കാലമെത്ര ചെന്നാലും മറക്കാനാവാത്ത ചിലതുണ്ട്.

Share News

കാലമെത്ര ചെന്നാലും മറക്കാനാവാത്ത ചിലതുണ്ട്.
കൂട്ടുകാരോട് കൂട്ട് കൂടിയതും അവരുടെ തോളിൽ കയ്യിട്ട് സ്കൂളിൽ പോയതും അവരുമായി തല്ല് കൂടിയതും..

നാട്ടിലുള്ള മാവും ചാമ്പക്കയും ലൂപിക്കയും കശുമാങ്ങയും എല്ലാം എല്ലാവർക്കും സ്വന്തം…

.വീട്ടുകാർ സമ്മതിച്ചാലും ഇല്ലെങ്കിലും കല്ലെറിയാനുള്ള അവകാശം അത് കുട്ടികൾ കയ്യടിക്കിയിരുന്നു..

എറിഞ്ഞു വീഴ്ത്തിയ മാങ്ങകൾ കൂട്ടം കൂടിയിരുന്ന് സർവേക്കല്ലിൽ തട്ടിയുടച്ച് പങ്കിട്ട് കഴിച്ചിരുന്നു..

മഴപെയ്‌താൽ വെള്ളത്തിൽ കളിച്ചും തവളയെ പിടിച്ചും ചെറുമീനുകളെ തോർത്ത്‌ മുണ്ടിൽ കോരിയെടുത്തും പാടവും തൊടുമെല്ലാം സ്വന്തമാക്കിയ നാളുകൾ..

നാട്ടിൻ പുറങ്ങളിൽ മതിലുകൾ ഇല്ലായിരുന്നു.. ആകെയുള്ള മുൾ വേലികൾ കുട്ടികൾ ചാടികടന്ന് പകുതിയും പൊളിഞ്ഞ് പോയതായിരുന്നു..

കളിക്കുമ്പോൾ പന്ത്, വേലി കടന്നാൽ തിരികേ നൽകാതെ പിടിച്ചു വച്ചും നശിപ്പിച്ചും ദ്രോഹിച്ചവരുടെ പറമ്പിലേക്ക് വീണ്ടും വീണ്ടും പന്ത് പോക്കുന്നതും ഉടമസ്ഥൻ എത്തും മുൻപേ വിദഗ്ദമായി വേലി ചാടിയെടുക്കുന്നതും ഒരു ശീലമായിരുന്നു.

അയൽവക്കങ്ങളിൽ നിന്ന് മണ്ണെണ്ണയും ചായപ്പൊടിയും വായ്പ്പ വാങ്ങുന്നതിന് സമയവും കാലവും നോക്കേണ്ടതില്ലായിരുന്നു.

മണ്ണെണ്ണ വിളക്കുകളും, ചോരുന്ന ഓടുകളിലെ വെള്ളം പിടിക്കാനുള്ള പാത്രവും രാത്രിയിൽ ഒരുക്കിവെക്കണമായിരുന്നു.. ആടി കളിക്കുന്ന വിളക്കിന്റെ നാളത്തിൽ പഠിപ്പും…ഇറ്റിറ്റ് വീഴുന്ന വെള്ളത്തിന്റെ താളത്തിൽ ഉറക്കവും നടന്നിരുന്നു..

തഴപ്പായയിൽ പഞ്ഞി നിറച്ച തലയിണയിൽ സുഖമായി ഉറങ്ങാൻ എല്ലാവർക്കും കൂടി ഒരു പുതപ്പ് മതിയായിരുന്നു.

പല്ല് തേയ്ക്കാൻ ഉമ്മിക്കരിയും നാക്ക് വടിക്കാൻ ഈർക്കിലിയും മാത്രമുള്ള പ്രഭാതങ്ങൾ..

നോട്ട് പുസ്തകങ്ങളിലെ ബാക്കി വന്ന പേജുകൾ കൂട്ടി തുന്നി വലിയൊരു നോട്ട് ബൂക്ക് ആക്കിയിരുന്നു..

പഴയ പാഠ പുസ്തകങ്ങൾ ചെറിയ വിലക്ക് വാങ്ങി ബൈൻഡിങ് ചെയ്ത് വീണ്ടും ഉപയോഗിച്ചിരുന്നു..

കാൽപന്തോ ക്രിക്കറ്റോ കളിക്കാൻ കേറിയിറങ്ങിയ പാടങ്ങൾക്കും മൈതാനങ്ങൾക്കും കണക്കില്ലായിരുന്നു അത് വഴി സ്വന്തമാക്കിയ സൗഹൃദങ്ങൾ ഇന്നും നില നിൽക്കുന്നു..

നാട്ടിലും അയൽ നാട്ടിലുമുള്ള കുളങ്ങളും പുഴകളും എല്ലാം വീട്ടുകാർ അറിയാതെ തന്നെ കീഴടിക്കിയിരുന്നു.

പെൺകുട്ടികളുടെ ഒപ്പം കല്ല് കളിക്കാനും ചില്ല് കളിക്കാനും ഈർക്കിലി കൊണ്ട് നൂറാം കോൽ കളിക്കാനും ഒരു മടിയും ഇല്ലായിരുന്നു.

ആകെയുള്ള തുണിക്കുട ചൂടിയാലും എങ്ങനെയോ നഞ്ഞിരുന്നു.. അതേ കുട തന്നെ തോട്ടിലെ മീനുകളെ കോരിയെടുക്കാനും ഉപയോഗിച്ചിരുന്നു..

മഴ പെയ്താൽ ഫിഷറിന്റെ വെള്ള ചെരിപ്പിൽ നിന്ന് വരുന്ന ചെളി തുള്ളികൾ ഒട്ടും പുറത്ത് പോകാതെ സ്വന്തം കാലിലും ഉടുപ്പിലുമായി ഏറ്റു വാങ്ങിയിരുന്നു.

നാട്ടിൽ ഉള്ളവർ ഏത് ഉൾഭാഗത്ത് താമസിക്കുന്നവരായാലും പരസ്പരം അറിയാമായിരുന്നു.

ഒരു ടിവിയും അത് കാണാൻ പുര നിറച്ച് ആളുകളും ഒത്തു കൂടിയിരുന്നു.. പ്രത്യേകിച്ചും ഞായറാഴ്ച്ച സിനിമയ്ക്കും ചിത്ര ഗീതം കാണാനും.

കുട്ടികൾ വീട്ടിൽ ഇരിക്കാറേ ഇല്ലായിരുന്നു അന്തിയാകുമ്പോൾ അമ്മമാർ അന്വേഷിച്ചിറങ്ങണം..

ഓലമേഞ്ഞ സിനിമാ കൊട്ടകയിൽ കുടുംബമൊന്നിച്ചുള്ള സിനിമ കാണലിനും ഇടയ്ക്കുള്ള കപ്പലണ്ടി കൊറിക്കലിനും വർഷത്തിൽ എപ്പോഴോ ഉള്ള കോടി എടുക്കലിനും പ്രത്യേക രസമായിരുന്നു.

കല്യാണ വീട്ടിൽ രണ്ട് ദിവസം മുൻപേ എത്തി പണികൾ ഒക്കെ ചെയ്ത് അത് ഒരു ആഘോഷമാക്കി മാറ്റുമായിരുന്നു.

സൈക്കിളിൽ മൂന്ന് പേരെ വെച്ച് ഏറെ യാത്രകൾ നടത്തിയിരുന്നു..2 രൂപയ്ക്ക് സൈക്കിളുകൾ വാടകയ്ക്കും കിട്ടിയിരുന്നു.

ആരാന്റെ പറമ്പിലെ തെങ്ങിലെ കരിക്ക് കുടിക്കാനും ബബ്ലൂസ് നാരങ്ങ പറിച്ച് കഴിക്കാനും പ്രത്യേക രുചിയായിരുന്നു.

തീപ്പെട്ടി പടവും കശുവണ്ടിയും ശേഖരിച്ചിരുന്ന കാലം.. തെങ്ങിൻ പട്ട കൊണ്ടുള്ള ബാറ്റും വില കുറഞ്ഞ റബ്ബർ പന്തും അത് കൊണ്ട് കളിക്കാൻ ഒരു കൂട്ടം പിള്ളേരും ഒത്ത് കൂടുന്ന കാലം.

വീട്ടിൽ വിരുന്നുകാർ വന്നാൽ മിച്ചറും പഴവും വാങ്ങി വീടിന്റെ പുറകിലൂടെ വിദഗ്ദമായി അടുക്കളയിൽ എത്തിച്ചിരുന്ന കാലം.

ബാലരമയും പൂമ്പാറ്റയും ബോബനും മോളിയും വായിക്കാനും പരസ്പരം കൈമാറ്റം ചെയ്യാനും എല്ലാവർക്കും ഉത്സാഹമായിരുന്നു..

സ്കൂൾ പൂട്ടിന് സൈക്കിൾ ചവിട്ടി പഠിക്കുക, സാറ്റ് കളി, കുട്ടിയും കോലും, ഗോലി കളി, കുഴി പന്തുകളി ഇത്യാദി കളികളായിരുന്നു നേരം വെളുത്താൽ മൂന്തിയാകും വരെ.

ഉത്സവത്തിനും പള്ളി പെരുന്നാളുകൾക്കും കാഴ്ച്ച കണ്ട് നടക്കുമ്പോഴും അമ്മയുടെയും അച്ഛന്റെയും ഉറച്ച കൈകളിൽ നമ്മൾ സുരക്ഷിതരായിരുന്നു.

വഴിയിലൂടെ പോകുന്ന കാളവണ്ടിയുടെ പുറകിൽ തൂങ്ങി കിടന്ന് ഒരുപാട് യാത്ര ചെയ്തിരുന്ന കാലം.

ഗ്രാമത്തിലെ ചെറിയ കടകളിൽ നിന്ന് തേൻ നിലാവും ഗ്യാസ് മിട്ടായിയും ആരെങ്കിലും വാങ്ങി തന്നിരുന്ന കാലം.. കടയിൽ പോകാൻ ആദ്യം സ്വന്തമാക്കിയ വാഹനമായ സൈക്കിൾ ടയർ ഉരുട്ടിയും ചെരിപ്പ് കൊണ്ടുള്ള ചക്രം ഘടിപ്പിച്ച വണ്ടിയുമായുള്ള യാത്രകൾ.

തിരിച്ചു കിട്ടാത്ത ആ കാലം നമ്മൾ ഒരിക്കൽ കൂടി കൊതിക്കുമ്പോഴും… എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും മേല്പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഇപ്പോഴത്തെ കുട്ടികൾക്കില്ല എന്നുള്ള വലിയ സത്യം കൂടി നമ്മൾ മനസിലാക്കണം..

എന്തിനേറെ… ഓർമ്മകൾ ഇടയ്ക്കിടെ തികട്ടി വരുന്ന മനസ്സിൽ….ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും ഒരുവട്ടം കൂടി ആ കാലം തിരിച്ചു കിട്ടാനുള്ള ഒരു മോഹം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന നമ്മളും..

കടപ്പാട്:


Share News