
രാത്രികാലങ്ങളിൽ എങ്കിലും സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തുന്ന വിധം പോലിസ് പട്രോളിങ് ശക്തമാക്കണം.|ടി.ജെ.വിനോദ് എംഎൽഎ
സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ.വിനോദ് എംഎൽഎ അയയ്ക്കുന്ന കത്ത്
പ്രിയപ്പെട്ട കമ്മിഷണർ,
താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ള പൊതുജനം അത്ര സുരക്ഷിതത്വത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും നിരവധിയായ അക്രമ സംഭവ വാർത്തകൾ കേട്ടാണ് നഗരം ഉണർന്നെഴുന്നേൽക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ല വികസന സമിതി യോഗങ്ങളിൽ ഞാൻ പലതവണ ഉന്നയിച്ചിട്ടുള്ള വിഷയമാണിത്. ഇത്രയേറെ അക്രമസംഭവങ്ങൾ നഗരത്തിൽ അരങ്ങേറുമ്പോഴും തങ്ങളുടെ കീഴിലുള്ള പോലിസുകാർ എന്താണു ചെയ്യുന്നതെന്നു ഞാൻ ചോദിച്ചാൽ താങ്കൾ വിഷമം വിചാരിക്കരുത്.
ഇന്നലെ രാത്രി ചിറ്റൂർ ഫെറി റോഡിൽ ഒരു പിതാവിനെയും മകനെയും കാറിൽ വലിച്ചിഴച്ചത് ദൃശ്യ മാധ്യമങ്ങളിൽ നിന്നും അങ്ങ് ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥർ അറിഞ്ഞു കാണുമെന്നു കരുതുന്നു. കലൂരിലെ ഒരു കെട്ടിടത്തിന്റെ മുന്നിൽ ഇരുന്നു മദ്യപിച്ചത് ചോദ്യം ചെയ്ത കെട്ടിട ഉടമയെ മദ്യപാനി ക്രൂരമായ മർദ്ദനത്തിനു വിധേയനാക്കിയ സംഭവവും അങ്ങറിഞ്ഞു കാണുമെന്നു കരുതുന്നു.
മേല്പറഞ്ഞ സംഭവങ്ങളിൽ എല്ലാം തന്നെ പ്രതിയെ പോലീസ് പിടിച്ചിട്ടുണ്ട്, ശരിയാണ്. പക്ഷെ കലൂരിലേത് എന്നും നടക്കാൻ സാധ്യത ഉള്ള ഒരു സംഭവം തന്നെയായിരുന്നു. അന്യസംസ്ഥാനക്കാർ ഉള്പടെയുള്ള സാമൂഹ്യ വിരുദ്ധർ രാത്രീകാലങ്ങളിൽ നഗരത്തിലെ മെട്രോ തൂണുകളുടെ അടിയിലാണ് കിടന്നുറങ്ങന്നത്. ഇവർ പരസ്യമായി മെട്രോ തൂണുകളുടെ അടിയിൽ ഇരുന്നു മദ്യപിക്കുന്നത് പതിവ് കാഴ്ചയാണ്. ഇതെല്ലം നടക്കുന്നത് പോലീസിന്റെ കൺമുന്നിൽ തന്നെയാണ്.
മുൻപും പലതവണയായി തുടർച്ചയായി കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ അക്രമ സംഭവങ്ങൾ നടന്നിട്ടുള്ള കൊച്ചി നഗരത്തിൽ ഇപ്പോൾ സംഭവിക്കുന്നതും ഗുരുതരമായ പോലീസ് വീഴ്ച തന്നെയാണ്. നഗരത്തിലെ സുരക്ഷ ഉറപ്പു വരുത്തുകയെന്നതാണു സിറ്റി പോലിസിന്റെ പ്രഥമ ദൗത്യം. അക്കാര്യത്തിൽ പോലിസിനു ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്ന് പറയാൻ എനിക്കൊട്ടും മടിയില്ല.
നഗരത്തിൽ രാത്രികാലങ്ങളിൽ നടക്കുന്ന പല ക്രിമിനൽ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നത്കൊണ്ട് മാത്രമാണ് പുറം ലോകം അറിയാതെ പോകുന്നത്. രാത്രി കാലങ്ങളിൽ നടക്കുന്ന പല ക്രിമിനൽ പ്രവൃത്തികളുടെയും പിന്നിൽ ലഹരി സംബന്ധമായ തർക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് നഗ്നമായ സത്യമാണ്.
നഗരത്തിന്റെ മുക്കിലും മൂലയിലും ലഹരി ഉപയോഗം വ്യാപകമാണ്. എറണാകുളം നഗരത്തിലെ അംബേദകർ സ്റ്റേഡിയം, കെ.എസ്.ആർ.ടി.സി. പരിസരം, സൗത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്തെ റോഡുകൾ, മറൈൻ ഡ്രൈവ്, എറണാകുളം നോർത്ത് പാലത്തിന്റെ പരിസരം ഉൾപ്പടെയുള്ള ഇടങ്ങളിൽ പൊതുജനങ്ങൾക്ക് രാത്രി കാലങ്ങൾ ഭീകരത നിറഞ്ഞ ഇടങ്ങളാണ്. ഓരോ ദിവസവും ലഹരിയുടെ വലകൾ കൂടുതൽ പേരെ മുറുക്കുകയാണ്. അതിനു ചേരുന്ന വിധത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളും.
ലഹരി സംഘങ്ങൾ പോലിസിനെ ഭയപ്പെടുന്നില്ലെന്നതു തന്നെ കരുതണം. അതുകൊണ്ടാണ് ഇത്രയും വ്യാപകമായ രീതിയിൽ ലഹരി ഇടപാടുകൾ ഇവിടെ നടക്കുന്നത്. ലഹരിയുടെ പിടിയിൽ നിന്നു നമ്മുടെ നാടിനെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തവും നിയമപാലകർക്കുണ്ട്. മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിക്കാൻ പോലീസ് കാണിക്കുന്ന ശുഷ്ക്കാന്തി ലഹരി മരുന്ന് പരിശോധനകൾക്കില്ല എന്നത് യാഥാർഥ്യമാണ്. ഈ വിഷയം നാളെ പത്രമാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ രാത്രികാല പരിശോധനകൾക്കിറങ്ങും, അത് മറ്റൊരു വാർത്തയാവും. ഒന്നോ രണ്ടോ ദിവസം കൊണ്ട് എല്ലാം പഴയപടി തന്നെ ആവും.
പോലിസും എക്സൈസും ചേർന്ന് ഇതിനു തടയിടാനുള്ള നിരവധി പദ്ധതികൾ പല പേരുകളിൽ ആവിഷ്ക്കരിച്ചിട്ടുണ്ട് എങ്കിലും ഒന്നും 100 % ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല എന്നത് മറ്റൊരു സത്യമാണ്. രാത്രികാലങ്ങളിൽ എങ്കിലും സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തുന്ന വിധം പോലിസ് പട്രോളിങ് ശക്തമാക്കണം. സ്റ്റേഷനുകളിൽ ആവശ്യത്തിന് പോലീസുകാരില്ല എന്ന കാരണം കേട്ട് മടുത്തു, പോലീസ് ക്യാമ്പിൽ നിന്നും പൊലീസുകാരെ ഉപയുകതമാക്കി രാത്രീ പരിശോധന കൃത്യമാക്കണം.

അക്രമണങ്ങൾക്കും ലഹരി ഇടപാടുകളെയും തടയാൻ താങ്കളും പോലിസും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്ന മുഴുവൻ കാര്യങ്ങൾക്കും മുൻകൂട്ടി തന്നെ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. നഗരത്തിനു പൂർണ സുരക്ഷ ഉറപ്പാക്കാൻ താങ്കൾളുടെ നേതൃത്വത്തിലുള്ള പൊലീസിന് സാധിക്കട്ടെ. വീടുകളിൽ ധൈര്യമായിരിക്കാൻ ഓരോ നഗരവാസിക്കും കഴിയുന്ന വിധത്തിൽ ഈ നാടു മാറുമെന്ന പ്രതീക്ഷയോടെ.
സ്നേഹപൂർവം,

ടി.ജെ.വിനോദ് എംഎൽഎ