
മന്ത്രിസഭായോഗ തീരുമാനങ്ങൾ (11/02/2026)
—-
നെല്ല് സംഭരണം; സപ്ലൈക്കോയുടെ ബാധ്യത അനുവദിക്കും
നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിൻ്റെ ഔട്ട് ടേൺ റേഷ്യോ ( ഒ.ടി. ആർ ) 68% ൽ നിന്നും 64.5% ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തത് മൂലം സപ്ലൈകോയ്ക്ക് 2019- 20 സീസൺ മുതൽ 2021- 22 വരെയുള്ള സംഭരണ വർഷങ്ങളിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 253.06 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു.
2017 സെപ്റ്റംബറിൽ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത്, നെല്ല് സംസ്കരണത്തിൽ കിട്ടുന്ന അരിയുടെ ഔട്ട് ടേൺ റേഷ്യോ ( OTR ) കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 68% കിട്ടുന്നില്ല എന്ന കാരണത്താൽ മില്ലുടമകൾ യഥാസമയം നെല്ലടുക്കാൻ വിസമ്മതിച്ചിരുന്നു. ഔട്ട് ടേൺ റേഷ്യോ ഒരു ക്വിൻ്റൽ നെല്ലിന് 68% നിന്നും 64.5 % ആയി കേന്ദ്ര സർക്കാർ കുറവ് വരുത്തുന്നത് വരെയുള്ള സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ വഹിക്കുന്നതാണെന്ന് 2018 ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കൊച്ചി മെട്രോ രണ്ടാംഘട്ടം; 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി
ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നും 1016.24 കോടി രൂപ വായ്പയെടുക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് അനുമതി നൽകി. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിന് കെ.എം.ആർ.എൽ നെ ചുമതലപ്പെടുത്തി.
കുട്ടനാട് പാക്കേജ്
കുട്ടനാട് പാക്കേജിൻ്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച കുട്ടനാട് വികസന ഏകോപന കൗൺസിലിൻ്റെ ഘടനയിലും പ്രവർത്തനത്തിലും ഭേദഗതികൾ വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. സെൻട്രൽ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് – കുട്ടനാട് മേഖലാ വികസനം ( CPPU – KRD ) ഇസ്ലിമെൻ്റേഷൻ ആൻഡ് ടെക്നിക്കൽ കമ്മിറ്റി, വർക്കിംഗ് ഗ്രൂപ്പുകൾ, കുട്ടനാട് സെൽ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ഘടന വരുന്നത്.
കുട്ടനാട് വികസന ഏകോപന കൗൺസിലിൻ്റെ കൺവീനറായി ചീഫ് സെക്രട്ടറിയെ നിശ്ചയിച്ചു. കൃഷി, ജലവിഭവ, ഫിഷറീസ്, മൃഗസംരക്ഷണ മേഖലകൾ കൈകാര്യം ചെയ്യുന്ന ആസൂത്രണ ബോർഡ് അംഗം കൗൺസിലിൽ അംഗമായിക്കും.
സംസ്ഥാന ആസൂത്രണ ബോർഡ് തലത്തിൽ സെൻറർ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖല വികസനത്തിനായി രൂപീകരിക്കും.
കുട്ടനാട് പാക്കേജ് സ്പെഷ്യൽ ഓഫീസർ കൂടിയായ ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറിക്ക് സെൻട്രൽ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖലാ വികസനം സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണം. ഐടി, ധനകാര്യം, ജലവിഭവ മേഖലകളിൽ നിന്നുള്ള വിദഗ്ധർ കൂടി ഉൾപ്പെടുത്തി (CPPU-KRD) പ്രവർത്തിക്കും.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ അധ്യക്ഷനായും ജില്ലാ കളക്ടർ കൺവീനർ ആയും ഇംപ്ലിമെൻ്റേഷൻ & ടെക്നിക്കൽ കമ്മിറ്റികൾ നിലവിൽ വരും. ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ അംഗങ്ങളായിരിക്കും. രൂപീകരിക്കുന്ന ഇംപ്ലിമെൻ്റേഷൻ & ടെക്നിക്കൽ കമ്മിറ്റികൾ ജില്ലാ ആസൂത്രണ സമിതിയുടെ ഉപസമിതി ആയി പ്രവർത്തിക്കും. ജോയിന്റ് രജിസ്ട്രാർ സഹകരണം, പ്രോജക്ട് കോഡിനേറ്റർ, എം എൻ ആർ ഇ ജി എസ്, എന്നിവർ കൂടി ജില്ലാതല ഇംപ്ലിമെൻ്റേഷൻ & ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ ആയിരിക്കും.
വകുപ്പുകൾ തയ്യാറാക്കുന്ന പദ്ധതി നിർദ്ദേശങ്ങൾ കമ്മിറ്റി പരിശോധിച്ചു സെൻട്രൽ പ്രൊസസിങ് യൂണിറ്റ് കുട്ടനാട് മേഖല വികസനം (CPPU-KRD) ക്ക് കൈമാറണം. അന്തർ ജില്ലാ പദ്ധതികൾ ഡിപിസികളുമായി കൂടിയാലോചിച്ച് വകുപ്പുകൾ തയ്യാറാക്കും.
CPPU-KRD നിർദേശങ്ങൾ പാലിച്ച് അഞ്ചു കോടി രൂപ വരെയുള്ള പദ്ധതികൾക്ക് ജില്ലാ തലത്തിൽ ഭരണാനുമതി നൽകേണ്ടതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും പദ്ധതി നടത്തിപ്പിലും നിലവിലുള്ള നടപടിക്രമങ്ങൾ പാലിക്കണം.
കുട്ടനാട് വികസന ഏകോപന കൗൺസിലിന്റെ സംസ്ഥാനതല സെക്രട്ടറിയേറ്റ് ആയി ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിൽ കുട്ടനാട് സെൽ രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തി. ഇതിന്റെ ഏകോപനത്തിനായി വിവിധ സ്റ്റേറ്റ് ഹോൾഡർ വകുപ്പുകളെയും ഏജൻസികളെയും ഉൾപ്പെടുത്തി മൂന്ന് വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കുട്ടനാട് വികസന ഏകോപന കൗൺസിലിൻ്റെ ഘടനയിലും പ്രവർത്തനത്തിലും ഭേദഗതികൾ ഉൾപ്പെടുത്തി പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കും.
കെ പി പി എല്ലിന് 741 കോടിയുടെ വിപുലീകരണ പദ്ധതി
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂർ കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എൽ) ആവിഷ്കരിച്ച 741 കോടി രൂപ മുതൽ മുടക്കുള്ള ബൃഹത്തായ തുടർ വികസന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഉല്പാദനശേഷി വര്‍ദ്ധിപ്പിക്കലും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019 ൽ കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയ വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം പുതുതായി രൂപീകരിച്ചതാണ് കെ.പി.പി.എൽ.
സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും, കെ.എസ്.ഐ ഡി.സി യുടെ ഓഹരി പങ്കാളിത്തമായി 25 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോര്‍ഷ്യം വഴി ലഭ്യമാക്കും. വിപണി ആവശ്യങ്ങളും, പ്ലാസ്റ്റിക്ക് നിരോധനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും, ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേർന്ന് ഉയർന്ന നിലവാരത്തിലുള്ള പേപ്പർ ഉൽപന്നങ്ങൾക്ക് വലിയ വളർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. ഇ-കോമേഴ്സ്, ഭക്ഷ്യവസ്തുകളുടെ വിതരണം, റീട്ടെയിൽ എന്നീ മേഖലകളുടെ വളര്‍ച്ചയോടൊപ്പം പേപ്പർ ഉൽപ്പന്നങ്ങളുടെ ആവശ്യവും ഗണ്യമായി ഉയർന്നു വരികയാണ്. നോട്ട് ബുക്കുകൾ, ടെക്സ്റ്റ് ബുക്കുകൾ, ഓഫീസ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന റൈറ്റിംഗ് & പ്രിന്റിoഗ് പേപ്പർ, കോപ്പിയർ പേപ്പർ മുതലായ പേപ്പർ ഉല്‍പ്പന്നങ്ങൾക്കും രാജ്യവ്യാപകമായി ആവശ്യം നിരന്തരം ഉയരുന്നുണ്ട്.
അതേ സമയം സ്പെഷ്യാൽറ്റി ഗ്രേഡുകളുടെയും, ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും, റൈറ്റിംഗ് & പ്രിന്റിംഗ് പേപ്പർ ഗ്രേഡുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണെങ്കിലും ഉയർന്ന ചരക്കുകൂലി നൽകി ഇവയെല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഒരു ‘പേപ്പർ ക്ലസ്റ്റർ’ രൂപീകരിച്ച് സാധ്യതകളെ പൂർണ്ണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാന്റുകൾ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമ മാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവ് ഉള്ള സ്ഥാപനം ആയി കെ.പി.പി.എല്‍ മാറും. 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.
സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ ‘വനിതാ നയം 2026’
സംസ്ഥാനത്തെ പുതിയ വനിതാ നയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. നവകേരളം എന്നത് സ്ത്രീപക്ഷ കേരളമായിരിക്കും എന്ന ലക്ഷ്യത്തോടെ, 2009ലെ വനിതാ നയം കാലാനുസൃതമായി പരിഷ്കരിച്ചാണ് വനിതാ നയം 2026 പുറത്തിറക്കിയത്. ആധുനിക കാലഘട്ടത്തിലെ ആവശ്യങ്ങള്‍ക്കനുസൃതമായി സ്ത്രീകളുടെ സുരക്ഷ, തൊഴില്‍ അവകാശങ്ങള്‍, നിയമങ്ങള്‍, ഗോത്രസമൂഹം, തീര ദേശം എന്നിങ്ങനെ പല മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഈ നയം രൂപീകരിച്ചിരിക്കുന്നത്.
മുതിർന്ന പൗരന്മാരുടെ സംസ്ഥാന നയം; കരട് അംഗീകരിച്ചു
മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കൂന്നതിനുള്ള സംസ്ഥാന നയം-2026 കരട് അംഗീകരിച്ചു. മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള പരിഷ്കരിച്ച കേരള സംസ്ഥാന നയം മന്ത്രിസഭായോഗം അംഗീകരിച്ചു. സഹകരണ മനോഭാവമുള്ള, ഉത്തരവാദിത്തബോധമുള്ള സർക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണയോടെ, ഒരു മുതിർന്ന വ്യക്തിപോലും അവഗണിക്കപ്പെടാത്ത, എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യതയുള്ളതുമായ വയോജനസൗഹൃദ സമൂഹത്തെ വളർത്തിയെടുത്ത് കേരളത്തിലെ മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും സജീവ പങ്കാളിത്തവും ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെയാണ് പുതിയ വയോജനനയത്തിന് രൂപം നൽകിയിരിക്കുന്നത്.
മലയോര വികസന എംപവേർഡ് കമ്മിറ്റി രൂപീകരിക്കും
മലയോര വികസന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി മലയോര വികസന എംപവേർഡ് കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർപേഴ്സണും കൃഷി വനം വകുപ്പ് മന്ത്രിമാർ വൈസ് ചെയർപേഴ്സൺമാരും ചീഫ് സെക്രട്ടറി കൺവീനറുമാകും.
ആധുനിക സാങ്കേതികവിദ്യയും ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കലും ഉപയോഗിച്ച് മനുഷ്യ-വന്യജീവി സംഘർഷത്തിന് “സീറോ-കാഷ്വാലിറ്റി” നയം നടപ്പിലാക്കുകയാണ് കമ്മിറ്റിയുടെ ഒരു ലക്ഷ്യം. പശ്ചിമഘട്ട സമ്പദ് വ്യവസ്ഥയെ ‘ചരക്ക് അധിഷ്ഠിതത്തിൽ നിന്ന് “മൂല്യവർദ്ധിത’ ത്തിലേക്ക് മാറ്റും. വന്യജീവി ആക്രമണത്തിലൂടെ വിള നഷ്ടപ്പെടുന്ന കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തും. പാരിസ്ഥിതിക ചട്ടങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, മലയോര ഹൈവേ, റോപ് വേകൾ, എയർസ്ട്രിപ്പുകൾ തുടങ്ങിയ പദ്ധതികൾക്കുള്ള തടസ്സങ്ങൾ നീക്കും. പരിസ്ഥിതി സംവേദനക്ഷമതയുള്ള മേഖലകളുടെ അതിരുകൾ അന്തിമമാക്കുകയും വനേതര ഭൂമികളിൽ പട്ടയം വിതരണം വേഗത്തിലാക്കുകയും ചെയ്യും. കാർഷിക വിളകളുടേയും സുഗന്ധവ്യഞ്ജനങ്ങളുടേയും വിപണനം ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും. വന്യജീവി സംരക്ഷണ നിയമം ജനാനുകൂലമായി നടപ്പാക്കും. ഓരോ 3 മാസത്തിലും കമ്മിറ്റി യോഗങ്ങൾ കൂടും. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും, ജില്ലാ കളക്ടർമാരിൽനിന്നു നേരിട്ടും ലഭിക്കുന്ന പദ്ധതികൾ/വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യും.
പിപിപി മാതൃകയിൽ വികസിപ്പിക്കും
കേരള മാരിടൈം ബോർഡിനു കീഴിലുള്ള കൊല്ലം, ബേപ്പൂർ എന്നീ തുറമുഖങ്ങൾ പിപിപി മാതൃകയിൽ വികസിപ്പിക്കുന്നതിന് കേരള മാരിടൈം ബോർഡിന് അനുമതി നൽകി. വിഴിഞ്ഞം അഴീക്കൽ തുറമുഖങ്ങളെ ഒഴിവാക്കി കൊല്ലം ബേപ്പൂർ തുറമുഖങ്ങൾക്ക് ഫീസിബിലിറ്റ് സ്റ്റഡി നടത്തും. കൊല്ലം ബേപ്പൂർ തുറമുഖങ്ങൾ സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി ഓരോ തുറമുഖത്തിനും പറ്റിയ മാതൃത ഉണ്ടാക്കും.
പ്രത്യേക കോടതികൾ
തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എൻഡിപിഎസ് കേസുകളുടെ വിചാരണയ്ക്കായി 4 പുതിയ തസ്തികകൾ സൃഷ്ടിച്ച് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിന് അനുമതി നൽകി.
ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം
തിരുവനന്തപുരം കാച്ചാണി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നിരുന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് മരണപ്പെട്ട നിഷ എസ് ശർമ്മയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.
കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്ന അടിമാലി സ്വദേശി സന്ധ്യമോൾ ബിജുവിന് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു.
ഹയർഗേഡുകൾ
കേരള ഫീഡ്സ് ലിമിറ്റഡ് കമ്പനിയിൽ വർക്ക്മെൻ വിഭാഗം ജീവനക്കാർക്ക് മുന്ന് പുതിയ ഹയർഗേഡുകൾ കുടി നൽകും.
മുദ്രവിലയിൽ ഇളവ്
പിണറായി ഗ്രാമപഞ്ചായത്തിലെ മഹാത്മജി ചാരിറ്റബിൾ ട്രെസ്റ്റിന് സ്റ്റേഡിയം നിർമ്മിക്കുന്നതിന് വാങ്ങുന്ന വസ്തുവിൻറെ രജിസ്ട്രേഷനാവശ്യമായ മുദ്രവിലയിൽ
ഇളവ് നൽകും.
എറണാകുളം തിരുവാങ്കുളം വില്ലേജിൽ ട്രാക്കോ കേബിൾ കമ്പനിയുടെ 33.5 ഏക്കർ ഭൂമി ഇൻഫോപാർക്ക്സ് കേരളയ്ക്ക് കൈമാറുന്നതിൻ്റെ രജിസ്ട്രേഷന് മുദ്രവിലയിലും, രജിസ്ട്രേഷൻ ഫീസിലും ആവശ്യമായ 21,47,47,632/- രൂപ ഇളവ് ചെയ്ത് നൽകും.
എറണാകുളം കാലടി പഞ്ചായത്തിലെ 4.05 ആർ ഭൂമി എസ് എൻ ഡി പി ക്ലബ്ബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം എന്ന സ്ഥാപനത്തിന് സൗജന്യമായി കൈമാറുന്നതിന്റെ ആധാര രജിസ്ട്രേഷന് മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ആവശ്യമായ 1,44,350 രൂപ ഇളവ് ചെയ്ത് നൽകി.
കൊല്ലം തൃക്കടവൂർ വില്ലേജിലെ 79 ആർ 50 സ്ക്വയർ മീറ്റർ സ്ഥലം The Quilon Poor Home എന്ന സ്ഥാപനത്തിന് കൈമാറുന്നതിന്റെ രജിസ്ട്രേഷന് മുദ്രവിലയിൽ ആവശ്യമായ 22,78,760 രൂപ ഇളവ് ചെയ്ത് നൽകി.
സർക്കാർ ഗ്യാരൻ്റി
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന് നാഷണൽ ദിവ്യാംഗ്ജൻ ഫിനാൻസ് ഡെവലപ്മെന്റ് കോർപറേഷനിൽ നിന്ന് വായ്പ ലഭ്യമാകുന്നതിന് 50 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരൻ്റി 8 വർഷത്തേയ്ക്ക് അനുവദിച്ചു.
ഭൂമി കൈമാറ്റം
വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയുടെ ഡയറി സയൻസ് കോളേജിന് കെട്ടിടം നിർമ്മിക്കുന്നതിനും ക്ഷിര വികസന വകുപ്പിന് പുൽകൃഷി നടത്തുന്നതിനുമായി കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് വില്ലേജിലെ 6.4749 ഹെക്ടർ (16 ഏക്കർ) ഭൂമി ക്ഷിര വികസന വകുപ്പിന് നിബന്ധനകളോടെ കൈമാറും.
നഷ്ടപരിഹാരം അനുവദിക്കും
വടുതല-പെരുമ്പളം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്യേണ്ടി വന്ന കുഞ്ഞൻ സോമൻ പാറയിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള 19 ഊന്നി വലപ്പാടുകൾക്ക് വല ഒന്നിന് ഒരു ലക്ഷം രൂപ നിരക്കിൽ 19 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കും.
ഭൂമി പാട്ടത്തിന് അനുവദിക്കും
കണ്ണൂര്‍ വെളിയമ്പ്രയില്‍ കുടിവെള്ള പദ്ധതിക്കായി കേരളാ വാട്ടര്‍ അതോറിറ്റിക്ക് ഭൂമി പാട്ടത്തിന് അനുവദിക്കും. ആറിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്കാണ് പട്ടത്തിന് അനുവദിക്കുക.
ടെണ്ടർ അംഗീകരിച്ചു
General ASE works-Construction and Reformation of Kappad seawall in between CP 1911 and CP 1919 in Koyilandy Constituency in Kozhikode District എന്ന പ്രവൃത്തി 6,51,28,302 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
കുട്ടനാട് രാമങ്കരി പഞ്ചായത്തിലെ കഞ്ചിക്കൽ പാടശേഖരത്തിലെ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തിക്കുള്ള 1,72,85,383 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
കൊല്ലം ജില്ലയിലെ Budget 2024-25-(Upgradation with BM &BC-2.000 km)- Providing BM and BC to Madannada -Thampuranmukk-Veliyilkshethram-Pattathilkadavu-Shankhumukham-Velamvayal road and connecting roads in Vadakkevila Zone under kollam corporation-General Civil Work, in Eravipuram LAC.” എന്ന പ്രവൃത്തിക്ക് 3,27,98,885 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
