കേരള (കള്ള)കഥകൾ നമ്മുടെ എന്റർറ്റെയിന്മെന്റ് സ്‌ക്രീനിൽ നിറയുമ്പോൾ, ടിപ്പർ ലോറി കളിപ്പാട്ടങ്ങളിൽ അരിക്കൊമ്പന്മാരെ കടത്തി നമുക്ക് കുഞ്ഞുങ്ങളുടെ ഭാവനാ ലോകത്തു വിഹരിക്കാം.
ആഖ്യാനങ്ങൾ (നറേറ്റിവ്കൾ) എങ്ങനെയാണ് മലയാളി മനസിനെ രൂപപ്പെടുത്തുന്നത് എന്നത് ആശ്ചര്യകരമാണ്. ഈ ഫോർവേഡ് നോക്കൂ. ഒരു ടിപ്പർ ലോറി കളിപ്പാട്ടത്തിൽ മറ്റൊരു കളിപ്പാട്ടമായ ആനയെ കയറ്റി മുന്നോട്ടു കുതിക്കുന്ന ഭാവന സൃഷ്ടിക്കുന്ന ഒരു കുട്ടിയുടെ ലോകത്തെ അവന്റെ പിതാവ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ്.
ഒരിടത്തെ മനുഷ്യരുടെ ദൈനംദിന ജീവിതത്തെ താറുമാറാക്കിയ ഒരു ആനയെ മറ്റൊരിടത്തേക്ക് മാറ്റുന്നതിന്റെ ലൈവ് കമന്ററി കൊണ്ട് മുഖരിതമായിരുന്നു ഇന്നലത്തെ ടെലിവിഷൻ ലോകം. വള്ളം കളിയോ, തൃശൂർ പൂരമോ (മാത്രം) കമന്ററി പറയാൻ അറിയാവുന്ന കൂലിക്കാരെ റിപ്പോർട്ടർമാരായി നിയമിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണിത്. എന്തിന്റെയും പിറകെ മണിക്കൂറുകളോളം പാഞ്ഞു പാപ്പരാസി ഗോസിപ്പ് പറയുന്ന തരത്തിലേക്ക് മുഖ്യധാരാ മാധ്യമങ്ങൾ തരം താഴ്ന്നതിനു അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
അനിയന്ത്രിതമായ രീതിയിൽ വോയറിസ്റ്റ് വൈകൃതത്തിനു അടിപ്പെട്ടിരിക്കുകയാണ് മലയാളി മനസുകൾ. എന്തും ഏതും ചുഴിഞ്ഞറിയാനുള്ള അടങ്ങാത്ത ജിജ്ഞാസ പ്രതിലോമമായ വിധത്തിൽ രോഗമായി മലയാളിയെ കീഴ്പെടുത്തിയിരിക്കുന്നു. 24 മണിക്കൂർ വാർത്താ ചാനലുകൾ വന്നതിനു ശേഷമുള്ള മലയാളിയുടെ സാവകാശത്തിലുള്ള ഈ സാംസ്‌കാരിക പരിണാമം ഒരു രോഗമാണ് എന്നു അവർ അംഗീകരിക്കില്ല എന്ന് മാത്രം.
കുട്ടിയുടെ മനസിലേക്ക് വരാം. രാവിലെ മുതൽ വൈകുന്നേരം വരെ ആന തിരിയുന്നതും മറിയുന്നതും, ഒളിക്കുന്നതും, വെളിപ്പെടുന്നതും ഒക്കെ നിമിഷാനിമിഷങ്ങളിൽ വൈകുന്നേരം വരെ വിളിച്ചു കൂവിക്കൊണ്ടിരിക്കുമ്പോൾ അവയുടെ ഒഴിവാക്കാനാവാത്ത ദൃശ്യങ്ങൾ വലിയ കാഴ്ചാപ്രലോഭനങ്ങളായി ഒരു കുഞ്ഞു മനസിനെ കീഴ്പെടുത്തുമ്പോൾ മാധ്യമ ദൃശ്യങ്ങൾ ആ കുട്ടിയുടെ ഭാവനയെയും, വിചാര ലോകത്തെയും, സ്വാധീനിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. രാവിലെയും ഉച്ചക്കും വൈകിട്ടും ഓരോ മിനിറ്റിന്റെ അപ്‌ഡേറ്റിനു മാത്രം മൂല്യമുള്ള ഒരു സംഭവത്തെ തച്ചോളി ഒതേനന്റെ വീര പോരാട്ടം എന്ന മട്ടിൽ അവതരിപ്പിക്കുമ്പോൾ കുട്ടികളിൽ വീരാരാധന ഉളവാക്കുന്ന അതിപ്രധാന സംഭവമായി രൂപപ്പെടുന്നെങ്കിൽ നാം അദ്‌ഭുതപ്പെടേണ്ട. എന്നാൽ തദ്‌സംഭവത്തെ തന്റേതായ ലോകത്തിലെ വീര സംഭവമായി പകർത്തുകയാണ് കുട്ടി.
കുട്ടികൾ വഴിപ്പെട്ട് പോകും എന്നതല്ല ഈ പോസ്റ്റിന്റെ പ്രമേയം. കുട്ടികളെക്കാൾ കൂടുതലായി മാധ്യമ സന്ദേശങ്ങൾക്ക് വശംവദരാകുന്ന പ്രായപൂർത്തിയെത്തിയ സമൂഹമാണ് മലയാളികൾ എന്നതാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത്. അവധാനതയും, പരിണതപ്രജ്ഞയും ഉള്ളവർ എന്ന് അഭിമാനിക്കുമെങ്കിലും കിട്ടുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറായി നിൽക്കുന്നവരാണ് അക്കാദമിക യോഗ്യതയും, സാംസ്‌കാരിക ഉന്നമനവും, രാഷ്ട്രീയബോധവും കൈമുതലായി ഉണ്ട് എന്ന് ധരിക്കുന്ന മലയാളികൾ. പരസ്യ വാഗ്‌ദനങ്ങൾ മുതൽ സിനിമകളിലെ സന്ദേശങ്ങൾ വരെയുള്ള എല്ലാത്തിനെയും കണ്ണടച്ച് വിശ്വസിക്കുന്ന വിമർശനബുദ്ധിയില്ലാത്ത യുക്തിഹീനതയാണ് സാമാന്യ മലയാളിയുടെ യുക്തി.
ഫാസിസ്റ്റു ശക്തികൾ ശരിയായി മനസ്സിലാക്കിയിട്ടുള്ള ഈ ദൗര്ബല്യത്തെ പരമാവധി ചൂഷണം ചെയ്യാൻ തിരഞ്ഞെടുപ്പ് സമയങ്ങളിൽ ഫാസിസ്റ്റ് പാർട്ടികൾ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സിനിമാ സന്ദേശങ്ങളുമായി കളത്തിൽ നിറയും. പ്രൊപ്പഗാണ്ടാ സിനിമയുടെ ഉസ്താദായ ഹിറ്റ്ലറുടെ പ്രചാരണ തലവനായ ഗീബല്സിന്റെ നിർദേശപ്രകാരം ഫ്രിറ്റ്സ് ഹിപ്‌ലെർ ഉണ്ടാക്കിയ “ദി ഇറ്റേനൽ ജ്യൂ” എന്ന സിനിമ ജൂത വിരോധത്തിനും, നാസി വംശ ഭരണത്തിനും എത്രമാത്രം സഹായകമായി എന്ന ചരിത്രം കൂടുതൽ മനസിലാക്കേണ്ട സമയമാണ് നമ്മുടേത്. (നുണയുടെ പര്യായപദമാണ് ഗീബൽസ് എന്നത് ഓർമ്മിപ്പിക്കണ്ടല്ലോ!)
കേരള (കള്ള)കഥകൾ നമ്മുടെ എന്റർറ്റെയിന്മെന്റ് സ്‌ക്രീനിൽ നിറയുമ്പോൾ, ടിപ്പർ ലോറി കളിപ്പാട്ടങ്ങളിൽ അരിക്കൊമ്പന്മാരെ കടത്തി നമുക്ക് കുഞ്ഞുങ്ങളുടെ ഭാവനാ ലോകത്തു വിഹരിക്കാം.
കടപ്പാട്