ചാലിശ്ശേരിയുടെ അഭിമാനം | പോലീസ് സൂപ്രണ്ട് ഷാജു കെ വർഗ്ഗീസ് കേരള പോലീസ് സർവീസിൽനിന്നും വിരമിച്ചു

Share News

ചാലിശ്ശേരി. ചാലിശ്ശേരി ഗ്രാമത്തിലെ ആദ്യത്തെ പോലീസ് സൂപ്രണ്ടായ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഷാജു കെ വർഗ്ഗീസ് സ്തുത്യർഹ്യമായ സേവനത്തിനുശേഷമാണ് അഭിമാനത്തോടെ പോലീസ് സേനയിൽ നിന്ന് പടിയിറങ്ങിയത്.

സേനയിൽ സത്യത്തിൻ്റെ നേർപാതയിൽ സഞ്ചരിച്ച ഡെപ്യൂട്ടി കമ്മീഷണർ ഷാജു കെ വർഗ്ഗീസ് 1995ൽ പോലീസ് കുപ്പായമണിഞ്ഞത് നാടിന് അഭിമാനമായിരുന്നു. നീണ്ട മൂന്ന് പതിറ്റാണ്ടിനുശേഷം വെള്ളിയാഴ്ച കേരള പോലീസിൽ നിന്നും വിരമിച്ചു.

കൊട്ടാരക്കര പൂയപ്പിള്ളി പോലീസ് സ്റ്റേഷനിലാണ് ആദ്യമായി സ്വതന്ത്ര ചുമതലയുള്ള സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് തൃശൂർ ജില്ലയിലെ അന്തിക്കാട്, പഴയ്യന്നൂർ, വടക്കാഞ്ചേരി, വെള്ളികുളങ്ങര, ഇരിഞ്ഞാലക്കുട, തൃശൂർ സ്പെഷൽ ബ്രാഞ്ച്, ക്രൈം സക്വാഡ്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എറണാകുളം എന്നിവിടങ്ങളിൽ സബ് ഇൻസ്‌പെക്ടറായി ജോലി ചെയ്തു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടറായി കോഴിക്കോട്, പേരാവൂർ (കണ്ണൂർ) എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം അഞ്ച് വർഷം ഹൈക്കോടതി സുരക്ഷ ഓഫീസറായി ജോലി ചെയ്തു. തുടർന്ന് ഡിവൈ എസ് പി യായി പ്രമോഷനായി കോഴിക്കോട് ക്രൈം ബ്രാഞ്ച്, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളുടെ ഇന്റേണൽ സെക്യൂരിറ്റി ഡി വൈ എസ് പി ആയും, കൊല്ലം ജില്ല അഡ്മിനിസ്ട്രേഷൻ ഡി വൈ എസ് പി ആയും, തുടർന്ന് ഹൈക്കോടതിയുടെ ആവശ്യപ്രകാരം ഹൈക്കോടതി ചീഫ് സെക്യൂരിറ്റി ഓഫീസറായും ജോലി ചെയ്തു.
ഒരു വർഷത്തോളം ആലുവ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.യായി ജോലി നോക്കി.

കഴിഞ്ഞ ഒരു വർഷമായി കൊച്ചി സിറ്റിയിൽ കുറ്റാന്വേഷണം ആൻ്റ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൻ്റെ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പോലീസ് സേനയിൽ സ്തുത്യർഹമായ മികവ് പുലർത്തിയിട്ടുണ്ട്.
ഹൈകോടതി ചീഫ് സുരക്ഷ ഓഫീസറായിരിക്കുമ്പോൾ ഇദ്ദേഹത്തിൻ്റെ വിശിഷ്ടസേവനത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എച്ച് എൽ ദത്തു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വർ എന്നിവർ റിവാർഡുകൾ നൽകിയിട്ടുണ്ട്. മികച്ച കുറ്റാന്വേഷണത്തിന് മുൻ സംസ്ഥാന പോലീസ് മേധാവി ഹോർമീസ് തരകനിൽ നിന്ന് പ്രത്യേകമായി ലഭിച്ച അംഗീകാരം മികച്ച നേട്ടമായിരുന്നു. കൂടാതെ മെറിറ്റോറിയസ് സർവ്വീസിന് നിരവധി റിവാർഡുകൾ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും , തിരുവനന്തപുരത്ത് സംസ്ഥാന പോലീസ് ഡിപ്പാർട്ട്മെൻ്റും ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകി.

ചാലിശേരി കൊള്ളന്നൂർ ശ്രീ വർഗ്ഗീസ് – റിട്ട. പ്രധാനാധ്യാപിക (മൂക്കുതല VHSC) തങ്കമണി എന്നിവരുടെ ഏക മകനാണ് ഷാജു കെ വർഗ്ഗീസ്.
ഭാര്യ മെറീന, മക്കൾ
ഇൻഫോപാർക്കിൽ സിസ്റ്റം എൻജീനിയറായ എലീഷ മേരി , അഹമ്മദബാദ് എം പ്ലാൻ വിദ്യാർത്ഥിനിയായ
എമീമ സാറ എന്നിവരാണ്.

ചാലിശേരി സ്കൂൾ മൈതാനത്ത് സ്വയം പരിശീലനം നടത്തി പോലീസ് സേനയിലെത്തിയ ഷാജു കെ. വർഗ്ഗീസ് ഗ്രാമത്തിലെ പുതിയ തലമുറയിൽ നിന്ന് സേനയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവ തലമുറക്ക് ഗൈഡൻസ് നൽകുന്നതിന് താല്പര്യമുള്ള വ്യക്തിയാണ്.

Share News