
സന്യാസിനിയും പ്രഥമാധ്യാപികയും പിന്നെ, ഡ്രൈവറും
*സന്യാസിനിയും പ്രഥമാധ്യാപികയും പിന്നെ, ഡ്രൈവറും*
വയലാര്‍ ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂളിലെ സിസ്റ്റര്‍ മേരിബോണ ലോറന്‍സിനു മൂന്ന് ഉത്തരവാദിത്വങ്ങളാണ്: പഠിപ്പിക്കണം, പ്രധാനാധ്യാപികയുടെ ഭരണച്ചുമതല നിർവഹിക്കണം, പിന്നെ, രാവിലെയും വൈകീട്ടും സ്കൂൾ വാൻ ഓടിക്കണം!
അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍കരുതുന്നത്. ഡ്രൈവറാകുന്നതു രസത്തിനല്ലെന്ന് സിസ്റ്റര്‍ പറയും. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവര്‍ക്കായി സ്‌കൂള്‍ മാനേജ്മെന്റാണ് വാന്‍ നല്‍കിയത്. സ്ഥിരംഡ്രൈവറെ വെച്ചാല്‍ സാമ്പത്തികഭാരം രക്ഷിതാക്കൾ വഹിക്കേണ്ടിവരും. അതിനാലാണ് സിസ്റ്റര്‍ ഡ്രൈവിങ് സീറ്റില്‍ കയറിയത്. രണ്ടു വര്‍ഷം മുന്‍പാണ് പ്രധാനാധ്യാപികയുടെ ചുമതലയേറ്റത്. അന്നുമുതല്‍ വാനിന്റെ ഡ്രൈവറുമാണ്…
രാവിലെ എട്ടരയ്ക്കു തുടങ്ങും ഡ്രൈവറുടെ ജോലി. വയലാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മൂന്നു തവണയായാണ് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത്. 9.45-ന് അവസാന ട്രിപ്പ് എത്തിയാല്‍ സീറ്റു മാറും. പിന്നെ പ്രഥമാധ്യാപിക. വൈകുന്നേരവും ഇതുപോലെ മൂന്നുതവണ യാത്ര. സിസ്റ്റര്‍ക്ക് അസൗകര്യമുള്ളപ്പോള്‍ മാത്രം ഡ്രൈവറായി മറ്റൊരാള്‍ വരും. കൊച്ചി രൂപതയുടെ കീഴിലുള്ള സ്‌കൂളാണിത്. 112 വിദ്യാര്‍ഥികളുണ്ട്. പകുതിയിലേറെപ്പേര്‍ക്കും യാത്രയ്ക്ക് സ്‌കൂള്‍ വാനാണ് ആശ്രയം.
അധ്യാപകരാരെങ്കിലും സഹായിയായി വാനിലുണ്ടാകും. താത്കാലികക്കാര്‍ ഉള്‍പ്പെടെ ഏഴ് അധ്യാപകരുണ്ട്. പ്രീ-പ്രൈമറിയടക്കം ആറു ഡിവിഷനുകള്‍. പൊതുപ്രവര്‍ത്തകനായ ലോറന്‍സിന്റെയും അല്‍ഫോണ്‍സയുടെയും മകളാണ് സിസ്റ്റര്‍ മേരിബോണ. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കൺസംപ്ഷൻ സന്യാസസമൂഹാംഗമാണ്. ഇറ്റലിയില്‍നിന്നാണ് സിസ്റ്ററുടെ ഡ്രൈവിങ്ങിന്റെ തുടക്കം. കൊല്ലം ജില്ലയിലെ വാടി സ്വദേശിനിയായ ഇവര്‍ 1994-ലാണ് ഇറ്റലിയിലെത്തിയത്. അവിടെവെച്ചാണ് സന്ന്യാസിനീവ്രതം സ്വീകരിച്ചത്. വാഹനമോടിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഡ്രൈവിങ് പഠിച്ചു… ഇപ്പോള്‍ എല്ലാ വാഹനങ്ങളും ഓടിക്കും. 2000-ല്‍ കേരളത്തിലെത്തിയപ്പോള്‍ ലൈസന്‍സ് എടുത്തു. 2006-ല്‍ വയലാര്‍ സ്‌കൂളിലാണ് അധ്യാപികയായി തുടങ്ങിയത്. ഇടയ്ക്കു നാലുവര്‍ഷം കൊച്ചിയിലെ സ്‌കൂളിലായിരുന്നു. ബാക്കി 15 വര്‍ഷവും ഇവിടെത്തന്നെയായിരുന്നു…….
കടപ്പാട്: മാതൃഭൂമി