ധീരന്മാർ ഇല്ലാത്ത ബാങ്ക് !

Share News

ചാലക്കുടിയിലെ ബാങ്ക് കൊള്ളയുടെ വാർത്ത വായിക്കുന്നു.

ആദ്യമേ പറയട്ടെ, ഇക്കാര്യത്തിൽ എനിക്ക് ഏറ്റവും ആശ്വാസം തോന്നിയത് ബാങ്കിലെ സ്റ്റാഫോ അവിടെ വന്ന കസ്റ്റമേഴ്‌സോ കൊള്ളക്കാരനെ ‘ധീരതയോടെ’ നേരിട്ടില്ല എന്നതാണ്. ഏറ്റവും ശരിയായ കാര്യമാണ്.

ആയുധധാരി ആണോ എന്നറിയാത്ത, കൊള്ള ചെയ്യുമ്പോൾ പിടിക്കപ്പെടുമോ എന്ന പരിഭ്രാന്തിയോടെ, പിടിക്കപ്പെട്ടാൽ ജീവിതത്തിൽ ഏറെ നഷ്ടം ഉണ്ടാകുമെന്ന അറിവോടെ നിൽക്കുന്ന ഒരാളുടെ അടുത്ത് ധീരത കാണിച്ചാൽ മരണം വരെ സംഭവിക്കാം.

കൊള്ളക്കാരനെ പിടിക്കാൻ ഇനിയും സമയമുണ്ടല്ലോ. എപ്പോഴാണെങ്കിലും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാം, ഇല്ലെങ്കിലും ഉണ്ടാക്കിയാൽ ഉണ്ടാകുന്നതാണ് പണം. ജീവൻ അങ്ങനെയല്ല.

അവിടെ ഉണ്ടായിരുന്ന ധീരത കാണിക്കാത്ത എല്ലാവരേയും അഭിനന്ദിക്കുന്നു.

പക്ഷെ കേരളത്തിൽ ബാങ്ക് കൊള്ള വരെ സംഭവിക്കുന്നു എന്നത് വലിയ ആകാംക്ഷ ഉണ്ടാക്കുന്നു. കൊലപാതകം ഉൾപ്പടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ കൂടുകയാണ് എന്നതിന്റെ കണക്കുകൾ ഞാൻ കഴിഞ്ഞ ദിവസം ഇവിടെ പോസ്റ്റ് ചെയ്തിരുന്നല്ലോ.

നമ്മൾ ചിന്തിക്കേണ്ട കാര്യമാണ്. എന്തുകൊണ്ടാണ് പതിറ്റാണ്ടുകളായി സുരക്ഷിതമായ ഒരു സമൂഹം ആയതിന് ശേഷം സുരക്ഷയുടെ കാര്യത്തിൽ നാം പിന്നോട്ട് പോകുന്നത് ?

1986 ൽ കാൺപൂരിൽ ആദ്യമായി ചെന്നപ്പോൾ എന്നെ ഏറ്റവും അതിശയിപ്പിച്ചത് തോക്കുകൾ വിൽക്കുന്ന എത്ര കടകൾ അവിടെ ഉണ്ടായിരുന്നു എന്നതാണ്. കേരളത്തിൽ ഒന്ന് പോലും ഞാൻ കണ്ടിട്ടില്ലായിരുന്നു. അവിടെ ബാങ്കുകളുടെ മുന്നിൽ മാത്രമല്ല തുണിക്കടകളുടെ മുന്നിൽ പോലും തോക്കുമായിട്ടാണ് പാറാവുകാർ ഉണ്ടായിരുന്നത്.

ഇന്നത്തെ സംഭവം ബാങ്കുകളുടെ സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തും. കേരളത്തിലും ബാങ്ക് കൊള്ളകൾ സംഭവിക്കാം എന്നത് അവരുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ കാരണമാകും. വലിയ താമസമില്ലാതെ കേരളത്തിലെ ബാങ്കുകളിൽ തോക്കുമായി പാറാവുകാർ വരും.

എന്തുകൊണ്ടാണ് സമീപകാലത്ത് കേരളത്തിൽ സുരക്ഷയുടെ നിലവാരം താഴേക്ക് പോകുന്നതും അക്രമ സംഭവങ്ങൾ കൂടുന്നതും? ഒന്നാമത്തെ കാരണം കേരളത്തിലെ സാമ്പത്തിക നിലവാരം ഉയരുന്നത് തന്നെയാണ്. അതേസമയം നമ്മുടെ സുരക്ഷാ ശീലങ്ങൾ ഒട്ടും മാറുന്നുമില്ല.

ഇന്ത്യയിൽ (ലോകത്ത്) വേറെ എവിടെയാണ് അഞ്ചു പവന്റെ മാലയും ഇട്ട് ആളുകൾ പകലും രാത്രിയും ഇറങ്ങി നടക്കുന്നത്? ഗ്രാമങ്ങളിൽ പോലും വമ്പൻ വീടുകൾ ഉണ്ടാക്കി അതിന് ഒരു ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ ഇരിക്കുന്നത് ഇന്ത്യയിൽ വേറെ എവിടെ ഉണ്ട്?

വീടുണ്ടാക്കുന്നതൊക്കെ നല്ല കാര്യങ്ങളാണെങ്കിലും ഭിക്ഷാടനം പോലെ തന്നെ കവർച്ചക്കും സ്കോപ്പുള്ള പ്രദേശമാണ് കേരളം എന്ന പേര് വളരുന്നു. കേരളത്തിന് പുറത്തു നിന്ന് വിമാനം കയറി പോലും ഇവിടെ വന്നു കൊള്ള നടത്തി തിരിച്ചു പോകുന്ന സാഹചര്യം ഉണ്ടാകുന്നു. നമ്മുടെ സുരക്ഷാബോധം കൂട്ടിയേ തീരൂ.

മയക്കുമരുന്നുകളുടെ ഉപയോഗം ആളുകളുടെ സാധാരണഗതിയിലുള്ള മാനസികനില മാറ്റുന്നു. കുറ്റകൃത്യങ്ങൾ കൂട്ടുന്നു, അതിൽ തന്നെ തീവ്രമായ വയലൻസ് വരുന്നു. അമ്മയെ പോലും കഴുത്തറുക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. മയക്കുമരുന്നുകളുടെ കാര്യത്തിൽ നമുക്ക് കൃത്യമായ നയവും പദ്ധതികളും വേണം.

കേരളത്തിലെ ഏറെ ആളുകൾക്ക്, പ്രത്യേകിച്ചും യുവാക്കൾക്ക്, അവർ ആഗ്രഹിക്കുന്ന നിലവാരത്തിൽ വേതനം ലഭിക്കുന്ന തൊഴിലുകൾ ലഭ്യമല്ല എന്നത് മറ്റൊരു പ്രശ്നമാണ്. എളുപ്പവഴിയിൽ പണമുണ്ടാക്കാൻ മയക്കുമരുന്ന് കച്ചവടവും കൊള്ളയും പിടിച്ചുപറിയും ഒക്കെത്തന്നെയാണ് എളുപ്പം.

മറുനാട്ടിൽ നിന്നുള്ള ആളുകൾ ഉള്ളതും ആരൊക്കെ വരുന്നു എന്നതിനെ പറ്റി നമുക്ക് പ്രത്യേകിച്ച് കണക്കുകളോ വിവരങ്ങളോ ഇല്ലാത്തതും കളവ് നടത്താൻ താല്പര്യമുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. മറുനാട്ടിൽ നിന്നും തൊഴിൽ തേടിവരുന്ന ബഹുഭൂരിപക്ഷവും നമ്മളെപ്പോലെ തന്നെ നിയമം അനുസരിച്ചും കള്ളന്മാരെ പേടിച്ചും ജീവിക്കുന്നവർ തന്നെയാണ്. പക്ഷെ ഇവരുടെ സാന്നിധ്യം കളവ് ചെയ്യുന്നവർക്ക് വരാനും കളവിന് ശേഷം ഒളിക്കാനുമുള്ള സൗകര്യം കൂട്ടുന്നു. ഇവിടെയും മാറ്റങ്ങളുടെ ആവശ്യമുണ്ട്.

മാറുന്ന സുരക്ഷാ സാഹചര്യത്തിനനുസരിച്ച് നമ്മുടെ ശീലങ്ങളും മാറ്റിയേ പറ്റൂ. കൊച്ചി പഴയ കൊച്ചി അല്ല.

വീടുവെച്ച് ഇരുപത് വർഷങ്ങൾക്ക് ശേഷം വീട്ടിൽ സെക്യൂരിറ്റി കാമറ വക്കാൻ ഞാൻ തീരുമാനിച്ചതും ഇതുകൊണ്ട് തന്നെയാണ്.

സുരക്ഷിതമായിരിക്കുക

മുരളി തുമ്മാരുകുടി

Share News