സി.എൽ ജോസ്: അന്തസ്സുറ്റ നാടകതപസ്യയ്ക്ക് തൊണ്ണൂറു വയസ്സ്!

Share News

“ജോസിൻ്റെ നാടകങ്ങൾ അരങ്ങേറാത്ത ഏതെങ്കിലും ഗ്രാമമോ, നഗരമോ കേരളക്കരയിൽ ഉണ്ടാവില്ല. ഒരു പ്രദേശത്തു തന്നെ പല വേദികളിലായി അദ്ദേഹത്തിൻ്റെ നാടകങ്ങൾ എത്രയോവട്ടം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ജോസിൻ്റെ നാടകങ്ങളോട് നാടകപ്രേമികൾക്ക് എന്തെന്നില്ലാത്ത അഭിനിവേശമാണ്. ജോസിൻ്റെ ഏതെങ്കിലും ഡയലോഗ് പറയാത്ത ഒരു നടനോ, നടിയോ കേരളത്തിലെ പ്രൊഫഷണൽ നാടക രംഗത്തോ, അമച്ച്വർ രംഗത്തോ കാണുക പ്രയാസമാണ് ” പറഞ്ഞത് സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായർ തന്നെ.

പറഞ്ഞത് സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായർ തന്നെ. അങ്ങനെയൊരു ജോസുകാലം കേരളത്തിലുണ്ടായിരുന്നു. സത്യമെന്ന് ഇതു വായിക്കുന്ന നാമൊക്കെ തലകുലുക്കുക തന്നെ ചെയ്യും. അതൊരു ഒന്നൊന്നര ജോസുനാടകഘട്ടം തന്നെയായിരുന്നു! സാക്ഷാൽ പ്രേംനസീറും, അടൂർഭാസിയും ഷീലയും കവിയൂർ പൊന്നമ്മയുമൊക്കെ ആകാശവാണിയിലൂടെ സി.എൽ ജോസിൻ്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സുവർണ്ണനാടകകാലം.

അദ്ദേഹം എഴുതിയ പുസ്തകങ്ങളെല്ലാം ചൂടപ്പംപോലെ വിറ്റുപോയിരുന്ന മൂല്യകാലം. പതിനഞ്ചു വർഷങ്ങളോളം ആകാശവാണിയുടെ നാടകവാരത്തിൽ ജോസിൻ്റെ നാടകം ഇല്ലാത്ത കാര്യം അചിന്തനീമായിരുന്നു. ഒരൊറ്റ വ്യക്തിയുടെ നാടകം കേൾക്കാൻ മാത്രം ഒരു സംസ്ഥാനം റേഡിയോയുടെ മുമ്പിൽ ചെവി കൂർപ്പിച്ചിരുന്നുവെന്ന് ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കുക പ്രയാസമാണ്.വിശ്വസനീയം! പക്ഷേ, സത്യം നമ്മിൽ പലരും സാക്ഷി!

നാളെ ( 2022 ഏപ്രിൽ നാല്, തിങ്കൾ) നവതി യിലെത്തുന്ന ആ മഹാനായ നാടകകൃത്താണു പറയുന്നത്: “അശ്ലീലമായ ഒരു വാക്കുപോലും എൻ്റെ ഒരു നാടകത്തിലും ഉണ്ടായിരുന്നില്ല; മൂല്യവിരുദ്ധമായി ഒന്നും എഴുതിയിട്ടില്ല” സത്യത്തിൽ, അഭിനവ സാഹിത്യകാരന്മാരുടെ മുമ്പിൽ ഒരു വലിയ വെല്ലുവിളിയായി ഈ വാക്കുകൾ തിളങ്ങി നിൽക്കും. കാരണം, അന്തസ്സോടെ തലയുയർത്തി ഇങ്ങനെ പറയാൻ കഴിയുന്ന എത്ര സാഹിത്യകാരന്മാരുണ്ട് കേരളത്തിൽ?

തീർന്നില്ല, “ക്രിസ്തീയമൂല്യങ്ങൾക്കോ, ധാർമികചിന്തകൾക്കോ വിരുദ്ധമായി ഒരു വാക്കോ, വരിയോപോലും എഴുതിയിട്ടില്ല എന്ന് ഉറപ്പായി എനിക്ക് പറയാൻ കഴിയും”കേൾക്കുമ്പോൾ നമിച്ചു പോകുന്നു. “തൻ്റെ നാടകങ്ങളിലൂടെ സി എൽ ജോസ് മഹത്തായ സുവിശേഷവേല ചെയ്യുകയാണെ”ന്ന് അദ്ദേഹത്തിൻറെ സുഹൃത്ത് കൂടിയായിരുന്ന ഫാ. സെഡ് എം. മൂഴൂർ ദശാബ്ദങ്ങൾക്ക് മുൻപേ കുറിച്ചു. വെറുതെയാണോ കത്തോലിക്കാസഭയുടെ സമുന്നത അല്മായ ബഹുമതിയായ ഷെവലിയർ പദവി അദ്ദേഹത്തെ തേടി വന്നത്.

അശ്ലീലപ്രയോഗങ്ങൾ പ്രശസ്തിയിലേക്കുള്ള വാതായനങ്ങളെന്നും, സഭയെയും വിശ്വാസത്തെയും പരിഹസിക്കുമ്പോഴാണ് ബുദ്ധിജീവിപ്പട്ടം തേടിയെത്തുന്നതെന്നുക്കെ തെറ്റിദ്ധരിക്കുന്ന അല്പബുദ്ധികൾക്ക് മഹാനായ ഈ നാടകാചാര്യൻ അന്നും, ഇന്നും അന്ധാളിപ്പിനു കാരണമാകുന്നതിൽ അത്ഭുതമില്ലല്ലോ.

ഒ.വി. വിജയൻ്റെ ‘ധർമ്മപുരാണ’ത്തെ പരിചയപ്പെടുത്തിക്കൊണ്ട് വി.സി.ശ്രീജൻ കുറിച്ചതോർക്കുന്നു:” ഖസാക്കിൻ്റെ ഇതിഹാസത്തിന് അതർഹിക്കുന്ന തരത്തിലുള്ള സ്വീകരണം അന്നു കിട്ടാത്തതിൽ കഥാകൃത്തിന് അനുവാചക സമൂഹത്തോടു തോന്നിയ രോഷ”മാണത്രെ “ഇതിഹാസത്തിലെ വിപരീത ധ്രുവം പോലിരിക്കുന്ന അധമ ബിംബാവലി ” ധർമ്മപുരാണത്തിൽ പ്രയോഗിക്കാൻ ഒ.വി.വിജയനെപ്പോലും പ്രേരിപ്പിച്ചത്.

പ്രശസ്തിയുടെ പെരുവഴിയിലെ പൊതുചവിട്ടുപടിയായി അധമഭാഷ പ്രതിഭാശാലികളെപ്പോലും പ്രലോഭിപ്പിച്ചിരുന്നെന്നു സാരം. എന്നാൽ അധമവാസനാപ്രകടന പ്രലോഭനങ്ങളിൽ കുടുങ്ങാതെ, മൂല്യഭാഷക്കാര്യത്തിൽ കോംപ്രമൈസിനു വഴങ്ങില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട്, വീതി കുറഞ്ഞതും ഇടുങ്ങിയതുമായ വഴികളിലൂടെ കല്ലിലും മുള്ളിലും ചവിട്ടി നടന്നാണ് ഈ അതുല്ല്യനാടകപ്രതിഭ വിജയപാഥ വെട്ടിത്തുറന്നത്.

Rony Cyriac കമൻറു കോളത്തിൽ കുറിച്ചതു പോലെ:”ഇന്ന് ആവിഷ്കാര സ്വാതന്ത്യമെന്ന പേരിൽ യാതൊരു കലാമൂല്യവുമിലാത്ത ചിലർ കള്ള പണത്തിന്റെ പിൻബലത്തിൽ പടച്ചിറക്കുന്ന ആവിഷ്കാരങ്ങൾക്ക് ഒരു സ്വർഗ്ഗീയ വെല്ലുവിളിയാണ് ജോസിന്റെ പോലുള്ള അനേകരുടെ , സ്വർഗ്ഗീയ കലാകാരന്മാരുടെ സ്വർഗ്ഗീയ വിരുന്നുകൾ !”

Saji Thomas ജോസുനാടകങ്ങൾ തടവുജീവിതത്തെപ്പോലും മാറ്റിമറിക്കുന്ന അനുഭവം കുറിച്ചത് ഇങ്ങനെ:“തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തിലാണ്. റേഡിയോ നാടകവാരത്തില്‍ കൊടുങ്കാറ്റുറങ്ങുന്ന വീട് എന്ന നാടകം അവതരിപ്പിക്കപ്പെട്ട സമയം. ബൈക്കിന് പിന്നില്‍ സഞ്ചരിച്ച് മാലപൊട്ടിക്കുന്ന കവര്‍ച്ചസംഘത്തിൻ്റെ കഥയായിരുന്നു ഇതിൻ്റെ ഇതിവൃത്തം. ഏതാനും നാളുകള്‍ക്ക് ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രണ്ട് ജയില്‍ പുള്ളികളുടെ കത്ത് നാടകകൃത്തിനെ തേടിയത്തെി. സി.എല്‍. ജോസ് c/o നാഷനല്‍ ബുക് സ്റ്റാള്‍, തൃശൂര്‍ എന്നായിരുന്നു ഒന്നിലെ മേല്‍വിലാസം. സി.എല്‍. ജോസ് c/o കറന്‍റ് ബുക്സ് തൃശൂര്‍ എന്നായിരുന്നു മറ്റൊന്നിലെഴുതിയിരുന്നത്. രണ്ടു കത്തിൻ്റെയും ഉള്ളടക്കം ഒന്നായിരുന്നു- ‘ഞങ്ങള്‍ ജയില്‍പ്പുള്ളികളാണ്. റേഡിയോ നാടകവാരത്തിലെ എല്ലാ നാടകങ്ങളും കേള്‍ക്കാന്‍ ജയിലധികൃതര്‍ ഞങ്ങളെ അനുവദിച്ചിരുന്നു. ‘കൊടുങ്കാറ്റുറങ്ങുന്ന വീടെ’ന്ന ജോസേട്ടൻ്റെ നാടകം ഞങ്ങളുടെ മനസ്സില്‍ വല്ലാത്ത ചലനമുണ്ടാക്കി. അതിലെ ദാമു ഞങ്ങള്‍തന്നെയായിരുന്നു. പാപങ്ങള്‍ ധാരാളം ചെയ്ത് ഒടുവില്‍ നല്ലവനായിമാറുന്ന ദാമു ഞങ്ങളുടെ ഹൃദയത്തില്‍ മാറ്റമുണ്ടാക്കി. ഞങ്ങളില്‍ ഒരാള്‍ക്ക് ആറ് വര്‍ഷവും മറ്റൊരാള്‍ക്ക് അഞ്ചുവര്‍ഷവും കൂടി തടവ് ശിക്ഷയുണ്ട്. അത് കഴിഞ്ഞ് പുറത്തുവന്നാല്‍ ഞങ്ങള്‍ നല്ലവരായി ജീവിക്കും.”

കൂടുതൽ അറിയേണ്ടവർ ഇന്നത്തെ ( 2022 ഏപ്രിൽ മൂന്ന്, ഞായർ)സൺഡേ #ദീപിക വായിച്ചുനോക്കുക-

സൈ സി. എം. ഐ

Share News