
ഇന്ദ്രൻസ് എന്ന പാഠപുസ്തകം: വര്‍ണ്ണനൂലുകള്‍കൊണ്ട് സ്വയം നെയ്തെടുത്ത ജീവിതം..
കൗമാരപ്രായത്തിന്‍റെ ആരംഭദശയില്‍ മുതല്‍ സൂചിയില്‍ നൂല് കോര്‍ത്ത് തുന്നിച്ചേര്‍ത്ത് തുടങ്ങിയ ജീവിതം… വര്‍ഷങ്ങള്‍ കൊണ്ട് നെയ്തെടുത്ത ആ ജീവിതം പൊതുസമൂഹത്തിനു മുന്നില്‍ നിവര്‍ത്തി വിരിച്ചപ്പോള്‍ അതൊരു മഹത്തായ കലാസൃഷ്ടിയായിരുന്നു. സുരേന്ദ്രനെന്ന ‘ഒന്നിനും കൊള്ളാത്ത’ ഒരു കൊച്ചു പയ്യന്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ ചരിത്രം ഒരു സിനിമാക്കഥയേക്കാള്‍ സംഭവബഹുലവും തീക്ഷ്ണവുമാണ്. നൂറിലേറെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറും, നാനൂറില്‍ പരം ചിത്രങ്ങളില്‍ അഭിനേതാവുമായി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഇന്ദ്രന്‍സ് മനസ്സ് തുറക്കുന്നു.
ചെറുപ്പകാലത്തെ ഓര്‍മ്മകള്‍…
മരപ്പണിക്കാരനായ കൊച്ചുവേലുവിന്‍റെയും ഗോമതിയുടെയും ഏഴുമക്കളില്‍ മൂന്നാമനായായിരുന്നു എന്‍റെ ജനനം. പേരുകേട്ട പണിക്കാരനായിരുന്നെങ്കിലും വലിയ സാമ്പത്തികസ്ഥിതിയൊന്നും അച്ഛന് ഉണ്ടായിരുന്നില്ല. എന്‍റെയോര്‍മ്മയില്‍ എക്കാലവും വാടകവീട്ടിലായിരുന്നു താമസം. അച്ഛന്‍റെ ചെറിയ വരുമാനം മാത്രമായിരുന്നു ആശ്രയം. കുറച്ചുകാലം അച്ഛന്‍റെ കുഞ്ഞമ്മയുടെ വീട്ടിലും, പിന്നീട് അല്‍പ്പകാലം അമ്മയുടെ വീട്ടിലും താമസിച്ചിട്ടുണ്ട്. പിന്നീട് ഏറെക്കാലം കുമാരപുരത്തെ വാടകവീട്ടിലായിരുന്നു ജീവിതം. സ്കൂളില്‍ പോകാന്‍ തുടങ്ങിയതൊക്കെ കുമാരപുരത്തു വച്ചാണ്. അത്യാവശ്യം നന്നായി പഠിക്കുമായിരുന്നെങ്കിലും, നാലാംക്ലാസുവരെ സ്കൂളില്‍ പഠിച്ച കാലത്തൊക്കെയും എന്നെ പലതരം അപകര്‍ഷതാബോധങ്ങള്‍ കീഴ്പ്പെടുത്തിയിരുന്നു. ഒന്നാമതായി, മറ്റുള്ള കുട്ടികള്‍ മിക്കവാറും നല്ല വേഷമോക്കെ ധരിച്ച് മിടുക്കരായി ക്ലാസില്‍ വരുമ്പോള്‍, കാണാന്‍ പോലും ഒട്ടും കൊള്ളാത്ത ഞാന്‍ നിറം മങ്ങിയ ഷര്‍ട്ടൊക്കെയിട്ടാണ് അവര്‍ക്കിടയില്‍ ചെന്നിരിക്കുക. മാത്രമല്ല, ഒരുകാലത്ത് ഒരുതരം വ്രണങ്ങള്‍ വന്ന് എന്‍റെ ദേഹമാകെ തിണിര്‍ത്തിരുന്നു. അക്കാരണം കൊണ്ട് പല കൂട്ടുകാരും എന്നെ അകറ്റി നിര്‍ത്തി. ഇതൊക്കെ എന്നെ വല്ലാതെ ഒറ്റപ്പെടുത്തിയിരുന്നു.
പഠനം നിര്‍ത്തി തയ്യല്‍ജോലിയിലേയ്ക്ക്അക്കാലത്ത് അപ്പു എന്ന വകയിലുള്ള ഒരു മാമന് കുമാരപുരത്ത് ഒരു തയ്യല്‍ക്കട ഉണ്ടായിരുന്നു. ആ തയ്യല്‍കടയും അവിടുത്തെ പണികളുമെല്ലാം അക്കാലത്ത് വലിയ കൗതുകമായിരുന്നു. ഞാന്‍ വലിയൊരു തയ്യല്‍ക്കാരനായി മാറുന്നതൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്. സ്കൂള്‍ വിട്ടുവന്നാല്‍ ഓടി അപ്പുമാമന്‍റെ കടയിലെത്തി മിച്ചം വന്ന തുണിക്കഷണങ്ങളും ബാക്കിയായ നൂല്‍ക്കുഴലുകളും പെറുക്കി ശേഖരിക്കുകയായിരുന്നു പ്രധാന ഹോബി. തയ്യല്‍ മെഷീന്‍റെ പ്രവര്‍ത്തനങ്ങളും, അവിടെയുള്ള തൊഴിലാളികളുടെ പലതരം ജോലികളുമെല്ലാം കൊതിയോടെ നോക്കിയിരിക്കുമായിരുന്നു. ക്ലാസ്സില്‍ രണ്ടാം സ്ഥാനക്കാരനായി നല്ലമാര്‍ക്കോടെ അഞ്ചാം ക്ലാസ്സിലേയ്ക്ക് ജയിച്ചെങ്കിലും യൂണിഫോം വാങ്ങാന്‍ പണമില്ലാതെ പോയതിനാല്‍ പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അക്കാലത്ത് എന്‍റെ പ്രായത്തിലുള്ള പലരും പഠനം നിര്‍ത്തി എന്തെങ്കിലും ചെറിയ ജോലിക്ക് പോയിരുന്നു. പക്ഷെ, ഞാന്‍ ജോലിക്ക് പോകുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. എന്നാല്‍, കുറെ നാള്‍ വെറുതെ വീട്ടിലിരുന്നു കഴിഞ്ഞപ്പോള്‍ ചില അനുകൂല സാഹചര്യങ്ങള്‍ ഉടലെടുത്തു. വീട്ടിലെ ദാരിദ്ര്യം തന്നെയായിരുന്നു ഒരു കാരണം. അങ്ങനെ ഒരിക്കല്‍, ഞാന്‍ അപ്പുമാമന്‍റെ കൂടെ തയ്യല്‍കടയില്‍ ജോലിക്ക് പോകാന്‍ ആഗ്രഹിക്കുന്ന കാര്യം അമ്മയോട് തുറന്നുപറഞ്ഞു. എന്‍റെ നിര്‍ബ്ബന്ധം സഹിക്കവയ്യാതെ അമ്മ അച്ഛനോട് പറഞ്ഞു. മനസ്സിലാമനസ്സോടെ അച്ഛന്‍ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് എന്‍റെ തയ്യല്‍ ജീവിതം ആരംഭിക്കുന്നത്.
സൂചിയില്‍ നൂല്‍ കോര്‍ക്കല്‍ മുതല്‍ ആരംഭിച്ച് മൂന്നു വര്‍ഷങ്ങള്‍ കൊണ്ടാണ്, ബട്ടണ്‍ ഹോളിടാനും, ബട്ടണ്‍ പിടിപ്പിക്കനുമൊക്കെ പഠിച്ചത്. രാവിലെ അടിച്ചുവാരലില്‍ തുടങ്ങി, രാത്രി എട്ടുമണി വരെ നീളുന്ന ഒരു ദിവസത്തെ പണിക്ക് ആദ്യം കിട്ടിയിരുന്ന കൂലി പത്തു പൈസയായിരുന്നു. പിന്നീട് അത് അത് മുപ്പതു പൈസയും അമ്പത് പൈസയുമൊക്കെയായി. അക്കാലത്തൊക്കെ കുമാരപുരം മാത്രമായിരുന്നു എന്‍റെ ലോകം. കുമാരപുരത്തിന് പുറത്തും മനുഷ്യരുണ്ടെന്ന് ഞാന്‍ ചിന്തിച്ചിരുന്നുപോലുമില്ല.
തയ്യല്‍ക്കാരന്‍റെ നാടകക്കമ്പം
അക്കാലത്താണ് കടയിലെത്തുന്ന ചില നാടകക്കാരുമായി ചങ്ങാത്തത്തിലാകുന്നത്. അതോടൊപ്പം അവിടെയുണ്ടായിരുന്ന ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബുമായും അടുപ്പമായത്തോടെ ചെറിയതോതില്‍ നാടക പ്രവര്‍ത്തനം ആരംഭിച്ചു. നാടകക്കമ്പം കൂടിയതോടെ അപ്പുമാമന്‍റെ കടയില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. സമയനിഷ്ടയില്‍ മാമന് വിട്ടുവീഴ്ചകള്‍ ഉണ്ടായിരുന്നില്ല. വൈകിച്ചെന്നാല്‍ കുറെ വഴക്ക് പറഞ്ഞ് ഇറക്കി വിടും. പിന്നെ അമ്മയെ കൂട്ടി ചെന്നാലേ തിരിച്ചു കയറ്റൂ. നാടകവുമായി നടന്ന് അങ്ങനെ നാലഞ്ചു തവണയായപ്പോള്‍ ഒരിക്കല്‍ കടയില്‍നിന്നിറങ്ങി തിരിച്ച് വീട്ടിലും പോകാതെ ഞാന്‍ څനാട് വിട്ടുچ. തൊഴിലന്വേഷണമായിരുന്നു ലക്ഷ്യം. അന്ന് വൈകുന്നേരം വരെ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്ന് ജോലിയന്വേഷിച്ച എനിക്ക് ഒരു തയ്യല്‍കടയില്‍ ജോലി തരപ്പെട്ടു. പിറ്റേ തിങ്കളാഴ്ച ജോലിക്ക് പ്രവേശിച്ചുകൊള്ളാനായിരുന്നു നിര്‍ദ്ദേശം. അന്ന് ആദ്യമായി ഒറ്റയ്ക്ക് നഗരത്തിലൂടെ കറങ്ങിയ ഞാന്‍ പിറ്റേദിവസവും മാമന്‍റെ കടയിലേയ്ക്ക് എന്ന വ്യാജേന വീട്ടില്‍നിന്നിറങ്ങി ശംഖുമുഖത്തേയ്ക്ക് പോയി. മാമന്‍ ഇറക്കിവിട്ടതൊക്കെ അറിഞ്ഞ് അമ്മ വഴക്കുപറയാന്‍ തുനിഞ്ഞെങ്കിലും, ഒന്നര രൂപ ശമ്പളത്തില്‍ പുതിയ സ്ഥലത്ത് ജോലിക്ക് കയറുന്നു എന്ന് കേട്ടതോടെ നിശബ്ദയായി. ആ ഒന്നരരൂപ അന്ന് ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. പിന്നീട് സുകുമാര്‍ ടൈലേഴ്സ്, യുനൈറ്റഡ് ടൈലേഴ്സ് എന്നിങ്ങനെ പലയിടങ്ങളിലായി തയ്യല്‍ ജോലി തുടര്‍ന്നു. എല്ലായിടത്തുനിന്നും നല്ല പേരാണ് ലഭിച്ചത്.
നാടകത്തില്‍നിന്നും സിനിമയിലേയ്ക്ക്നാടകത്തോടുള്ള താല്‍പ്പര്യം പിന്നീടും പലപ്പോഴും തൊഴിലിന് വിലങ്ങുതടിയായി. ചിലപ്പോഴൊക്കെ സമയത്ത് പണിക്ക് ചെല്ലാന്‍ കഴിയാതെ പോയത് ഒടുവില്‍ ജോലിചെയ്തിരുന്ന യുണൈറ്റഡ് ടൈലേഴ്സിലെ ജോലിയും ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതനാക്കി. പിന്നീട് പരസ്യം കണ്ട് ഒരു തയ്യല്‍ക്കട വാടകയ്ക്കെടുത്ത് കുറച്ചുകാലം നടത്തിയിരുന്നു. അക്കാലത്താണ്, സിനിമയില്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റും, സുഭാഷ് ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബിലെ നാടകങ്ങളിലെ പ്രധാന നടനും എന്‍റെ സുഹൃത്തും ഒക്കെയായിരുന്ന മോഹന്‍ദാസ് സിനിമാ വിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ഒരു കാര്യം പറഞ്ഞത്. സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്യുന്നത് സാധാരണ ടൈലര്‍മാര്‍ തന്നെയാണ് എന്നതായിരുന്നു അത്. അത് ഒരു വലിയ സാധ്യതയായി തോന്നിയതോടെ, മോഹന്‍ദാസിന്‍റെ ഇടപാടില്‍, സിഎസ് ലക്ഷ്മണന്‍ എന്ന കോസ്റ്റ്യൂം ഡിസൈനറെ പോയിക്കണ്ടു. പിന്നെ അദ്ദേഹത്തിന്‍റെ സഹായിയായി ചില സിനിമകളില്‍ പ്രവര്‍ത്തിച്ചു. നാടകത്തിലുണ്ടായിരുന്ന പരിചയത്തിന്‍റെ ബലത്തില്‍ ആദ്യത്തെ സിനിമയില്‍ തന്നെ എനിക്കൊരു വേഷവും കിട്ടി. പിന്നീട് ഇടയ്ക്കിടയ്ക്ക് ചില സിനിമകളില്‍ ചെറിയ വേഷങ്ങളിലൊക്കെ മുഖം കാണിച്ചുകൊണ്ടിരുന്നു.
സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. തുടര്‍ന്ന് ഷാജി എന്‍ കരുണിന്‍റെ പിറവിയിലും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. പക്ഷെ തുടര്‍ന്നുവന്ന ഒന്നുരണ്ടു സിനിമകള്‍ സാമ്പത്തികമായി ഗുണം ചെയ്തില്ല. അങ്ങനെ വീണ്ടും ആക്കുളത്ത് ഒരു ഒറ്റമുറി തയ്യല്‍ക്കട ആരംഭിച്ചു. ഇന്ദ്രന്‍സ് എന്നായിരുന്നു കടയ്ക്ക് പേരിട്ടത്. പേര് നിര്‍ദ്ദേശിച്ചതും, ബോര്‍ഡ് എഴുതിയതുമെല്ലാം അച്ഛന്‍റെ പെങ്ങളുടെ മകനായ ജയന്‍ ആണ്, ഇന്നത്തെ കോസ്റ്റ്യൂം ഡിസൈനര്‍ ഇന്ദ്രന്‍സ് ജയന്‍.
ആക്കുളത്തെ തയ്യല്‍ക്കട നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് പത്മരാജന്‍റെ പടത്തില്‍ പ്രവര്‍ത്തിക്കാന്‍ വരണമെന്ന് സുരേഷ് ഉണ്ണിത്താന്‍ വിളിച്ച് പറയുന്നത്. ഒരിക്കല്‍ തോറ്റ് മടങ്ങിയതായിരുന്നതിനാല്‍ ആദ്യം മടിച്ചു. അതേസമയം പത്മരാജന്‍സാറിന്‍റെ പടത്തില്‍ പ്രവര്‍ത്തിക്കുക ഒരു വലിയ കാര്യമായും തോന്നിയിരുന്നു. സാറിന്‍റെ അസ്സിസ്റ്റന്‍റ് ആയിരുന്ന സുരേഷ് ഉണ്ണിത്താന്‍റെ നിര്‍ബ്ബന്ധം കൂടിയായപ്പോള്‍ ആ പടത്തില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ ആയിരുന്നു ആ ചിത്രം. അതൊരു പുതിയ അനുഭവമായിരുന്നു. അതില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ വലിയ നഷ്ടമായേനെ എന്ന് തോന്നി. കഥാപാത്രത്തിന്‍റെ വസ്ത്രധാരണത്തില്‍ ഇത്രമാത്രം ശ്രദ്ധിക്കുന്ന ഒരു സംവിധായകനെ ഞാന്‍ വേറെ കണ്ടിട്ടില്ല. ആ ചിത്രത്തെ തുടര്‍ന്ന്, ഞാന്‍ ഗന്ധര്‍വ്വന്‍ വരെയുള്ള അദ്ദേഹത്തിന്‍റെ പല സിനിമകളിലും പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയിലും, നടന്‍ എന്നാ നിലയിലും എനിക്ക് വലിയ വളര്‍ച്ചയുണ്ടായ കാലമായിരുന്നു അത്. സുരേന്ദ്രന്‍ എന്ന പേര് മാറ്റി തയ്യല്‍ കടയുടെ പേര് ഞാനും സ്വീകരിച്ചതും ആ കാലത്താണ്. പത്മരാജന്‍ സാറിന്‍റെ അനുമതിയോടെയായിരുന്നു അത്.
ഇന്ദ്രന്‍സ് എന്ന സിനിമാക്കാരന്‍
ഒരു നാടകക്കാരനാകുന്നതിനുള്ള പ്രായവും വലിപ്പവുമൊക്കെ ആകുന്നതിനു മുമ്പേ തന്നെ നാടകക്കാരുടെ കൂടെക്കൂടി നടന്നതുകൊണ്ടാവണം എനിക്ക് സിനിമയോടും തുടക്കം മുതല്‍ ഒരു പ്രത്യേക താല്‍പ്പര്യം തോന്നിത്തുടങ്ങിയിരുന്നു. പക്ഷെ ചെയ്തുശീലിച്ച തൊഴിലുമായി ബന്ധപ്പെട്ടാണല്ലോ സിനിമയിലേയ്ക്ക് വരാനിടയായത്. തുടര്‍ന്ന് നമ്മുടെ മുഖത്തിനൊത്തു സിനിമയും, നാടകവും തയ്യലുമൊക്കെയായി മുന്നോട്ട് പോയി. കോസ്റ്റ്യൂമറായിത്തന്നെ കുറേവര്‍ഷം ജോലി ചെയ്തു. ആ കാലങ്ങളില്‍ സിനിമകളില്‍ പതിവായി തലകാണിക്കും, അത്രേയുള്ളു.
സിഐഡി ഉണ്ണികൃഷ്ണന്‍, മാലയോഗം, ധനം, സ്ഫടികം തുടങ്ങിയ സിനിമകളില്‍ കൂടിയാണ് പതിവായി അഭിനയരംഗത്തേയ്ക്ക് എന്ന നിലയിലേയ്ക്ക് എത്തിയത്. ഞാന്‍ അഭിനയരംഗത്ത് സജീവമായി തുടങ്ങിയതോടെ എന്‍റെ സഹോദരങ്ങളും, സുഹൃത്തുക്കളുമൊക്കെയായി കൂടെയുള്ളവര്‍ തയ്യല്‍ ജോലികളും, കോസ്റ്റ്യൂം ഡിസൈനിങ്ങുമൊക്കെ മുന്നോട്ട് കൊണ്ടുപോയി. സിനിമയില്‍ സജീവമായ ആദ്യ കാലങ്ങളില്‍ ഞാനും കുറെയൊക്കെ ശ്രദ്ധിക്കുമായിരുന്നു. പിന്നീട് എനിക്ക് തീരെ ശ്രദ്ധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ജയനോട് പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം ഇന്ദ്രന്‍സ് ജയന്‍ എന്ന പേരില്‍ വസ്ത്രാലങ്കാരരംഗത്ത് സജീവമായത്. അക്കാലം മുതല്‍ ഞാന്‍ സിനിമയില്‍ പൂര്‍ണ്ണമായ ശ്രദ്ധ കൊടുത്ത് സജീവമായി.
സിനിമയും ജീവിതാനുഭവങ്ങളും
ഒരുപക്ഷെ, നാം കുറച്ചുനേരത്തെ ജനിച്ചു എന്നതുകൊണ്ടാണ് കുറെ കഷ്ടപ്പാടുകളില്‍കൂടിയും, അത്തരം ജീവിതാനുഭവങ്ങളില്‍ കൂടിയും കടന്നുപോയത്. അത്തരം ജീവിതാനുഭവങ്ങളൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടാവില്ല. അതിന്‍റെ ഭാഗമായ മാറ്റങ്ങള്‍ സിനിമയില്‍ തന്നെ പ്രകടമായി കാണാം. പണ്ടുകാലത്ത് നമുക്കൊക്കെയുണ്ടായിരുന്ന വായനാശീലമോ, നാടകമോ, അതിന്‍റെ ആസ്വാദന ശീലങ്ങളോ, നാടന്‍ കലകളോ, കഥാപ്രസംഗം കാണാന്‍ പോകുന്ന പതിവുകളോ തുടങ്ങിയ ഒരുപാട് കാര്യങ്ങളിലൊന്നും ഈ തലമുറയ്ക്ക് താല്‍പ്പര്യമില്ലല്ലോ. അപ്പോള്‍ നമുക്ക് ഊഹിക്കാം അവരുടെ ചിന്തകളും സിനിമയും എന്തായിരിക്കുമെന്ന്. എന്‍റെ മക്കളും ഇങ്ങനൊക്കെത്തന്നെ ആയതിനാലും ഞാന്‍ അവര്‍ക്കിടയില്‍ ജീവിക്കുന്നതിനാലും ഈ തലമുറയുടെ ശൈലികളിലുള്ള മാറ്റം തിരിച്ചറിയാനും മനസ്സിലാക്കാനും എനിക്ക് ബുദ്ധിമുട്ടില്ല.പറയുന്ന കഥകളുടെ കാര്യവും അങ്ങനെയാണ്. നീട്ടിപ്പിടിച്ചുള്ള കഥകളൊന്നും പറയുവാനുള്ള സാവകാശമൊന്നുമില്ല കുട്ടികള്‍ക്ക്. അവര്‍ക്കുള്ളത് അങ്ങനെയൊരു ജീവിതാനുഭവം അല്ലാത്തത് കൊണ്ടുതന്നെയാവണം. പക്ഷെ അവരുടെ സിനിമകളില്‍ അതൊരു കുറവായി കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പഴയകാല ജീവിതാനുഭവങ്ങളും അതിന്‍റെ തീക്ഷ്ണതയുമെല്ലാം മനസ്സില്‍ സൂക്ഷിക്കുന്നത് കുറച്ച് പഴയ ആളുകള്‍ മാത്രമാണ്. അവര്‍ക്കായി പഴയത് ചെയ്തത് ഇരിപ്പുണ്ടല്ലോ. ഇനിയിപ്പോള്‍ പഴയ രീതിയിലുള്ള സിനിമകള്‍ ചെയ്താല്‍ അത് പുതിയ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. വ്യക്തിപരമായി പറഞ്ഞാല്‍ എന്‍റെ അഭിപ്രായവും അതുതന്നെയാണ്.
ന്യൂ ജനറേഷന്‍ സിനിമകള്‍
പുതിയതായി സിനിമാരംഗത്തേയ്ക്ക് കടന്നുവരുന്ന ഒരുപാട് മിടുക്കരുണ്ട്. ചിലര്‍ അലസരുണ്ട്. ഒരുപാട് സിനിമകള്‍ നടക്കുന്നു. അതില്‍, ആളുകള്‍ക്ക് പൊതുവായി, കൊള്ളാം എന്ന് തോന്നുന്ന ഒരു സിനിമയും പരാജയപ്പെടുന്നില്ല എന്നതാണ് വാസ്തവം. അതൊരു നല്ല ഗുണമായി തോന്നുന്നു. വലിയ പരസ്യങ്ങള്‍ ചെയ്യാന്‍ ത്രാണിയില്ലാത്ത ടീമായാല്‍ പോലും, തൊഴിലിനോട് മാന്യത കാണിക്കുന്നെങ്കില്‍ ആ സിനിമ നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ കടന്നുവരുന്ന പലര്‍ക്കും വലിയ ആര്‍ത്തിയൊന്നുമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
കുടുംബസ്ഥനായ കലാകാരന്‍, നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍
മിക്കവാറും കൂടുതല്‍ സമയവും വീട്ടില്‍ തന്നെയായിരിക്കും. വീട്ടില്‍ എത്ര സമയമായാലും ഇരിക്കാന്‍ ഇഷ്ടമാണ്. വര്‍ക്കിലാണെങ്കില്‍ അല്‍പ്പം സമയം കിട്ടിയാല്‍ വീട്ടിലേയ്ക്ക് ഓടിപ്പോകും. പരമാവധി രണ്ട് മൂന്നു ദിവസങ്ങളൊക്കെയേ വീട്ടില്‍ നിന്ന് മാറി നില്‍ക്കാറുള്ളൂ. ഒരാഴ്ചയോ അതിലധികമോ മാറിനില്‍ക്കുന്ന അവസരങ്ങള്‍ അപൂര്‍വ്വമാണ്. ഭാര്യ, ശാന്തകുമാരി, മക്കള്‍ രണ്ടുപേര്‍, മഹിതയും മഹേന്ദ്രനും. അവര്‍ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. മോനും ഭാര്യയും കൂടെത്തന്നെയുണ്ട്. മോളെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് ഏറെ ദൂരെയല്ലാത്തതിനാല്‍ ഇടയ്ക്കിടെ കാണാറുണ്ട്. അവള്‍ക്ക് രണ്ട് കുട്ടികളുണ്ട്. അതുപോലെ സഹോദരങ്ങളും, കൂട്ടുകാരുമെല്ലാം അടുത്ത പരിസരങ്ങളില്‍ തന്നെയുണ്ട്. അവരെല്ലാം അടുത്തുള്ളതാണ് സന്തോഷം.
ഞങ്ങള്‍ താമസിക്കുന്ന പ്രദേശത്തിന് ഇപ്പോള്‍ ഒരു കുഴപ്പമുണ്ട്. മെഡിക്കല്‍ കോളേജിന്‍റെ പരിസരമാണ്. ഒന്ന് കയറിയാല്‍ കൊള്ളാമെന്ന് കൊതി തോന്നുന്ന ഹോസ്പ്പിറ്റലുകളും ഹോട്ടലുകളും ഇഷ്ടംപോലെയാണല്ലോ. അങ്ങനെ വെളിയില്‍ നിന്ന് കഴിച്ച് വെളിയില്‍ ചികിത്സ തേടുന്ന ഒരു വലിയ കൂട്ടര്‍ ഉള്ളതുകൊണ്ട് ഒരുപാട് അപരിചിതര്‍ അവിടെ എത്തിപ്പെടുന്നുണ്ട്. പഠിക്കാന്‍ വരുന്നവര്‍, ജോലിക്കെത്തുന്നവര്‍, വസ്തു വാങ്ങി താമസിക്കുന്നവര്‍… അങ്ങനെ ഒരുപാട് പേര്‍ പുതുതായി എത്തുന്നു. ഞങ്ങളുടെ വീട് ആ ഭാഗമായതുകൊണ്ട് പഴയതിലും ഒരുപാട് മാറിപ്പോയി. വസ്തുവിനൊക്കെ വില കൂടി. ഞങ്ങളുടെ ദരിദ്രരായ നാട്ടുകാരില്‍ പലരും കൂടിയ വിലയ്ക്ക് സ്ഥലം വിറ്റ് എങ്ങോട്ടോ പോയി. അതിനാലൊക്കെ, വീട്ടില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ കാണുന്ന പലരും പരിചയക്കാരല്ല എന്നതാണ് പ്രശ്നം. ചിലപ്പോള്‍ നാം അവിടുത്തുകാരല്ല എന്ന് തോന്നിപ്പോകും.
സിനിമാക്കാരന്‍റെ ജീവിതം
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിലല്ലാതെ, മിഠായി കുപ്പിയിലിട്ടുവച്ച കണക്കുള്ള ജീവിതത്തോട് താല്‍പ്പര്യമില്ല. ചിലരൊക്കെ അങ്ങനെയായി പോകുന്നുണ്ട് എന്നറിയാം. എല്ലാവരുടെയും കൂടെ ജീവിക്കുന്നതിന്‍റെ സുഖം അവര്‍ക്ക് തിരിച്ചറിയാന്‍ പറ്റാതെ പോകുന്നതുകൊണ്ടായിരിക്കാം.

കടപ്പാട്: വിനോദ് നെല്ലയ്ക്കൽ 2017-ൽ ചെയ്ത ഇന്റർവ്യൂ