ഡിജോയുടെ പോരാട്ടങ്ങൾ അവസാനിക്കുമ്പോഴും അദ്ദേഹം പകർന്നു നൽകിയ നല്ല പാഠങ്ങളും, മാതൃകകളും നമുക്കും സമൂഹത്തിനും മുന്നിലുണ്ട്.

Share News

പ്രിയപ്പെട്ട ഡിജോയുടെ വേർപാട് ഹൃദയം നുറുക്കുന്നതാണ്. അദ്ദേഹം ഇനി ഇല്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുക എന്നെ സംബന്ധിച്ച് ഒരുകാലത്തും സാധ്യമാവില്ല എന്നും ഉറപ്പുണ്ട്.

പൊതുജീവിതത്തിൽ എന്നെ വഴി നടത്തിയ സഹോദര/ സുഹൃത്ത് സാന്നിധ്യവും, സംരക്ഷണ വലയവുമായിരുന്നു ഡിജോ. രാഷ്ട്രീയ എതിരാളികൾ ഒരുക്കിയ വാരിക്കുഴികളെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുകയും എനിക്കുവേണ്ടി പ്രതിരോധം തീർക്കുകയും ചെയ്ത സുരക്ഷാ കവചം കൂടിയാണ് ഇന്ന് നഷ്ടമായത്.

ആദർശ ശുദ്ധിയിലോ നിലപാടുകളിലോ വിട്ടുവീഴ്ച ചെയ്യുവാനോ വെള്ളം ചേർക്കുവാനോ താല്പര്യമില്ലാത്തതിനാൽ രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ച വ്യക്തിത്വം കൂടിയാണ് ഡിജോ കാപ്പൻ.

കേരള കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെ എസ് സി സംസ്ഥാന അധ്യക്ഷൻ, യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ, പാർട്ടി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ രംഗത്തെ ഉദിച്ചുയരുന്ന താരം കൂടിയായിരുന്നു ഒരു കാലഘട്ടത്തിൽ ഡിജോ. കോളേജ് യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ,യൂണിവേഴ്സിറ്റി സെനറ്റ് അംഗം യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് സമാനതകൾ ഇല്ലാത്ത നേട്ടം കൈവരിച്ച വ്യക്തിത്വം കൂടിയാണ് ഡിജോ. തൻറെ മനസ്സാക്ഷിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ തയ്യാറല്ലാത്തതിനാൽ രാഷ്ട്രീയ രംഗം പൂർണമായും ഉപേക്ഷിച്ചുകൊണ്ട്, ജനസേവനമാണ് തന്റെ കർമ്മബന്ധം എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, പൊതുജനങ്ങൾക്ക് വേണ്ടിയായിരുന്നു കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പ്രവർത്തനങ്ങളും. കെഎസ്ഇബിയും, കെഎസ്ആർടിസിയും ആയി ബന്ധപ്പെട്ട പൊതുജനങ്ങളുടെ വിഷയങ്ങളും ഉപഭോക്തൃ സംരക്ഷണ നിലപാടുകളും ഏറ്റെടുത്ത് കേരള സമൂഹ മനസാക്ഷിയുടെ ശബ്ദമായി ഡിജോ നിലകൊണ്ടു.

രാഷ്ട്രീയരംഗം പൂർണ്ണമായി ഉപേക്ഷിച്ചുവെങ്കിലും കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഉന്നതരായ നേതാക്കളുമായി വ്യക്തിബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഒരിക്കൽപോലും സ്വന്തം താല്പര്യങ്ങൾക്ക് പരിഗണന നൽകിയിരുന്നില്ല. മറ്റുള്ളവരുടെ പ്രശ്നം സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് അതിനു പരിഹാരം കാണുവാൻ ഏതറ്റം വരെയും പോകുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ശൈലി. ഇത്തരം പോരാട്ടങ്ങൾ ആയിരുന്നു അദ്ദേഹത്തിൻറെ വ്യക്തിമുദ്ര. 2004ൽ മൂവാറ്റുപുഴ പാർലമെൻറ് മണ്ഡലത്തിൽ നിന്നുള്ള പി സി തോമസിന്റെ വിജയത്തിന് പിന്നിലും, 2016ൽ തൃക്കാക്കര നിയോജക മണ്ഡലത്തിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥി പി ടി തോമസിന്റെ വിജയത്തിന് പിന്നിലും, 2021ൽ പാലാ നിയോജകമണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എന്റെ വിജയത്തിന് പിന്നിലും ഡിജോ എന്ന സംഘാടകന്റെ കയ്യൊപ്പ് ഉണ്ട്.

സംശുദ്ധമായ ജീവിതം നയിച്ചും സഹജീവികൾക്ക് വേണ്ടി പടപൊരുതിയും സ്വർഗ്ഗത്തിന് ഉടമയായ വ്യക്തിയാണ് അദ്ദേഹം. ഡിജോയുടെ പോരാട്ടങ്ങൾ അവസാനിക്കുമ്പോഴും അദ്ദേഹം പകർന്നു നൽകിയ നല്ല പാഠങ്ങളും, മാതൃകകളും നമുക്കും സമൂഹത്തിനും മുന്നിലുണ്ട്. അവയിൽ കഴിയാവുന്നതെല്ലാം ഏറ്റെടുത്തു മുന്നോട്ടു പോകുന്നതാണ് അദ്ദേഹത്തോട് ചെയ്യുവാൻ കഴിയുന്ന ഏറ്റവും വലിയ നീതി എന്ന് ഞാൻ വിശ്വസിക്കുന്നു.

അദ്ദേഹത്തിൻറെ സഹധർമ്മിണി മിനിയുടെയും, കുഞ്ഞുങ്ങളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക്ചേർന്നു കൊണ്ട് പ്രിയ സുഹൃത്തിന് പ്രിയ സഹോദരന് ആദരാഞ്ജലികൾ അർപ്പിക്കുന്നു, ആത്മാവിന് നിത്യശാന്തി നേരുന്നു.

Mani C Kappen

പ്രിയ സുഹൃത്ത് ഡിജോ കാപ്പന് വിട.

വിദ്യാർത്ഥിജീവിതകാലത്ത് ആരംഭിച്ച ബന്ധം. KSC- കാലത്ത് ഞാനും കാപ്പനും ജോർജ് സെബാസ്റ്റ്യനും ഒരുമിച്ചാ യിരുന്നു. ആഴത്തിലുള്ള കൂട്ടായ്മ. പറഞ്ഞറിയിക്കാൻ വാക്കുകളില്ല.

കർമ്മശേഷി കൊണ്ടും സംഘടനാ മികവുകൊണ്ടും ബുദ്ധിശക്തി കൊണ്ടും പ്രഗത്ഭനായിരുന്ന വിദ്യാർത്ഥി,യുവജന നേതാവ്. ഇരുമ്പുന്ന ഒട്ടേറെ സ്മരണകൾ മിന്നി മറയുന്നുണ്ട്. അത് വാക്കുകളിലാക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതുകൊണ്ട് അതിനു തുനിയുന്നില്ല.

തിരുവനന്തപുരത്ത് വച്ച് ഉണ്ടായ ഒരു അപകടത്തെ തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി ശയ്യാവലംബിയായിരുന്നു.

അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയ സുഹൃത്തിന് പ്രണാമം.

Joseph M. Puthusserry

Share News