അങ്കമാലിയുടെ സ്വന്തം ഡോ. തോമസ് പോളിനു വിട !|ഹൃദയാഘാതംമൂലം മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുമ്പുവരെ ഡോ. തോമസ് പോൾ രോഗികൾക്കൊപ്പമായിരുന്നു.

Share News

അങ്കമാലിയുടെ സ്വന്തം ഡോ. തോമസ് പോളിനു വിട !

🌹 ജന്മംകൊണ്ട് അങ്കമാലിക്കാരനല്ലെങ്കിലും ഡോ. തോമസ് പോൾ അങ്കമാലിക്കാർക്ക് എന്നും പ്രിയപ്പെട്ടവൻ;

അങ്കമാലി അദ്ദേഹത്തിനും.ആഴമായ അറിവനുഭവങ്ങളും കഠിനാധ്വാനവും സമര്‍പ്പണവും സാമൂഹ്യപ്രതിബദ്ധതയും സമം ചേര്‍ത്തെഴുതപ്പെട്ട വിജയഗാഥയാണ് ആ ജീവിതം. കുടമാളൂരിൽ ജനിച്ച്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നു എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കി കേരളത്തിലെ ശ്രദ്ധേയമായ ആശുപത്രികളിലെ സേവനമികവിന്റെ തിളക്കത്തിലാണ് 1998 ൽ ഡോ. തോമസ് പോൾ അങ്കമാലിയിലെത്തിയത്.

2004 വരെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനും കാര്‍ഡിയോളജി വിഭാഗം മേധാവിയും ആയിരുന്നു. ചുരുങ്ങിയ കാലംകൊണ്ടു അങ്കമാലിക്കാരുടെ പ്രിയപ്പെട്ട ഡോക്ടറായി മാറി.ശേഷം അങ്കമാലിയിലെ മഡോണ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ സാരഥി. കാര്‍ഡിയോ ഡയബറ്റോളജിയില്‍ പ്രഗല്ഭനായ ഡോ. തോമസ് പോള്‍ വിവിധ സാമൂഹ്യസംഘടനകളോടു ചേര്‍ന്നു ജീവകാരുണ്യ സംരംഭങ്ങളിലും സജീവമായിരുന്നു..

🌹

ഐമനം മുതല്‍ അങ്കമാലി വരെ

🌹

കുടമാളൂര്‍ ഐമനം കുന്നത്തുകുഴി പരേതരായ കെ.വി. തോമസിന്റെയും അന്നമ്മയുടെയും മകനാണു ഡോ. തോമസ് പോള്‍. പിതാവ് സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസില്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ കൈപ്പുഴ ചിറയില്‍ കുടുംബാംഗം.

1976ലാണ് എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കിയത്. അടുത്ത വര്‍ഷം തൊടുപുഴ വാഴക്കുളം സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ഫിസിഷ്യനായി സേവനമാരംഭിച്ചു. ഇവിടെ ഹൃദയചികിത്സയ്ക്കുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങുന്നതിനു നേതൃത്വം നല്‍കി.

1980ല്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടന്റും ഫിസിഷ്യനുമായി ചുമതലയേറ്റു. ഇവിടെ കാര്‍ഡിയോളജി വിഭാഗവും കൊറോണിക് കെയര്‍ യൂണിറ്റും തുടങ്ങി. 1998 മുതല്‍ 2004 വരെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനും കാര്‍ഡിയോളജി വിഭാഗം മേധാവിയും ആയിരുന്നു.

🌹

2004ല്‍ മഡോണ

🌹

ചുരുങ്ങിയ കാലംകൊണ്ടു അങ്കമാലിക്കാരുടെ പ്രിയപ്പെട്ട ഡോക്ടറായി മാറിയ ഡോ. തോമസ് പോള്‍ 2004ല്‍ മഡോണ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിനു തുടക്കമിട്ടു. ഹൃദയാഘാതം, പക്ഷാഘാതം, അര്‍ബുദം, പ്രമേഹം എന്നിവയ്ക്കുള്ള വിദഗ്ധ ചികിത്സകള്‍ ലഭ്യമാക്കുന്ന ആശുപത്രി എന്ന നിലിയിലാണു മഡോണ ആദ്യം മുതല്‍ അറിയപ്പെട്ടത്.അങ്കമാലിയിലും പരിസരങ്ങളിലും നൂറിലധികം ഹൃദയ പരിശോധനാ ക്യാമ്പുകള്‍ ഡോക്ടറുടെ നേതൃത്വത്തില്‍ നടന്നു.

🌹

സാമൂഹ്യപ്രതിബദ്ധതയോടെ

🌹

റോട്ടറി ക്ലബ് ഉള്‍പ്പടെ വിവിധ സന്നദ്ധസേവന പ്രസ്ഥാനങ്ങളിലൂടെ ജീവകാരുണ്യ, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ഡോ. തോമസ് പോള്‍ നിറസാന്നിധ്യമായിരുന്നു. അന്ധരായ കുട്ടികള്‍ക്കു പ്രത്യേക കംപ്യൂട്ടര്‍ പരിശീലനം നല്‍കി തൊഴില്‍നേടാന്‍ സഹായിക്കുന്ന റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ ‘സൂര്യ’ പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായി സേവനം ചെയ്തു. ഇതിനായി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ കെട്ടിടമുണ്ട്. 2010 മുതല്‍ ഓരോ വര്‍ഷവും രണ്ടു ബാച്ചുകള്‍ പഠിച്ചിറങ്ങുന്നു. പരിശീലനം നേടിയവര്‍ക്കു പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റു കോര്‍പറേറ്റ് കമ്പനികളിലും ജോലി നേടിക്കൊടുക്കാനും സാധിച്ചു.റോട്ടറി മാമോഗ്രഫി സെന്ററിന്റെ ഡയറക്ടര്‍ എന്ന നിലയില്‍, നൂറുകണക്കിനാളുകള്‍ക്ക് അര്‍ബുദ പരിശോധന സൗജന്യമായി നടത്താന്‍ ഇദ്ദേഹം വഴിയൊരുക്കി.

🌹

ഉത്തരവാദിത്തങ്ങള്‍, അംഗീകാരങ്ങള്‍

🌹

മഡോണ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ സാരഥി എന്നതിനൊപ്പം, കൂടുതല്‍ വലിയ ചുമതലകളും ഡോ. തോമസ് പോള്‍ നിര്‍വഹിക്കുന്നു.

കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഇന്‍ ഇന്ത്യ (എപിഐ) കൊച്ചി ചാപ്റ്റര്‍ മുന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും ഇദ്ദേഹം സേവനം ചെയ്തു.ഡയബറ്റിസ് ഇന്ത്യ സൊസൈറ്റിയുടെ മികച്ച കാര്‍ഡിയോ ഡയബറ്റോളജി സര്‍വീസിനുള്ള പുരസ്‌കാരം ഡോ. തോമസ് പോളിനു ലഭിച്ചിട്ടുണ്ട്.

കുടുംബം

🌹

ചമ്പക്കര പാലാക്കുന്നേല്‍ കുടുംബാംഗം ഡോ. എല്‍സമ്മയാണു ഡോ. തോമസ് പോളിന്റെ ജീവിതപങ്കാളി. അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റു കൂടിയായ ഡോ. എല്‍സമ്മയും മഡോണയില്‍ സേവനം ചെയ്യുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കി യുഎസില്‍ സേവനം ചെയ്യുന്ന ഡോ. പ്രിയങ്ക, കാനഡയില്‍ റാഡിസണ്‍ ഗ്രൂപ്പ് സിഇഒ രാഹുല്‍, യുഎസില്‍ ബിരുദപഠനം നടത്തുന്ന പ്രിയദര്‍ശിനി എന്നിവരാണു മക്കള്‍.

🌹

ഹൃദയാഘാതംമൂലം മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുമ്പുവരെ ഡോ. തോമസ് പോൾ രോഗികൾക്കൊപ്പമായിരുന്നു.ഇന്നോളം അനേകം ഹൃദയങ്ങൾക്കു കരുത്തായ ഡോ. തോമസ് പോൾ നിനച്ചിരിക്കാത്ത നേരത്തു വിട പറഞ്ഞകലുമ്പോഴും , അങ്കമാലിക്കാർ എക്കാലത്തേയ്ക്കുമായി തങ്ങളുടെ ഹൃദയത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ പേരു കുറിച്ചുവച്ചിട്ടുള്ളതെന്നു നിശ്ചയം.!

✍🏼 സിജോ പൈനാടത്ത്.

ആദരാഞ്ജലികൾ

nammude-naadu-logo
Share News