അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. |..പിതാവിനോട് മകനെന്ന നിലയിൽ അനിൽ ആന്റണി കാണിച്ച നിന്ദയാണിത്.

Share News

അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ല. അനിൽ ആന്റണി ബി.ജെ.പിയുടെ കെണിയിൽ വീഴുകയായിരുന്നു. ബി.ജെ.പി ബാന്ധവത്തിന് കാരണമായി തീർത്തും വിചിത്രമായ കാര്യങ്ങളാണ് അനിൽ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീർത്തും അപക്വമായ ഈ തീരുമാനത്തിൽ അനിൽ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരും.

എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയിൽ അനിൽ ആന്റണി കാണിച്ച നിന്ദയാണിത്. മരണം വരെ കോൺഗ്രസുകാരനും സംഘപരിവാർ വിരുദ്ധനുമായിരിക്കുമെന്ന് എ.കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. മകൻ ബി.ജെ.പിയിൽ ചേർന്നു എന്നതുകൊണ്ട് എ.കെ ആന്റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദർശ ധീരതയ്ക്കോ ഒരു കോട്ടവും ഉണ്ടാകില്ല.

V D Satheesan

Leader of Opposition, Kerala Assembly

എ.കെ. ആന്റണിയെന്ന വടവൃക്ഷത്തിന് കീഴില്‍ പൊട്ടിമുളച്ചതുകൊണ്ടുമാത്രമാണ് സ്വന്തമായൊരു മേല്‍വിലാസം പോലുമില്ലാത്തവരൊക്കെ ഇങ്ങനെ ന്യൂസ് ടൈറ്റിലുകളാകുന്നത്. അല്ലെങ്കില്‍ മറ്റ് ഭാഗ്യാന്വേഷികളെപ്പോലെ ഇതും ഒരു പട്ടിക്കുഞ്ഞ് പോലും ചര്‍ച്ച ചെയ്യില്ലായിരുന്നു.ഞാൻ തികഞ്ഞ ആദരവോടുകൂടി മാത്രം കാണുന്ന രാഷ്ട്രീയവ്യക്തിത്വമാണ് ശ്രീ. എ.കെ. ആൻ്റണിയുടേത്. ഒരണസമരകാലം മുതൽ കേരളത്തിൻ്റെ രാഷ്ട്രീയ നഭസിൽ ഒരു സൂര്യനെപോലെ ശോഭിച്ചിരുന്ന മഹാനായ ആ രാഷ്ട്രീയ നേതാവിൻ്റെ സംശുദ്ധ ജീവിതത്തിൽ ചെളി വാരിതേച്ചു കൊണ്ടാണ് ഈ ഇറങ്ങിപ്പോക്ക്. അല്ലെങ്കിലും മക്കൾ വഴിതെറ്റി പോകുമ്പോൾ പ്രായമായ മാതാപിതാക്കൾക്ക് എന്ത് ചെയ്യാൻ പറ്റും, നിസഹായരായി നോക്കിനിൽക്കാനല്ലാതെ…

Shibu Babyjohn

ജീവിതത്തിലുടനീളം ഉയർത്തി പിടിച്ച ആദർശ ശുദ്ധിയും, ധാർമ്മിക മൂല്യവും ആണ് എന്നും ശ്രീ എ. കെ ആന്റണിയുടെ കരുത്ത്…

കേരളത്തിന്റെയും രാജ്യത്തിന്റെയും ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാർത്ഥി യുവജന മുന്നേറ്റ രാഷ്ട്രീയത്തിന്റെ മുന്നണി തേരാളിയായിരുന്നയാൾ. കർമ്മം കൊണ്ടും, ആശയ ദ്രഢത കൊണ്ടും കോൺഗ്രസ് രാഷ്ട്രീയത്തെ തലമുറകളിലേക്ക് സന്നിവേശിപ്പിച്ചയാൾ. ഒടുവിൽ അധികാര രാഷ്ട്രീയത്തിന്റെ തൻ പൊരിമയിൽ മനം മയന്ന് സ്വന്തം പുത്രൻ BJP പാളയത്തിൽ ചേക്കേറുമ്പോഴും , ദൃഢമായ ശബ്ദത്തിൽ , അങ്ങു നൽകുന്ന പോരാട്ടവീര്യമാണ് മതേതര, ജനാധിപത്യ സംരക്ഷണത്തിനായി കോൺഗ്രസ് പ്രവർത്തകർത്ത് കരുത്ത് പകരുന്നത്. ആദർശ രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത അമരക്കാരന് ആയിരം അഭിവാദ്യങ്ങൾ…

Dean Kuriakose 

Member of Parliament for IDUKKI,
Ex. President, Indian Youth Congress, Kerala

കർത്താവിനെ യൂദാസ് ഒറ്റിയ ദിവസം തന്നെ

അനിൽ ആന്റണിയുടെ മാധ്യമ/രാഷ്ട്രീയ പ്രാധാന്യം അദ്ദേഹം ശ്രീ A K ആന്റണിയുടെ മകനാണ് എന്നത് മാത്രമാണ്. ആ പ്രാധാന്യം ശ്രീ A K ആന്റണി ഒരിക്കലും മകന് കൊടുത്തിട്ടില്ല.

അദ്ദേഹം മകന് നൽകാതിരുന്ന രാഷ്ട്രീയ പരിഗണന അനിൽ ആന്റണിക്ക് നൽകാൻ ചിലർ നടത്തിയ ശ്രമം തെറ്റായിരുന്നു എന്നതിൽ തർക്കമില്ല. കർത്താവിനെ യൂദാസ് ഒറ്റിയ ദിവസം തന്നെ അനിൽ ആന്റണി സ്വന്തം പിതാവിനെയും കോൺഗ്രസ് പ്രസ്ഥാനത്തെയും ഒറ്റു കൊടുത്ത് BJP യിൽ ചേർന്നത് യാദൃശ്ചികമാണെന്ന് കരുതുന്നില്ല. ഇത്തരം ആളുകൾക്ക് BJP യാണ് ചേരുന്നത് !!

Roji M John

MLA, Angamaly; Secretary AICC & Former National President of NSUI

ബി. ജെ. പി. കേരളത്തിൽ അനിൽ ആന്റണിയിലൂടെ ലക്ഷ്യമിടുന്നത് എന്താണ്?

പാംപ്ലാനി മെത്രാൻ പറഞ്ഞതുകൊണ്ട് കുടിയേറ്റക്കാരായ സുറിയാനി കാത്തോലിക്കർ അഹമഹമിഹയാ ബി. ജെ. പി. യിലേക്ക് ചേക്കേറുമ്പോൾ മുന്നിൽ നിർത്താൻ കുടുംബമഹിമയും പാരമ്പര്യവുമുള്ള ഒരു സുറിയാനി ചെറുപ്പക്കാരനെ കണ്ടെത്തിയതാണോ?

ആന്റണിയും പള്ളിയും തമ്മിൽ ഒരുകാലത്തും ഒത്തുപോയിട്ടില്ലെന്ന് ഓർത്തുപോകുന്നു.

അണികളില്ലാത്ത അനിലിന്റേത് മണ്ടൻ തീരുമാനം ആകാനാണ് വഴി. ടോം വടക്കനും അൽഫോൻസ് കണ്ണന്താനവും മുൻപേ ഗമിച്ച ഗോവുകളാണ്. ഏതു തൊഴുത്തിലാണ് അവർ ഇപ്പോൾ പുല്ല് തിന്നുന്നതെന്നുപോലും അറിയില്ല.

രാഷ്ട്രീയത്തിലെ അടിസ്ഥാന പാഠമാണ് ആദ്യം അണികളെ ഉണ്ടാക്കുക, പിന്നെ നേതാവാകുക എന്നത്. ആന്റണിയാശാന് ഇപ്പോൾ അണികളില്ലെങ്കിലും ഒരുകാലത്ത് അങ്ങനെയായിരുന്നില്ല.

ആന്റണിയുടെ മകനായതുകൊണ്ടാണ് കോൺഗ്രസിൽ ആദ്യം അംഗീകാരം കിട്ടിയതെന്ന് അനിൽ സമ്മതിച്ചിട്ടുണ്ട്. ആ അംഗീകാരം ഇപ്പോൾ കിട്ടാത്തതാണ് പ്രശ്നമായത്. കുറച്ചുകൂടി ക്ഷമിക്കാമായിരുന്നു എന്നു പറഞ്ഞാൽ, കോൺഗ്രസ്‌ മുങ്ങുന്ന കപ്പൽ ആണെന്ന ചിന്തയാണ് അനിലിന് ഉള്ളതെങ്കിലോ? രാഷ്ട്രീയത്തിൽ ഇറങ്ങുന്ന ചെറുപ്പക്കാരെല്ലാം നേട്ടങ്ങൾ സ്വന്തമാക്കുന്നതിൽ അക്ഷമരാണ്.

മഴ ചാറുംമുൻപ് ഉണങ്ങാനിട്ട തുണികൾ വാരിയെടുക്കുന്ന വീട്ടമ്മയുടെ തത്രപ്പാടാണ് അവർക്ക്. ബി. ജെ. പി.

എന്തു ചുമതലയുടെ അംഗീകാരമാകും അനിലിനു നൽകുക?

Mani Pius

Share News