ഇതിനൊക്കെ ഇക്കാലമത്രയും മാധ്യമങ്ങൾ ചൂട്ടു പിടിച്ചുകൊടുത്തില്ലേ എന്ന് ചോദിച്ചാൽ അധികമൊന്നും നിഷേധിക്കാനാവില്ല.
” നിങ്ങൾക്ക് എന്നെ അറിയില്ലേ? ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ എങ്ങനെയാണ് നിങ്ങൾക്ക് അന്യരായി മാറിയത്? ” A. M. M. A യുടെ പ്രസിഡന്റ് ആയിരുന്ന നടൻ മോഹൻലാലിന്റെ വാർത്താസമ്മേളനം ഇന്ന് ചാനലുകളിൽ ലൈവായി കണ്ടുകൊണ്ടിരിക്കെ, നടൻ മാധ്യമപ്രവർത്തകർക്കു നേരെ ഏറെ ദയനീയത നടിച്ചുകൊണ്ട് പൊഴിച്ച ഈ ചോദ്യം ഏറെ ശ്രദ്ധേയവും രസകരവുമായി തോന്നി.
കൂട്ടത്തിൽ മറ്റൊന്ന് കൂടി നടൻ അതിനു മുൻപ് തൊടുത്തിട്ടിരുന്നു, ‘ അമ്മ ‘ യ്ക്ക് ഏറ്റവും കൂടുതൽ ഷോകൾ നൽകിയിട്ടുള്ളത് മീഡിയ അല്ലേ എന്ന്!! വാസ്തവത്തിൽ എത്ര യാഥാർഥ്യം നിറഞ്ഞതാണത്, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോഴും A. M. M. A എന്ന താരസംഘടന മലയാളത്തിലെ ഏറ്റവും വലിയൊരു മാധ്യമം ഉൾപ്പെട്ട സ്റ്റേജ് ഷോയുടെ തിരക്കിലായിരുന്നു.
യഥാർത്ഥത്തിൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ തന്നെയല്ലേ, ( ഭരണകൂടങ്ങളും ) മറ്റൊരു മേഖലയിലും കാണാത്ത വിധം ചലച്ചിത്ര താരങ്ങളെയും താരസംഘടനയേയും മാനത്തു നിർത്തി ഏറ്റവും കൂടുതൽ വാഴിക്കുകയും വാഴ്ത്തുകയും വളർത്തുകയും സമൂഹത്തിലെ ഏറ്റവും പ്രിവിലേജുള്ള വർഗ്ഗങ്ങളിലൊന്നായി സാമാന്യ ജനത്തെ കൊണ്ട് നിലനിർത്തിപ്പോരുകയും ചെയ്തിട്ടുള്ളത്.
ഏത് ചെറിയ വിശേഷ സന്ദർഭങ്ങളിൽ പോലും ഇവരെയും ചലച്ചിത്ര രംഗത്തുള്ള മറ്റ് മഹാന്മാരെയുമല്ലാതെ മറ്റാരെയാണ് ടി വി ചാനലുകളിൽ ഘോഷിച്ചു കണ്ടിട്ടുള്ളത്. ഇതൊക്കെ ചെയ്യുമ്പോഴും ഇപ്പോൾ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്ന ലൈംഗിക വിഷയങ്ങളും മാംസക്കച്ചവടങ്ങളും ലഹരിവിഷയങ്ങളും ഒപ്പം നിരവധി മറ്റനീതികളും കള്ളപ്പണമൊഴുക്കുമൊക്കെ മാധ്യമരംഗത്ത്, വിശേഷിച്ചും ദൃശ്യമാധ്യമ രംഗത്തുള്ളവർക്ക് അറിയാമായിരുന്നില്ലെന്ന് ആർക്കാണ് പറയാൻ കഴിയുക. അതൊക്കെ പൊതുസമൂഹത്തെ യഥാസമയങ്ങളിൽ അറിയിക്കാതെ പിന്നിൽ പൊതിഞ്ഞു വച്ചുകൊണ്ടല്ലേ മാധ്യമങ്ങൾ താരങ്ങളെയും ഈ രംഗത്തുള്ള ശേഷം പേരെയും നിരത്തി നിരന്തരം സ്റ്റേജ് ഷോകൾ നടത്തുകയും മറ്റ് ഘോഷങ്ങളും വാഴ്ത്ത് പാട്ടുകളും നടത്തുകയും ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു ദിവസം കൊണ്ട് ഞങ്ങൾ നിങ്ങൾക്കെന്നെ അന്യരായി എന്ന് ചോദിച്ചതു കേട്ടപ്പോൾ ചിരിച്ചുപോയി.
വാസ്തവത്തിൽ ഇതൊക്ക തന്നെയല്ലേ സത്യം. അതേ മാധ്യങ്ങൾ തന്നെ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന മലീമസ വെളിപ്പെടുത്തലുകൾ ദിവസം മുഴുവൻ ആവേശപൂർവം ആഘോഷിച്ചു കൊണ്ടിരിക്കുന്നത് പൊതുസമൂഹത്തോട് എന്തെങ്കിലും ആത്മാർത്ഥത കൊണ്ടല്ല, മറിച്ച് റേറ്റിങ്ങിനു വേണ്ടിയുള്ള മത്സരവും വില്പനയും മാത്രമാണ്. അതുകൊണ്ടാണ് സിനിമാ രംഗത്തെ ലൈംഗിക വിഷയങ്ങൾ മാത്രം ചാനലുകൾ ദിവസം മുഴുവൻ അത്യാവേശപൂർവ്വം ആഘോഷിച്ചുകൊണ്ടിരിക്കുന്നത്.
ഒരു ചാനൽ അവതാരകൻ നിത്യവും ചൂട് ചായക്കൊപ്പം ചൂട് വാർത്തയുമെന്ന് ആർത്തുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മറ്റൊരു ദുരന്തം നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള സിനിമാ രംഗത്തെ മറ്റ് അനീതികൾ ഏതാണ്ട് മുഴുവനും യാതൊരു ഗൗരവവും നൽകാതെ, പരാമർശിക്കപ്പെടുക പോലും ചെയ്യപ്പെടാതെ മൂടപ്പെടുകയാണ്.
ലൈംഗിക വിഷയങ്ങൾ സിനിമയിൽ മാത്രമല്ല, മറ്റെല്ലാ രംഗങ്ങളിലും ഉണ്ടെന്ന് ഇതിനിടെ മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരിക്കുന്നതും സാമാന്യവൽക്കരിക്കുന്നതും ആവർത്തിച്ചു കണ്ടു.
വാസ്തവത്തിൽ സിനിമാ രംഗത്തല്ലാതെ മറ്റേത് രംഗത്താണ് ഇത്രയേറെ ലൈംഗിക ആറാട്ടും ലൈംഗിക ചൂഷണങ്ങളും പതിറ്റാണ്ടുകളായി നടന്നുവരുന്നത്.
അവസരങ്ങൾ നല്കാൻ സ്ത്രീ ശരീരം പിടിച്ചുവാങ്ങുന്നത്. ഏത് രംഗത്താണ് അമ്മമാർ പെണ്മക്കളെയും കൊണ്ട് അവസരം തേടി എന്തിനും സന്നദ്ധരായി കയറിയിറങ്ങുന്നത്. ലൈംഗിക ചൂഷണത്തിനു വേണ്ടി മാത്രം കോടികൾ മുടക്കി എത്ര സിനിമകളാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത്.. ഇതിനൊക്കെ ഇക്കാലമത്രയും മാധ്യമങ്ങൾ ചൂട്ടു പിടിച്ചുകൊടുത്തില്ലേ എന്ന് ചോദിച്ചാൽ അധികമൊന്നും നിഷേധിക്കാനാവില്ല.
ജോയി പീറ്റർ