമര കാഹളം.

Share News

“ഞാൻ നിങ്ങൾക്ക് ഒരു മന്ത്രം തരാം. ഒരു ചെറിയ മന്ത്രം. അത് നിങ്ങളുടെ ഹൃദയത്തിൽ പതിക്കുകയും നിങ്ങളുടെ ഓരോ ശ്വാസവും അതിന് ഭാവം നൽകുകയും ചെയ്യട്ടെ. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക! അതാണ് ആ മന്ത്രം. ഒന്നുകിൽ നാം സ്വതന്ത്രരാകും അല്ലെങ്കിൽ ആ ശ്രമത്തിൽ മരിക്കും ”.
1942 ഓഗസ്റ്റ് മാസത്തിൽ ബോംബേയിൽ വെച്ച് നടന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ശേഷം ഗാന്ധിജി തന്റെ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണിത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഐതിഹാസികമായ ഒരദ്ധ്യായത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു. ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857-ലെ വിപ്ലത്തിനു ശേഷമുണ്ടായ വൻ ജനമുന്നേറ്റമായിരുന്നു അത്. ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനമായാണ് ആചരിക്കുന്നത്. ഓഗസ്റ്റ് ക്രാന്തി ദിനം എന്നും ഇതറിയപ്പെടുന്നു.

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിയൻ സൂക്തം ഓരോ ദേശസ്നേഹിയും തന്റെ ഹൃദയത്തിൽ ഏറ്റെടുത്ത നാളുകളായിരുന്നു അത്. ബ്രിട്ടിഷുകാർ ഇന്ത്യവിടുക എന്ന സ്വപ്ന ലക്ഷ്യത്തിനായി ആബാലവൃദ്ധം ജനങ്ങൾ തെരുവുകളിലേക്ക് ഓടിയെത്തി. വിദ്യാർത്ഥികളും കർഷകരും ആദിവാസികളും തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉള്ളവർ ഈ സമരത്തിൽ അണിനിരന്നു.

ഗാന്ധിജി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ തുടങ്ങി കോൺഗ്രസിലെ പ്രമുഖ നേതാക്കൾ എല്ലാം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും സമരത്തിന്റെ തീക്ഷണത ഒട്ടും കുറയാതെ കാക്കാൻ സാധാരണ ജനങ്ങൾക്കായി . രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഹർത്താലുകളും പ്രകടനവും നടന്നു. പൊലിസ് സ്റ്റേഷൻ, പോസ്റ്റ് ഓഫിസ്, റവന്യു ഓഫിസ് എന്നിങ്ങനെ ബ്രിട്ടിഷ് ഭരണത്തിന്റെ പ്രതീകങ്ങളെല്ലാം ജനം തകർത്തു. പൊലീസ് വെടിവയ്പ്പിൽ ആയിരകണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് ലാത്തി ചാർജിൽ പരിക്കേറ്റു. അരുണ ആസഫലി ആണ് “ക്വിറ്റ് ഇന്ത്യ സമര നായിക” എന്നറിയപ്പെടുന്നത്. ക്വിറ്റ് ഇന്ത്യ സമരത്തെ തുടർന്ന് രാജ്യത്ത് നിലവിൽ വന്ന സാഹചര്യം ബ്രിട്ടനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും പൂർണ്ണ സ്വാതന്ത്യം എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യത്തെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു.

സമകാലിക സാമൂഹിക സാഹചര്യങ്ങൾ വീണ്ടുമൊരു ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ അനിവാര്യതയിലേക്ക് രാജ്യത്തെ നയിച്ചു കൊണ്ടിരിക്കുന്നു .

ഫാസിസം എവിടെയും സംഹാരതാണ്ഡവമാടുന്ന കാഴ്ച,മതത്തിന്റെയും ജാതിയുടെയും വർഗ്ഗങ്ങളുടെയും പേരിൽ പരസ്പരം കൊലവിളി നടത്തുന്നവർ, മണിപ്പൂരിന്റെ തെരുവിൽ നഗ്നയാക്കപ്പെട്ട ആ പെൺകുട്ടിയുടെ നിലവിളി…ആലുവയിലെ ബാലികയുടെ ചേതനയറ്റ ശരീരം…
ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ദൈനംദിനം വർദ്ധിച്ചുവരുന്ന അന്തരം..


ഇവിടെ രക്ഷയില്ല എന്ന് പറഞ്ഞ് രാജ്യം വിടാൻ വെമ്പി നിൽക്കുന്ന യുവത..നൊമ്പര കാഴ്ചകൾ നീണ്ട് പോകുമ്പോൾ ഓരോ ദേശസ്നേഹിയുടെയും ഉള്ളിൽ അലയടിക്കട്ടെ കിറ്റിന്ത്യയുടെ സമര കാഹളം. ഭിന്നിപ്പിന്റെ , വിഭജനത്തിന്റെ ദേശവിരുദ്ധ ശക്തികളെ, അവർ എത്ര ഉന്നതരായിരുന്നാലും അധികാരസ്ഥാനങ്ങൾ കയ്യാളുന്നവർ ആയാലും ഒറ്റപ്പെടുത്തുമെന്നും ചെറുത്തു തോൽപ്പിക്കും എന്നും ചെറുത്തു തോൽപ്പിക്കും എന്നും പ്രതിജ്ഞ എടുക്കാനുള്ള ദിനമാട്ടെ ഈ ദിനാചരണം

ഡോ. സെമിച്ചൻ ജോസഫ്

(സാമൂഹ്യ പ്രവർത്തകനും സ്മാർട്ട് ഇന്ത്യാ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹ സ്ഥാപകനുമാണ് ലേഖകൻ)

Share News