ആംഗ്ലിക്കൻ ബിഷപ്പ് ജോൺ ഫോർഡ് കത്തോലിക്കാ സഭയിലേക്ക്|മാത്യൂ ചെമ്പുകണ്ടത്തിൽ

Share News

.

✝️ പതിനാറ് ആംഗ്ലിക്കൻ മെത്രാന്മാരും ​

700 വൈദികരും ലക്ഷക്കണക്കിന് വിശ്വാസികളും ഇതിനോടകം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്.

✝️ ”താൻപുതിയ വീട് കണ്ടെത്തുകയല്ല, സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയാണ് “

ലണ്ടൻ: ​ആംഗ്ലിക്കൻ സഭയിലെ പ്രമുഖ വ്യക്തിത്വമായിരുന്ന ബിഷപ്പ് ജോൺ ഫോർഡ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഓസ്‌ട്രേലിയയിലെ ‘ദി മുറെ’ (The Murray, South Australia) രൂപതയുടെ ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, വിരമിച്ച ശേഷമാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ തീരുമാനിച്ചത്.​ എലിസബത്ത് രാജ്ഞിയുടെ (Elizabeth II) മുൻ ചാപ്ലെയിനും ഇപ്പോൾ കത്തോലിക്കാ വിശ്വാസിയുമായ ഗാവിൻ ആഷെൻഡനുമായുള്ള സംഭാഷണത്തിലാണ് ബിഷപ്പ് ജോൺ ഫോർഡ് ഈ വിവരം സ്ഥിരീകരിച്ചത്.

1952-ൽ ജനിച്ച ബിഷപ്പ് ജോൺ ഫോർഡ് 1980-ൽ ആംഗ്ലിക്കൻ സഭയിൽ പുരോഹിതനായി അഭിഷിക്തനായി. ബ്രിട്ടനിലെ പ്ലിമൗത്ത് ബിഷപ്പായും (2005–2013), പിന്നീട് ഓസ്‌ട്രേലിയയിലെ മുറെ രൂപതയുടെ ബിഷപ്പായും (2013–2019) പ്രവർത്തിച്ചു. ​പരമ്പരാഗത ആംഗ്ലിക്കൻ വിശ്വാസങ്ങൾ മുറുകെ പിടിച്ചിരുന്ന ബിഷപ്പ് ഫോർഡ്, സഭയിലെ നവീകരണങ്ങളോടുള്ള വിയോജിപ്പും കത്തോലിക്കാ സഭയുടെ അപ്പസ്തോലിക പാരമ്പര്യത്തോടുള്ള താൽപ്പര്യവുമാണ് ഈ മാറ്റത്തിന് അടിസ്ഥാന കാരണമായി പറയുന്നത്.

അപ്പസ്തോലിക പിൻതുടർച്ചയും (Apostolic Succession) സഭയുടെ അധികാരവും ക്രിസ്തുവിന്റെ അപ്പസ്തോലന്മാരിൽ നിന്ന് നേരിട്ട് ലഭിക്കുന്നതാണെന്ന വിശ്വാസത്തിന് കത്തോലിക്കാ സഭയിൽ കൂടുതൽ വ്യക്തതയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. “ആംഗ്ലിക്കൻ സഭയെ ഉപേക്ഷിക്കുകയല്ല, തന്റെ വിശ്വാസത്തിന്റെ പൂർണ്ണത കത്തോലിക്കാ സഭയിൽ കണ്ടെത്തുകയായിരുന്നു”. കത്തോലിക്കാ സഭയിലേക്കുള്ള മാറ്റം ”ഒരു പുതിയ വീട് കണ്ടെത്തുന്നതുപോലെയല്ല, മറിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നതു പോലെയാണ്” തൻ്റെ തിരുസ്സഭാ പ്രവേശനത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ഇപ്രകാരമാണ്.

ചിതറിക്കിടക്കുന്ന വിശ്വാസികൾക്കു പകരം പത്രോസിന്റെ സിംഹാസനത്തിന് (പാപ്പായ്ക്ക്) കീഴിലുള്ള ആഗോള സഭയുടെ ഐക്യമാണ് അദ്ദേഹം ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ പല ലേഖനങ്ങളിലും ആവർത്തിച്ചു വരുന്ന ഒരു പ്രധാന വിഷയം ‘സഭയുടെ ഐക്യം’ എന്നതാണ്. പ്രാദേശികമായോ ദേശീയമായോ നിലനിൽക്കുന്ന ചർച്ച് ഓഫ് ഇംഗ്ലണ്ട് പോലുള്ള സഭകൾക്ക് ആഗോളതലത്തിൽ ക്രിസ്തുവിന്റെ സഭയെ പ്രതിനിധീകരിക്കാൻ പരിമിതികളുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു.

​ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് ഒരു കേന്ദ്രബിന്ദു ആവശ്യമാണെന്നും അത് റോമിലെ മാർപാപ്പയാണെന്നും അദ്ദേഹം തന്റെ നിലപാടുകളിൽ വ്യക്തമാക്കുന്നു.

ആംഗ്ലിക്കൻ സഭയ്ക്കുള്ളിലെ ‘ആംഗ്ലോ-കത്തോലിക്’ (High Church) വിഭാഗത്തെക്കുറിച്ചും അവരുടെ ഭാവി കത്തോലിക്കാ സഭയുമായി ചേർന്നു നിൽക്കുന്നതിലാണ് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ആരാധനക്രമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ രൂപതയിലുള്ളവർക്കായി എഴുതിയ സർക്കുലറുകളിൽ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പ് ജോൺ ഫോർഡിന്റെ ഈ തീരുമാനം ആംഗ്ലിക്കൻ സഭയ്ക്കുള്ളിൽ കത്തോലിക്കാ പാരമ്പര്യത്തോട് ആഭിമുഖ്യമുള്ളവർക്ക് (Anglo -Catholic) വലിയ ആവേശം നൽകിയിട്ടുണ്ട്.

✝️ ആംഗ്ലിക്കൻസിനു ശക്തിപകർന്ന

ബെനഡിക്ട് 16-ാമൻ പാപ്പാ

ആംഗ്ലിക്കൻ വിശ്വാസികൾക്കു തിരുസ്സഭയിലേക്കുള്ള മടക്കം ദ്രുതഗതിയിലാക്കാൻ 2009-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ പുറപ്പെടുവിച്ച ഒരു ഔദ്യോഗിക രേഖയാണ് “ആംഗ്ലിക്കനോറം കോയ്റ്റിബസ്'” (Anglicanorum Coetibus). ഇതനുസരിച്ച് ആംഗ്ലിക്കൻ വിശ്വാസികൾക്ക് കത്തോലിക്കാ സഭയിലേക്ക് കടന്നു വരുന്നതിനുള്ള എല്ലാ തടസ്സങ്ങളും മാറി. അവർ ശീലിച്ച പ്രത്യേക പ്രാർത്ഥനാരീതികളും ഗാനങ്ങളും നിലനിർത്താം. കത്തോലിക്കാ സഭയിൽ സാധാരണയായി പുരോഹിതർ ബ്രഹ്മചര്യം പാലിക്കണം. എന്നാൽ വിവാഹിതരായ ആംഗ്ലിക്കൻ പുരോഹിതർക്ക് കത്തോലിക്കാ സഭയിൽ പുരോഹിതരായി തുടരാനും ഈ രേഖ പ്രത്യേക അനുമതി നൽകി. കൂടാതെ, ആംഗ്ലിക്കൻ പശ്ചാത്തലത്തിൽ നിന്ന് വന്നവർക്കായി സ്ഥാപിക്കപ്പെട്ട ഒരു പ്രത്യേക രൂപതയുമുണ്ട്. അത് ”അവർ ലേഡി ഓഫ് വാൽസിംഗ്ഹാം ഓർഡിനറിയേറ്റ്” (Personal Ordinariate of Our Lady of Walsingham) എന്നാണ് അറിയപ്പെടുന്നത്.

✝️ പതിനാറ് ആംഗ്ലിക്കൻ മെത്രാന്മാരും ​

700 വൈദികരും കത്തോലിക്കാ സഭയിൽ

​ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്കുള്ള പുരോഹിതന്മാരുടെയും ബിഷപ്പുമാരുടെയും മാറ്റത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. “റോമിലേക്കുള്ള മടക്കം” (Home to Rome) എന്നാണ് ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ആരംഭിച്ച ”ഓക്സ്ഫോർഡ് പ്രസ്ഥാനം” (Oxford Movement) ആണ് ഈ മാറ്റങ്ങൾക്ക് അടിത്തറ പാകിയത്. ആംഗ്ലിക്കൻ സഭയുടെ വേരുകൾ പുരാതന കത്തോലിക്കാ പാരമ്പര്യത്തിലാണെന്ന് ഇവർ വാദിച്ചു. ഇതിന്റെ ഫലമായി വിഖ്യാത ദൈവശാസ്ത്രജ്ഞനായിരുന്ന ജോൺ ഹെൻറി ന്യൂമാൻ (John Henry Newman) കത്തോലിക്കാ സഭയിൽ ചേർന്നു. അദ്ദേഹം പിന്നീട് കർദ്ദിനാളും വിശുദ്ധനുമായി ഉയർത്തപ്പെട്ടു.

1992-ൽ ആംഗ്ലിക്കൻ സഭ വനിതാ പൗരോഹിത്യം അനുവദിക്കാൻ തീരുമാനിച്ചതും സഭയുടെ മറ്റ് ലിബറൽ നിലപാടുകളും വിശ്വാസികളുടെയും പുരോഹിതരുടെയും വലിയ പ്രതിഷേധത്തിനു കാരണമായി. 1994-ൽ മാത്രം ഏകദേശം 700-ഓളം ആംഗ്ലിക്കൻ പുരോഹിതന്മാരും ലക്ഷക്കണക്കിന് വിശ്വാസികളും ഇംഗ്ലണ്ടിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. കൂടാതെ 16-ഓളം ബിഷപ്പുമാരും കത്തോലിക്കാ സഭയിലേക്ക് മടങ്ങി. ഇതിൽ ലണ്ടൻ ബിഷപ്പായിരുന്ന ഗ്രഹാം ലിയോനാർഡും (Graham Leonard) ഉൾപ്പെട്ടിരുന്നു.

സഭയിൽ ഏറെ സ്വാധീനമുണ്ടായിരുന്ന പാകിസ്ഥാൻ വംശജനായ ബിഷപ്പ് മൈക്കൽ നസീർ അലിയും ( Bishop Michael Nazir-Ali), കാന്റർബറി ആർച്ച് ബിഷപ്പിന്റെ അടുത്ത സഹായിയായിരുന്ന ബിഷപ്പ് ജോനാഥൻ ഗുഡാളും (Jonathan Goodall) 2021-ൽ കത്തോലിക്കാ സഭയിൽ ചേർന്നിരുന്നു. ചെസ്റ്ററിലെ മുൻ ആംഗ്ലിക്കൻ ബിഷപ്പായിരുന്ന ബിഷപ്പ് പീറ്റർ ഫോസ്റ്റർ (Peter Forster) 2022-ലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്.

16-ാം നൂറ്റാണ്ടിലാണ് (1534-ൽ) ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവ് കത്തോലിക്കാ സഭയുമായുള്ള ബന്ധം വേർപെടുത്തി ”ചർച്ച് ഓഫ് ഇംഗ്ലണ്ട്” സ്ഥാപിച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് ഇത് തുടങ്ങിയതെങ്കിലും പിന്നീട് ഇത് വേറിട്ടൊരു ദൈവശാസ്ത്ര ശാഖയായി വളരുകയായിരുന്നു.

മാത്യൂ ചെമ്പുകണ്ടത്തിൽ

Share News