വിശ്വനാഥൻ എന്ന ആദിവാസി യുവാവ് സമൂഹത്തിന്റെ ഒടുവിലത്തെ ഇര മാത്രം. |പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ് വളർന്നു വരുമ്പോൾ ഈ സമൂഹത്തെയും ഇവിടത്തെ നിയമങ്ങളെയും എങ്ങനെയാണ് കാണുക. ?

Share News

വിവാഹം കഴിഞ്ഞു എട്ടു വർഷത്തിന് ശേഷം ആദ്യമായി ഗർഭിണിയായ ഭാര്യയുടെ പ്രസവത്തിനായാണ് ആ ആദിവാസി യുവാവ് വയനാട്ടിൽ നിന്ന് കോഴിക്കോട് നഗരത്തിലെ മെഡിക്കൽ കോളേജിലേക്ക് വന്നത്.

ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ അയാൾ ഒന്ന് കണ്ണു നിറയെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. മോഷണം ആരോപിച്ച് ആളുകൾ അയാളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തപ്പോൾ ഭയപ്പെട്ട് കരഞ്ഞ് ഓടിപ്പോയ ആ മനുഷ്യൻ തൂങ്ങിമരിച്ചതായാണ് പിന്നീട് കാണുന്നത്.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്താണ് ഒട്ടും പ്രതീക്ഷിക്കാതെ അയാൾ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നതും അപമാനവും മർദ്ദനവും സഹിക്കേണ്ടി വരുന്നതും. നിറം കുറഞ്ഞത് കൊണ്ട്, മുഷിഞ്ഞ വസ്ത്രം ധരിച്ചത് കൊണ്ട് ഒരാളെ മോഷ്ടാവാക്കാൻ എളുപ്പമാണല്ലോ. അയാളുടെ അഭിമാനത്തിനോ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിനോ എന്ത് പരിഗണനയും വിലയുമാണ്.

പൊതുജനത്തിന്റെ കോടിക്കണക്കിന് രൂപ അഴിമതിയുടെയും തട്ടിപ്പിലൂടെയും കൈക്കലാക്കിയവർ മുന്തിയ വസ്ത്രം ധരിച്ചു വിലപിടിച്ച കാറിൽ സഞ്ചരിക്കുന്നത് കാണുമ്പോൾ ആദരവോടെ എഴുനേറ്റ് നിൽക്കാൻ വെമ്പുന്ന നമ്മുടെ സമൂഹത്തിന് കുറ്റവാളിയാക്കാനും ശിക്ഷ വിധിക്കാനും പാകത്തിന് നിറം കുറഞ്ഞവരും മുഷിഞ്ഞ വസ്ത്രം ധരിച്ചവരുമായ ഇങ്ങനെ കുറെ മനുഷ്യരുണ്ടല്ലോ.

ആത്മഹത്യ ചെയ്തതായാലും ആൾക്കൂട്ടം തന്നെ കൊന്ന് കെട്ടിത്തൂക്കിയതായാലും അപമാനിതനായി മരിച്ചുപോയ ആ മനുഷ്യന് എങ്ങനെയാണ് നീതി കൊടുക്കാൻ സാധിക്കുക.

ഇത്ര നാളും ഒരു കുഞ്ഞിന് വേണ്ടി സ്വപ്നങ്ങൾ കണ്ട പ്രിയപ്പെട്ടവൻ ആരുടെയൊക്കവയോ ഹിംസയും വൈകൃതവും നിറഞ്ഞ മനസ്സിന്റെ ചെയ്തികൾ കാരണം ഇല്ലാതായിപ്പോയ ആ യുവതിയെ എങ്ങനെയാണ് സമാധാനിപ്പിക്കുക.

പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ് വളർന്നു വരുമ്പോൾ ഈ സമൂഹത്തെയും ഇവിടത്തെ നിയമങ്ങളെയും എങ്ങനെയാണ് കാണുക. കൊടിയ അക്രമവും നീതിനിഷേധവുമാണ് നടന്നത്. അയാളുടെ നിറവും രൂപവും ദൈന്യതയും തന്നെയാണ് അയാളുടെ മേൽ കൈവെക്കാൻ ആ ആൾക്കൂട്ടത്തിന് ഉത്സാഹമായത്.

ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധുവാണ് എന്ന ധൈര്യം. ചെറിയ മനുഷ്യരുടെ സന്തോഷങ്ങൾക്കും ജീവിതത്തിനും ജീവനും ഇവിടെ എന്ത് വിലയാണുള്ളത്?.

സംസ്കാരസമ്പന്നർ എന്ന് ഞെളിയുന്നു എന്നല്ലാതെ ദുർബലർക്ക് നേരെ അധികാരം കാണിക്കാൻ അവകാശമുള്ളവരാണെന്ന് സ്വയം ഭാവിച്ചു നടക്കുന്ന, അവസരം കിട്ടിയാൽ അത് പ്രയോഗിക്കുന്ന സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്തവർ തന്നെയാണ് നാം.

വിശ്വനാഥൻ എന്ന ആദിവാസി യുവാവ് സമൂഹത്തിന്റെ ഒടുവിലത്തെ ഇര മാത്രം. ഇനിയും ഇങ്ങനെയുള്ള പാവം മനുഷ്യരുടെ മേൽ കൈത്തരിപ്പ് തീർത്തു കൊണ്ട് നാം ആൾക്കൂട്ടനീതി നടപ്പാക്കി മാന്യന്മാരാകും. എന്നിട്ട് വലിയവായിൽ സമ്പൂർണ്ണസാക്ഷരരെന്നും സംസ്കാര സമ്പന്നരെന്നും മേനി പറഞ്ഞു കൊണ്ടിരിക്കും.

✍️നജീബ് മൂടാടി

Share News