6559 യാത്രക്കാരാണ് ഇന്നലെ ഒരു ദിവസം മാത്രം വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്.

Share News

ആദ്യദിനം അതിഗംഭീരമാക്കി കൊച്ചി വാട്ടർ മെട്രോ.

6559 യാത്രക്കാരാണ് ഇന്നലെ ഒരു ദിവസം മാത്രം വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. കുറഞ്ഞ ചിലവിൽ സാധ്യമാകുന്ന മനോഹരമായ യാത്രയെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറയാനുള്ളത്. കൊച്ചിയുടെ ഗതാഗതമേഖലയിലും ടൂറിസം രംഗത്തും പുത്തനുണർവ്വാണ് ആദ്യദിനത്തിൽ തന്നെ വാട്ടർമെട്രോ കൊണ്ടുവന്നിരിക്കുന്നത്. മികച്ച കണക്‌ടിവിറ്റിയാണ് വാട്ടർമെട്രോയുടെ പ്രത്യേകത. ചിത്രപ്പുഴ പാലത്തിനുതാഴെ ഇൻഫോപാർക്ക്‌ എക്‌സ്‌പ്രസ്‌വേക്കു സമീപം ചിറ്റേത്തുകരയിലാണ്‌ കാക്കനാട്‌ ടെർമിനൽ. വിശാലമായ പാർക്കിങ് സൗകര്യമുണ്ട്‌ ടെർമിനലിൽ. കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളുമുണ്ടാകും. കെഎംആർഎല്ലിന്റെ അഞ്ച്‌ വൈദ്യുതി ഓട്ടോകളും സൈക്കിളുകളും യാത്രികർക്ക്‌ ലഭ്യമാകും. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന്‌ കാക്കനാട്ടേക്കും ആലുവ, അങ്കമാലി ഭാഗത്തേക്കും സീപോർട്ട്‌-എയർപോർട്ട്‌ വഴി മിനിറ്റുകളുടെ ഇടവേളയിൽ കെഎസ്‌ആർടിസിയും സ്വകാര്യബസുകളും സർവീസ്‌ നടത്തും.

ഹൈക്കോടതി ജെട്ടിയിൽനിന്ന്‌ വൈപ്പിനിലേക്ക്‌ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ 15 മിനിറ്റ്‌ ഇടവേളയിലാണ്‌ ആദ്യദിനം ബോട്ടുകൾ സർവീസ്‌ നടത്തിയത്‌. വാട്ടർമെട്രോയുടെ രണ്ടാമത്തെ സർവീസ്‌ ഇന്ന് തുടങ്ങി. വൈറ്റില മൊബിലിറ്റി ഹബ്ബ്‌ പരിസരത്തെ ടെർമിനലിൽനിന്ന്‌ കാക്കനാട്‌ ചിറ്റേത്തുകരയിലേക്കാണ്‌ ഈ സർവീസ്‌. ഹൈക്കോടതി ടെർമിനലിൽനിന്ന്‌ വൈപ്പിനിലേക്കുള്ള ബോട്ട്‌ സർവീസിന് പുറമെയാണിത്. കാക്കനാട്ടേക്കുള്ള 5.2 കിലോമീറ്ററിൽ രണ്ട്‌ ബോട്ടുകളാണ്‌ തുടക്കത്തിൽ ഓടുക. രാവിലെ എട്ടുമുതൽ പകൽ 11 വരെയും വൈകിട്ട്‌ നാലുമുതൽ രാത്രി ഏഴുവരെയുമാണ്‌ സർവീസ്‌. ആറ്‌ ട്രിപ്പുകളാണ്‌ ഉണ്ടാകുക. 23 മിനിട്ടാണ്‌ യാത്രാസമയം. കാക്കനാടിനും വൈറ്റിലയ്‌ക്കുമിടയിൽ വേറെ സ്‌റ്റോപ്പുകളില്ല. 30 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. കാക്കനാട്‌, വൈറ്റില ടെർമിനലുകളിൽനിന്ന്‌ ഒരേസമയം സർവീസ്‌ ആരംഭിച്ചാകും തുടക്കം. ഇൻഫോപാർക്കുവരെ നീളുന്ന സർവീസിന്റെ ആദ്യഘട്ടമായാണ്‌ കാക്കനാട്ടേക്ക്‌ വാട്ടർ മെട്രോ എത്തുന്നത്‌. എരൂർ കപ്പട്ടിക്കാവ്‌ ക്ഷേത്രത്തിനടുത്തുള്ള ടെർമിനലും വൈകാതെ യാഥാർഥ്യമാകും. എരൂർ ഭാഗത്ത്‌ വാട്ടർ മെട്രോ ടെർമിനൽ നിർമാണം അന്തിമഘട്ടത്തിലാണ്‌.

വാട്ടർമെട്രോ കൊച്ചിയുടെ ജീവിതത്തെ എത്രമാത്രം മെച്ചപ്പെടുത്തുമെന്ന് ആദ്യദിനത്തെ അനുഭവം തന്നെ വ്യക്തമാക്കുന്നു. പത്തു ദ്വീപുകളുമായി ബന്ധപ്പെടുത്തുന്ന വാട്ടർ മെട്രോക്ക് നേതൃത്വം നൽകാൻ കെ എം ആർ എൽ വേണമെന്ന് സർക്കാർ നിശ്ചയിക്കുമ്പോൾ കടമ്പകളേറെയായിരുന്നു. കേന്ദ്ര സർക്കാർ ഫണ്ട് നൽകില്ലെന്നും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിന് കെ എം ആർ എല്ലിന് തടസ്സങ്ങളില്ലെന്നുമായിരുന്നു യൂണിയൻ ഗവൺമെൻ്റിൻ്റെ നിലപാട്. ആ വ്യവസ്ഥ അംഗീകരിച്ചു കൊണ്ടാണ് സംസ്ഥാനം പദ്ധതി നടപ്പിലാക്കിയത്.

കൊച്ചി വാട്ടർ മെട്രോയ്ക്ക് 1136.83 കോടി രൂപയാണ് ചെലവ്‌. ഈ തുകയിൽ ജർമൻ ഫണ്ടിങ്‌ ഏജൻസിയായ കെഎഫ്ഡബ്യുവിന്റെ വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നുണ്ട്. ഇതിനായുള്ള ആധുനിക ബോട്ട് നിർമ്മിക്കാനുള്ള കരാർ കൊച്ചി കപ്പൽശാലക്ക് നൽകി. ഒറ്റയടിക്ക് ഇത്രയും ആധുനിക ബോട്ടുകളുടെ ഓർഡർ കപ്പൽശാലക്ക് ലഭിക്കുന്നത് ആദ്യമായാണ്.

ലോകത്ത് ആദ്യമായാണ് ഇത്രയും സൗകര്യങ്ങളുള്ള റിന്യൂവബിൾ എനർജി ഉപയോഗിക്കുന്ന ബോട്ടുകളെ ഉപയോഗപ്പെടുത്തുന്ന സംയോജിത ഗതാഗത സംവിധാനം വരുന്നത്.വാട്ടർ മെട്രോയുടെ നടത്തിപ്പ് സംസ്ഥാന സർക്കാരും കെ എം ആർഎല്ലും ഉൾപ്പെടുന്ന പുതിയ കമ്പനിയുടെ നിയന്ത്രണത്തിലാണ്. ചീഫ് സെക്രട്ടറി ചെയർമാനും കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ എംഡിയുമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിലെ ഏഴു ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ചെയർമാനടക്കം അഞ്ചു പേർ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധികളും എംഡിയടക്കം രണ്ടു പേർ കെ എം ആർ എല്ലിൻ്റ പ്രതിനിധികളുമാണ്. സ്വഭാവികമായും അതിൽ കേന്ദ്ര സർക്കാരിൻ്റെ പ്രതിനിധികൾ ആരുമില്ലെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

ദ്വീപുകളിലെ സാധാരണക്കാർക്ക് ഏറ്റവും ആധുനിക യാത്രാ സൗകര്യം നൽകുന്ന വാട്ടർ മെട്രോ ടൂറിസത്തിനും വലിയ കുതിപ്പേകും.വാൽക്കഷ്ണം – വാട്ടർ മെട്രോ കേന്ദ്ര പദ്ധതിയാണെന്നും സംസ്ഥാ സർക്കാരിൻ്റെ വിഹിതം പൂജ്യമാണെന്ന നുണ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾക്കൊപ്പം ആധികാരികമെന്ന പ്രതീതി സൃഷ്ടിക്കാൻ ദിഹിന്ദു ഉൾപ്പെടെയുള്ള പത്രങ്ങളടെ ലിങ്കുമുണ്ട് . അത് തുറന്ന് നോക്കിയാൽ വാട്ടർ മെട്രോക്ക് കേന്ദ്ര അനുമതി എന്ന തലക്കെട്ട് കാണാം. വാർത്തയിലെ ആദ്യ വാചകത്തിൽ enviornment clearance അഥവാ പാരിസ്ഥിക അനുമതി നൽകിയതിൻ്റെ വിശദാംശങ്ങൾ കാണാം. അതാണ് കേന്ദ്ര പദ്ധതി എന്ന് സ്ഥാപിക്കാൻ നൽകിയ ലിങ്ക്! നുണ നിർമാണ അടുക്കളകളിൽ ഇപ്പോൾ എന്തെല്ലാം ചേരുവകളാണ് ഉപയോഗിക്കുന്നത്

P Rajeev 

P Rajeev, Minister for Industries and Law – Kerala

Share News