“ചാലക്കുടി STOP”|യുവഗ്രാമം ലഹരി വിരുദ്ധആശയത്തിലൂന്നിയ പ്രചാരണപരിപാടികൾ ഈ വിദ്യാഭ്യാസ വർഷം നടത്തുന്നു.

Share News

“ചാലക്കുടി STOP”

സുഹൃത്തേ,

വിദ്യാലയദിനങ്ങൾ വ്യക്തിജീവിതത്തിലെ ഏറ്റവും ആഹ്ലാദനന്ദകരമായ ഓർമ്മയും പ്രചോദനവുമാണ്. നാളെകളെ വാർത്തെടുക്കുന്നതിന്റെ പണിപ്പുരതന്നെയാണ് ക്ലാസ് മുറികൾ. പഠിപ്പിച്ച അദ്ധ്യാപകരോടെന്ന പോലെ സതീർഥരോടും പ്രത്യേകമായ സ്നേഹവും, വാത്സല്യവും, ബഹുമാനവും, എക്കാലവും തോന്നിയിട്ടുണ്ട്.

ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ഇന്ന് മുതൽ വിദ്ധ്യാലയങ്ങളിലേയ്ക്ക് അറിവിന്റെ അക്ഷരഖനികൾ തേടി യാത്രയാവുകയാണ്. രാജ്യം വിശിഷ്യ നമ്മുടെ കേരളം മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വളർച്ചയുടെ കാലഘട്ടത്തിലാണ് നമ്മൾ. പരമ്പരാഗതമേഖലകൾ എന്നതിനപ്പുറം വിദ്യഭ്യാസത്തിന്റെ ഉയർന്ന മേഖലകൾ സാധാരണക്കാർക്കും പ്രാപ്യമാകുന്നുവെന്നത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വളർച്ചയായി എടുത്ത് കാട്ടാവുന്നതാണ്. ലോകത്ത് എവിടെയും എല്ലാ വൈജ്ഞാനിക മേഖലകളിലും “മലയാളി ടച്ച് ” നമുക്ക് ദർശിയ്ക്കാനാവും. ഇച്ഛാശക്തിയും, പ്രതിസന്ധികളെ തരണം ചെയ്ത് ലക്ഷ്യത്തിൽ എത്തുവാനുള്ള കഠിന പരിശ്രമവുമാണ് ലോകത്തിന്റെ നെറുകയിൽ മലയാളി എത്തുവാൻ ഹേതുവായത്.

കേരളത്തിലെ വിദ്യാഭ്യാസ മേഖല പ്രത്യേകിച് പൊതുവിദ്യാഭ്യാസപഠന കേന്ദ്രങ്ങൾ അടിസ്ഥാനസൗകര്യത്തിലും, സിലബസിനകത്തും പുറത്തും വ്യതിരിക്തിതമായ വളർച്ചയും നേട്ടവും കൈവരിച്ചിട്ടുണ്ട്.ഭരണകർത്താക്കളുടെ ദീർഘവീക്ഷണവും, ജനകീയ ഇടപെടലുകളും, അദ്ധ്യാപകരുടെ സമർപ്പണവും കൊണ്ടാണ് ഇത് സാധ്യമായത്.

നമ്മുടെ വിദ്യാഭ്യാസമേഖല മൂല്യാധിഷ്ഠിത സമൂഹനിർമിതിയിൽ ഗണനീയ പങ്ക് വഹിച്ചിട്ടുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ ചില വിദ്യാലയങ്ങളിലെ ചിലരെങ്കിലും, ചിലപ്പോളെങ്കിലും ലഹരിയുടെ ഭാഗമാകുന്നതിന്റെ വാർത്തകൾ വേദനയോടുകൂടി മാത്രമേ കാണാനും കേൾക്കാനും കഴിഞ്ഞിട്ടൊള്ളു. “ചാലക്കുടി STOP “എന്ന ലഹരി വിരുദ്ധആശയത്തിലൂന്നിയ പ്രചാരണപരിപാടികൾ ഈ വിദ്യാഭ്യാസ വർഷം നടത്തുവാൻ ആഗ്രഹിക്കുന്നു. മൂല്യാധിഷ്ഠിത പ്രഭാഷണങ്ങൾ, പ്രബന്ധ മത്സരങ്ങൾ, സിനിമ -ചിത്ര പ്രദർശനങ്ങൾ, തെരുവ് നാടകം, മറ്റ് കലാ പരിപാടികൾ എന്നിവ ഉൾകൊള്ളിച്ചാണ് “ചാലക്കുടി STOP’.

ലഹരിയ്‌ക്കെതിരെ പുതുതലമുറയെ പ്രാപ്തരാക്കുന്ന ഈ സത്കർമത്തിന് അങ്ങയുടെ സഹകരണം സാദരം പ്രതീക്ഷിക്കുന്നു.

ഡെന്നിസ് കെ. ആന്റണി,

ചെയർമാൻ,

യുവഗ്രാമം.

9495690260

Share News